സ്‌കൂളുകള്‍ തുറന്നു. കാലവര്‍ഷമെത്തി. കൂടെ മഴക്കാല രോഗങ്ങളും തലപൊക്കിത്തുടങ്ങി. മക്കളെ സമയത്തിന് വിളിച്ചുണര്‍ത്തി ,ഒരുക്കി സമയം തെറ്റാതെ സ്‌കൂള്‍ ബസിന് കയറ്റി വിടാനുള്ള തത്രപ്പാടിലാവും മിക്ക മാതാപിതാക്കളും. അതിനിടയിലാണ് ' ഈ രണ്ട് മാസം ഒരു കുഴപ്പവുമുണ്ടായില്ല. സ്‌കൂള്‍ തുറന്നു.ദേ തുടങ്ങി പനീം ചുമേം എന്ന പതിവ് പറച്ചില്‍ ഞങ്ങള്‍ കേള്‍ക്കാറുള്ളത്.

എന്തുകൊണ്ടാണ് സ്‌കൂളില്‍ പോയിത്തുടങ്ങിയാല്‍ കുട്ടികള്‍ക്ക് അസുഖങ്ങള്‍ പെട്ടെന്ന് വരുന്നത്?

ക്ലാസ് റൂമുകള്‍ രോഗാണുക്കള്‍ എളുപ്പം പകരാന്‍ സാഹചര്യങ്ങള്‍ ഒരുക്കുന്ന ഒരിടമാണ്. കൂടിയിരിക്കുന്ന കുഞ്ഞുങ്ങള്‍ ,അവരുടെ സഹജമായ പരസ്പരമുള്ള ഇടപഴകലുകള്‍ ,അന്തരീക്ഷത്തിലെ ഈര്‍പ്പം തുടങ്ങിയവയെല്ലാം രോഗപ്പകര്‍ച്ചക്ക് കാരണമാവുന്നു. വായു വഴി പകരുന്ന അസുഖങ്ങളാണെങ്കില്‍ ഒരു ചുമയോ തുമ്മലോ ചീറ്റലോ വഴി എളുപ്പം അത് മറ്റുള്ള കുട്ടികളിലേയ്ക്കും എത്തും.

'വീട്ടിലാണെങ്കില്‍ ഒരു മിനുട്ട് അടങ്ങിയിരിക്കില്ല. സ്‌കൂളിലാണെങ്കില്‍ മിണ്ടാണ്ട് ഒരിടത്തിരുന്നോളും 'പനി പിടിച്ച കുഞ്ഞിനെ സ്‌കൂളില്‍ വിടാന്‍ പറയുന്ന പതിവു കാരണങ്ങളിലൊന്ന്. മാതാപിതാക്കള്‍ രണ്ട് പേരും ജോലിക്കാരായാല്‍ ഒരാള്‍ കുഞ്ഞിനെ നോക്കാന്‍ ലീവെടുക്കേണ്ടി വരുന്നതും,കുഞ്ഞിനെ വിശ്വസിപ്പിച്ചേല്‍പ്പിക്കാന്‍ മറ്റാരുമില്ലാത്തതും ഒക്കെ ഇതിനു കാരണമാകാം.

രോഗമുള്ള കുഞ്ഞിനെ സ്‌കൂളില്‍ വിടാതിരിക്കുക എന്നത് വളരെ പ്രധാനമാണ്. അത് പോലെത്തന്നെ ചില അസുഖങ്ങള്‍ വന്നാല്‍ അവ പകരുന്ന കാലയളവ് കഴിഞ്ഞാലേ സ്‌കൂളില്‍ വിടാവൂ. ഉദാഹരണത്തിന് ചിക്കന്‍പോക്‌സ് വന്നാല്‍ പരുക്കള്‍ എല്ലാം കരിഞ്ഞതിന് ശേഷം മാത്രമേ കുട്ടിയെ സ്‌കൂളില്‍ വിടാന്‍ പാടുള്ളൂ .

പൊതുവായ ആരോഗ്യ ശീലങ്ങള്‍

  • ചെറിയ ജലദോഷമോ ചുമയോ ഉള്ളപ്പോള്‍ തൂവാല ഉപയോഗിക്കാന്‍ കുഞ്ഞുങ്ങളെ ശീലിപ്പിക്കണം.
  • ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈ കഴുകാന്‍ കുട്ടികളെ ശീലിപ്പിക്കണം. സ്‌നാക്‌സ് കഴിച്ചതിന് ശേഷവും നന്നായി വായ് കഴുകണം.
  • ആവശ്യത്തിന് വെള്ളം കുട്ടികള്‍ കുടിക്കുന്നുവെന്ന് ഉറപ്പാക്കണം.മൂത്രം പിടിച്ചു വെക്കുന്നില്ലെന്നും വേണ്ടത്ര ഇടവേളകളില്‍ കുട്ടികള്‍ മൂത്രം ഒഴിക്കുന്നുവെന്നും ഉറപ്പാക്കണം. നല്ല ശുചി മുറികള്‍ സ്‌കൂളുകളില്‍ ഉണ്ടെന്നും മൂത്രമൊഴിക്കാന്‍ ആവശ്യത്തിന് സമയം ലഭിക്കുന്ന വിധത്തില്‍ ഇടവേളകള്‍ സ്‌കൂളുകളില്‍ ലഭ്യമാണെന്നും ഉറപ്പാക്കേണ്ടത് അധ്യാപക രക്ഷാകര്‍തൃ സംഘടനകളുടെ പ്രാഥമിക കര്‍ത്തവ്യമാണ്.
  • മൂത്രമൊഴിച്ച് കഴിഞ്ഞ് ജനനേന്ദ്രിയം വെള്ളമൊഴിച്ച് കഴുകുന്നത് കുട്ടികളില്‍ ശീലമാക്കണം .എന്നാല്‍ ആണ്‍കുട്ടികളില്‍ ഇതിന് വേണ്ടത്ര സൗകര്യമുള്ള ശുചി മുറികള്‍ ഇല്ലാത്തത് ഒരു പ്രശ്‌നമാണ്.നിരന്ന് നിന്ന് മൂത്രമൊഴിക്കാവുന്ന തരം സംവിധാനമാണല്ലോ എല്ലായിടത്തും !
  • മഴക്കാലത്ത് സ്ഥിരം ഷൂ ഉപയോഗിക്കുന്നത് കുട്ടികള്‍ക്ക് ത്വക് രോഗത്തിനും അലര്‍ജിക്കും കാരണമാകാം.എന്നാല്‍ ചില സ്‌കൂളുകളെങ്കിലും തങ്ങളുടെ സ്റ്റാറ്റസില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കാന്‍ കുട്ടികള്‍ക്ക് മഴക്കാലത്തും ഷൂ നിര്‍ബന്ധമാക്കാറുണ്ട്. സാധ്യമെങ്കില്‍ ഇത് ഒഴിവാക്കണം.
  • ലഞ്ച് ബോക്‌സുകള്‍ സ്റ്റീല്‍ പാത്രങ്ങളിലാക്കുന്നതാണ് നല്ലത്. ചൂടോട് കൂടി ഭക്ഷണം പ്ലാസ്റ്റിക് പാത്രങ്ങളില്‍ അടച്ച് വെക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.
  • വറുത്തതും പൊരിച്ചതും എണ്ണമയമുള്ളതുമായ സ്‌നാക്‌സ് കുട്ടികള്‍ക്ക് പതിവായി കൊടുത്തയയ്ക്കരുത്. ഏറിയാല്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ വട്ടം മാത്രം മതി അത്. നമ്മുടെ നാടന്‍ ലഘു വിഭവങ്ങളും പഴങ്ങളും അവരുടെ സ്‌നാക്‌സില്‍ ഉള്‍പ്പെടുത്തുക.
  • രോഗം വരാതെ സൂക്ഷിക്കലാണ് പരമപ്രധാനം.കുട്ടികള്‍ക്കുള്ള രോഗ പ്രതിരോധ കുത്തിവെപ്പുകള്‍ യഥാസമയം നല്‍കാന്‍ ശ്രദ്ധിക്കുമല്ലോ ..

ഏറ്റവും ഒടുവിലായി ഏറ്റവും പ്രധാന കാര്യം, കുട്ടികളുടെ ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എ.പിയും മറ്റ് ആരോഗ്യരംഗത്തെ നിരവധി പ്രമുഖരും നിരവധി തവണ ആവശ്യപ്പെട്ടിട്ടും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടും വെള്ളത്തില്‍ വരച്ച വര പോലെയായ കാര്യം..

നമ്മുടെ കുട്ടികള്‍ എന്തിനാണ് പഠിക്കുന്നത്? പര്‍വതാരോഹകര്‍ ആവാനാണോ? ഒരു ഒന്നാം ക്ലാസ്‌കാരന്റെ സ്‌കൂള്‍ ബാഗ് ഇത്തിരി നേരം തൂക്കിപ്പിടിച്ചാല്‍ നമ്മുടെ കൈകഴയ്ക്കും. സ്‌കൂള്‍ ബാഗിന്റെ കനം കുറയ്ക്കല്‍, ഓരോ ടേമിലേയും പുസ്തകങ്ങള്‍ വിഭജിക്കല്‍, ടെക്സ്റ്റ് ബുക്കുകള്‍ സ്‌കൂളില്‍ സൂക്ഷിക്കല്‍.എന്തെല്ലാം നിര്‍ദ്ദേശങ്ങളായിരുന്നു. നടു വേദനയും ചുമല്‍ വേദനയുമായി വരുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിന് മാത്രം എന്നിട്ടും യാതൊരു കുറവുമില്ല. ഇതിന് വേണ്ടത് നിയമനിര്‍മ്മാണമാണ്. അറിവിന്റെ ആകാശത്തേക്ക് പറക്കുന്ന അവരുടെ ചിറകുകള്‍ക്ക് അനാവശ്യ ഭാരം ഏല്‍പ്പിച്ചു കൊടുക്കാതിരിക്കുക എന്നതാണ് നമുക്ക് അവരോട് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. കുഞ്ഞുങ്ങള്‍ ആരോഗ്യത്തോടെയിരിക്കട്ടെ. 

Content Highlight: students and disease, Infectious disease and students, Mansoon Disease