ഷാനവാസിന് നീട്ടാൻ കൈകളില്ല, നടക്കാൻ കാലുമില്ല: ചങ്കുറപ്പാണ് നിക്ഷേപം, കോടിയിലാണ് കച്ചവടം


രണ്ട് സ്മാർട്ട് ഫോണും ഒരു ബ്ലൂടൂത്ത് ശ്രവണസഹായിയുമായി സ്ഥാപനത്തിന്റെ ’നാഡീകേന്ദ്രമാക്കി’ മാറ്റിയ വീട്ടിലെ വലിയ മുറിയിൽ 11 വർഷമായി സെമി ഓട്ടോമാറ്റിക് കിടക്കയിൽ കിടന്നാണ് നാൽപ്പത്തിയേഴുകാരനായ ഷാനവാസ് തന്റെ വ്യവസായസാമ്രാജ്യം നയിക്കുന്നത്

കന്പല്ലൂരിലെ വീട്ടിലെ മുറിയിൽ ടി.എ.ഷാനവാസ്. രണ്ടാമത്തെ മകൾ നിദ ഫാത്തിമ സമീപം

കമ്പല്ലൂർ (കാസർകോട്): ‘നീട്ടാൻ കൈകളില്ല. നടക്കാൻ കാലുമില്ല. സഹായത്തിന് നീട്ടിവിളിച്ചാൽ എത്താനും ആരുമില്ല. പക്ഷേ, ദുരന്തത്തിന്റെ ആഴത്തിൽനിന്ന് ജീവൻ തിരിച്ചുതന്നപ്പോഴും വിധി ഒന്ന് ബാക്കിവെച്ചിട്ടുണ്ടായിരുന്നു. അതിനെ ചങ്കുറപ്പെന്ന് വിളിക്കാനാണ് എനിക്കിഷ്ടം. മനസ്സിന്റെ ആ ഉറപ്പാണ് എല്ലാം തകർന്നിടത്തുനിന്ന് മരവ്യവസായം തുടങ്ങി കോടിക്കണക്കിന് രൂപയുടെ വ്യാപാരം നടത്തി ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ശക്തി നൽകിയത്.’ -കിടന്നകിടപ്പിൽ തലയല്പം ചെരിച്ച് ചുമരിലെ 32 ഇഞ്ച് സ്മാർട്ട് ടെലിവിഷൻ സ്ക്രീനിൽ തെളിയുന്ന 10 സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങളിൽനിന്ന് കണ്ണെടുക്കാതെ കമ്പല്ലൂരിലെ എൻ.പി.എം. ടിമ്പേഴ്സ് ഉടമ ടി.എ.ഷാനവാസ് ജീവിതം പറഞ്ഞു.

രണ്ട് സ്മാർട്ട് ഫോണും ഒരു ബ്ലൂടൂത്ത് ശ്രവണസഹായിയുമായി സ്ഥാപനത്തിന്റെ ’നാഡീകേന്ദ്രമാക്കി’ മാറ്റിയ വീട്ടിലെ വലിയ മുറിയിൽ 11 വർഷമായി സെമി ഓട്ടോമാറ്റിക് കിടക്കയിൽ കിടന്നാണ് നാൽപ്പത്തിയേഴുകാരനായ ഷാനവാസ് തന്റെ വ്യവസായസാമ്രാജ്യം നയിക്കുന്നത്. കമ്പല്ലൂരിലെ മര ഡിപ്പോയിലും പരപ്പയിലെ പണിശാലയിലുമായുള്ള 20 തൊഴിലാളികൾ സദാസമയവും സി.സി.ടി.വി. നിരീക്ഷണത്തിലാണ്. രണ്ടിടങ്ങളിലും മരം തേടിയെത്തുന്നവരുടെ ആവശ്യങ്ങൾ ഷാനവാസ് ’കണ്ടറിഞ്ഞ്’ നടത്തിക്കൊടുക്കും.

ശരീരം തളർന്ന് കിടപ്പിലായ ഭർത്താവിനെയും പറക്കമുറ്റാത്ത രണ്ട് പെൺമക്കളെയുംകൊണ്ട് എല്ലാം അവസാനിച്ചെന്ന അവസ്ഥയിൽനിന്ന് കുടുംബത്തെ കരകയറ്റിയത് ഭാര്യ റഹ്‌മത്താെണന്ന് ഷാനവാസ് പറയുന്നു. ഇന്ന് റഹ്‌മത്തിനൊപ്പം കമ്പല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‌വൺ വിദ്യാർഥിനി ഫിദ ഫാത്തിമയും ആറാംതരക്കാരി നിദ ഫാത്തിമയും എൻ.പി.എം. ടിമ്പേഴ്സിന്റെ ’ജനറൽ മാനേജർ’മാരാണ്. സദാസമയം സി.സി.ടി.വി. ക്യാമറയിൽനിന്നുള്ള ദൃശ്യങ്ങൾ കണ്ട്‌ കിടക്കുന്ന ഷാനവാസിന്റെ മനസ്സറിഞ്ഞ് മൊബൈൽ ഫോണുകളിൽ അവരുടെ വിരലുകൾ പായും. ചിലപ്പോൾ അത് ആവശ്യക്കാരനെത്തേടിയുള്ള ഫോൺവിളിയാകും. മറ്റു ചിലപ്പോൾ കച്ചവടവുമായി ബന്ധപ്പെട്ടുള്ള പണമിടപാടുകളാകും. അല്ലെങ്കിൽ തൊഴിലാളികൾക്കുള്ള നിർദേശങ്ങളാകും.

ജീവിതം തകിടംമറിഞ്ഞ കാറപകടം

shanavas
ഷാനവാസിന്റെ പഴയകാല ചിത്രം

2010 മേയ് ആറിന് പുലർച്ചെ നാലരയോടെയാണ് ദേശീയപാതയിലെ കുണിയയിൽ ഷാനവാസിന്റെ ജീവിതം മാറ്റിമറിച്ച വാഹനാപകടം നടന്നത്. വ്യാപാരവുമായി ബന്ധപ്പെട്ട യാത്രയ്ക്കിടയിൽ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാറിൽനിന്ന് പുറത്തേക്ക് തെറിച്ച് തലയിടിച്ചു വീണ് ബോധരഹിതനായി. പിന്നാലെയെത്തിയ ലോറിയിൽ കയറ്റി തൊഴിലാളികൾ ജില്ലാ ആസ്പത്രിയിലെത്തിച്ചു. അവിടെനിന്ന് മംഗളൂരുവിലേക്ക്. നാലരമാസം ഐ.സി.യു.വിൽ. ശേഷം മികച്ച ചികിത്സതേടി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്ക്. അവിടത്തെ ചികിത്സയും അനുഭവങ്ങളുമാണ് തനിക്ക് ജീവിതം മുന്നോട്ട്‌ തുഴയാനുള്ള കരുത്തായതെന്ന് ഇദ്ദേഹം പറയുന്നു.

ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും സമ്പാദ്യമെല്ലാം തീർന്നിരുന്നു. മുന്നോട്ടേക്ക് എങ്ങനെയെന്ന ചോദ്യത്തിനുമുന്നിൽ സ്വർണാഭരണങ്ങൾ വെച്ചുനീട്ടി ധൈര്യം പകർന്നത് റഹ്‌മത്താണ്. ചില അടുത്ത ബന്ധുക്കളും ഒപ്പംനിന്നു. ചെറിയ നിലയിൽ തുടങ്ങിയ മരവ്യാപാരം ഇന്ന് കോടികളുടെ ഇടപാടായി വളർന്നു. പരപ്പയിൽ ചെറിയൊരു ഇലക്ട്രിക്കൽ കട നടത്തിയിരുന്ന ഷാനവാസ് ഭാര്യാപിതാവ് എൻ.പി.മുഹമ്മദ് കുഞ്ഞിയുടെ മരണത്തോടെയാണ് മരക്കച്ചവടത്തിനിറങ്ങിയത്.

സഹപാഠികളും സുഹൃത്തുക്കളും ബന്ധുക്കളുമാണ് തന്റെ കരുത്തെന്ന് ഷാനവാസ് പറയുന്നു. അവരുടെ എല്ലാ സന്തോഷങ്ങളിലും സങ്കടങ്ങളിലും വിളിപ്പുറത്തുണ്ടാകും. പ്രത്യേകം ഒരുക്കിയ ട്രാവലറിൽ കോവിഡിനുമുൻപ് അദ്ദേഹം സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാൻ പോകുമായിരുന്നെന്ന് മാനേജർ വി.പി.സുരേഷ് പറഞ്ഞു. പൂർണമായും കിടപ്പിലായവർക്കും പലതരം രോഗങ്ങൾകൊണ്ട് ബുദ്ധിമുട്ടുന്നവർക്കും സഹായമെത്തിക്കാനും ഷാനവാസ് മുന്നിലുണ്ട്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented