ഫം​ഗൽ ഇൻഫെക്ഷൻ, ഹോർമോൺ അസന്തുലിതാവസ്ഥ, കാൻസർ; അമിതവണ്ണത്തിന് വേണം കടിഞ്ഞാൺ


ഡോ.പ്രമീളാ ദേവി

Representative Image| Photo: Canva.com

ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഒബിസിറ്റി(Obesity). അമിതവണ്ണം ധാരാളം അസുഖങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ചുരുക്കത്തില്‍ ഒരു നിശബ്ദനായ കൊലയാളിയാണ് ഒബിസിറ്റി എന്നു പറയാം.

വയറിനുള്ളിലും വയറു ഭാഗത്തെ തൊലിക്കടിയിലും അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് മറ്റു ശരീര ഭാഗങ്ങളിലെ കൊഴുപ്പിനെക്കാളും അപകടകാരിയായി പ്രവര്‍ത്തിക്കുന്നത്. നിരന്തരം സ്വാദിഷ്ടമായ ഭക്ഷണം കഴിക്കുമ്പോള്‍ തലച്ചോറില്‍ ഡോപമൈൻ എന്ന ഹോര്‍മോണിന്റെ അളവു കുറയുകയും ചെറിയ തോതിലുള്ള ഡിപ്രഷന് കാരണമാവുകയും ചെയ്യുന്നു. ഇത്തരം വ്യക്തികള്‍ സംതൃപ്തി നേടാന്‍ കൂടുതല്‍ അളവില്‍ ഭക്ഷണം കഴിക്കുന്നു എന്ന് ഗവേഷണ ഫലങ്ങള്‍ തെളിയിക്കുന്നു. ഇതാണ് ഭക്ഷണത്തോടുള്ള ആസക്തി അഥവാ ഫുഡ് അഡിക്ഷൻ.ഒബിസിറ്റി നിര്‍ണ്ണയിക്കുന്നത് ബി.എം.ഐ അഥവാ Body Mass Index ഉപയോഗിച്ചാണ്. ശരീരഭാരത്തെ(Weight in kilogram) ഉയരം(Height in metre square) കൊണ്ട് ഹരിക്കുമ്പോള്‍ BMI കിട്ടുന്നു.

 •  ഓവർ വെയ്റ്റ് അഥവാ അമിതവണ്ണം - 25kg/m² - 30kg/m² .
 • Obesity അഥവാ അമിതവണ്ണം - 30 മുതല്‍ 40 വരെ.
 • മോർ‌ബിഡ് ഒബിസിറ്റി - More than 40kg/m².
കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒബിസിറ്റിയെ ആണ് മോർ‌ബിഡ് ഒബിസിറ്റി എന്ന് പറയുന്നത്. വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും ഒബിസിറ്റി വർധിച്ചു വരികയാണ്.

കുറഞ്ഞ BMI ആണ് ഏഷ്യ പസഫിക് പോപ്പുലേഷനു വേണ്ടി ലോകാരോ​ഗ്യസംഘടന ശുപാര്‍ശ ചെയ്തിട്ടുള്ളത്. കാരണം ഈ പോപ്പുലേഷനില്‍ ഗ്ലൂക്കോസും ലിപ്പിഡും സംബന്ധിച്ച അസുഖങ്ങള്‍ 20kg/m² -ല്‍ തന്നെ കാണപ്പെടുന്നു എന്ന് ഗവേഷണങ്ങള്‍ പറയുന്നു. സ്ത്രീകളിലാണ് അധികമായും അമിതവണ്ണം കണ്ടുവരുന്നത്.

ഒബിസിറ്റി ഉണ്ടാകാനുള്ള കാരണങ്ങള്‍

ഭൂരിഭാഗം ഒബിസിറ്റിയും അമിതമായ ആഹാരക്രമവും (Food Addiction) ആയാസ രഹിതമായ ജീവിത രീതിയും കൊണ്ട് ഉണ്ടാകുന്നതാണ്. എന്നാല്‍ ചുരുക്കം ചിലരില്‍ മറ്റു കാരണങ്ങള്‍ കൊണ്ട് ഒബിസിറ്റി കണ്ടുവരുന്നു. അതിനാല്‍ ഈ അവസ്ഥയുള്ളവര്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയരായി കാരണം കണ്ടുപിടിക്കേണ്ടതുണ്ട്.

ശരീരത്തിലെ ചില അസുഖങ്ങള്‍ ഒബിസിറ്റി ഉണ്ടാക്കുന്നുണ്ട്.

 1. ഹൈപ്പോതൈറോയ്ഡിസം അഥവാ തൈറോയ്ഡ് ഹോര്‍മോണിന്റെ കുറവ്.
 2. അഡ്രിനൽ ​ഗ്ലാന്റിന്റെ പ്രവര്‍ത്തനത്തില്‍ വരുന്ന മാറ്റം Cushing syndrome ഉണ്ടാക്കുന്നു. ഇത് ഒബിസിറ്റിയിലേക്ക് നയിക്കുന്നു.
 3. ഹൈപ്പോതലാമസ് എന്ന തലച്ചോറിലുള്ള ഗ്രന്ഥികളുടെ പ്രവര്‍ത്തന വൈകല്യം.
 4. ചില മരുന്നുകള്‍ - ഉദാ: Sulfonylureas, Thiazolidine derivatives, Psychotropic agents, Antidepressants, ചില Antiepileptic drugs, ശരിയല്ലാത്ത രീതിയില്‍ Insulin-ന്റെ ഉപയോഗം എന്നിവ ശരീരം തടിക്കാന്‍ കാരണമാകുന്നു.
ഒബിസിറ്റി മൂലമുണ്ടാകുന്ന രോഗങ്ങള്‍

 • അമിതവണ്ണക്കാരില്‍ കാർഡിയാക് ഔട്ട്പുട്ട് അഥവാ ഹൃദയത്തില്‍ നിന്നും പുറന്തള്ളപ്പെടുന്ന രക്തം നിശ്ചിത അളവിലും കൂടുതലായിരിക്കും. ഇത് ഉള്‍ക്കൊള്ളേണ്ട ശ്വാസകോശത്തിന് വേണ്ടത്ര വികാസിക്കാന്‍ അമിതവണ്ണം ഒരു തടസ്സമാകുന്നു. ഉറക്കത്തില്‍ ഉണ്ടാകുന്ന ശ്വാസതടസ്സം ആണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ. ഇത് അപകടകരമായ ഒരു അവസ്ഥയാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ശ്വാസ തടസ്സം, നിരന്തരമായ കഫക്കെട്ട്, വിട്ടുമാറാത്ത ചുമ എന്നിവ പൊണ്ണത്തടിയുള്ളവരില്‍ നിരന്തരം കാണുന്നു.
 • വയറിനുള്ളിലും ആമാശയ ഭിത്തികളിലും അടിയുന്ന കൊഴുപ്പ്, ഡിസ്പെപ്സിയ അഥവാ ഭക്ഷണത്തിനു ശേഷമുള്ള വിമ്മിഷ്ടത്തിന് കാരണമാകുന്നു. ആമാശയ ഭിത്തിയിലും കുടലിന്റെ ബാഹ്യഭാഗത്തും അടിയുന്ന അമിതമായ കൊഴുപ്പ് കാരണം ആമാശയം ഭക്ഷണം ഉള്‍ക്കൊണ്ട് വികസിക്കുന്നില്ല. അതുകൊണ്ടുതന്നെ ചെറിയ അളവിലുള്ള ഭക്ഷണം പോലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കുടലിന്റെ അനക്കം അഥവാ പെറിസ്റ്റാല്‍സിസ് കുറയുന്നതിനാല്‍ ഭക്ഷണത്തിന്റെ മുന്‍പോട്ടുള്ള നീക്കം താമസിക്കുന്നു. ഇത് കോൺസ്റ്റിപ്പേഷൻ അഥവാ മലശോധന ബുദ്ധിമുട്ടിന് കാരണമാകുന്നു.
 • തൊലിക്കടിയില്‍ അമിതമായ കൊഴുപ്പടിഞ്ഞ് തൊലിക്കുണ്ടാകുന്ന മടക്കുകള്‍ ഫം​ഗൽ ഇൻഫെക്ഷന് കാരണമാകുന്നു.
 • അമിതഭാരം ശരീരത്തിലെ സന്ധികളെ കാര്യമായി ബാധിക്കുന്നു. കാല്‍മുട്ട് വേദന, ഇടുപ്പ് വേദന, അസ്ഥികളുടെ തേയ്മാനം, നട്ടെല്ലിന്റെ ഡിസ്‌കുകളുടെ സ്ഥാനചലനം തുടങ്ങിയ രോഗങ്ങളിലേയ്ക്ക് നയിക്കുന്നു. നിരന്തരമായ നടുവു വേദനയാണ് മറ്റൊരു പ്രധാന പ്രശ്‌നം.
 • ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വേദനകളും Inflammatory reactions-ഉം ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് വര്‍ദ്ധിപ്പിക്കുന്നു. വയറിനുള്ളിലെയും തൊലിക്കടിയിലുമുള്ള കൊഴുപ്പില്‍ നിന്നും അമിതമായി ഉല്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍, ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് വര്‍ദ്ധിപ്പിക്കുകയും ഉയര്‍ന്ന അളവിലെ രക്തത്തിലെ ഗ്ലൂക്കോസ്, Diabetes mellitus എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
 • Insulin resistance, Diabetes mellitus, Hypertension, Hyperlipidemia, സ്ത്രീകളിലെ Hyperandrogenism എന്നീ അസുഖങ്ങള്‍ വയറിനുള്ളിലെയും വയറിന്റെ തൊലിക്കടിയിലെയും അമിതമായ കൊഴുപ്പിന്റെ അളവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് BMI-യെ അപേക്ഷിച്ച് Waist to Hip Circumference എന്ന അളവുകോല്‍ മേല്‍പ്പറഞ്ഞ അസുഖം നിര്‍ണ്ണയിക്കാന്‍ കൂടുതല്‍ അനുയോജ്യമായി കണക്കാക്കപ്പെടുന്നത്.
 • ശരീരത്തിലെ അമിതമായ കൊഴുപ്പില്‍ നിന്നും അമിതമായി ഉല്പാദിക്കപ്പെടുന്ന ഈസ്ട്രഡയൽ എന്ന ഹോർമോൺ സ്തനങ്ങളില്‍ പലതരം മുഴകള്‍ക്ക് കാരണമാകുന്നു. കൂടാതെ മസ്റ്റാൾജിയ അഥവാ മാറുവേദനയും ഉണ്ടാകുന്നു. ആണ്‍കുട്ടികളില്‍ സെക്ഷ്വൽ ഓർ​ഗൻ ഡെവലപ്മെന്റ് താമസിക്കാന്‍ കാരണമാകുന്നു. അതേസമയം പെണ്‍കുട്ടികളില്‍ ചെറിയ പ്രായത്തില്‍ തന്നെ സെക്ഷ്വൽ ഓർ​ഗൻ ഡെവലപ്മെന്റ് ആവുകയും early menarchy ഉണ്ടാവുകയും ചെയ്യുന്നു. അധികമായി ഉണ്ടാകുന്ന ഹോര്‍മോണുകള്‍ അണ്ഡാശയത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ട് പോളിസിസ്റ്റിക് ഓവറി എന്ന അവസ്ഥ ഉണ്ടാകുന്നു. ഇത് ക്രമം തെറ്റിയുള്ള ആര്‍ത്തവത്തിന് കാരണമാകുന്നു. ചിലപ്പോള്‍ വന്ധ്യതയ്ക്കും കാരണമായേക്കാം. ആയാസ രഹിതമായ ദിനചര്യയാണ് പോളിസ്റ്റിക് ഓവറിയുടെ മറ്റൊരു പ്രധാന കാരണം. പി.സി.ഒ.ഡി മൂലം ഗര്‍ഭധാരണത്തില്‍ കാലതാമസം നേരിടാം. ഒബിസിറ്റി പുരുഷന്മാരില്‍ ഇറക്റ്റൈൽ ഡിസ്ഫങ്ഷൻ അഥവാ ഉദ്ധാരണ ശേഷിക്കുറവ് ഉണ്ടാക്കുന്നു.
 • മോർബിഡ് ഒബിസിറ്റി ചിലതരം കാന്‍സറിന്റെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. അമിതമായ കൊഴുപ്പില്‍ നിന്നും കൂടുതല്‍ അളവില്‍ ഉത്പാദിപ്പിക്കപ്പെടുന്ന അഡിപോകൈൻസ് താഴെ പറയുന്ന കാന്‍സറിന് കാരണമാകുന്നു. ഉദാ: വന്‍കുടലിലെ കാന്‍സര്‍, മലാശയ കാന്‍സര്‍, പാന്‍ക്രിയാറ്റിക് കാന്‍സര്‍, കിഡ്‌നി കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍, ശ്വാസകോശ കാന്‍സര്‍. കൊഴുപ്പില്‍ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഈസ്ട്രഡയൽ ബ്രെസ്റ്റ് കാന്‍സറിന് കാരണമാകുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
 • രാത്രികാലങ്ങളിലെ പുളിച്ചു തികട്ടല്‍, പലതരത്തിലുള്ള ഹെര്‍ണിയ, കരളില്‍ അമിതമായി കൊഴുപ്പടിയുക, എന്നിവയും അമിത വണ്ണക്കാരില്‍ കണ്ടുവരുന്നു. ഫാറ്റി ലിവർ അഥവാ കരളിലെ അമിതമായ കൊഴുപ്പ് നോൺ‌ ആൽക്കഹോളിക് ലിവർ സിറോസിസ് എന്ന അസുഖത്തിലേയ്ക്ക് നയിക്കുന്നു.
 • ഹിർസ്യൂട്ടിസം അഥവാ സ്ത്രീകളിലെ രോമ വളര്‍ച്ച, രക്തത്തിലെ കൂടിയ അളവ് കൊളസ്‌ട്രോള്‍, അടിക്കടി ഉണ്ടാകുന്ന മൂത്രാശയ അണുബാധ, മൂത്രം ഒഴിക്കുന്നത് നിയന്ത്രിക്കാനുള്ള കഴിവ് കുറയുക എന്നീ അവസ്ഥകളും അമിതവണ്ണക്കാരില്‍ കൂടുതലായി കാണപ്പെടുന്നു.
 • അമിതവണ്ണക്കാരായ കുട്ടികളില്‍ പല മാനസിക പ്രശ്‌നങ്ങളും കാണപ്പെടുന്നു. അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ (ADHD) അമിതമായ ഉത്കണ്ഠ അഥവാ ആങ്സൈറ്റി, ഡിപ്രഷന്‍ അഥവാ വിഷാദം, ആത്മാഭിമാനക്കുറവ് എന്നിവയാണ് കുട്ടികളില്‍ അനുഭവപ്പെടുന്നത്.
അമിതവണ്ണക്കാരില്‍ മേല്‍പ്പറഞ്ഞ ധാരാളം അസുഖങ്ങള്‍ വരാനുള്ള സാദ്ധ്യത കൂടുതലായതുകൊണ്ട് തന്നെ അവരുടെ ആയുര്‍ദൈര്‍ഘ്യം മറ്റുള്ളവരെ അപേക്ഷിച്ച് 15 - 20 വര്‍ഷം വരെ കുറവായി ഗവേഷണങ്ങള്‍ തെളിയിക്കുന്നു.

അമിതവണ്ണവും മാനസിക ആരോഗ്യവും

അമിതവണ്ണം ജീവിത നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. ആത്മാഭിമാനത്തെ പ്രതികൂലമായി ബാധിക്കുന്നു. സമൂഹത്തില്‍ ഒറ്റപ്പെടുത്തലിന് കാരണമാകുന്ന വിഷാദരോഗ സാധ്യത കൂടുന്നു.

വിഷാദവും വിഷമകരവുമായ അനുഭവങ്ങളും നെഗറ്റീവ് ചിന്തകളും മറികടക്കാന്‍ ഭക്ഷണത്തെ ഉപാധിയായി സ്വീകരിക്കുന്ന വ്യക്തിത്വങ്ങള്‍ ഉണ്ട്. ചില മാനസിക വൈകല്യങ്ങള്‍ അമിത വണ്ണത്തിനു കാരണമാകുന്നു.

Binge-eating disorder - ചുരുങ്ങിയ സമയം കൊണ്ട് നിയന്ത്രണം വിട്ട പോലെ വലിയ അളവില്‍ ഭക്ഷണം കഴിക്കുന്ന സ്വഭാവത്തെയാണ് Binge-eating syndrome എന്ന് പറയുന്നത്.

അമിത വണ്ണക്കാരില്‍ 19% മുതല്‍ 66% വരെ വിഷാദ രോഗമുള്ളവരായി പഠനങ്ങള്‍ തെളിയിക്കുന്നു. അമിതവണ്ണം വിഷാദ രോഗത്തിനും, വിഷാദരോഗം അമിതവണ്ണത്തിനും കാരണമായേക്കാം. മദ്യപാനവും പുകവലിയും അമിത വണ്ണത്തിന് കാരണമാണ്.

80% വരുന്ന ഹൃദയ സംബന്ധമായ രോഗങ്ങളും ഡയബറ്റിസ് മെലിറ്റസും 40% കാന്‍സര്‍ രോഗങ്ങളും 3 കാര്യങ്ങളിലൂടെ പ്രതിരോധിക്കാം എന്നാണ് ലോകാരോ​ഗ്യസംഘടനയുടെ നിഗമനം. ആരോ​ഗ്യകരമായ ഡയറ്റ്, വ്യായാമം, പുകയില ഒഴിവാക്കൽ എന്നിവയാണവ.

വര്‍ദ്ധിച്ചു വരുന്ന ആഗോള പ്രശ്‌നമായ അമിത വണ്ണത്തെ നേരിടാന്‍ 2004-ല്‍ ലോകാരോഗ്യ സംഘടന ഭക്ഷണ ക്രമവും ശാരീരിക വ്യായാമവും ആരോഗ്യവും സംബന്ധിച്ച് ഒരു ആഗോള തന്ത്രം ആവിഷ്‌കരിച്ചു. എന്നാല്‍ ലോകാരോഗ്യ സഭയില്‍ ഇത് വിജയം കണ്ടില്ല. ഭക്ഷ്യ ഉല്‍പാദന വ്യാവസായിക ലോകത്തു നിന്നും ലോകാരോഗ്യ സംഘടനയുടെ അംഗരാജ്യങ്ങളില്‍ നിന്നും പ്രത്യേകിച്ച് അമേരിക്കയില്‍ നിന്നുമുള്ള എതിര്‍പ്പായിരുന്നു പരാജയത്തിനു പിന്നില്‍.

ആരോഗ്യകരമായ ഭക്ഷണക്രമം, കൃത്യമായി വ്യായാമം, മദ്യവും പുകയിലയും ഒഴിവാക്കി കൊണ്ടുള്ള ജീവിതം, മാനസിക ഉല്ലാസം, സംഘര്‍ഷ രഹിതമായ ജീവിതരീതി ഇവയെല്ലാം അമിത വണ്ണത്തില്‍ നിന്നും അങ്ങനെ നിരവധി അസുഖങ്ങളില്‍ നിന്നും നമ്മെ സംരക്ഷിക്കാം.

പട്ടം എസ്.യു.ടി ഹോസ്പിറ്റലിൽ കൺസൽട്ടന്റ് സർജനാണ് ലേഖിക

Content Highlights: the effects of obesity on your body


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented