Representative Image | Photo: Canva.com
കാര്യമായ ലക്ഷണങ്ങളൊന്നും ഉണ്ടാവണമെന്നില്ല, വയറിനകത്ത് ചെറിയ തോതിലുള്ള വേദന, പുറം വേദന, വയറ്റില്‍ അസ്വസ്ഥത, വിശപ്പില്ലായ്മ, എന്തെങ്കിലും കഴിച്ചാല്‍ വയറു വീര്‍ക്കുന്ന അവസ്ഥ തുടങ്ങി തീര്‍ത്തും സാധാരണമായ ലക്ഷണങ്ങള്‍ മാത്രം വന്ന് ഡോക്ടറെ സമീപിക്കുകയും എന്നാല്‍ പരിശോധനയുടെ ഫലം വരുമ്പോള്‍ രോഗികള്‍ ഞെട്ടിപ്പോകുകയും ചെയ്യുന്ന അവസ്ഥയാണ് ഓവേറിയന്‍ കാന്‍സര്‍ അഥവാ അണ്ഡാശയ അര്‍ബുദം.
സ്ത്രീകളില്‍ സര്‍വ്വസാധാരണമായി മാറിക്കഴിഞ്ഞ അസുഖങ്ങളിലൊന്നാണ് അണ്ഡാശയ മുഴകള്‍. സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ക്യാന്‍സറുകളില്‍ ഒന്നാണ് അണ്ഡാശയ അര്‍ബുദം.
അപകടസാധ്യതാഘടകങ്ങള്‍
കുട്ടികളുണ്ടാകാത്ത സ്ത്രീകളിലും നേരത്തെ ആര്‍ത്തവം ആരംഭിക്കുകയും വൈകി മാത്രം ആര്‍ത്തവവിരാമം സംഭവിക്കുകയും ചെയ്യുന്ന സ്ത്രകളിലും എപ്പിത്തീലിയല്‍ അണ്ഡാശയ ക്യാന്‍സറിനുള്ള സാധ്യത അധികമാണ്. കുഞ്ഞുങ്ങളുണ്ടാകുന്നതിനായി നടത്തുന്ന ഫെര്‍ട്ടിലിറ്റി ചികിത്സകളില്‍ സംഭവിക്കുന്ന ആവര്‍ത്തിച്ചുള്ള അണ്ഡോത്പാദനവും അപകടസാധ്യത വര്‍ധിപ്പിക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ജനിതക ഘടകങ്ങളും ഇതില്‍ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. 60 വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ് അധികമായി കാണാറുള്ളത്. അണ്ഡാശയ അര്‍ബുദമുള്ള സ്ത്രീകളുടെ അടുത്ത ബന്ധുക്കള്‍ക്കും ഈ രോഗം വരാനുള്ള സാധ്യത കാണുന്നുണ്ട്.
ലക്ഷണങ്ങള്‍
അണ്ഡാശയ അര്‍ബുദം ആദ്യഘട്ടത്തില്‍ വളരെ കുറഞ്ഞ ലക്ഷണങ്ങള്‍ മാത്രമേ പ്രകടിപ്പിക്കാറുള്ളൂ. പലപ്പോഴും ലക്ഷണങ്ങളൊന്നും കാണിക്കാതെയുമിരിക്കാം.
അടിവയറ്റില്‍ വലിയ -മുഴ പോലെ -പിണ്ഡം അനുഭവപ്പെടുക, ഭാരക്കുറവ്, ഓക്കാനം, മൂത്രസഞ്ചിയിലും മലാശയത്തിലും മര്‍ദ്ദം അനുഭവപ്പെടുന്ന ലക്ഷണങ്ങള്‍, മൂത്രമൊഴിക്കുന്നതിന്റെയും മലവിസര്‍ജ്ജനത്തിന്റെയും ആവൃത്തി വര്‍ധിപ്പിച്ച് മലബന്ധത്തിലേക്ക് നയിക്കുന്നു. ക്ഷീണം, വിശപ്പില്ലായ്മ, വയറു വീര്‍ക്കുക എന്നിങ്ങനെ പൊതുവായ പ്രത്യേക ലക്ഷണങ്ങളും കാണാം. അടിവയര്‍-വയറുവേദന, വയറിന്റെ വലിപ്പവും വീക്കവും, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ വയറു നിറഞ്ഞതായി തോന്നല്‍ എന്നിവ അണ്ഡാശയ അര്‍ബുദ സാന്നിധ്യത്തിന്റെ ലക്ഷണങ്ങളാവാം.
പരിശോധനകള്‍
സെര്‍വിക്സിലെ ക്യാന്‍സര്‍ പോലുള്ളവ കണ്ടെത്തുന്നതിനായി നിലവിലുള്ളതുപോലെ, ഈ ട്യൂമറുകള്‍ മുന്‍കൂട്ടി കണ്ടെത്തി രോഗനിര്‍ണ്ണയം നടത്തുന്നതിനുള്ള ഫലപ്രദമായ സ്‌ക്രീനിംഗ് ടെസ്റ്റ് ഇല്ല, അള്‍ട്രാസൗണ്ട് സ്‌കാനുകള്‍ ഒഴികെ. ഈ സ്‌കാനുകളാകട്ടെ, ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് നടത്തിയാല്‍ മാത്രമേ രോഗമുള്ള ഒരാളെ മുന്‍കൂട്ടി കണ്ടെത്താന്‍ സാധിക്കുകയുള്ളു. എന്നാല്‍, പൊതുജനങ്ങളില്‍ അണ്ഡാശയ അര്‍ബുദത്തിനുള്ള സ്‌ക്രീനിംഗ് (സീറം CA-125 ലെവല്‍ രക്തപരിശോധന, അല്ലെങ്കില്‍ ട്രാന്‍സ് വജൈനല്‍ അള്‍ട്രാസോണോഗ്രാഫി ഉപയോഗിച്ച് നടത്തുന്നത്) തടയുന്ന യുഎസ് പ്രിവന്റീവ് സര്‍വീസസ് ടാസ്‌ക് ഫോഴ്സ് (USPSTF) ശുപാര്‍ശ നിലവിലുണ്ട്.
എന്നിരുന്നാലും, അണ്ഡാശയ അര്‍ബുദം ബാധിച്ച സ്ത്രീകളുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് ((അമ്മ, കുട്ടി അല്ലെങ്കില്‍ സഹോദരങ്ങള്‍) CA125, ട്രാന്‍സ് വജൈനല്‍ യുഎസ്ജി സ്‌കാനുകള്‍ എന്നിവയ്ക്കുള്ള രക്തപരിശോധന നിര്‍ദ്ദേശിക്കപ്പെട്ടേക്കാം. ഈ സ്ത്രീകളില്‍ BRCA ജീനിന്റെ സാന്നിധ്യം കണ്ടെത്താന്‍ ചില ജനിതക പഠനങ്ങള്‍ നടത്തുകയും അത്തരം രോഗികള്‍ക്ക് പ്രോഫൈലാക്റ്റിക് ഓഫ്രെക്ടമി നിര്‍ദ്ദേശിക്കുകയും ചെയ്യാം.
സ്റ്റേജിംഗും ചികിത്സയും
കാന്‍സറിന്റെ വ്യാപ്തി എത്രയാണെന്ന് അറിയുന്നത് ഈ സ്റ്റേജിംഗിലൂടെയാണ്.
ലാപറാട്ടമിയിലൂടെ ഏതു ഘട്ടത്തിലാണ് എന്നത് നിര്‍ണ്ണയിച്ചാണ് അണ്ഡാശയ അര്‍ബുദങ്ങളുടെ സ്റ്റേജിംഗ് കണ്ടെത്തുന്നത്. അര്‍ബുദ ബാധ ഏതുഭാഗത്താണ്, ഏതെല്ലാം അവയവങ്ങളുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നത് എന്നിവയെല്ലാം നിര്‍ണ്ണയിച്ച ശേഷം ശസ്ത്രക്രിയ നടത്തുന്നതും. കീമോതെറാപ്പിയോ മറ്റു കാന്‍സര്‍ ചികിത്സകളോ ആരംഭിക്കുന്നതിന് മുമ്പ് സ്ഥിരീകരിച്ച ടിഷ്യു രോഗനിര്‍ണയം ആവശ്യമുള്ള നൂതന അര്‍ബുദരോഗികളുടെ കാര്യത്തില്‍ ഒഴികെ എഫ് എന്‍ എ സി - FNAC- അല്ലെങ്കില്‍ ഫൈന്‍ നീഡില്‍ ബയോപ്സി നിരുത്സാഹപ്പെടുത്തുന്ന നിലപാടാണ് ഡോക്ടര്‍മാര്‍ പൊതുവെ കൈക്കൊള്ളാറുള്ളത്. അടിവയറിലെ കാവിറ്റിയില്‍ ദ്രാവകം ഉണ്ടെങ്കില്‍ ടിഷ്യു എടുക്കാനോ ദ്രാവകം എടുക്കാനോ ലാപ്രാസ്‌കോപ്പി നടത്താം.
പരിശോധനകള്‍
പെല്‍വിക് യുഎസ്ജി ഉള്‍പ്പെടെ ഇമേജിംഗ് പരിശോധനകള്‍, എംആര്‍ഐ, സിടി സ്‌കാനുകള്‍. ചില സന്ദര്‍ഭങ്ങളില്‍ മാമോഗ്രാം, നെഞ്ചിന്റെ എക്സ്-റേ എന്നിവയും ആവശ്യമായി വന്നേക്കാം. ചില രോഗികളില്‍ അപ്പര്‍ ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ എന്‍ഡോസ്‌കോപ്പിയും നിര്‍ദ്ദേശിക്കപ്പെട്ടേക്കാം.
ചികിത്സ
പ്രധാന ചികിത്സ എന്നത് ശസ്ത്രക്രിയ തന്നെയാണ് ( ട്യൂമര്‍, ലിംഫ് നോഡുകള്‍, ഓമെന്റം) എന്നിവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഹിസ്റ്റോപാത്തോളജിക്കല്‍ ലാബ് വഴി രോഗനിര്‍ണയത്തിനായി അയയ്ക്കുകയും ചെയ്യുകയാണ് പതിവ്. ക്യാന്‍സര്‍ രോഗം മൂര്‍ച്ഛിച്ച രോഗികള്‍ക്ക് ശസ്ത്രക്രിയയും അതിനു ശേഷം കീമോതെറാപ്പി ചികിത്സയുമാണ് നല്‍കുന്നത്.
ഹിസ്റ്റോളജി
അണ്ഡാശയ മുഴകളുടെ പൊതുവായ ഹിസ്റ്റോളജി (90%) എപ്പിത്തീലിയല്‍ ട്യൂമറുകളില്‍ കാണാം. മറ്റ് ഹിസ്റ്റോളജികളില്‍ ഇനിപ്പറയുന്നവ ഉള്‍പ്പെടുന്നു:
- സെക്‌സ്-കോര്‍ഡ് സ്‌ട്രോമല്‍ ട്യൂമറുകള്‍
- ജെം സെല്‍ മുഴകള്‍
- പ്രാഥമിക പെരിറ്റോണിയല്‍ കാര്‍സിനോമ
- അണ്ഡാശയത്തിലെ മെറ്റാസ്റ്റാറ്റിക് മുഴകള്‍ (സ്തനം, ആമാശയം തുടങ്ങിയ മറ്റ് ഭാഗങ്ങളില്‍ നിന്ന് പടരുന്നു.)
അതിജീവനത്തിനുള്ള സാധ്യതയും രോഗനിര്‍ണയവുമെല്ലാം രോഗം കണ്ടുപിടിക്കുന്ന ഘട്ടത്തെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ട് എല്ലാ സ്ത്രീകളിലേക്കും ഈ രോഗം സംബന്ധിച്ച ബോധവത്കരണം എത്തിക്കുക എന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം.
(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റും സെന്റര്‍ ഫോര്‍ ഒബ്‌സ്‌റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം മേധാവിയുമാണ് ലേഖിക.)
Content Highlights: symptoms and treatments of ovarian cancer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..