മദാന്‍ വ്രതത്തിന്റെ നിരവധിയായ നല്ല വശങ്ങളെക്കുറിച്ച് പൊതുവായ ചര്‍ച്ചകള്‍ ധാരാളം നടക്കാറുണ്ട്. എന്നാല്‍ ശാരീരികമായി അവശതയോ രോഗങ്ങളോ ഉള്ളവര്‍ വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായുള്ള ഭാഗിക നിരാഹാരം സ്വീകരിക്കുന്നത് പൊതുവെ ഗുണകരമല്ല എന്നും വിലയിരുത്താറുണ്ട്. 

ഈ സാഹചര്യത്തിലാണ് ആര്‍ത്രൈറ്റിസ് അഥവാ വാതരോഗമുള്ളവരുടെ ആരോഗ്യവും റമദാന്‍ വ്രതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നിരിക്കുന്നത്. മലേഷ്യയിലെ യൂണിവേഴ്‌സിറ്റി കെബാങ്ങ്‌സാന്‍ മലേഷ്യ മെഡിക്കല്‍ സെന്ററിലെ മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ വാതരോഗത്തിന്റെ തീവ്രതയുള്ളവരില്‍ റമദാന്‍ മാസവ്രതാനുഷ്ഠാനത്തെ തുടര്‍ന്ന് രോഗലക്ഷണങ്ങളില്‍ ശ്രദ്ധേയമായ കുറവുകള്‍ അനുഭവപ്പെട്ടു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് 

വ്രതം അനുഷ്ഠിക്കുന്ന എല്ലാ വാതരോഗികള്‍ക്കും രോഗലക്ഷണങ്ങളില്‍ വ്യതിയാനങ്ങള്‍ കാണപ്പെടണമെന്നില്ല. വ്രതനാഷ്ഠാനത്തോടൊപ്പം വ്രതം മുറിച്ചതിന് ശേഷമുള്ള ഭക്ഷണ കാര്യങ്ങളില്‍ വരുത്തുന്ന നിയന്ത്രണവും ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വാത സംബന്ധമായ രോഗങ്ങളുള്ളവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ശ്രദ്ധിക്കാം

  1. നോമ്പ് തുറക്കുമ്പോള്‍ ധാരാളം വെള്ളം കുടിക്കുക എന്നത് വളരെ പ്രാധാന്യമേറിയ കാര്യമാണ്. എന്നാല്‍ വെള്ളം കുടിക്കുക എന്നതിന്റെ പേരില്‍ ജ്യൂസ് ധാരാളമായി കുടിക്കുന്ന ശീലം ഒഴിവാക്കണം. പഴങ്ങളിലടങ്ങിയിരിക്കുന്ന സ്വാഭാവികമായ മധുരത്തിന് പുറമെ ജ്യൂസില്‍ അമിതമായി ചേര്‍ക്കുന്ന പഞ്ചസാരയുടെ സാന്നിദ്ധ്യം ദോഷകരമാകും. എന്ന് മാത്രമല്ല പഴങ്ങളിലടങ്ങിയ ആരോഗ്യത്തിന് ഗുണകരമായ ഫൈബറുകളും മറ്റും നശിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ നോമ്പ് തുറക്കുമ്പോള്‍ ജ്യൂസുകള്‍ പരമാവധി കുറയ്ക്കുകയും ശുദ്ധമായ പച്ചവെള്ളം ധാരാളമായി കുടിക്കുകയും ചെയ്യുക. ജ്യൂസുകള്‍ക്ക് പകരം പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുകയും ചെയ്യാം. 
  2. റെഡ് മീറ്റിന്റെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കണം. ബീഫ്, മട്ടണ്‍ മുതലായ ചുവന്ന നിറമുള്ള മാംസപദാര്‍ത്ഥങ്ങളുടെ ഉപയോഗം വാതരോഗികളില്‍ രോഗലക്ഷണങ്ങള്‍ വര്‍ദ്ധിക്കാനിടയാക്കുമെന്ന് ഓര്‍മ്മിക്കുക. അമിതമായ ഉപ്പ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളും, ടിന്നിലടച്ച് വരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളും ഒഴിവാക്കണം. 
  3. റമദാന്‍ വ്രതകാലത്ത് പുകവലി-മദ്യപാന ശീലമുള്ളവര്‍ ഇതിന് സ്വാഭാവികമായ വിലക്കേര്‍പ്പെടുത്തുന്നു എന്നതും രോഗലക്ഷണങ്ങള്‍ കുറഞ്ഞ് കാണപ്പെടാനുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ്. വ്രതകാലം അനുയോജ്യമായ സമയമായി പരിഗണിച്ച് ഇത്തരം ദുശ്ശീലങ്ങളെ മറികടക്കാനുള്ള സാഹചര്യം കൂടിയാക്കി മാറ്റിയെടുക്കുകയും വേണം.

ഡോക്ടറെ സന്ദര്‍ശിക്കണം

നിലവില്‍ മരുന്ന് കഴിക്കുന്നവര്‍ നിര്‍ബന്ധമായും ഡോക്ടറെ സന്ദര്‍ശിക്കുകയും,ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മരുന്നിന്റെ സമയക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുകയും വേണം. ഒരു കാരണവശാലും ഇതില്‍ ഉപേക്ഷ വരുത്തരുത്. വാതരോഗമുള്ളവര്‍ക്ക് തന്നെ പലര്‍ക്കും പലതരത്തിലുള്ള മരുന്നുകളും, അളവുകളും, സമയക്രമങ്ങളുമെല്ലാമായിരിക്കും നിശ്ചയിച്ചിരിക്കുക. അതുകൊണ്ട് തന്നെ വ്രതാനുഷ്ഠാനത്തിന്റെ സമയത്ത് മരുന്നുകളുടെ ക്രമീകരണത്തിലും ഈ മാറ്റം പ്രകടമായിരിക്കും. ഒരു കാരണവശാലും മറ്റൊരാള്‍ക്ക് ഡോക്ടര്‍ നിര്‍ദ്ദേശിച്ച് നല്‍കിയ സമയക്രമവും, മരുന്നിന്റെ അളവും സ്വയം പിന്തുടരാന്‍ ശ്രമിക്കരുത്

കടപ്പാട് : www.archivesofrheumatology.org/full-text/525,  
Fasting and Rheumatic Disease_Journal of Fasting and Health

(ഡോ. അനൂഫ്‌സ് റുമ കെയര്‍, ഫൗണ്ടര്‍ ചെയര്‍മാന്‍ & സീനിയര്‍ കണ്‍സല്‍ട്ടന്റ് റുമറ്റോളജിസ്റ്റാണ് ലേഖകന്‍)

Content Highlights: The Effects of the Ramadan Month of Fasting on Patients with Rheumatoid Arthritis