കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രോഗം തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന ടെസ്റ്റുകളെക്കുറിച്ച് അറിയാം.

ആര്‍.ടി- പി.സി.ആര്‍. ടെസ്റ്റ്
മൂക്കില്‍ നിന്നോ തൊണ്ടയില്‍ നിന്നോ സ്രവമെടുത്ത് അംഗീകൃത ലാബുകളില്‍ പരിശോധിക്കുന്നു. പരിശോധനയ്ക്ക് ആറുമുതല്‍ എട്ടുമണിക്കൂര്‍ വരെ സമയമെടുക്കും. ഫലം മിക്കവാറും അടുത്ത ദിവസം മാത്രമേ പ്രഖ്യാപിക്കാന്‍ സാധിക്കൂ. പോസിറ്റീവ് ആണെങ്കില്‍ ആ വ്യക്തിയെ കോവിഡ് 19 ചികിത്സയ്ക്ക് വിധേയനാക്കുന്നു. 

ട്രൂനാറ്റ് ടെസ്റ്റും ജീന്‍ എക്‌സ്‌പെര്‍ട് ടെസ്റ്റും
ആര്‍.ടി.-പി.സി.ആര്‍. ടെസ്റ്റിന്റെ രണ്ട് വകഭേദങ്ങളാണ് ട്രൂനാറ്റ് ടെസ്റ്റും ജീന്‍ എക്‌സ്‌പെര്‍ട് ടെസ്റ്റും. ഒരു സമയം മൂന്ന്-നാല് സാമ്പിള്‍ മാത്രമേ ടെസ്റ്റിന് വിധേയമാക്കാന്‍ പറ്റൂ. ഫലം അറിയാന്‍ രണ്ടുമൂന്നു മണിക്കൂര്‍ എടുക്കും. അടിയന്തിര ഘട്ടങ്ങളില്‍ മാത്രമേ ഇവ ഉപയോഗിക്കൂ. 

ആന്റിജന്‍ ടെസ്റ്റ്
തൊണ്ടയിലെയോ മൂക്കിലേയോ സ്രവമെടുത്ത് പരിശോധിക്കുന്നു. കോവിഡ് 19 വൈറസിന്റെ പുറമേയുള്ള ആവരണം പ്രോട്ടീന്‍ നിര്‍മ്മിതമാണ്. ഈ പ്രോട്ടീന്‍ സാന്നിധ്യമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. പരിശോധന സ്ഥലത്ത് വെച്ചുതന്നെ അരമണിക്കൂറിനകം ഫലം ലഭിക്കുന്നു. ഫലം പോസിറ്റീവായാല്‍ കോവിഡ് 19 ചികിത്സയ്ക്ക് വിധേയമാക്കും. 

ആന്റിബോഡി ടെസ്റ്റ്
ആന്റിബോഡി ടെസ്റ്റിനായി സിരകളില്‍ നിന്നും അഞ്ച് മില്ലിലിറ്റര്‍ രക്തം എടുക്കുന്നു. ഫലം 20 മിനിറ്റിനകം ലഭിക്കുന്നു. ശരീരത്തില്‍ കൊറോണ വൈറസ് ബാധ ഉണ്ടെങ്കില്‍ ഫലം പോസിറ്റീവ് ആയിരിക്കും. രണ്ടുതരം ആന്റിബോഡികളാണ് ഉണ്ടാകുന്നത്. ഐ.ജി.ജിയും ഐ.ജി.എമ്മും. 
ഐ.ജി.എം. പോസിറ്റീവ് ആണെങ്കില്‍ രോഗവ്യാപന ശേഷി ഉണ്ടാകാം. ഐ.ജി.ജി. പോസിറ്റീവ് ആണെങ്കിലും ആ രോഗിക്ക് രോഗവ്യാപനശേഷി ഉണ്ടായിരിക്കില്ല. അതിനാല്‍ രോഗവ്യാപനശേഷി ഉണ്ടോ എന്നറിയുന്നതിന് ആന്റിബോഡി ടെസ്റ്റ് പോസിറ്റീവ് ആയിട്ടുള്ളവരെ ആര്‍.ടി-പി.സി.ആര്‍. ടെസ്റ്റിന് വിധേയമാക്കുന്നു. 

കോവിഡ് രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ദിശ 1056/1077/0471 2552056 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് അവരുടെ നിര്‍ദേശപ്രകാരം മാത്രം ആശുപത്രിയില്‍ പോവുക. 

കടപ്പാട്: 
നാഷണല്‍ ഹെല്‍ത്ത് മിഷന്‍

Content Highlights: These are the tests used to confirm Covid 19, Corona Virus outbreak, Health