കുട്ടികളിൽ അടിക്കടി രോ​ഗങ്ങൾ വരുന്നതിന് പിന്നിൽ ഈ കാരണങ്ങൾ; ലക്ഷണങ്ങൾ നിസ്സാരമാക്കരുത്


വീണ ചിറക്കൽ

Representative Image| Photo: Canva.com

സ്കൂളുകളിൽ നിന്ന് തിരിച്ചെത്തുന്നത് പനിയുമായാണ്, ഒരാഴ്ച പോയാൽ അടുത്ത ദിവസം പനിയോ ചുമയുമായെത്തും.- അടുത്തിടെയായി മിക്ക വീട്ടകങ്ങളിലും കേൾക്കുന്ന സംഭാഷണമാണിത്. കുട്ടികൾക്കിടയിലെ രോ​ഗവ്യാപനമാണ് മിക്ക രക്ഷിതാക്കളുടെയും പരാതി. കൊറോണക്കാലത്ത് രണ്ടുവർഷത്തോളം വീട്ടകങ്ങളിൽ അടച്ചിരുന്ന കുട്ടികൾ ആവേശത്തോടെ സ്കൂളുകളിൽ വന്നുതുടങ്ങിയെങ്കിലും വ്യാധികൾ മാറാതെ പിൻതുടരുകയാണ്. ഒരു അസുഖം മാറി വിശ്രമം കഴിഞ്ഞ് സ്കൂളിലെത്തി അധികമാവും മുമ്പെ അടുത്ത അസുഖം ബാധിക്കുന്ന സ്ഥിതിവിശേഷമാണ്. കുട്ടികളുടെ ക്ലാസ്സ് ദിനങ്ങൾ നഷ്ടപ്പെടുന്നതു മാത്രമല്ല ആരോ​ഗ്യവും മാതാപിതാക്കളെ ആശങ്കപ്പെടുത്തുന്നു. തുടരെതുടരെ രോ​ഗങ്ങൾ വരുന്നത് മൂലം മാനസികമായും ശാരീരികമായും തളരുന്ന കുട്ടികളുമുണ്ട്.

ഒരു വയസ്സു മുതൽ ഏട്ടു വയസ്സു വരെയുള്ള കുട്ടികളിലാണ് ഏറ്റവുമധികം അടിക്കടി രോ​ഗങ്ങൾ കണ്ടുവരുന്നത്. പലപ്പോഴും കുട്ടികളുടെ ഇടപഴകൽ കൊണ്ടാണ് അതുവരുന്നത്. സ്കൂളിൽ പോവുകയും രോ​ഗമുള്ള മറ്റുകുട്ടികളുമായി അടുത്തിടപഴകുകയും ഒക്കെ ചെയ്യുന്നത് വീണ്ടും രോ​ഗം വരാൻ ഇടയാക്കും. പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക് മാസ്കിന്റെ ഉപയോ​ഗത്തെക്കുറിച്ചും കൈ കഴുകുന്നത് ഉൾപ്പെടെയുള്ള ശാരീരിക ശുചിത്വത്തെക്കുറിച്ചും ധാരണയുണ്ടാകില്ല. അതെല്ലാം ആ പ്രായക്കാരിൽ രോ​ഗസാധ്യത വർധിപ്പിക്കുന്നു.വൈറൽപ്പനി ബാധിച്ച് ആശുപത്രികളിലെത്തുന്ന കുട്ടികളാണ് ഏറ്റവുമധികം. അതുപോലെ തന്നെ കൺജങ്ക്റ്റിവൈറ്റിസ്, ഡയേറിയ തുടങ്ങിയവയും കുട്ടികൾക്കിടയിൽ കൂടുന്നുണ്ട്. വൈറൽ രോ​ഗങ്ങൾ ബാധിച്ച് ആശുപത്രികളിലെത്തുന്ന കുട്ടികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്.

കാരണങ്ങൾ പലത്

കുട്ടികളിൽ അടിക്കടി രോ​ഗങ്ങൾ വരുന്നതിന് പ്രധാനമായും രണ്ടുമൂന്ന് കാര്യങ്ങളാണ് ഉള്ളത്. അതിലാദ്യത്തേത്, ഒരു പ്രാവശ്യം വന്നാലും പിന്നീട് വരുന്നവയാണ് വൈറസുകൾ എന്നതാണ്. ചിക്കൻപോക്സ് പോലുള്ള ചില രോ​ഗങ്ങളുടെ കാര്യത്തിൽ മാത്രമേ ഒരിക്കൽ വന്നുകഴിഞ്ഞാൽ പിന്നീട് വരാനുള്ള സാധ്യത കുറയൂ. ചിക്കൻപോക്സ് ഒരുവട്ടം വന്നുകഴിഞ്ഞാൽ തൊണ്ണൂറുശതമാനം പേരിലും പിന്നീട് വരാനുള്ള സാധ്യത കുറവാണ്, കാരണം അതിനുള്ളിൽ ശരീരം പ്രതിരോധശേഷി കൈവരിച്ചിരിക്കും. അതുപോലെയല്ല ജലദോഷത്തിന്റെയും വൈറൽ പനികളുടെയുമൊക്കെ വൈറസുകൾ‌. കൊറോണ പോലും വീണ്ടും വരുമെന്ന് വ്യക്തമാക്കുന്ന നിരവധി അനുഭവങ്ങളാണ് നാം കണ്ടുകഴിഞ്ഞത്. ഒന്നിലധികം തവണ ജലദോഷപ്പനിയും വൈറൽപനിയുമൊക്കെ വരുന്നു എന്നത് വൈറസിനെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല.

Also Read

സലൂണുകളിൽ കഴുത്തിനു വേണം പ്രത്യേകശ്രദ്ധ; ...

ഗർഭാശയത്തിലെ മുഴകൾ അഥവാ ഫൈബ്രോയ്ഡ്‌സ്; ...

മരണകാരണമാകുന്ന മൂന്നാമത്തെ പ്രധാനരോ​ഗം; ...

മരണത്തിന് വരെ വഴിവെക്കാം; കൃത്യമായി പ്രതിരോധിക്കാം ...

ഹ്യുമൻ പാപ്പിലോമ വൈറസ്‌ കാൻസറായി മാറുന്നത് ...

മറ്റൊന്ന് കൊറോണ കാലത്ത് കൂടുതൽ കരുതൽ സ്വീകരിച്ചതിനാൽ കുട്ടികളെ രോ​ഗങ്ങൾ ബാധിച്ചിരുന്നില്ല. രണ്ടുവർഷം രോ​ഗം ഇല്ലാതിരുന്നതിന്റെ ഇടവേള പിന്നീട് ആ സമയം കഴിയുമ്പോൾ തിരിച്ചു വരുന്നതാണ് ഇമ്മ്യൂണിറ്റി ‍ഡെബ്റ്റ്. അതായത് രോ​ഗാണുബാധ കുറഞ്ഞ സമയം കഴിഞ്ഞുവരുന്ന കാലത്ത് രോ​ഗബാധ അത്രയധികം ഇരട്ടിക്കും. ഇമ്മ്യൂണിറ്റിയുടെ കടം തീർക്കലാണിത്. രണ്ടോ മൂന്നോ വർഷത്തേക്ക് അസുഖങ്ങൾ വരാതിരുന്ന കുട്ടികൾക്ക് പിന്നീടുള്ള വർഷം അടിക്കടി അസുഖങ്ങൾ വരുന്നതിനു പിന്നിൽ ഇതാണ് കാരണം.

കൊറോണ പ്രതിരോധത്തിന്റെ ഭാ​ഗമായി കുട്ടികളെ വീടിനുള്ളിൽ തന്നെ രണ്ടുവർഷത്തോളം ഒതുക്കി വളർത്തിയതും കാരണമായി മാറിയിരിക്കാം. അത്തരത്തിലുള്ള നിയന്ത്രണങ്ങൾ കഴിഞ്ഞ് പെട്ടെന്ന് പുറത്തേക്ക് വരുമ്പോൾ വൈറസുകൾ പെട്ടെന്ന് ശരീരത്തെ ആക്രമിക്കാൻ സാധ്യതയുണ്ട്.

ലക്ഷണങ്ങൾ നിസ്സാരമാക്കരുത്

പലപ്പോഴും പനിയും മറ്റ് രോ​ഗലക്ഷണങ്ങളും വന്നാലും സാധാരണ പനിയാണെന്ന് കരുതി അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന സ്ഥിതി വിശേഷമുണ്ട്. വളരെ നിസ്സാരമെന്നു തോന്നുന്ന ചില രോ​ഗലക്ഷണങ്ങൾ വലിയൊരു അസുഖത്തിന്റെ മുന്നോടിയായിരിക്കാം. വളരെ സാധാരണമെന്നു കരുതുന്ന ചുമ പോലും ​ന്യുമോണിയ പോലുള്ള ​ഗുരുതരമായ അവസ്ഥകളുടെ തുടക്കമാകാം. പലപ്പോഴും അത്തരത്തിലുള്ള പല ലക്ഷണങ്ങളും അവ​ഗണിക്കുന്നവരുണ്ട്. ചുമ തനിയെ മാറുമെന്ന് കരുതുകയോ വീട്ടിലെ പൊടിക്കൈകൾ പരീക്ഷിക്കുകയോ ചെയ്യരുത്. മറിച്ച് വിദ​ഗ്ധാഭിപ്രായം തേടണം. സാധാരണ ജലദോഷത്തോട് അനുബന്ധിച്ചുള്ള ചുമയാണോ അതല്ലെങ്കിൽ ന്യുമോണിയയുമായി ബന്ധപ്പെട്ടതാണോ എന്നതെല്ലാം ഒരു വിദ​ഗ്ധ ചികിത്സയ്ക്കു ശേഷമേ തിരിച്ചറിയാനാവൂ. ഏത് അസുഖം വരുമ്പോഴും വിദ​ഗ്ധ അഭിപ്രായം തേടുന്നതാണ് നല്ലത്. കുട്ടികൾ ആയതുകൊണ്ടും പരീക്ഷണങ്ങൾക്ക് മുതിരാതെ പെട്ടെന്ന് ചികിത്സ ലഭ്യമാക്കുന്നതാണ് നല്ലത്.

സ്കൂളുകൾക്ക് വലിയ പങ്ക്

കുട്ടികൾക്കിടയിലെ രോ​ഗവ്യാപനം തടയുന്നതിൽ സ്കൂളുകൾക്ക് വലിയ പങ്കാണ് ഉള്ളത്. സ്കൂളുകൾ ഉൾപ്പെടെ പലയിടങ്ങളിലും ഇപ്പോൾ മാസ്കിന്റെ ഉപയോ​ഗം ​ഗൗരവമായി കാണുന്നില്ല. അത് രോ​ഗപ്പകർച്ച എളുപ്പത്തിലാക്കുന്നു. വായുവിലൂടെ പകരുന്ന രോ​ഗങ്ങളെ തടയാൻ ഏറ്റവും മികച്ച മാർ​ഗമാണ് മാസ്ക്. സ്കൂളുകൾ മാസ്കിന്റെ ഉപയോ​ഗം കർശനമാക്കിയാൽ തന്നെ രോ​ഗവ്യാപനം കുറയ്ക്കാനാവും. സർക്കാർ ഇപ്പോഴും മാസ്ക് ധരിക്കണമെന്ന മാർ​ഗനിർദേശം പിൻവലിച്ചിട്ടില്ല. എങ്കിലും പൊതുയിടങ്ങളിൽ ഭൂരിഭാ​ഗവും മാസ്ക് ഒഴിവാക്കി കഴിഞ്ഞു. തുമ്മലും ജലദോഷവുമൊക്കെ വളരെ വേ​ഗത്തിൽ കുട്ടികൾക്കിടയിൽ പകരും. കൊറോണ കുറഞ്ഞെങ്കിലും പകർച്ചപ്പനികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇത്തരം പ്രതിരോധമാർ​ഗങ്ങൾ വീണ്ടും കർശനമാക്കുകയാണ് പരിഹാരം.

വീട്ടകങ്ങളിലും വേണം ശ്രദ്ധ

കുട്ടികളെ ബോധവൽക്കരിക്കുകയാണ് പ്രധാനം. മാസ്കിന്റെ ഉപയോ​ഗത്തെക്കുറിച്ച് വീട്ടകങ്ങളിലും അവബോധം പകർന്നിരിക്കണം. സ്കൂളിൽ നിന്ന് പനിയോ ചുമയോ ഒക്കെയായാണ് വരുന്നതെങ്കിൽ വീട്ടിലെ കുട്ടികൾ ഉൾപ്പെടെയുള്ള മറ്റം​ഗങ്ങൾക്ക് വരുന്നത് തടയാൻ മാസ്ക് വീട്ടിലും ശീലമാക്കണം. വായും മൂക്കുമൊക്കെ പിടിച്ചു കഴിഞ്ഞാൽ നിർബന്ധമായും കൈകൾ കഴുകാൻ ശീലിപ്പിക്കണം. ഒപ്പം വീട്ടിനുള്ളിലും പുറത്തും സ്വീകരിക്കേണ്ട പ്രാഥമിക ശുചിത്വ മാർ​ഗങ്ങളെക്കുറിച്ചും പഠിപ്പിച്ചിരിക്കണം.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. എം.മുരളീധരന്‍
കൺസൾട്ടന്റ് പീഡിയാട്രീഷ്യന്‍,
ആശ ഹെല്‍ത്ത് സെന്റര്‍,
വടകര

Content Highlights: surge in viral infection among children, viral fever among kids


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented