ക്ടോബര്‍ ഒന്ന്. ലോകം മുഴുവന്‍ ആഘോഷിക്കപ്പെടേണ്ടതാണെങ്കിലും എന്തുകൊണ്ടോ എല്ലാവരുടേയും വിസ്മൃതിയിലേക്ക് മാറ്റപ്പെട്ട, ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയില്‍ തന്നെ വിപ്ലവകരമായ മാറ്റത്തിനിടയാക്കിയ സി.ടി. സ്‌കാന്‍ എന്ന ഉപകരണം ആദ്യമായി ഉപയോഗിച്ച ദിവസമാണിന്ന്. 

മാറ്റങ്ങളുടേയും പുതിയ കണ്ടെത്തലുകളുടേയും ഘോഷയാത്രയാണ് ആധുനിക വൈദ്യശാസ്ത്രം എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടാവുകയില്ല. എങ്കിലും സ്റ്റെതസ്‌കോപ്പിനും, എക്‌സ്-റേയ്ക്കും ശേഷം വൈദ്യശാസ്ത്ര രംഗത്തെ ഏറ്റവും വലിയ മാറ്റം ഏതാണെന്ന് ചോദിച്ചാല്‍ അത് സി.ടി. സ്‌കാനിന്റെ കണ്ടുപിടുത്തമാണ് എന്ന് പറയാനാണെനിക്കിഷ്ടം. ലണ്ടനിലെ അറ്റ്കിന്‍സണ്‍ മോര്‍ലി ആശുപത്രിയില്‍ സര്‍ ഗോഡ്‌ഫ്രെ ഹൗണ്‍സ്ഫീല്‍ഡും ഡോ. ജാമി ആംബ്രോസും ചേര്‍ന്ന് സി.ടി. സ്‌കാന്‍ എന്ന നൂതന ഉപകരണത്തില്‍ (അന്നതിന് പേര് ക്യാറ്റ് സ്‌കാന്‍ എന്നായിരുന്നു) ആദ്യത്തെ വിജയകരമായ പരീക്ഷണം നടത്തിയത് അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഇന്നത്തെ ദിവസമായിരുന്നു; 1971 ഒക്ടോബര്‍ ഒന്നാം തിയ്യതി. 

1976ല്‍ ആണ് ഞാന്‍ ആദ്യമായി ക്യാറ്റ് സ്‌കാന്‍ എന്ന പേര് കേള്‍ക്കുന്നത്. വീട്ടിലെ കിടക്കയില്‍ മലര്‍ന്ന് കിടന്ന് അലസതയോടെ റീഡേഴ്സ് ഡൈജസ്റ്റ് വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ആദ്യം ശ്രദ്ധയില്‍ പെട്ടത് ആ പേരിലെ കൗതുകമാണ്. 'ക്യാറ്റ് സ്‌കാന്‍', പൂച്ചയ്ക്കെന്ത് സ്‌കാനിംഗ് എന്നായിരുന്നു ആദ്യം ചിന്തിച്ചത്. പിന്നീട് പൂര്‍ണ്ണമായി വായിച്ചപ്പോള്‍ ആ കണ്ടെത്തല്‍ വൈദ്യശാസ്ത്ര രംഗത്ത് വരാനിടയാക്കുന്ന മാറ്റങ്ങളെ കുറിച്ച് ചെറിയ ചിത്രം മനസ്സില്‍ വരച്ച് ചേര്‍ത്തു, പക്ഷേ അപ്പോഴും പിന്നീടൊരുകാലത്ത് ഡോക്ടറാകുമെന്നും, ഇതേ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന റേഡിയോളജിസ്റ്റാകുമെന്നുമൊന്നും സ്വപ്നം കണ്ടിരുന്നേ ഇല്ല.

മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്ന ഒരു കാലത്ത് ഇവിടെ ആളുകള്‍ ജീവിച്ചിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാത്ത ഒരു തലമുറ വരാനിരിക്കുന്നു എന്ന് പറയുന്നത് പോലെ സി.ടി. സ്‌കാനും അതിന് മുകളിലുള്ള സ്‌കാനിംഗുകളും ഇല്ലാതിരുന്ന കാലത്തും ഇവിടെ രോഗചികിത്സ നടന്നിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കാത്ത കാലം അനതിവിദൂരതയിലല്ല. ഇന്ന് വളരെ നിസ്സാരമായാണ് ഈ ഉപകരണത്തെക്കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യുന്നതെങ്കിലും ഇതിന്റെ കണ്ടുപിടുത്തവും അതിന് ശേഷം ആതുര സേവന രംഗത്തുണ്ടായ മാറ്റവും വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ സാധിക്കുന്നതിനപ്പുറത്താണ്.

ആദ്യ കാലത്ത് ഒരു സി.ടി. സ്‌കാന്‍ ചെയ്യണമെങ്കില്‍ ദിവസങ്ങളോളം സമയമെടുക്കുമായിരുന്നു. പിന്നീട് 1990കളില്‍ ഞങ്ങളുടെ കരിയറിന്റെ പ്രാരംഭകാലത്ത് മിനിട്ടുകളുടെ സമയപരിധിയിലേക്ക് സാങ്കേതിക വിദ്യ പുരോഗതി പ്രാപിച്ചു. അതും കഴിഞ്ഞ് ഇന്ന് കേവലം 4 മുതല്‍ ആറ് സെക്കന്റെ വരെയുള്ള സമയംകൊണ്ട് ശരീരം മുഴുവനായി സ്‌കാന്‍ ചെയ്യാമെന്ന അവസ്ഥയിലേക്ക് കാര്യമെത്തി. അത്ഭുതപ്പെടുത്തുന്ന വളര്‍ച്ച തന്നെയാണ് ഈ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആദ്യകാലത്ത് സ്‌കാന്‍ ചെയ്യണമെങ്കില്‍ അന്നത്തെ മദ്രാസില്‍ മാത്രമായിരുന്നു സൗകര്യമുണ്ടായിരുന്നത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലുമെത്തി, കോഴിക്കോട് കഴിഞ്ഞാല്‍ പിന്നെ എറണാകുളത്തും അത് കഴിഞ്ഞാല്‍ തിരുവനന്തപുരത്തം മാത്രമായിരുന്നു ഈ സൗകര്യമുണ്ടായിരുന്നത്. ഇന്ന് ഞാന്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ മാത്രം മൂന്ന് സി.ടി. സ്‌കാന്‍ മെഷീനുണ്ട്. 5 കിലോമീറ്റര്‍ ചുറ്റളവില്‍ കുറഞ്ഞത് 25 മെഷിനുകളെങ്കിലും ഉണ്ടെന്നുറപ്പാണ്.

സര്‍ ഗോഡ്‌ഫ്രെ​ ഹൗണ്‍സ്ഫീല്‍ഡ് എന്ന അത്ഭുത മനുഷ്യന്‍

സി ടി സ്‌കാന്‍ എന്ന ആശയത്തിന് പിന്നിലെ ബുദ്ധികേന്ദ്രമായിരുന്നു സര്‍ ഗോഡ്‌ഫ്രെ ഹൗണ്‍സ്ഫീല്‍ഡ് എന്ന ലജ്ജാശീലനും സുന്ദരനുമായ മനുഷ്യന്‍. രണ്ടാം ലോക മഹായുദ്ധകാലത്ത് എയര്‍ഫോഴ്‌സില്‍ വളണ്ടിയറായി ചേര്‍ന്നതാണ് അദ്ദേഹത്തിന്റെ കരിയറിലെ മാറ്റങ്ങളുടെ തുടക്കം. ടെക്‌നിക്കല്‍ കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതില്‍ വലിയ താല്‍പര്യം കാണിച്ച ഹൗണ്‍സ്ഫീല്‍ഡ് യുദ്ധകാലത്ത് റേഡിയോ മെക്കാനിസത്തിന്റെ ആവശ്യകത മനസ്സിലാക്കിയതിനെ തുടര്‍ന്ന് അത് സ്വയം പഠിച്ചെടുത്തു. അദ്ദേഹത്തിന്റെ മിടുക്ക് തിരിച്ചറിഞ്ഞ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഹൗണ്‍സ് ഫീല്‍ഡിനെ ഫാരഡെ ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ് കോളേജില്‍ ഉന്നത പഠനത്തിനയച്ചു. 

പിന്നീട് ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ഇലക്ട്രോണിക്‌സ് നിര്‍മ്മാണ സ്ഥാപനമായ ഇ.എം.ഐ. എന്ന കമ്പനിയില്‍ ഇദ്ദേഹം ജോയിന്‍ ചെയ്തു. നിരവധി പ്രൊജക്ടുകള്‍ക്ക് അദ്ദേഹം വിജയകരമായ നേതൃത്വം നല്‍കി. ഓരോന്ന് കഴിയുമ്പോഴേക്കും അടുത്തതിന്റെ പിന്നാലെ പോകുന്ന ശീലം ഹൗണ്‍സ്ഫീല്‍ഡ് നിലനിര്‍ത്തുകയും ചെയ്തു. അങ്ങിനെയാണ് ഒരു പെട്ടിക്കകത്ത് കിടക്കുന്ന വസ്തു എന്താണെന്നറിയാന്‍ വിവിധ വശങ്ങളില്‍ നിന്നെടുക്കുന്ന എക്‌സ്-റേ പരിശോധിച്ചാല്‍ മതിയാകുമോ എന്ന ആശയം അദ്ദേഹത്തിലുടലെടുത്തത്. സി.ടി. സ്‌കാന്‍ എന്ന ഉത്തരത്തിലേക്ക് അദ്ദേഹത്തെ നയിച്ച ആശയത്തിന്റെ ബീജാവാപമായിരുന്നു അത്. 

സി.ടി. സ്‌കാനിന്റെ കഥ

നിരന്തരമായ പരീക്ഷണങ്ങള്‍ക്കൊടുവില്‍ 1968 ഓട് കൂടി സി.ടി. സ്‌കാനിന്റെ ആദ്യ രൂപം ഹൗണ്‍സ്ഫീല്‍ഡ് വികസിപ്പിച്ചെടുക്കുകയും അദ്ദേഹത്തിന്റെ എ.എം.ഐ. എന്ന കമ്പനി ഇതിന്റെ പേറ്റന്റ് കരസ്ഥമാക്കുകയും ചെയ്തു. ആദ്യം ഒരു പന്നിയുടെ തലയാണ് ഇവര്‍ സ്‌കാന്‍ ചെയ്തത്. 9 ദിവസം കൊണ്ടായിരുന്നേ്രത അത് പൂര്‍ത്തീകരിച്ചത്. 1971 ആകുമ്പോഴേക്കും ഉപകരണത്തെ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്താനും സമയ ദൈര്‍ഘ്യം കുറയ്ക്കുവാനും സാധിക്കുമെന്ന അവസ്ഥയിലെത്തി.

ഈ നേട്ടത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ ആത്മാര്‍ഥമായ പരിശ്രമങ്ങളുടെ രസകരമായ കുറേയേറെ കഥകള്‍ കൂടി പങ്കുവെച്ചിട്ടുണ്ട്. പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. കെ. രാജശേഖരന്‍ നായരുടെ വൈദ്യത്തിന്റെ സ്മൃതിസൗന്ദര്യം എന്ന പുസ്തകത്തില്‍ സൂചിപ്പിച്ച ചില കാര്യങ്ങള്‍ ഇതില്‍ പ്രധാനപ്പെട്ടതാണ്. അറവ് ശാലകളില്‍ നിന്ന് ശേഖരിക്കുന്ന പശുക്കളുടെ തലയാണ് സി ടി സ്‌കാനിന്റെ പൂര്‍ണ്ണത തിരിച്ചറിയുന്നതിന് ആദ്യമൊക്കെ ഉപയോഗിച്ചിരുന്നത്. കടലാസ്സ് ഉപയോഗിച്ചും മറ്റും പൊതിഞ്ഞാണ് അറവുശാലക്കാര്‍ ഇത് കൈമാറിയിരുന്നത്. ദിവസവും ഇത്തരത്തില്‍ പശുവിന്റെ തലയുമായി പൊതു വാഹനങ്ങളിലും ബസ്സുകളിലുമൊക്കെയായി യാത്ര ചെയ്യുന്ന ഹൗണ്‍സ്ഫീല്‍ഡിനെ മറ്റുള്ളവര്‍ പരിഹാസത്തോടെയും ഭയത്തോടെയുമൊക്കെ കണ്ടിരുന്നു എന്ന് അദ്ദേഹം തന്നെ പറയുന്നു. പക്ഷേ ഒരിക്കല്‍ പോലും അത്തരം ചിന്തകള്‍ ഹൗണ്‍സ്ഫീല്‍ഡിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തെ തടസ്സപ്പെടുത്തിയില്ല. 

സാധാരണ അറവുശാലകളില്‍ നിന്ന് ശേഖരിക്കുന്ന പശുക്കളുടെ തല ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ ആദ്യ ഘട്ടത്തില്‍ പക്ഷേ വലിയ പരാജയമായിരുന്നു. ഇത്തരം അറവ് മൃഗങ്ങളെ തലയ്ക്കടിച്ച് കൊലപ്പെടുത്തുന്നതായിരുന്നു പതിവ്. ഇത് തലച്ചോറിലാകെ രക്തം പരന്ന് കിടക്കാനും കട്ടപിടിച്ച് കിടക്കാനും കാരണമാകും. അതുകൊണ്ട് തന്നെ ദൃശ്യങ്ങള്‍ക്ക് യാതൊരുവിധ വ്യക്തതയും ലഭിക്കുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹൗണ്‍സ്ഫീല്‍ഡിന് എല്ലാ പ്രോത്സാഹനങ്ങളും നല്‍കിയിരുന്ന ആറ്റ്കിന്‍സണ്‍ മോര്‍ലി ഹോസ്പിറ്റലിലെ ന്യൂറോസര്‍ജന്‍ ഡോ. ജാമി ആംബ്രോസ് രക്ഷക്കെത്തിയത്. അദ്ദേഹം യഹൂദനായിരുന്നു. യഹൂദ മതവിശ്വാസ പ്രകാരം നാല്‍ക്കാലികളുടെ കഴുത്തിലെ രക്തക്കുഴലുകള്‍ മുറിച്ച് രക്തം ചോര്‍ത്തിക്കളഞ്ഞ് കൊന്ന ശേഷം ഇറച്ചിക്കായി ഉപയോഗിക്കുന്നതായിരുന്നു പതിവ്. ഇത്തരം മൃഗങ്ങളുടെ തല ശേഖരിച്ചാല്‍ നന്നായിരിക്കുമെന്ന് ഡോ. ആംബ്രോസ് നിര്‍ദ്ദേശിച്ചു. ഈ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കിയതോടെ ചിത്രങ്ങളുടെ വ്യക്തതയുടെ കാര്യത്തിലുള്ള ആശങ്കകള്‍ക്ക് പരിഹാരമായി. 

ആദ്യ സി.ടി. സ്‌കാന്‍

മൃഗങ്ങളുടെ ശിരസ്സ് സ്‌കാന്‍ ചെയ്ത് പരീക്ഷണം വിജയകരമായി മാറിയെങ്കിലും ഇത് ജീവനുള്ള മനുഷ്യരില്‍ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ആശങ്ക വ്യാപകമായിരുന്നു. തുടര്‍ന്ന് ഹൗണ്‍സ് ഫീല്‍ഡ് സ്വയം പരീക്ഷണവസ്തുവായി മാറുകയും സി ടി സ്‌കാനിങ്ങിന് വിധേയനായി സുരക്ഷിതമായ ചികിത്സാ രീതിയാണെന്ന് ബോധ്യപ്പെടുത്തുകയുമാണ് ചെയ്തത്. 

അതിശക്തമായ തലവേദനയുമായി ആറ്റ്കിന്‍സണ്‍ മോര്‍ലി ആശുപത്രിയില്‍ (ഇപ്പോള്‍ സെന്റ് ജോര്‍ജ്ജ് ഹോസ്പിറ്റല്‍) ചികിത്സ തേടിയെത്തിയ ഒരു സ്ത്രീയാണ് ആദ്യമായി സി.ടി. ബ്രെയിന്‍ സ്‌കാനിന് വിധേയയായത്. വിദഗ്ധ പരിശോധനയില്‍ അവര്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിതയായിരുന്നു എന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ സമയമെടുത്തു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ ഡാറ്റയും വിപുലപ്പെടുത്തി ഇമേജ് ആക്കിമാറ്റാനുള്ള സാങ്കേതിക വിദ്യ അതിന്റെ ഏറ്റവും പ്രാരംഭ ദശയിലായിരുന്നതിനാലാണ് ഈ സമയദൈര്‍ഘ്യം ആഴശ്യമായി വന്നത്. കേവലം ഒറ്റ വര്‍ഷത്തിനകം 80ല്‍ അധികം രോഗികള്‍ സി.ടി. സ്‌കാനിങ്ങിന് വിധേയരാവുകയും രോഗനിര്‍ണ്ണയം ഫലപ്രദമായി നടത്തപ്പെടുകയും ചെയ്തു. പിന്നീട് സി.ടി. സ്‌കാനിങ്ങില്‍ സംഭവിച്ച വളര്‍ച്ച അവിശ്വസനീയമാം വിധം വേഗത്തിലായിരുന്നു. ഈ കണ്ടെത്തലിന് 1979 ല്‍ സര്‍ ഗോഡ്‌ഫ്രെ ഹൗണ്‍സ്ഫീല്‍ഡ് നോബല്‍ സമ്മാനത്തിന് അര്‍ഹനാവുകയും ചെയ്തു.

(കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഇമേജിങ്ങ് സയന്‍സസ് വിഭാഗം ഹെഡ് & സീനിയര്‍ കണ്‍സല്‍ട്ടന്റ് ആണ് ലേഖകന്‍)

Content Highlights: The first CT. Scan turns 50 years old, Health