സംസ്ഥാനത്ത്‌കോവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകരിൽ 14 ശതമാനവും ശരിയായ രീതിയിൽ പി.പി.ഇ.കിറ്റ് ഉപയോഗിച്ചില്ലെന്ന് ആരോഗ്യവകുപ്പിന്റെ പഠനം. ലഭ്യതകുറവ്, പുനരുപയോഗം എന്നിവയാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. എട്ടുശതമാനം പേരും ജോലിക്കിടയിൽ പ്രതിരോധമാർഗങ്ങൾ സ്വീകരിക്കാതെ കൂട്ടമായി ഇടപഴകിയവരാണ്. ശരിയായ സുരക്ഷാസംവിധാനങ്ങൾ ഉപയോഗിക്കാതെ സാംപിൾപരിശോധന നടത്തിയവർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ പഠനം പറയുന്നു.

267 ആരോഗ്യപ്രവർത്തകരാണ് ജൂലായ് 20 വരെ സംസ്ഥാനത്ത് കോവിഡ് ബാധിതരായത്. 41 ശതമാനവും ഡോക്ടർമാരും നഴ്സുമാരുമാണ്. ഡോക്ടർമാരെക്കാൾ കൂടുതൽ വേഗത്തിൽ രോഗം ബാധിക്കുന്നത് നഴ്സുമാർക്കാണ്. 23 ശതമാനം നഴ്സുമാർക്കും 18 ശതമാനം ഡോക്ടർമാർക്കും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

രോഗം പിടിപെട്ട ജീവനക്കാരിൽ ക്ലർക്ക്, ശുചീകരണ തൊഴിലാളികൾ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ബയോമെഡിക്കൽ എൻജിനിയർ എന്നിവർ ഉൾപ്പെടുന്നു. 70 ശതമാനം പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്. 14 ശതമാനം പേർക്ക് ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിയ സെന്റിനൽ സർവെയ്ലൻസിലെ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

Content Highlights:study reveals 14 percent of health workers affected by Covid 19 did not use the PPE kit properly, Health