കരിനാക്ക് , കൈവിഷം,  മന്ത്രവാദം; അന്ധവിശ്വാസങ്ങളും മനഃശാസ്ത്രവും


ഡോ. ഹരി എസ്. ചന്ദ്രൻ (കൺസൽറ്റൻറ് സൈക്കോളജിസ്റ്റ്)

Representative Image

അമ്മിണിയുടെ കരിനാക്ക് കേട്ടിട്ടില്ലേ?, തൊടിയിൽനിന്ന വാഴയെ നോക്കി അവൾ എന്തോ ഒന്നു പറഞ്ഞതേയുള്ളൂ. കുലച്ചു നിന്ന പൂവൻവാഴ അന്ന് ഒടിഞ്ഞു വീണു. നാട്ടിൻപുറത്ത് കേട്ടിട്ടുള്ള സംഭാഷണഭാഗം. സ്വയം മിടുക്കൻ ചമയാനും മറ്റുള്ളവരുടെ മേൽ അധീശത്വം നേടാനുമുള്ള ശ്രമങ്ങൾക്ക് മനുഷ്യവംശത്തോളം തന്നെ പഴക്കമുണ്ട്. നിയന്ത്രിക്കാനും കീഴടക്കാനുമുള്ള ശ്രമങ്ങൾ പരാജയപ്പെടുന്നു എന്നു കരുതുക. കുറഞ്ഞപക്ഷം അതിന്റെ നീക്കങ്ങൾ പഠിക്കാനും പ്രതികരണങ്ങൾ പ്രവചിക്കാനുമാവും അടുത്ത ശ്രമം. അതും വിഫലമായാൽപ്പിന്നെ അദ്ഭുതവും ആരാധനയും തുടങ്ങുകയായി. വികലമായ വിശ്വാസങ്ങളും ആരാധനാ ശീലങ്ങളും ഭയത്തിൽ നിന്നും മോചനം കാംക്ഷിക്കുന്ന നിസ്സഹായനായ മനുഷ്യൻറെ സൃഷ്ടികളാണ്. വിദ്യാസമ്പന്നതും ധനവാനുമായ യുവാവ് ദരിദ്ര യുവതിയെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചു എന്നു സങ്കൽപ്പിക്കുക. ചെറുക്കൻറെ വീട്ടുകാർ പറയും"പെണ്ണ് കൈവിഷം കൊടുത്തും കൂടോത്രം ചെയ്തും അവനെ വശത്താക്കി" എന്ന്. ഇതു വിശ്വസിക്കാനും ഏറ്റു പറയാനും നമ്മളിൽ ചിലർ കൂടെക്കൂടും. കാരണം, പൊതുജനത്തിന്റെ അന്നുവരെയുള്ള ധാരണകൾക്കു നിരക്കാത്ത ഒന്നാണ് ഈ വിവാഹത്തിലുടെ സംഭവിച്ചിരിക്കുന്നത്.

എന്നാൽ, ഇതേ ആരോപണം പെൺകുട്ടിയുടെ ദരിദ്രനായ പിതാവാണ് ഉന്നയിക്കുന്നതെങ്കിൽ കേൾക്കുന്നവർക്കു ചിരിപൊട്ടും. ധാരണകൾക്കും മാമൂലുകൾക്കും നിരക്കാത്ത സംഭവങ്ങൾ ഒക്കെയും സാധാരണക്കാരന്റെ മനസിനെ കുഴയ്ക്കുന്നു. ഇവയെ അദൃശ്യശക്തിയുടെ മേൽ ചാരി ആശയക്കുഴപ്പം ഒഴിവാക്കാനുള്ള ശ്രമമാണ് കൈവിഷം കൂടോത്രം മുതലായ സങ്കൽപ്പങ്ങൾക്കു പിന്നിലുള്ളത്. മകനും മരുമകളും ഉല്ലാസകരമായി ദിനരാത്രങ്ങൾ പിന്നീടുന്നതു വൃദ്ധയും വിധവയുമായ തള്ളയ്ക്കു പിടിക്കുന്നില്ല. മരുമകളുടെ കൈയിൽ വശീകരണ വിദ്യയുണ്ടെന്ന് അവർ സമാധാനിക്കുന്നു! കൈവിഷം ഉള്ളിൽച്ചെന്നാൽ അതു കാലങ്ങളോളം കുടലിൽ പറ്റിയിരുന്ന് വ്യക്തിയുടെ സ്വഭാവത്തേയും ഭാഗ്യനിർഭാഗ്യങ്ങളേയും നിയന്ത്രിക്കും എന്നാണല്ലോ പറച്ചിൽ. ആമാശയത്തിൽ എത്തുന്ന വസ്തുക്കൾ ഏതാനും മണിക്കൂറിനകം ദഹിച്ചു പോകുന്നു. ദഹിക്കാൻ പ്രയാസമുള്ള ആഹാരം കുടലിൽ അവശേഷിക്കുന്ന പക്ഷം ഛർദ്ദിയിലുടെയോ വയറിളക്കത്തിലുടെയോ അതു പുറന്തള്ളപ്പെടുന്നു. കാലങ്ങളോളം വയറിനുള്ളിൽ കൂടിയിരുന്നു മാന്ത്രിക പ്രസരണം നടത്താൻ ശക്തിയുള്ള ഒരു വസ്തുവും ഇല്ല. ആസ്മികമായി ഒന്നിച്ചു നടന്ന രണ്ടു സംഭവങ്ങളെ കാര്യകാരണങ്ങളായി വ്യാഖ്യാനിക്കാനുള്ള മനുഷ്യന്റെ താൽപര്യമാണു കൈവിഷത്തിന്റെയും കരിനാക്കിന്റെയും പിന്നിലുള്ളത്.

ബാധയൊഴിപ്പിക്കുക, ചരടുജപിച്ചു കെട്ടുക തുടങ്ങിയ പൊടിക്കൈകളിൽ പ്രവർത്തിക്കുന്നത് മനഃശാസ്ത്രത്തിന്റെ അടിസ്ഥാനപ്രമാണങ്ങളാണ്. പനിപിടിച്ച് വായ്ക്കു രുചി നഷ്ടപ്പെട്ട് ഭക്ഷണപാനീയങ്ങൾ വെറുത്ത് മൂടിപ്പുതച്ച് കിടക്കുന്നയാളെ ഉഴിഞ്ഞു മാറ്റിയ ശേഷം 'ഇനി ഇയാൾ ആഹാരം കഴിക്കും' എന്ന് സിദ്ധൻ പ്രഖ്യാപിക്കുന്നു. ഉറച്ച വിശ്വാസമുള്ള ബന്ധുക്കൾ രോഗിയെ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുന്നു. സൂചനകൾ (suggestion ) ലഭിക്കുന്ന രോഗി ആഹാരം കഴിക്കാൻ തുടങ്ങുന്നു, സാവധാനത്തിൽ രോഗം കുറയുമെന്നു തീർച്ച.

രോഗശമനം എങ്ങനെയുണ്ടായി?

ചില മാനസിക രോഗങ്ങളും വൈറസ് ബാധയാലുള്ള ശാരീരിക രോഗങ്ങളും സ്വയം നിയന്ത്രണ സ്വഭാവം ഉള്ളവയാണ്. രോഗം ഒന്നു മൂർച്ഛിച്ച ശേഷം താനേ കുറഞ്ഞുകൊള്ളും. ഇക്കാര്യം നന്നായി അറിയുന്ന മാന്ത്രികൻ ഏഴ്, പതിനാല് അല്ലെങ്കിൽ നാൽപ്പത്തൊന്നു ദിവസത്തെ അവധി പറഞ്ഞ് മന്ത്രവാദം നടത്തുന്നു. ഏതാണ്ട് ഈ സമയത്തിനുള്ളിൽ രോഗം മാറുകതന്നെ ചെയ്യും. അല്ലാത്തവരെ ഈ സമയത്തിനുള്ളിൽ ഏതെങ്കിലും ആശുപത്രിയിലാക്കിയിരിക്കും.

രോഗങ്ങൾ മാറ്റുന്നതിൽ മരുന്നിനുള്ളതു പോലെതതന്നെ പങ്ക് വിശ്വാസങ്ങൾക്കുമുണ്ട്. മനോജന്യമായ ശാരീരിക രോഗങ്ങളിലും ഹിസ്റ്റീരിയയിലും മന്ത്രവാദവും ഹിപ്നോട്ടിസവും ഫലപ്രദമായി കണ്ടിട്ടുണ്ട്. രോഗിക്കു ലഭിക്കുന്ന ഹിപ്നോട്ടിക്ക് സജഷൻ ആവാം രോഗനിവാരണത്തിനു സഹായിക്കുന്നത്.

എന്നാലതിനോടു യോജിക്കാനാവില്ല. ശാരീരികവും മാനസികവുമായ പല അടിയൊഴുക്കുകളും രോഗത്തിനു പിന്നിൽ ഉണ്ടാവാം. അവയെ അവഗണിച്ചും അന്ധവിശ്വാസങ്ങളെ ഊട്ടിയുറപ്പിച്ചുമുള്ള ഏതു ചികിത്സയും വ്യക്തിയുടെ കാഴ്ചപ്പാടുകളെയും സമൂഹത്തിൻറെ പുരോഗതിയേയും ബാധിക്കും.

ഉറക്കത്തിൽ നിന്നും ഉണരുമ്പോഴാണ് ഇതുവരെ കണ്ടത് അത്രയും സ്വപ്നമായിരുന്നു എന്നു നാം മനസിലാക്കുന്നത്. ഇതുപോലെ തന്നെയാണ് മനോരോഗ ചികിത്സയുടെ കാര്യവും., രോഗമുക്തി നേടുന്നയാൾ തന്റെ രോഗലക്ഷണങ്ങളെപ്പറ്റിയും അതിന്റെ കാരണങ്ങളേപ്പറ്റിയും ബോധവാനാവണം.

രോഗത്തെപ്പറ്റി രോഗിക്ക് വേണ്ടത്ര ഉൾക്കാഴ്ച ലഭിക്കുന്നില്ല എന്നതിനാലാണ് ഹിപ്നോട്ടിസവും മന്ത്രവാദവും മറ്റും ഉപയോഗിച്ചുള്ള ചികിത്സ ദീർഘകാലാടിസ്ഥാനത്തിൽ ഫലം നൽകാത്തത്. ഉന്മാദ - വിഷാദ രോഗങ്ങളിലും സ്കിസോഫ്രേനിയയിലും ഇത്തരം പൊടിക്കൈകൾ ഒന്നും പരീക്ഷിക്കുന്നതു ബുദ്ധിയല്ല. യാഥാർഥ്യവുമായി പൂർണമായും ബന്ധം നഷ്ടപ്പെട്ട രോഗി, മോഹനിദ്രക്കാരനെയും മാന്ത്രികനേയും അക്രമാസക്തനായി ദേഹോപദ്രവം ഏർപ്പിച്ചേക്കാം.

വിഷാദരോഗത്തിൽ ഇത്തരം പ്രയോഗങ്ങളിലുടെ രോഗിയെ സാന്ത്വനിപ്പിക്കുന്ന പക്ഷം അയാൾ വൈകാതെ ആത്മഹത്യയ്ക്കു മുതിരാനിടയുണ്ട്. തലച്ചോറിൽ മുഴ വളരുന്നതിനാൽ മോഹാലസ്യപ്പെട്ടു വീഴുന്നയാളെ, കാരണം അന്വേഷിക്കാതെ പൊടിക്കൈകളിലുടെ ചികിത്സിക്കുന്നതും ക്രൂരതയല്ലേ?

Content Highlights: superstition and mental health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented