വേനല്‍ക്കാലമിങ്ങെത്തിപ്പോയി.. തണുത്തതും വരണ്ടതുമായ കാലാവസ്ഥയ്ക്ക് ശേഷം അന്തരീക്ഷ താപനില ക്രമാതീതമായി വര്‍ധിച്ച് ആരോഗ്യത്തെ തന്നെ വളരെ ഹാനികരമായി ബാധിച്ചേക്കാവുന്ന കൊടു ചൂടാണ് ഇനി കാത്തിരിക്കുന്നത്. വേനലെത്തും മുന്‍പേ ചൂടിനെ ചെറുക്കാനുള്ള മാര്‍ഗങ്ങള്‍ അറിഞ്ഞുവെച്ച് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ആരോഗ്യത്തെ ബാധിക്കാതെ വേനലിനെ പ്രതിരോധിക്കാം. 

വേനല്‍ക്കാലത്ത് ഉണ്ടായേക്കാവുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങളും ലക്ഷണങ്ങളും ഇതാ..

 • സൂര്യാഘാതം

ആവശ്യമായ മുന്‍കരുതലുകള്‍ ഇല്ലാത പൊരിവെയിലത്ത് പുറത്തിറങ്ങുന്നവര്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വളരെ ഉയര്‍ന്ന ശരീരതാപം, ശരീരം വറ്റിവരണ്ട് ചുവപ്പു നിറമാകുക. നേര്‍ത്ത വേഗത്തിലുള്ള നാഡിമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം തുടങ്ങിയവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍. തുടര്‍ന്ന് അബോധാവസ്ഥയും മരണം വരെയും ഉണ്ടായേക്കാം. സൂര്യാതപം ഉണ്ടാവുകയാണെങ്കില്‍ ഉടന്‍തന്നെ ഏറ്റവും അടുത്തുള്ള ഡോക്ടറെ കണ്ട് അടിയന്തര ചികിത്സ തേടണം. 

സൂര്യാതപം കൊണ്ടുള്ള പൊള്ളലില്‍ നിന്നും മുന്‍കരുതല്‍ എടുക്കേണ്ടതാണ്. ത്വക്കിലും ശരീരത്തിലും അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഉടനെ തന്നെ വെയിലത്ത് നിന്നും മാറിനില്‍ക്കുക. തണുത്ത വെളളം കൊണ്ട് ശരീരം തുടയ്ക്കുകയോ കുളിക്കുകയോ ചെയ്യണം.

 • താപശരീരശോഷണം

സൂര്യാഘാതത്തേക്കാള്‍ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീരശോഷണം.ചൂട് കൂടുമ്പോള്‍ ശരീരം അമിതമായി വിയര്‍ക്കും. ചൂടിനും വിയര്‍പ്പിനും ആനുപാതികമായി ജലാംശം ശരീരത്തിലേക്കെത്തിയില്ലെങ്കില്‍ ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുകയും താപശരീരശോഷണം ഉണ്ടാവുകയും ചെയ്യാം. ചൂടുകാലാവസ്ഥയില്‍ കഠിനമായ വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായാധിക്യമുള്ളവരിലും രക്തസമ്മര്‍ദം ഉള്ളവരിലുമാണ് താപശരീരശോഷണം ഉണ്ടാവാന്‍ കൂടുതല്‍ സാധ്യത. ശക്തിയായ വിയര്‍പ്പ്, വിളര്‍ത്ത ശരീരം, പേശിവലിവ്, ശക്തിയായ ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദിയും, ബോധക്ഷയം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

വെയിലത്ത് പണിചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ജോലിസമയം ക്രമീകരിക്കണം. ചുരുങ്ങിയത് ഉച്ചയ്ക്ക് 12 മുതല്‍ 3 വരെയുള്ള സമയം വെയിലത്ത് പുറത്തിറങ്ങാതെ നോക്കണം. 

 • പേശീവലിവ്

അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ കൂടുതലായി ശരീരം വിയര്‍ത്ത് ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതുമൂലം പേശീവലിവുണ്ടാകാം. കൈകാലുകളിലും ഉദരപേശികളിലുമാണ് ചൂടുമൂലം പേശീവലിവ് ഉണ്ടാവുന്നത്. 

പേശീവലിവ് ഉണ്ടായാല്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലി നിര്‍ത്തിവെച്ച് വെയില്‍ കുറവുള്ള തണലുള്ള ഭാഗത്തേക്ക് മാറുക. ധാരാളം വെള്ളം കുടിക്കുക. ചൂടു മൂലം ഉണ്ടായ ക്ഷീണത്തിന് ഉപ്പിട്ട നാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം, എന്നിവ കൂടുതല്‍ ഫലപ്രദമാണ്. പേശീവലിവ് ഉണ്ടായാല്‍ ചെയ്യുന്ന ജോലി നിര്‍ത്തിവയ്ക്കണം. അല്‍പ്പനേരത്തെ വിശ്രമത്തിനു ശേഷവും പേശീവലിവ് മാറിയില്ലെങ്കില്‍ വൈദ്യസഹായം തേടണം. 

 • തിണര്‍പ്പ് 

വേനല്‍ക്കാലത്ത് ചൂടും വിയര്‍പ്പും കൂടുമ്പോള്‍ ശരീരം ചൊറിഞ്ഞു  ചുവന്നു തിണര്‍ക്കുന്നതാണിത്. വിയര്‍പ്പ് തങ്ങി നില്‍ക്കുന്ന കഴുത്ത്, കൈ കാല്‍ മടക്കുകള്‍ തുടങ്ങിയ 
ശരീരത്തിന്റെ ഇടുക്കുകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. അധികം വെയിലേല്‍ക്കാതിരിക്കുക. തിണര്‍പ്പു ബാധിച്ച ശരീരഭാഗങ്ങള്‍ ഈര്‍പ്പരഹിതമായി സംരക്ഷിക്കുക എന്നതാണ് തിണര്‍പ്പിന് പരിഹാരമായി ചെയ്യാനുള്ളത്.

സൂര്യാഘാതം/ താപശരീരശോഷണം ഉണ്ടാവാതിരിക്കാന്‍ ചെയ്യേണ്ടത്

 • ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെള്ളം കുടിക്കുക. ദാഹമില്ലെങ്കിലും ഓരോ മണിക്കൂര്‍ ഇടവിട്ട് വെള്ളം കുടിക്കുക. വിയര്‍പ്പിലൂടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് ഇത്തരത്തില്‍ നിയന്ത്രിക്കാം. 
 • വെയിലത്ത് പണിയെടുക്കേണ്ടിവരുന്നവര്‍ ജോലിസമയം പുന:ക്രമീകരിക്കുക. കഴിയുന്നതും ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്നു വരെ വിശ്രമിക്കുക. രാവിലെയും വൈകീട്ടും കൂടുതല്‍ സമയം ജോലി ചെയ്യുക. 
 • കടുത്ത വെയിലില്‍ ജോലി ചെയ്യേണ്ടിവന്നാല്‍ ഇടക്കിടെ തണലിലേക്ക് മാറി നില്‍ക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക.
 • കട്ടികുറഞ്ഞതും ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിക്കുക. 
 • കുട്ടികളെ വെയിലില്‍ കളിക്കാന്‍ അനുവദിക്കരുത്. വെയിലത്ത് പാര്‍ക്കു ചെയ്യുന്ന വാഹനങ്ങളിലുംമറ്റും കുട്ടികളെ ഇരുത്തി പോകാതിരിക്കുക.
 • ചൂടു കൂടുതലുള്ള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക. 
 • വീടിനകത്തെ ചൂട് പുറത്തു പോകുന്നതിനും വീടിനകത്തേക്ക് വായുസഞ്ചാരം ലഭിക്കുന്നതിനും ജനലുകളും വാതിലും തുറന്നിടുക. 

സൂര്യാഘാതമോ താപശരീരശോഷണമോ ഉണ്ടായാല്‍ ഏറ്റവും പെട്ടന്ന് ചെയ്യേണ്ട കാര്യങ്ങള്‍

 • ചൂടുള്ള സ്ഥലത്ത് നിന്നും തണുപ്പുള്ള തണല്‍പ്രദേശത്തേക്ക് മാറ്റുക. 
 • കാറ്റ് ലഭിക്കുന്ന രീതിയില്‍ വിശ്രമിക്കാന്‍ സൗകര്യമൊരുക്കുക.
 • തണുത്തവെള്ളംകൊണ്ട് ശരീരം തുടയ്ക്കുക.
 • ചൂടുമൂലമുണ്ടായ ക്ഷീണം മാറ്റാന്‍ വെളളം കൊടുക്കുക. ഉപ്പിട്ട് നേര്‍പ്പിച്ച കഞ്ഞിവെള്ളം, നാരങ്ങാ വെള്ളം, സംഭാരം തുടങ്ങിയവ ക്ഷീണം മാറ്റുന്നതിന് ഫലപ്രദമാണ്. 
 • ശരീരം ഇറുകിയ തരത്തില്‍ മേല്‍വസ്ത്രങ്ങള്‍ ധരിച്ചിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യുക. 
 • പരമാവധി വേഗം ഡോക്ടറുടെ അടുത്ത്/ ആശുപത്രിയില്‍ എത്തിക്കുക.

പൊള്ളലേറ്റാല്‍

കടുത്ത വെയില്‍ നേരിട്ടേല്‍ക്കുന്ന കൈകളുടെ പുറംഭാഗം, മുഖം, നെഞ്ചിന്റെ പുറംഭാഗം, കഴുത്തിന്റെ പിന്‍വശം തുടങ്ങിയ ശരീരഭാഗങ്ങള്‍ ചുവന്നു തടിക്കുകയും വേദനയും പൊള്ളലുമുണ്ടാകും. കഠിനമായ സൂര്യാതപമേറ്റതാണെങ്കില്‍ തീപ്പൊള്ളലേറ്റതുപോലെയുള്ള  കുമിളകളും ഉണ്ടാകാറുണ്ട്. ഇങ്ങനെ കുമിളകള്‍ ഉണ്ടായാല്‍ അത് അമിതമായി തൊടാനോ പൊട്ടിക്കാനോ ശ്രമിക്കരുത്. ലക്ഷണം കണ്ടുതുടങ്ങിയാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുക.