സീരിയലുകള്‍ സ്ഥിരം കാണുന്നവരാണോ? ശ്രദ്ധിക്കണം, ഈ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം


ഡോ. സ്മിത സി.എ.

ടെലിവിഷന്‍ പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു എന്നാണ് വിമര്‍ശനം

Representative Image| Photo: GettyImages

ടെലിവിഷന്‍ മലയാളി ജീവിതത്തിന്റെ അവിഭാജ്യഘടകമായിട്ട് മുപ്പത് വര്‍ഷത്തിലേറെയായി. വിശാലമായ ലോകത്തേക്കുള്ള ജനാലകള്‍ പോലെ ആ പെട്ടി, എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും ബാല്യങ്ങളെ, അവരുടെ ചിന്തകളെ ചെറുതല്ലാത്ത രീതിയില്‍ സ്വാധീനിച്ചു തുടങ്ങി. തൊണ്ണൂറുകളുടെ ആദ്യത്തില്‍ കേബിള്‍ നെറ്റ്വര്‍ക്കിന്റെയും സ്വകാര്യചാനലുകളുടെയും വരവോടെ, ഇരുപത്തിനാലു മണിക്കൂറും ദൃശ്യവിസ്മയങ്ങള്‍ നല്‍കിക്കൊണ്ട് അത് നമ്മുടെ പ്രധാന വിനോദോപാധിയായി.

ടെലിസീരിയലുകള്‍ നമുക്ക് പരിചയപ്പെടുത്തിത്തന്നത് ദൂരദര്‍ശനാണ്. എം.ടി.യുടെ നാലുകെട്ടടക്കം പല സാഹിത്യസൃഷ്ടികളും അക്കാലത്ത് മിനി സ്‌ക്രീനില്‍ നിറഞ്ഞുനിന്നു. ഇന്ത്യയിലെ ആദ്യ മെഗാസീരിയലായ 'ഹം ലോഗ്' 154 എപ്പിസോഡുകള്‍ നീണ്ടു. എണ്‍പതുകളിലാണ് 'ഹം ലോഗ്' സംപ്രേഷണം ചെയ്തത്. മലയാളികള്‍ മെഗാസീരിയലുകളുമായി പരിചയത്തിലാകുന്നത് തൊണ്ണൂറുകളുടെ അവസാനത്തിലാണ്.

പാശ്ചാത്യരാജ്യങ്ങളില്‍ 'സോപ്പ് ഓപെറ' എന്നറിയപ്പെടുന്ന ഇത്തരം പരമ്പരകള്‍ അവയുടെ ഉള്ളടക്കത്തിന്റെയും അവ നല്‍കുന്ന സന്ദേശങ്ങളുടെയും പേരില്‍ എക്കാലവും വിമര്‍ശനങ്ങളെ നേരിട്ടിട്ടുണ്ട്. ഇപ്പോള്‍ ഇതാ, കലാപരവും സാങ്കേതികവുമായി ഗുണനിലവാരമില്ലാത്തവ എന്ന നിരീക്ഷണമാണ് സ്റ്റേറ്റ് അവാര്‍ഡ് ജൂറി മലയാളം പരമ്പരകളെക്കുറിച്ചു നടത്തിയിരിക്കുന്നത്.

കുടുംബ പരമ്പരകള്‍

കുടുംബവും അതിനകത്തുണ്ടാകുന്ന സംഭവങ്ങളുമാണല്ലോ പ്രധാനമായും മെഗാ സീരിയലുകളുടെ ഉള്ളടക്കം. അതുകൊണ്ടുതന്നെ അശ്ലീലം ഒട്ടുമില്ല, കുട്ടികളോടൊപ്പം കാണാം എന്നൊക്കെയുള്ള പൊതുബോധം പല കാഴ്ചക്കാരും വെച്ചുപുലര്‍ത്തുന്നുമുണ്ട്. എന്നാല്‍ ഒട്ടുമിക്ക പരമ്പരകളും പിന്തിരിപ്പന്‍ ചിന്തകളെ വളര്‍ത്തിയെടുക്കുന്നവയാണ് എന്നാണ് പ്രധാന ആരോപണം. യാഥാര്‍ഥ്യബോധമുള്ള എന്തെങ്കിലും ആശയങ്ങള്‍ ഇന്നത്തെ പരമ്പരകള്‍ പങ്കുവെയ്ക്കുന്നുണ്ടോ എന്നത് ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്.

നമ്മുടെ ചിന്തകളെയും ജീവിതത്തെയും സ്വാധീനിക്കാന്‍ ശേഷിയുള്ളവയാണ് ദൃശ്യമാധ്യമങ്ങള്‍. സീരിയലുകള്‍ പ്രേക്ഷകരുടെ മനോഭാവങ്ങളെ ചെറുതല്ലാതെ സ്വാധീനിക്കുമെന്നതില്‍ തര്‍ക്കമില്ല. വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനേതാക്കള്‍ പൊതുസ്ഥലങ്ങളില്‍ രോഷപ്രകടനം നേരിടുന്നത്, ആളുകള്‍ സീരിയലുകളെ എത്രത്തോളം വൈകാരികമായി എടുക്കുന്നുവെന്നതിന് ഉദാഹരണമാണ്.

റിമോട്ടിന്റെ കണ്‍ട്രോള്‍ ആര്‍ക്കാണ്?

സ്ത്രീപ്രേക്ഷകരെയാണ് സീരിയലുകള്‍ ഉന്നംവെയ്ക്കുന്നതെങ്കിലും ലിംഗഭേദമില്ലാതെ, കുട്ടികള്‍ മുതല്‍ വൃദ്ധര്‍വരെയുള്ള എല്ലാവരും ഇവ കാണുന്നുണ്ടെന്നതാണ് സത്യം. ഓരോ പ്രായക്കാരെയും സീരിയല്‍ സ്വാധീനിക്കുന്നത് ഓരോ തരത്തിലായിരിക്കും. കുട്ടികള്‍ക്കിടയില്‍ ഗെയിം അഡിക്ഷനെക്കുറിച്ചും മൊബൈല്‍ അഡിക്ഷനെക്കുറിച്ചും വാതോരാതെ പരാതിപറയുന്ന മുതിര്‍ന്നവര്‍ തങ്ങളുടെ സ്‌ക്രീന്‍ സമയത്തെക്കുറിച്ചും അതുണ്ടാക്കാനിടയുള്ള ദൂരവ്യാപകഫലങ്ങളെക്കുറിച്ചും പലപ്പോഴും ചിന്തിക്കാറില്ല.

കഥാപാത്രങ്ങളുടെ രീതികളും മനോഭാവങ്ങളും കഥയുടെ മുന്നോട്ടുള്ള പോക്കുമെല്ലാം പ്രേക്ഷകരുടെ ജീവിതത്തിന്റെ ഭാഗമാക്കിമാറ്റുകയാണ് വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന മെഗാപരമ്പരകള്‍ ചെയ്യുന്നത്. ഏതാനും മണിക്കൂറുകള്‍കൊണ്ടു തീരുന്ന സിനിമപോലെയല്ല, എന്നും വൈകുന്നേരം സ്വീകരണമുറിയിലെത്തുന്ന കുടുംബവഴക്കുകളും അവിഹിതബന്ധങ്ങളും പ്രതികാരങ്ങളും സംശയരോഗികളും കള്ളന്മാരും കൊലപാതകികളും ആളുകളെ സ്വാധീനിക്കുക. പതിയെ, കഥാപാത്രങ്ങളുടെ തെറ്റും ശരിയുമെല്ലാം കാഴ്ചക്കാര്‍, പ്രത്യേകിച്ചും പുറംലോകവുമായി ഇടപഴകാനുള്ള അവസരം കുറവുള്ളവര്‍, സ്വാംശീകരിച്ചുതുടങ്ങും.

കൗമാരക്കാരില്‍ ബന്ധങ്ങളെക്കുറിച്ച് വികലസങ്കല്പങ്ങള്‍ ഉടലെടുക്കാന്‍ ഇവ കാരണമാകും. ഗാര്‍ഹികപീഡനത്തെ സ്വാഭാവികമായ ഒന്നായി കണക്കാക്കാനുള്ള പ്രവണതയും ഇവയുണ്ടാക്കും. നൈതികതയില്ലായ്മ, അബലരായവരോടുള്ള അവജ്ഞയും അതിക്രമവും, സ്ത്രീപുരുഷബന്ധങ്ങളെപ്പറ്റിയുള്ള അപക്വമായ കാഴ്ചപ്പാടുകള്‍, മറ്റുള്ളവരുടെ ജീവിതത്തില്‍ അതിരുവിട്ടിടപെടുന്ന രീതികള്‍ തുടങ്ങി പല തെറ്റുകളും സാമാന്യവത്കരിക്കപ്പെടാം.

പ്രായമായവരില്‍ ദീര്‍ഘനേരം ഇരിക്കുന്നതും ടിവി കണ്ടുകൊണ്ടു ഭക്ഷണം കഴിക്കുന്നതുമെല്ലാം ആരോഗ്യപ്രശ്നങ്ങളുണ്ടാകാനിടയാക്കും. സമയം ശരിയായി വിനിയോഗിക്കുന്നതിനെ ഇല്ലാതാക്കുകവഴി കുട്ടികളിലും മുതിര്‍ന്നവരിലും മാനസികസമ്മര്‍ദം വളര്‍ത്തുകയും ചെയ്യും. കൂടുന്ന സീരിയല്‍ സമയം മൂലം, കുടുംബാംഗങ്ങളുമായി ഗുണപരമായി സമയം ചെലവഴിക്കുന്നത് കുറയും.

നന്മയും തിന്മയും

നന്മയും തിന്മയും ശരിയും തെറ്റും കലര്‍ന്നതാണ് ഓരോരുത്തരുടെയും ജീവിതം. നന്മകള്‍ മാത്രമുള്ള കേന്ദ്രകഥാപാത്രവും തിന്മകള്‍ മാത്രമുള്ള വില്ലന്‍ കഥാപാത്രങ്ങളും ദൃശ്യമാധ്യമങ്ങളുടെ പതിവുരീതിയാണ്. വസ്ത്രധാരണം, താത്പര്യങ്ങള്‍, സംഭാഷണരീതി തുടങ്ങിയവയിലൂടെ സീരിയലുകള്‍ സൃഷ്ടിക്കുന്ന നന്മ, തിന്മ മുന്‍വിധികള്‍ പ്രേക്ഷകരുടെ ചിന്താഗതിയെ സ്വാധീനിക്കും.

ത്യാഗത്തിന്റെ കഥകള്‍

പ്രധാന സ്ത്രീകഥാപാത്രങ്ങളെ പലപ്പോഴും പരമ്പരകളില്‍ ചിത്രീകരിക്കാറുള്ളത് മഹാത്യാഗികളായാണ്. സാഹചര്യങ്ങളെ വിലയിരുത്താനും യുക്തിയുക്തമായി ചിന്തിക്കാനും കഴിവുണ്ടെങ്കില്‍ക്കൂടി അവര്‍ സകലയാതനകളും സഹിച്ച് കഴിയുന്നവരാണ്. സ്വന്തം കാര്യം നോക്കുന്നതിനും സ്വന്തം സന്തോഷം കണ്ടെത്തുന്നതിനും സാധിച്ചാലേ ഏതൊരാള്‍ക്കും മാനസികാരോഗ്യം ഉറപ്പുവരുത്താനാകൂ. ത്യാഗവും സഹനവുമെല്ലാം ചരിത്രവും പുരാണങ്ങളും വാഴ്ത്തിപ്പാടാറുണ്ടെങ്കിലും, മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിലൂടെ മാത്രം സ്വന്തം മാനസികാരോഗ്യം വളര്‍ത്തുന്നത് മനുഷ്യസാധ്യമായ കാര്യമല്ല.

ഇത്തരം വാര്‍പ്പുമാതൃകകള്‍ കുട്ടികളുടെയും യുവതലമുറയുടെയും കാഴ്ചപ്പാടിനെ വളരെയധികം സ്വാധീനിക്കും. പുതുകാലഘട്ടത്തില്‍ മാനസികാരോഗ്യത്തെക്കുറിച്ചും ലിംഗനീതിയെക്കുറിച്ചും ഉത്തരവാദിത്വങ്ങള്‍ പങ്കുവെയ്ക്കേണ്ടതിനെക്കുറിച്ചും പഠിക്കേണ്ട തലമുറ കാലോചിതമല്ലാത്ത ജീവിതാവിഷ്‌കാരങ്ങള്‍ കണ്ടു വളരുന്നത് സമൂഹത്തെ പിന്നോട്ടു വലിക്കുന്നതിന് കാരണമാകാം.

ജീവിതനിപുണതകള്‍

പരമ്പരകളുടെ തെറ്റായ സ്വാധീനത്തിനു പരിഹാരം എന്ത് എന്ന ചോദ്യത്തിന് യൂനിസെഫ് നിര്‍ദേശിക്കുന്ന ജീവിതനിപുണതകളെക്കുറിച്ച് (Life skills) കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നവരും അത് കാണുന്നവരും മനസ്സിലാക്കണം. ശരിയായി ചിന്തിക്കാനും വൈകാരികനിയന്ത്രണം വളര്‍ത്തിയെടുക്കാനും ശരിയായ സാമൂഹിക ഇടപെടലുകള്‍ നടത്താനും വ്യക്തികളെ സജ്ജമാക്കുന്നവയാണിവ.

ചിന്താനിപുണതകള്‍: പ്രശ്നങ്ങള്‍ പരിഹരിക്കാനും തീരുമാനങ്ങളെടുക്കാനും വിമര്‍ശനാത്മകമായും ക്രിയാത്മകമായും ചിന്തിക്കാനും സഹായിക്കുന്നവയാണ് ഈ നിപുണതകള്‍. പ്രശ്നങ്ങള്‍ക്കുമുന്നില്‍ പകച്ചുനില്‍ക്കുകയോ കീഴടങ്ങുകയോ ചെയ്യുന്നതല്ല, മറിച്ച് ചിന്താശേഷി വിനിയോഗിച്ച് ക്രിയാത്മകമായ പരിഹാരങ്ങള്‍ കാണുകയും പ്രശ്നങ്ങളെ വിധിക്കു വിടാതെ മുന്നോട്ടുപോകുകയുമാണ് ശരിയായ രീതി.

സാമൂഹികനിപുണതകള്‍: വ്യക്തിസ്പര്‍ധകളും കുടുംബപ്രശ്നങ്ങളും നേരിടാന്‍ സാമൂഹികനിപുണതകള്‍ സഹായകമാകും. സ്വന്തം കഴിവുകളെയും പരിമിതികളെയും കുറിച്ചുള്ള ശരിയായ അറിവ്, നന്നായി ആശയവിനിമയം ചെയ്യാനുള്ള കഴിവ്, വ്യക്തിബന്ധങ്ങള്‍ നയപരമായി കൈകാര്യംചെയ്യാനുള്ള കഴിവ്, മറ്റുള്ളവരുടെ പ്രശ്നങ്ങളോട് അനുതാപം കാണിക്കാനുള്ള കഴിവ് എന്നിവയെല്ലാം ഇവയില്‍പ്പെടും.

വൈകാരികനിപുണതകള്‍: സമ്മര്‍ദവും അതിവൈകാരികതയും അതുണ്ടാക്കുന്ന മാനസികാസ്വാസ്ഥ്യങ്ങളും തരണംചെയ്യാന്‍ ഇവ സഹായിക്കും. 'ഉല്ലാസപ്പറവകള്‍' എന്നപേരില്‍ ജീവിതനിപുണതകള്‍ പരിശീലിപ്പിക്കുന്ന പാഠ്യപദ്ധതി സംസ്ഥാന വിദ്യാഭ്യാസ സമിതി തുടങ്ങിവെച്ചിട്ടുണ്ട്. ദൃശ്യമാധ്യമങ്ങളില്‍ക്കൂടിയും ഈയൊരു കാര്യത്തില്‍ അവബോധം നല്‍കുന്നത് സഹായകമായേക്കാം. ജീവിതമെന്നാല്‍ ത്യാഗം മാത്രമല്ലെന്നും ജീവിതത്തില്‍ ഊഷ്മളമായ സാമൂഹികബന്ധങ്ങളും വൈകാരികമായ സ്വാസ്ഥ്യവും ക്രിയാത്മകമായ പ്രശ്നപരിഹാരങ്ങളുമാണ് വേണ്ടതെന്നുമുള്ള ബോധവത്കരണം നടത്തണം.

(കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: Television serials and Mental Illness mental health, Health, Mental Health

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented