
കോവിഡ് ബാധിച്ച് മരിച്ചയാളുടെ ശരീരം സംസ്കാരത്തിനായി കൊണ്ടുപോകുന്നു | ഫോട്ടോ: മാതൃഭൂമി
കോവിഡ് കാലത്ത് മരണാനന്തര ചടങ്ങുകള്‍ നിഷേധിക്കപ്പെട്ട്, കൂട്ടുനില്ക്കാന് ബന്ധുക്കളാരുമില്ലാതെ ഏതോ ഒരു ശ്മശാനത്തില്‍ അനാഥനെ പോലെ അന്ത്യചടങ്ങുകള്‍ക്ക് വിധേയരാകേണ്ടി വരുന്നവരുടെ കുടുംബം അനുഭവിക്കുന്ന മാനസിക സംഘര്‍ഷം, അത് അടുത്ത നിന്ന് കണ്ടറിയണം, പ്രതിസന്ധിഘട്ടങ്ങളില്‍ ഒപ്പമുണ്ടാകുമെന്ന് കരുതുന്നവരൊന്നും കൂടെയില്ലാതെ വരുന്നതിന്റെ നിസ്സഹായത്, അത് വാക്കുകള്‍ക്കപ്പുറത്താണ്... അത്തരം ഒരു അനുഭവത്തിന് ഈ കോവിഡ് കാലത്ത് ഞാനും സാക്ഷിയായി.
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിന്റെ ചാര്‍ജ്ജുള്ളതിനാല്‍ ആശുപത്രിയിലെത്തുന്ന കോവിഡ് രോഗികളുമായും അവരുടെ ബന്ധുക്കളുമായുമൊക്കെ ആശയവിനിമയം നടത്തേണ്ടി വരുന്നത് ജോലിയുടെ ഭാഗമാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് ബാധിതനായ കണ്ണൂര്‍ സ്വദേശിയായ ഒരു വ്യക്തി മരണപ്പെട്ടു. സ്വാഭാവികമായും മരണവിവരം ബന്ധുക്കളെ അറിയിക്കുകയും മറ്റ് ജോലിത്തിരക്കുകളില്‍ മുഴുകുകയും ചെയ്തു. മരണപ്പെട്ട രോഗിയുടെ മകളെയാണ് വിവരം അറിയിച്ചത്. അവരും അവരുടെ അമ്മയും കോവിഡ് പോസറ്റീവായതിനാല്‍ ചികിത്സയിലാണ്. മൃതദേഹം ഏറ്റ് വാങ്ങാന്‍ അവര്‍ക്ക് വരാന്‍ സാധിക്കില്ല. മറ്റേതെങ്കിലും ബന്ധുക്കള്‍ എത്തുമെന്ന ധാരണയില്‍ ഞാന്‍ മറ്റ് ജോലികളില്‍ മുഴുകി.
ഇതിനിടയില്‍ മരണപ്പെട്ട വ്യക്തിയുടെ മകന് വിദേശത്ത് നിന്ന് വിളിച്ചു. കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തു. അദ്ദേഹം വലിയ സങ്കടത്തിലാണ്. ഇത്തരം അനുഭവങ്ങള്‍ പൊതുവെ ഉണ്ടാകുന്നതായതിനാല് അധികം ഗൗരവം കൊടുത്തിരുന്നില്ല. മരണപ്പെട്ട വ്യക്തിയുടെ ശരീരം മറവുചെയ്യാനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി. ഇതിനിടയില്‍ അദ്ദേഹം ഒരുപാട് തവണ ബന്ധപ്പെട്ടു. അമ്മയ്ക്കും സഹോദരിക്കും അന്തിമ കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനോ ചിതാഭസ്മം ഏറ്റുവാങ്ങുവാനോ സാധിക്കാത്തതിനാല്‍ അടുത്ത ബന്ധുക്കള്‍ പലരെയും സമീപിച്ചെങ്കിലും ആര്‍ക്കും എത്താന്‍ സാധിക്കില്ല എന്നും ഇതിനിടയിലെപ്പോഴോ പറഞ്ഞിരുന്നു. നടപടിക്രമങ്ങളെല്ലാ പൂര്‍ത്തിയായി ആംബുലന്‍സിലേക്ക് കയറ്റുന്നതിന് അല്‍പ്പം മുന്‍പ് ഞാന്‍ വീണ്ടും അദ്ദേഹത്തെ വിളിച്ചു. ബോഡി ഇപ്പോള്‍ കൊണ്ടുപോകുമെന്ന് പറഞ്ഞു.
'ഷംജിത്ത് കൂടെയുണ്ടാകുമല്ലോ' അദ്ദേഹം എന്നോട് ചോദിച്ചു.'ഞാനുണ്ടാവില്ല, മറ്റ് ചില തിരക്കുകളിലാണ്' അല്‍പ്പം പോലും ആലോചിക്കാതെയാണ് മറുപടി പറഞ്ഞത്. അല്പ സമയം അപ്പുറത്ത് നിശ്ശബ്ദതയായിരുന്നു. കൂടെ ആരുമില്ലാതെ, അനാഥനെപ്പോലെ സ്വന്തം പിതാവിന്റെ ശരീരം ദഹിപ്പിക്കുവാന്‍ പോകുന്നതിന്റെ വേദന, നിര്‍വ്വികാരത, നിസ്സഹായത... എല്ലാം ആ നിശ്ശബ്ദതയിലുണ്ടായിരുന്നു. ആ വേദനകളിലൂടെ ഒരു നിമിഷം എന്റെ മനസ്സും കടന്ന് പോയി. ഒരു പക്ഷെ സഹോദരനെപ്പോലെ ഞാനെങ്കിലും കൂടെയുണ്ടാകുമെന്ന് അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാകും.
'അല്ല, ഞാനും കൂടെയുണ്ടാകും, നിങ്ങളുടെ സ്ഥാനത്ത് നിന്ന് വേണ്ടതെല്ലാം ഞാന്‍ ചെയ്തുകൊള്ളാം' അങ്ങിനെ പറയാനാണ് എനിക്ക് തോന്നിയത്, പറയുകയും ചെയ്തു.
ഫോണിന്റെ അപ്പുറത്ത് ഒരു വിതുമ്പലിന്റെ നേര്‍ത്ത ശബ്ദം കേള്‍ക്കാമായിരുന്നു. മാവൂര്‍ റോഡ് ശ്മശാനത്തിലേക്ക് ഞാനും കൂടെ ചെന്നു. എത്തിച്ചേരാനാകാത്ത പ്രിയപ്പെട്ടവരുടെ നിസ്സഹായത, എത്തിച്ചേരാമായിരുന്നിട്ടും എത്തിച്ചേരാതിരുന്ന ബന്ധുക്കളുടെ നിസ്സംഗത, ഇതിനിടയില്‍ എല്ലാവരുമുണ്ടായിരുന്നിട്ടും ഏകനായി ചിതയിലേക്കെടുക്കാന്‍ കാത്തിരിക്കുന്ന ആ അച്ഛന്. ആകെയുള്ളത് ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടറും പിന്നെ ഞാനും.
ചിതാഭസ്മം ഏറ്റുവാങ്ങേണ്ട കോളത്തില്‍ എന്റെ പേരാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എഴുതിച്ചേര്‍ത്തത്. ഒരു പക്ഷെ അതൊരു നിയോഗമായിരിക്കാം. ഹൈന്ദവ മതവിശ്വാസികളുടെ ശവസംസ്കാര രീതിയെക്കുറിച്ച് എനിക്ക് വലിയ ധാരണയൊന്നുമില്ല. എങ്കിലും മകന്റെ സ്ഥാനത്ത് നിന്ന് എല്ലാം ഞാന്‍ തന്നെ ചെയ്തു. ഒടുക്കം ചിതാഭസ്മം ഏറ്റെടുക്കേണ്ട നിമിഷം. വല്ലാത്തൊരു അനുഭവമായിരുന്നു അത്. അരികിലെത്താന്‍ സാധിക്കാതെ അകലെയിരിക്കുന്ന, ആ പിതാവിന്റെ പുത്രനാണെന്ന് സ്വയം സങ്കല്‍പ്പിച്ച് ഞാനതേറ്റുവാങ്ങി.
ഇതുവരെ കാണാത്ത, കേട്ടറിവ് പോലുമില്ലാത്ത ഏതോ ഒരു മനുഷ്യനാണെന്ന് തോന്നിയത് പോലുമില്ല, എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ കര്‍മ്മം ചെയ്യുന്നത് പോലെ, ചിതാഭസ്മം ചുവന്ന പട്ടില്‍ പൊതിഞ്ഞ മണ്‍പാത്രത്തില്‍ കയ്യിലേക്കേറ്റ് വാങ്ങുമ്പോള്‍ എന്റെ കാഴ്ചകള്‍ മങ്ങിയിരുന്നു. കണ്ണ് നിറഞ്ഞിരുന്നു. കോവിഡ് ചികിത്സയിലിരിക്കുന്ന മകളുടെ കയ്യിലേക്ക് ചിതാഭസ്മം കൈമാറുമ്പോഴും എന്റെ ഉള്ളം പിടച്ചിരുന്നു. പിന്നീടുള്ള എത്രയോ രാത്രികളില്‍ എന്റെ സ്വപ്നങ്ങളില്‍ ആ പിതാവ് വന്നിരിക്കുന്നു....
(കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ റിലേഷന്‍സ് അസി. മാനേജരാണ് ലേഖകന്‍)
Content Highlights:The experience of a health worker who had to conduct a funeral for a person who died of corona infection
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..