ണ്ട് പേര്‍ ചുംബിക്കുമ്പോള്‍ പുതിയൊരു ലോകം പിറക്കുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ആരോഗ്യപരമല്ലെങ്കില്‍ പുതിയൊരു രോഗം പിറക്കുന്നതിനാവും ചുംബനം വഴിയൊരുക്കുന്നത്. ഏറ്റവും സാധാരണമായി കാണപ്പെടുന്ന ചുംബന രോഗം എന്താണെന്ന് നോക്കാം, 

എന്താണ് ചുംബന രോഗം

പ്രധാനമായും ഉമിനീരിലൂടെ പകരുന്നതിനാല്‍ മോണോന്യൂക്‌ളിയോസിസ് എന്ന പകര്‍ച്ചവ്യാധിയെ 'ചുംബന രോഗം ' എന്നും വിളിക്കുന്നു.ഇത് ഏതു പ്രായത്തിലുള്ളവരെയും ബാധിക്കാം.'മോണോ', 'മോണോന്യൂക്‌ളിയോസിസ്', 'ഗ്‌ളാന്‍ഡുലര്‍ ഫീവര്‍' തുടങ്ങിയ പേരുകളിലും ഈ രോഗം അറിയപ്പെടുന്നുണ്ട്. 

പ്രധാനമായും എപ്‌സ്‌റ്റൈന്‍-ബാര്‍ വൈറസ് (ഇബിവി) ആണ് മോണോന്യൂക്‌ളിയോസിസ് എന്ന പകര്‍ച്ചവ്യാധിക്ക് കാരണമാവുന്ന വൈറസ്. സാധാരണയായി, ഉമിനീര്‍ ഉള്‍പ്പെടെയുള്ള ശാരീരിക സ്രവങ്ങളിലൂടെയാണ് വൈറസ് പകരുന്നത്. ശുക്‌ളം,രക്തം എന്നിവയിലൂടെയും അവയവം മാറ്റിവയ്ക്കല്‍ നടത്തുമ്പോഴും അണുബാധ ഉണ്ടാവാം.

മോണോന്യൂക്‌ളിയോസിസ് എന്ന പകര്‍ച്ചവ്യാധി പിടിപെടാന്‍ സാധ്യത കൂടുതലുള്ളവര്‍

  • 15-30 ഇടയില്‍ പ്രായമുള്ളവര്‍ക്ക്
  • ആരോഗ്യപ്രവര്‍ത്തകര്‍
  • രോഗികളെ പരിപാലിക്കുന്നവര്‍
  • പ്രതിരോധശേഷി കുറയ്ക്കുന്നതിന് മരുന്നു കഴിക്കുന്നവര്‍

ലക്ഷണങ്ങള്‍ 

ഇബിവി അണുബാധ ഉണ്ടായി നാല് മുതല്‍ ആറ് ആഴ്ചകള്‍ക്ക് ശേഷമായിരിക്കും പകര്‍ച്ചവ്യാധിയായ മോണോന്യൂക്‌ളിയോസിസിന്റെ ലക്ഷണങ്ങള്‍ പ്രകടമാവുന്നത്. എല്ലാ ലക്ഷണങ്ങളും ഒറ്റയടിക്ക് പ്രത്യക്ഷമാവണമെന്നുമില്ല. ലക്ഷണങ്ങളില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു

  • ക്ഷീണം
  • പനി
  • തൊണ്ടവേദന
  • തലവേദന
  • ശരീരവേദന
  • ലിംഫ് ഗ്രന്ഥകള്‍ക്കുണ്ടാവുന്ന വീക്കം.

ചിലയവസരങ്ങളില്‍ പ്‌ളീഹയ്ക്കും കരളിനും വീക്കമുണ്ടായേക്കാം. ലക്ഷണങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാവുകയും ആറ് മാസം വരെയോ അതില്‍ കൂടുതല്‍ സമയമോ നീണ്ടുനില്‍ക്കുകയും ചെയ്‌തേക്കാം.

എപ്‌സ്‌റ്റൈന്‍-ബാര്‍ വൈറസ് ആന്റിബോഡി പരിശോധന, ടോട്ടല്‍ ബ്‌ളഡ് കൗണ്ട് തുടങ്ങിയ പരിശോധനകളിലൂടെ രോഗം കണ്ടെത്താം.

ചികിത്സ

മോണോന്യൂക്‌ളിയോസിസിന് പ്രത്യേക ചികിത്സയൊന്നും നിലവിലില്ല. വൈറസ് അണുബാധ ആയതിനാല്‍ ആന്റിബയോട്ടിക്കുകള്‍, പ്രത്യേകിച്ച് അമോക്‌സിസിലിനും പെന്‍സിലിന്‍ ഉത്പന്നങ്ങളും ശുപാര്‍ശചെയ്യാറില്ല. ഇവ തിണര്‍പ്പുകള്‍ ഉണ്ടാകാന്‍ കാരണമായേക്കാം. ലക്ഷണങ്ങളുടെ തീവ്രത കുറയാന്‍ ജലീകരണം നടത്തുക. ഇതിനായി ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്യുക.

ചുംബനരോഗം എന്നറിയപ്പെടുന്ന മോണോന്യൂക്‌ളിയോസിസ് പകര്‍ച്ചവ്യാധിക്ക് പ്രതിരോധ കുത്തിവയ്പുകള്‍ ഒന്നുമില്ല. രോഗത്തെ പ്രതിരോധിക്കാനായി വൈറസ് ബാധിച്ചവരുമായി  നിശ്ചിത അകലം പാലിക്കുക. ഇവരുമായി ഭക്ഷണം, പാനീയങ്ങള്‍ വ്യക്തിപരമായ സാധനങ്ങള്‍ തുടങ്ങിയവ പങ്കിടാതിരിക്കുക.

പ്‌ളീഹ വീങ്ങുക, കരള്‍ പ്രശ്‌നങ്ങള്‍, ഹെപ്പാറ്റൈറ്റിസ് അല്ലെങ്കില്‍ മഞ്ഞപ്പിത്തം,വിളര്‍ച്ച, മെനിഞ്ജൈറ്റിസ്, ശ്വാസതടസ്സം എന്നിവ ഈ രോഗത്തിന്റെ സങ്കീര്‍ണ അവസ്ഥകളാണ്. രോഗം ബാധിച്ചവര്‍ക്ക് അടിവയറ്റിനു മുകളില്‍ ഇടതു ഭാഗത്തായി കടുത്ത വേദന ഉണ്ടാവുകയാണെങ്കില്‍ ഉടന്‍ അടിയന്തിര വൈദ്യസഹായം തേടുക. ഇത് പ്‌ളീഹ പൊട്ടുന്നതു മൂലമാകാം ഈ ഘട്ടത്തില്‍ അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണ്.

കടപ്പാട്: മോഡസ്റ്റ

Content Highlight: infectious mononucleosis,The Kissing Disease