ക്ഷയരോഗ നിയന്ത്രണത്തില്‍ കേരളത്തിന് കേന്ദ്ര അംഗീകാരം; 'ടി.ബി. ഫ്രീ' ലക്ഷ്യത്തിലേക്കൊരു ചുവടുവെപ്പ്


അനു സോളമന്‍

Representative Image

ഇന്ന് മാര്‍ച്ച് 24, ലോക ക്ഷയരോഗദിനം. ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് കേരളത്തിന് ഈ വര്‍ഷം കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരിക്കുകയാണ്. സില്‍വര്‍ മെഡലാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ക്ഷയരോഗ മുക്ത നിലവാരം വിലയിരുത്തുന്നതിന് വേണ്ടിയുള്ള സബ് നാഷണല്‍ സര്‍ട്ടിഫിക്കേഷന്റെ (Sub National certification of progress towards TB free status) ഭാഗമായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിലാണ് കേരളത്തിന്റെ ഈ നേട്ടം. 2015നെ അപേക്ഷിച്ച് 2021 ല്‍ 40 ശതമാനത്തിലധികം ക്ഷയരോഗനിരക്ക് കുറഞ്ഞതിനാണ് പുരസ്‌കാരം ലഭിച്ചത്. സംസ്ഥാനങ്ങളുടെ പട്ടികയില്‍ സില്‍വര്‍ കാറ്റഗറിയില്‍ പുരസ്‌കാരം നേടുന്ന ഏക സംസ്ഥാനമാണ് കേരളം. 50 ലക്ഷം രൂപയും, പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം.

ഇതുകൂടാതെ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തെ വിവിധ ജില്ലകള്‍ക്കും പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് മികച്ച പ്രവര്‍ത്തനം നടത്തിയ മലപ്പുറം, വയനാട് ജില്ലകള്‍ക്ക് ഗോള്‍ഡ് കാറ്റഗറിയിലാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. 2015 നെ അപേക്ഷിച്ച് 2021 ല്‍ ക്ഷയരോഗനിരക്ക് 60 ശതമാനത്തിലധികം കുറഞ്ഞതിനാണ് ഈ ജില്ലകളെ സുവര്‍ണ നേട്ടത്തിന് അര്‍ഹരാക്കിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് ജില്ലകള്‍ക്ക് സില്‍വര്‍ കാറ്റഗറിയിലും എറണാകുളം, കണ്ണൂര്‍ ജില്ലകള്‍ക്ക് ബ്രോണ്‍സ് കാറ്റഗറിയിലും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ ബഹുമതി.
ക്ഷയരോഗം കണ്ടെത്തുന്നതിനും ചികിത്സിച്ച് ഭേദമാക്കുന്നതിനും കേരളം രാജ്യത്ത് തന്നെ ഒന്നാമതായിരുന്നു. കോവിഡ് വ്യാപനത്തോടെ രോഗനിര്‍ണയം നടത്തുന്നതിന്റെ തോത് കുറഞ്ഞപ്പോള്‍ ക്ഷയരോഗികളെ കണ്ടെത്തുന്നതിനായി 'അക്ഷയ കേരളം' പദ്ധതി കേരളം കൊണ്ടുവരുകയും ഊര്‍ജിതമായി നടപ്പിലാക്കുകയും ചെയ്തു. ഇതുവഴി ക്ഷയരോഗികളെ കണ്ടെത്തി വിദഗ്ധ ചികിത്സ നല്‍കാനായിട്ടുണ്ട്. 2025 ഓടെ ക്ഷയരോഗ മുക്തമാണ് കേരളം ലക്ഷ്യമിടുന്നത്.

2015 നെ അപേക്ഷിച്ച് 2021 ല്‍ ക്ഷയരോഗികളുടെ എണ്ണം 20 ശതമാനം കുറച്ചാല്‍ ബ്രോണ്‍സ് മെഡല്‍, 40 ശതമാനം കുറച്ചാല്‍ സില്‍വര്‍ മെഡല്‍, 60 ശതമാനം കുറച്ചാല്‍ ഗോള്‍ഡ് മെഡല്‍ ആണ് ലഭിക്കുക. 80 ശതമാനം കുറച്ചാല്‍ 'ടി.ബി. ഫ്രീ' (ക്ഷയരോഗമുക്ത) സ്റ്റാറ്റസും ലഭിക്കും.

നിലവിലുള്ള ചികിത്സാ രേഖകളുടെയും രജിസ്റ്ററുകളുടെയും പരിശോധന, രേഖകളില്‍പ്പെടാത്ത ക്ഷയരോഗികളുണ്ടോ എന്നറിയുന്നതിനായി തിരഞ്ഞെടുത്ത ക്ലസ്റ്ററുകളില്‍ നടത്തിയ സാമൂഹിക സര്‍വേ, ക്ഷയരോഗികള്‍ മരുന്നുകള്‍ കൃത്യമായി എടുക്കുന്നുണ്ടോ തുടങ്ങിയ നടപടിക്രമങ്ങള്‍ പാലിച്ചാണ് പുരസ്‌കാരം നിര്‍ണയിക്കുന്നത്. ഇതിനായി നിക്ഷയ് പോര്‍ട്ടലിലെ ഡാറ്റ ഉപയോഗിക്കുന്നുണ്ട്. ഇതിനുപുറമെ ക്ഷയരോഗ നിര്‍മ്മാര്‍ജന പദ്ധതിയിലൂടെ അല്ലാതെ കേരളത്തില്‍ ക്ഷയരോഗത്തിനുള്ള മരുന്നുകള്‍ വിതരണം ചെയ്യപ്പെടുന്നുണ്ടോയെന്നും പരിശോധിക്കുകയുണ്ടായി. ഇവയുടെയെല്ലാം അടിസ്ഥാനത്തിലാണ് കേരളത്തിനും ജില്ലകള്‍ക്കും വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തിന് ബ്രോണ്‍സ് കാറ്റഗറിയില്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

ക്ഷയരോഗ ദിനാചരണത്തിന്റെ പ്രസക്തി

ലോകത്തെ ഏറ്റവും മാരകമായ പകര്‍ച്ചവ്യാധികളിലൊന്നായാണ് ക്ഷയരോഗത്തെ വിശേഷിപ്പിക്കുന്നത്. ഓരോ വര്‍ഷവും 10 ദശലക്ഷത്തോളം ആളുകള്‍ ക്ഷയരോഗം മൂലം ദുരിതമനുഭവിക്കുന്നുണ്ട്. കേരളത്തില്‍ ഇപ്പോഴും 22,000 ഓളം ക്ഷയരോഗികളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ 2025 ല്‍ സമ്പൂര്‍ണ ക്ഷയരോഗ നിവാരണം എന്ന് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കേരളം കരുതലോടെ മുന്നോട്ടു പോകേണ്ടതുണ്ടെന്ന് ഈ വര്‍ഷത്തെ ക്ഷയരോഗ ദിനാചരണത്തിലും ഓര്‍ക്കണം.

ReadMore: ജയിലുകളിലെ ക്ഷയരോഗ നിയന്ത്രണം ഫലപ്രദമാണ്; പക്ഷേ ചില വെല്ലുവിളികളുണ്ട്‌

ഓരോ ദിവസവും ക്ഷയരോഗം മൂലം 4000 ആളുകള്‍ മരിക്കുകയും 27000 ആളുകള്‍ രോഗികളാവുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിലും ക്ഷയരോഗമാണ് പകര്‍ച്ചവ്യാധികളില്‍ മുന്‍പന്തിയിലുള്ളത്. രാജ്യത്ത് 2.7 മില്ല്യണ്‍ ക്ഷയരോഗികള്‍ ഉണ്ടെന്നാണ് 2021 ല്‍ പ്രസിദ്ധീകരിച്ച ഇന്ത്യ ടി.ബി. റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കൃത്യമായ ചികിത്സകള്‍ വഴി രോഗത്തെ തടയാനും ഭേദപ്പെടുത്താനും സാധിക്കും.

1962 മുതല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു ദേശീയ ടി.ബി. പ്രോഗ്രാം നടപ്പാക്കുന്നുണ്ട്. ആര്‍.എന്‍.ടി.സി പി.(RNTCP) എന്ന ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടിയിലൂടെ സര്‍ക്കാര്‍ രാജ്യത്തുടനീളം ഉയര്‍ന്ന നിലവാരമുള്ള രോഗനിര്‍ണയം, മരുന്നുകള്‍, ചികിത്സകള്‍ എന്നിവ സൗജന്യമായി നല്‍കുന്നു. കൂടാതെ, നിക്ഷയ് പോഷന്‍ യോജന വഴി, ഓരോ ക്ഷയരോഗിക്കും 500 രൂപ വീതം പ്രതിമാസം നല്‍കുന്നുമുണ്ട്.

ക്ഷയരോഗത്തിന്റെ ഭീകരതയും, സാമൂഹിക- സാമ്പത്തിക പ്രത്യാഘാതങ്ങളും പൊതുജനങ്ങള്‍ക്ക് മനസിലാക്കിക്കൊടുക്കുന്നതിനും ക്ഷയരോഗം എന്ന പകര്‍ച്ചവ്യാധി അവസാനിപ്പിക്കുന്നതിനുമായിട്ടാണ് ഓരോ വര്‍ഷവും ലോകാരോഗ്യസംഘടന മാര്‍ച്ച് 24ന് ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നത്. 2030ഓടു കൂടി ക്ഷയരോഗം ഇല്ലാതാക്കാനുള്ള ആഗോള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. 'ക്ഷയരോഗ നിവാരണത്തിനായി നിക്ഷേപിക്കാം, ജീവന്‍ സംരക്ഷിക്കാം' എന്നതാണ് ഈ വര്‍ഷത്തെ ക്ഷയരോഗദിനചാരണത്തിന്റെ സന്ദേശം.

ക്ഷയരോഗം എങ്ങനെയുണ്ടാകുന്നു?

മൈകോബാക്ടീരിയം ട്യൂബര്‍കുലോസിസ് (Mycobacterium Tuberculosis) എന്ന ബാക്ടീരിയയാണ് ക്ഷയരോഗമുണ്ടാക്കുന്നത്. 1882 മാര്‍ച്ച് 24-ന് ഡോ. റോബര്‍ട്ട് കൊച്ച് ആണ് ഈ രോഗാണുവിനെ തിരിച്ചറിഞ്ഞത്.

ശ്വാസകോശത്തെയാണ് ഈ ബാക്ടീരിയ പ്രധാനമായും ബാധിക്കുന്നത്. ശരീരത്തിലെ മറ്റ് അവയവങ്ങളെയും ഇത് ബാധിക്കാറുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗമാണ് പള്‍മണറി ട്യൂബര്‍കുലോസിസ് (Pulmonary Tuberculosis). മറ്റ് അവയവങ്ങളെ ബാധിക്കുന്ന ക്ഷയരോഗമാണ് എക്‌സട്രാ പള്‍മണറി ട്യൂബര്‍കുലോസിസ് (Extra Pulmonary Tuberculosis). മുടിയും നഖവും ഒഴികെ മറ്റെല്ലാ അവയവങ്ങളെയും ബാധിക്കും. ശ്വാസകോശ ഇതര ക്ഷയരോഗം പകരുന്നില്ല എന്നാല്‍ കൃത്യമായ ചികിത്സ എടുക്കാതിരുന്നാല്‍ അവ മറ്റു രൂപത്തിലേക് മാറാന്‍ സാധ്യത ഉണ്ട്. ക്ഷയരോഗം ഏത് പ്രായക്കാരെയും ബാധിക്കാം.

Photo: PTI

രോഗം ബാധിക്കുന്നത്

രോഗം ബാധിച്ചവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുപ്പുമ്പോഴും ബാക്ടീരിയ വായുവിലൂടെ പടരും. ഇത് രോഗമില്ലാത്തവരിലേക്ക് ശ്വാസോച്ഛ്വാസത്തിലൂടെ എത്തിച്ചേരും. അങ്ങനെ ഇവ ശ്വാസകോശത്തില്‍ വളരാന്‍ തുടങ്ങും. ഈ ബാക്ടീരിയകള്‍ രക്തത്തിലൂടെ വൃക്ക, തലച്ചോറ്, നട്ടെല്ല് എന്നിവിടങ്ങളിലേക്കും വ്യാപിച്ചേക്കാം.

ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗമാണ് (Pulmonary Tuberculosis) പൊതുവെ പകരാറുള്ളത്. നട്ടെല്ലിനെയും വൃക്കയെയും ബാധിക്കുന്ന ക്ഷയം (Extra Pulmonary Tuberculosis) മറ്റൊരാളിലേക്ക് പകരാറില്ല.

മറഞ്ഞിരിക്കുന്ന ക്ഷയരോഗവും

ഇന്ത്യന്‍ ജനസംഖ്യയുടെ 40 ശതമാനം ആളുകളുടെയും കോശങ്ങളില്‍ ക്ഷയരോഗാണുക്കള്‍ ഉണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എങ്കിലും അവരില്‍ ക്ഷയരോഗത്തിന്റെ സൂചനകളൊന്നും കാണിക്കാറില്ല. ഇതിന് കാരണം നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷിയാണ്. നിഷ്‌ക്രിയ ക്ഷയരോഗം (ലേറ്റന്റ് ടി.ബി. ഇന്‍ഫെക്ഷന്‍) എന്നാണ് ഇത് അറിയപ്പെടുന്നത്.

ഒരാളുടെ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഉടന്‍ അയാള്‍ രോഗിയാവണമെന്നില്ല. ഈ രോഗാണുക്കള്‍ക്ക് ശരീരത്തില്‍ ദീര്‍ഘകാലം നിശബ്ദമായിരിക്കാനുള്ള കഴിവുണ്ട്. ഇത്തരത്തില്‍ രോഗാണു നിഷ്‌ക്രിയമായവരില്‍ രോഗലക്ഷണങ്ങള്‍ ഒന്നും കാണണമെന്നില്ല. ഇങ്ങനെ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത രോഗാണുവാഹകരില്‍ ചെറിയ ശതമാനം പേര്‍ (5-10 ശതമാനം) പില്‍ക്കാലത്ത് രോഗലക്ഷണങ്ങള്‍ കാണിക്കുന്ന ക്ഷയരോഗികളായി മാറാറുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ശ്വാസകോശ ക്ഷയം ബാധിച്ച ഒരാളില്‍ നിന്ന് വര്‍ഷത്തില്‍ 10-15 ആളുകള്‍ക്ക് രോഗം ബാധിക്കാം.

വീട്ടിലെ ഒരാള്‍ക്ക് ക്ഷയരോഗം വന്നാല്‍ ആ വീട്ടിലെ മറ്റുള്ളവര്‍ക്കെല്ലാം പരിശോധന നടത്തി ചികിത്സ നല്‍കുന്ന സംവിധാനം ഇപ്പോള്‍ നടപ്പാക്കിയിട്ടുണ്ട്. ടി.ബി.പ്രിവന്റീവ് തെറാപ്പി എന്നാണ് ഇത് അറിയപ്പെടുന്നത്. മൂന്നുമാസത്തെ പ്രതിരോധ ചികിത്സയാണ് ഇവര്‍ക്ക് നല്‍കുന്നത്. ഇതുവഴി ലേറ്റന്റ് ടി.ബി. ഇന്‍ഫെക്ഷന്‍ നിയന്ത്രിക്കാന്‍ സാധിക്കും.

കോവിഡും പ്രമേഹവും

കോവിഡും പ്രമേഹവും ക്ഷയരോഗവും പരസ്പരം ബന്ധപ്പെട്ട് കിടക്കുകയാണ്. പ്രമേഹമുള്ളവര്‍ക്ക് ക്ഷയരോഗം വരാന്‍ ഏറെ സാധ്യതയുണ്ട്. അതുപോലെ ക്ഷയരോഗമുള്ളവര്‍ക്ക് പ്രമേഹമുണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. കോവിഡും പ്രമേഹവും ക്ഷയരോഗത്തിന് വഴിയൊരുക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം പ്രതിരോധശേഷിക്കുറവാണ്. കോവിഡും കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളും- പ്രത്യേകിച്ചും സ്റ്റിറോയ്ഡ് മരുന്നുകള്‍- പ്രതിരോധശേഷിയെ വലിയ തോതില്‍ ബാധിക്കുന്നതാണ്. പ്രതിരോധശേഷി കുറയുന്നതോടെ ശരീരത്തില്‍ നിര്‍ജ്ജീവമായി കഴിയുന്ന ക്ഷയരോഗാണുക്കള്‍ സജീവമാകും. ഇത് പെട്ടെന്ന് ക്ഷയരോഗം ബാധിക്കാന്‍ ഇടയാക്കും. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ കോവിഡ് ബാധിച്ചവര്‍ക്കും ക്ഷയരോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഈ പുതിയ സാഹചര്യത്തില്‍ പ്രമേഹവും കോവിഡും ബാധിച്ചവര്‍ക്ക് ക്ഷയരോഗ പരിശോധനകള്‍ നിര്‍ബന്ധമാക്കുന്നുണ്ട്.

കോവിഡും പ്രമേഹവും ക്ഷയരോഗത്തിന് ഭീഷണിയാവുന്നത് എങ്ങനെയെന്നതിനെക്കുറിച്ച് വിശദമായി അറിയാം. വായിക്കൂ,
ReadMore: കോവിഡും പ്രമേഹവും ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിന് ഭീഷണിയാകുന്നു; വേണം വെര്‍ച്വല്‍ നിരീക്ഷണവും

രോഗസാധ്യത കൂടുതലുള്ളവര്‍

 • എച്ച്.ഐ.വി. അണുബാധ ഉള്ളവര്‍,
 • പ്രമേഹമുള്ളവര്‍,
 • വൃക്ക രോഗമുള്ളവര്‍,
 • കീമോതെറാപ്പി കഴിഞ്ഞവര്‍,
 • അവയവങ്ങള്‍ മാറ്റിവെച്ചവര്‍,
 • പോഷകാഹാര കുറവുള്ളവര്‍,
 • ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ ഇങ്ങനെയുള്ളവര്‍ക്ക് ക്ഷയരോഗ സാധ്യത കൂടുതലാണ്. പ്രമേഹമാണ് ഇതില്‍ ഏറെ പ്രധാനപ്പെട്ടത്.
ലക്ഷണങ്ങള്‍

 • രണ്ടാഴ്ചയില്‍ കൂടുതല്‍ തുടരുന്ന ചുമ
 • രക്തം കലര്‍ന്ന കഫം
 • ശ്വസിക്കുമ്പോള്‍ നെഞ്ചിനകത്ത് വേദന
 • ശരീരവേദന
 • ക്ഷീണം
 • പനി
 • പൊടുന്നനെ ഭാരം കുറയല്‍
 • അമിതമായ വിയര്‍പ്പ്
 • രാത്രി വിറയലോടു കൂടിയ പനിയുണ്ടാവുക
 • വിശപ്പില്ലായ്മ എന്നിവ
എങ്ങനെരോഗനിര്‍ണയം നടത്താം

 • കഫ പരിശോധന
 • നെഞ്ചിന്റെ എക്‌സ്-റേ
 • സി.ടി. സ്‌കാന്‍
 • ആധുനിക പരിശോധനാ രീതികളായ സി.ബി. നാറ്റ്, ട്രൂനാറ്റ് എന്നിവ ചെയ്യുന്നതു വഴി രോഗനിര്‍ണയം നടത്താം. ചിലരില്‍ ബ്രോങ്കോസ്‌കോപ്പി ടെസ്റ്റുകളും ശ്വാസകോശേതര ക്ഷയരോഗമുള്ളവരിലാണെങ്കില്‍ (Extra Pulmonary TB) ബയോപ്‌സിയും ചെയ്യേണ്ടി വരും.
ചികിത്സ

ഫലപ്രദമായി പ്രതിരോധിക്കാനും ചികിത്സിച്ച് ഭേദമാക്കാനും കഴിയുന്ന രോഗമാണ് ക്ഷയരോഗം. ആന്റിബയോട്ടിക് ഉപയോഗിച്ചാണ് ചികിത്സ നടത്തുന്നത്. രോഗം നേരത്തെ കണ്ടെത്തിയാല്‍ വളരെ നല്ലതാണ്. സാധാരണയായി ആറുമാസത്തെ ചികിത്സയാണ് വേണ്ടത്. ഡോട്ട്സ് ചികിത്സയാണ് നല്‍കുന്നത്. ഇതു വഴി മരുന്നുകള്‍ ടി.ബി. കേന്ദ്രം വീട്ടില്‍ എത്തിച്ച് നല്‍കും.

കൃത്യമായി ചികിത്സയെടുക്കാതെ രോഗം ഗുരുതരമായാല്‍ ഒരു വര്‍ഷത്തിലധികം ചികിത്സ വേണ്ടി വരും. അതിനാല്‍ തന്നെ ചികിത്സ ഒരിക്കലും മുടക്കരുത്.

റിഫാംപിന്‍ (RIFAMPICIN), ഐസോനിയാസിഡ് (ISONIAZID), പൈറസിനാമൈഡ് (Pyrazinamide), എഥാംബ്യൂട്ടോള്‍ (Ethambutol) എന്നീ ആന്റിബയോട്ടിക്കുകളാണ് ഉപയോഗിക്കുന്നത്. ഇതുവഴി ഭൂരിഭാഗം പേര്‍ക്കും രോഗം സുഖപ്പെടും.

എം.ഡി. ആര്‍.ടി.ബി. (MDR TB) ബാധിച്ചാല്‍

ചില ക്ഷയരോഗികളില്‍ ആന്റിബയോട്ടിക്കുകളെ അതിജീവിക്കുന്ന ബാക്ടീരിയകളെ കണ്ടുവരാറുണ്ട്.
ഈ അവസ്ഥയെ മള്‍ട്ടി ഡ്രഗ് റസിസ്റ്റന്‍സ് ടി.ബി.(MDR TB) എന്നു പറയുന്നു. ഈ രോഗികളുടെ ചികിത്സ സങ്കീര്‍ണമാണ്. ദൈര്‍ഘ്യമേറിയതുമാണിത്. സെക്കന്‍ഡ് ലൈന്‍ ഡ്രഗ്‌സ് ഉപയോഗിച്ച് വേണം ചികിത്സിക്കാന്‍. ഈ ചികിത്സ ആറുമാസത്തില്‍ പൂര്‍ത്തിയാവില്ല. 20 മാസം വരെ വേണ്ടിവരും. ഇത് ആരോഗ്യ പ്രവര്‍ത്തകരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വേണം പൂര്‍ത്തിയാക്കാന്‍. ഇല്ലെങ്കില്‍ അത് മാരകമായി മാറാനിടയുണ്ട്.

ReadMore: ക്ഷയരോഗികളില്‍ വിഷാദരോഗം; എങ്ങനെ തിരിച്ചറിയാം? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രതിരോധിക്കാം

ബി.സി.ജി. വാക്‌സിന്‍ (Bacillus Calmette-Guérin vaccine) ഗുരുതരമായ ക്ഷയരോഗത്തെ തടയാന്‍ സഹായിക്കും. രാജ്യത്ത് നവജാതശിശുക്കള്‍ക്കെല്ലാം ബി.സി.ജി. കുത്തിവയ്പ്പ് നല്‍കുന്നുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • കോവിഡ് മുക്തരായവര്‍, പ്രമേഹമുള്ളവര്‍, സ്റ്റിറോയ്ഡ് മരുന്നുകള്‍ എടുക്കേണ്ടി വന്ന കോവിഡ് രോഗികള്‍ എന്നിവരില്‍ ക്ഷയരോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരം രോഗികള്‍ വളരെയധികം ശ്രദ്ധിക്കണം.
 • സ്റ്റിറോയ്ഡ് മരുന്നുകള്‍ എടുക്കേണ്ടി വന്ന കോവിഡ് രോഗികളിലും പ്രമേഹം നിയന്ത്രിക്കാനാവാത്തവരിലും പ്രതിരോധശേഷി വളരെയധികം കുറയുന്നതിനാല്‍ അവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം രോഗികളില്‍ ടി.ബി. കൂടുതലായി കണ്ടെത്തുന്നുണ്ട്. അതിനാല്‍ പ്രമേഹം കര്‍ശനമായും നിയന്ത്രിക്കണം. പ്രമേഹമരുന്നുകളിലും ചിലപ്പോള്‍ മാറ്റങ്ങള്‍ വേണ്ടിവന്നേക്കാം.
 • കോവിഡ് മുക്തരായവര്‍ കഫ പരിശോധന നടത്തി ക്ഷയരോഗമില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
 • രോഗം തിരിച്ചറിഞ്ഞാല്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
 • രോഗലക്ഷണങ്ങള്‍ മാറിയാലും മരുന്ന് കഴിക്കുന്നത് മുടക്കരുത്.
 • നിശ്ചയിച്ച കാലം മുഴുവന്‍ മരുന്ന് കഴിക്കണം. അല്ലെങ്കില്‍ അണുബാധ പൂര്‍ണമായും മാറില്ല.
 • മരുന്ന് കഴിച്ച് തുടങ്ങുന്നതിന് മുന്‍പ് ലിവര്‍ ഫങ്ഷന്‍ ടെസ്റ്റും കണ്ണുകളുടെ പരിശോധനയും നടത്തണം.
 • മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ അക്കാര്യം ഡോക്ടറെ അറിയിക്കുകയും മരുന്ന് തുടരുകയും വേണം.
 • രോഗികള്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കുക.
 • വായുസഞ്ചാരമുള്ള മുറികള്‍ വേണം രോഗികള്‍ ഉപയോഗിക്കാന്‍.
 • തുമ്മുമ്പോഴുംചുമയ്ക്കുമ്പോഴും തുണി ഉപയോഗിച്ച് മുഖം മറയ്ക്കുക.
 • തുറസ്സായ സ്ഥലങ്ങളിലും തറയിലും തുപ്പരുത്.
 • ടിഷ്യു ആണ് ഉപയോഗിച്ചതെങ്കില്‍ അത് പരിസരങ്ങളില്‍ വലിച്ചെറിയാതെ ചവറ്റുകുട്ടയില്‍ തന്നെ നിക്ഷേപിക്കുക.
 • രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ മാസ്‌ക് ധരിക്കണം.
 • പ്രമേഹം കര്‍ശനമായും നിയന്ത്രിക്കണം.
 • കൃത്യമായി മരുന്ന് കഴിച്ചാല്‍ മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യത രണ്ടാഴ്ച കൊണ്ട് കുറയും.
 • ഏതെങ്കിലും ഡോസ് കഴിക്കാന്‍ മറന്നുപോവുകയാണെങ്കില്‍ ഓര്‍മ വരുന്ന സമയം എത്രയും പെട്ടെന്ന് കഴിക്കുക.
 • കഴിക്കാന്‍ മറന്നുപോയ ഡോസിന് പകരമായി ഇരട്ടി ഡോസ് കഴിക്കരുത്. അടുത്ത ഡോസ് മുറപ്രകാരം കഴിക്കുക.
 • മദ്യപാനം പുകവലി എന്നിവ ഒഴിവാക്കുക.
വിവരങ്ങള്‍ക്ക് കടപ്പാട്:

ഡോ. ജയശ്രീ പി.ആര്‍.
കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ്
ടി.ബി. സെന്റര്‍, കോഴിക്കോട്

Content Highlights: Tuberculosis, World Tuberculosis Day 2022, Health, TB Prevention


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


Chintha Jerome

2 min

ചിന്തയുടെ വാദം പൊളിഞ്ഞു; ശമ്പള കുടിശ്ശികയായി 8.50 ലക്ഷം രൂപ, ഉത്തരവിറക്കി സര്‍ക്കാര്‍

Jan 24, 2023


dr omana

10:15

കൊന്ന് നുറുക്കി പെട്ടിയിലാക്കി; രണ്ട് പതിറ്റാണ്ടിനിപ്പുറവും കാണാമറയത്ത് കഴിയുന്ന കൊടുംകുറ്റവാളി

Oct 14, 2022

Most Commented