
-
കോവിഡും പരീക്ഷാഫലവും പഠനം സംബന്ധിച്ച അനിശ്ചിതത്വവും കുട്ടികളെ കടുത്ത മാനസിക സമ്മര്‍ദത്തിലേക്കു തള്ളിവിടുന്നു. രണ്ടാഴ്ചയ്ക്കിടെ 68,814 കുട്ടികളെ സ്കൂള്‍ കൗണ്‍സലര്‍മാര്‍ ബന്ധപ്പെട്ടപ്പോള്‍ 10,890 വിദ്യാര്‍ഥികള്‍ക്ക് മാനസികാരോഗ്യവിദഗ്ധരുടെ തുടര്‍സേവനവും പരിചരണവും വേണ്ടിവന്നു. ഇതില്‍ 3084 പേരും കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' എന്ന മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായാണ് കുട്ടികള്‍ക്കാവശ്യമായ മാനസിക പിന്തുണ നല്‍കുന്നത്.
സ്കൂളുകളിലെ കൗണ്‍സലര്‍മാര്‍ മുഖേനയാണ് വിദ്യാര്‍ഥികളെ ഫോണിലൂടെ ബന്ധപ്പെട്ടത്. പരീക്ഷാഫലവും തുടര്‍ന്നുള്ള പഠനവും ഭൂരിഭാഗം വിദ്യാര്‍ഥികളെയും ആശങ്കയിലാക്കിയിട്ടുണ്ട്. കൂടുതല്‍ വിദ്യാര്‍ഥികള്‍ പങ്കുവെച്ചത് മാനസിക സമ്മര്‍ദമാണ്. 3084 വിദ്യാര്‍ഥികള്‍ക്കാണ് സമ്മര്‍ദം ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞുകൊടുത്തത്.
കൗണ്‍സലിങ് നല്കിയ 19 കുട്ടികള്‍ക്ക് മരുന്നുകള്‍ നല്കുന്ന ഫാര്‍മക്കോ തെറാപ്പിയും ആരംഭിച്ചു. 51 വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്നതായി കൗണ്‍സലര്‍മാര്‍ കണ്ടെത്തി. ഏഴ് കുട്ടികളില്‍ ആത്മഹത്യാപ്രവണതയും കണ്ടെത്തി. മാനസികസമ്മര്ദത്തിനുപുറമെ ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ പ്രവണത, സ്വഭാവവൈകല്യം, ലഹരി ഉപയോഗം എന്നിവ സംബന്ധിച്ച പ്രശ്നമുള്ള കുട്ടികള്‍ക്കും കൗണ്‍സലിങ് നല്കി.
ലോക്ഡൗണ്‍കാലത്തെ സാമ്പത്തികപ്രതിസന്ധി, കുടുംബങ്ങളിലെ കലഹം, സ്കൂള്‍ അടച്ചിടല്‍ എന്നിവയാണ് മാനസികസമ്മര്‍ദം വര്‍ധിക്കാനുള്ള കാരണം. സ്കൂള്‍ പൂട്ടിയതോടെ സൗഹൃദങ്ങളിലുണ്ടായ അകലവും കുട്ടികളെ മാനസികസംഘര്ഷത്തിലേക്കു നയിക്കുന്നു. സഹപാഠികളോട് പ്രശ്നങ്ങള്‍ പങ്കുവെക്കുന്നത് കുട്ടികളെ സമ്മര്‍ദത്തില്‍നിന്ന് ഒരുപരിധിവരെ രക്ഷിച്ചിരുന്നു. ലോക്ഡൗണില്‍ മനസ്സിലെ ആവലാതികള്‍ പങ്കുവെക്കാന്‍ ആളില്ലാതായി. ഉപരിപഠനവും ചോദ്യചിഹ്നമായി. ഇത്തരത്തിലുള്ള ആശങ്കകള്‍ക്കും പരിഹാരമാവുകയാണ് ആരോഗ്യവകുപ്പിന്റെ സേവനം.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, സൈക്യാട്രിക് സന്നദ്ധ പ്രവര്‍ത്തകര്‍, കൗണ്‍സലര്‍മാര്‍ എന്നിവരാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍, അതിഥി തൊഴിലാളികള്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, വീടുകളില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ എന്നിവര്‍ക്കാണ് മാനസിക പിന്തുണ നല്‍കുന്നത്. ആരോഗ്യവകുപ്പിനു കീഴിലുള്ള മാനസികാരോഗ്യപരിപാടിയും വനിതാ ശിശുവികസനവകുപ്പും യോജിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്.
ഓരോ ജില്ലയിലും മാനസികാരോഗ്യ പരിപാടിയുടെ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീമിന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ക്കുള്ള പിന്തുണ ഉറപ്പാക്കുന്നത്. അടുത്തഘട്ടത്തില്‍ ആശാവര്‍ക്കര്‍മാരും അങ്കണവാടി ജീവനക്കാരും കുട്ടികളെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
Content Highlights: Students in severe mental distress during Covid19, Corona Virus outbreak, Kids health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..