മസ്തിഷ്‌കാഘാത രോഗികളിൽ 60 ശതമാനവും ഇന്ത്യയിൽ; വേണം അവബോധം, നയം, നടപടികൾ


ഡോ. വി.ജി. പ്രദീപ് കുമാർ

Representative Image| Photo: Canva.com

രണ്ടു കാരണങ്ങളാലാണ് മസ്തിഷ്‌കാഘാതം ഉണ്ടാകുന്നത്. ഒന്ന്, തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ച് രക്തയോട്ടത്തിന് തടസ്സമുണ്ടാകുന്നത്. ഇതിനെ ‘ത്രോംബോട്ടിക് സ്‌ട്രോക്ക്’ എന്നു പറയുന്നു. രണ്ടാമത്തേത് രക്തധമനികൾ പൊട്ടി തലച്ചോറിൽത്തന്നെയുണ്ടാകുന്ന രക്തസ്രാവമാണ്. ഇതിനെ ‘സെറിബ്രൽ ഹെമറേജ്’ അഥവാ ‘ബ്രെയിൻ ഹെമറേജ്’ എന്നുപറയുന്നു. ഉയർന്ന രക്തസമ്മർദമാണ് ഇതിന് പ്രധാനകാരണം. മസ്തിഷ്‌കാഘാതത്തിൽ 85 ശതമാനവും ആദ്യവിഭാഗത്തിൽപ്പെടുന്നതാണ്. പതിനഞ്ച് ശതമാനം പേർക്ക് രക്തസ്രാവം ഉണ്ടാകുന്നു. വാർധക്യം (65 വയസ്സിനു മുകളിൽ), ഉയർന്ന രക്തസമ്മർദം, പ്രമേഹം, രക്തത്തിൽ അമിതമായ കൊളസ്‌ട്രോളിന്റെ അളവ്, പുകവലി, അമിതമായ മദ്യപാനം, പാരമ്പര്യം, ഹൃദ്രോഗങ്ങൾ എന്നിവ മസ്തിഷ്‌കാഘാതത്തിന് കാരണങ്ങളാണ്.

ലോകത്താകമാനമുള്ള മസ്തിഷ്‌കാഘാത രോഗികളിൽ 60 ശതമാനവും ഇന്ത്യയിലാണെന്നത് ആശങ്കയുളവാക്കുന്നു. ഒരു ലക്ഷത്തിൽ 135 മുതൽ 150 പേർക്ക് ഇന്ത്യയിൽ മസ്തിഷ്‌കാഘാതം കണ്ടുവരുന്നു. ഇതിൽത്തന്നെ നഗര-ഗ്രാമ അന്തരങ്ങളുമുണ്ട്. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത, വിദഗ്ധ മാനുഷിക വിഭവശേഷിയില്ലായ്മ, പൊതുജനങ്ങളിൽ ബോധവത്‌കരണത്തിന്റെ അഭാവം എന്നിവ കാരണം ഇന്ത്യ മസ്തിഷ്‌കാഘാത പരിരക്ഷയിൽ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്.ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ ദേശീയ ആരോഗ്യപരിപാടിയിൽ ഉയർന്നരക്തസമ്മർദം, ഹൃദ്രോഗങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നുണ്ടെങ്കിലും മസ്തിഷ്‌കാഘാതത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനും ചികിത്സാസംവിധാനത്തിനും കൂടുതൽ പ്രാധാന്യം ഇനിയും നൽകേണ്ടതുണ്ട്. അതിനാൽ മസ്തിഷ്‌കാഘാതരോഗത്തിന്റെ പ്രതിരോധത്തിനും രോഗികളുടെ ചികിത്സയ്ക്കും പുനരധിവാസത്തിനും സമഗ്രമായ പദ്ധതികൾ നടപ്പാക്കേണ്ടതുണ്ട്.

പരിരക്ഷ എങ്ങനെ മെച്ചപ്പെടുത്താം?

മസ്തിഷ്‌കാഘാതം കൈകാര്യം ചെയ്യുന്ന രീതി അല്ലെങ്കിൽ സ്‌ട്രോക്ക് ചികിത്സയിലെ പഴുതുകളടയ്ക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ ഒട്ടേറെ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. രാജ്യത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും ഇതിനായി വേണ്ടത്ര സംവിധാനങ്ങളേർപ്പെടുത്താനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണം. പരിശീലനം ലഭിച്ച ഡോക്ടർമാർ, നഴ്‌സുമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ എന്നിവർ സ്‌ട്രോക്ക് ചികിത്സയുടെ അവിഭാജ്യഘടകങ്ങളാണ്. തലച്ചോറിന്റെ സ്‌കാൻ ചെയ്യുന്നതിന് സി.ടി. സ്‌കാൻ അല്ലെങ്കിൽ എം.ആർ.ഐ. സ്‌കാൻ എന്നിവ സ്ഥാപിക്കണം. തീവ്രപരിചരണ സ്‌ട്രോക്ക് ഐ.സി.യു. അല്ലെങ്കിൽ മെഡിക്കൽ ഐ.സി.യു.കളിൽ മസ്തിഷ്‌കാഘാത രോഗികൾക്കുമാത്രമായുള്ള കിടക്കകൾ ഉറപ്പുവരുത്തണം. ഇത്തരത്തിൽ ഓരോ ജില്ലാ ആശുപത്രിയിലും സമഗ്ര സ്‌ട്രോക്ക് ചികിത്സയ്ക്കായി സ്‌ട്രോക്ക് യൂണിറ്റുകൾ സ്ഥാപിക്കണം. സ്‌ട്രോക്ക് ചികിത്സയ്ക്കുള്ള മരുന്നുകളെയും കത്തീറ്റർ, സ്റ്റെന്റ് തുടങ്ങിയവയെയും വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തണം.

മസ്തിഷ്‌കാഘാതം രാജ്യത്തിനേല്പിക്കുന്ന ഭാരം നിർണയിക്കുന്നതിന് ദേശീയാടിസ്ഥാനത്തിൽ സ്‌ട്രോക്ക് രജിസ്ട്രി നിർബന്ധമാക്കണം. വിവിധ സംസ്ഥാനങ്ങളിലെ മസ്തിഷ്‌കാഘാത രോഗത്തിന്റെ അവസ്ഥയും കണക്കുകളും തിട്ടപ്പെടുത്തുന്നതിനും അതുപയോഗിച്ച് സ്‌ട്രോക്ക് ചികിത്സാ പ്രതിരോധപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് ബജറ്റ് തയ്യാറാക്കുന്നതിനും ഇത് സഹായകരമാകും.

പരിശീലനം നൽകണം

വ്യക്തികളിൽ മസ്തിഷ്‌കാഘാതത്തിന്റെ ലക്ഷണങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് അവരെ ചികിത്സാസൗകര്യമുള്ള ആശുപത്രികളിലേക്ക്‌ എത്തിക്കുന്നതിന് ആശാപ്രവർത്തകർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, പബ്ലിക് ഹെൽത്ത് നഴ്‌സുമാർ എന്നിവർക്ക് പരിശീലനം നൽകണം. മസ്തിഷ്‌കാഘാത ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയുന്നതിന്റെ പ്രാധാന്യം വിദ്യാർഥികളെ പഠിപ്പിക്കുന്നതിനായി സ്‌കൂൾ പാഠ്യപദ്ധതിയിൽ സ്‌ട്രോക്ക് ബോധവത്‌കരണ പാഠങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്.

‘മസ്തിഷ്‌കാഘാത ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിഞ്ഞ് വിലപ്പെട്ട ജീവനുകൾ സംരക്ഷിക്കുക’ എന്നതാണ് ഇക്കൊല്ലത്തെ ഈ ദിനത്തിന്റെ മുദ്രാവാക്യം. ഇന്ത്യൻ സ്‌ട്രോക്ക് അസോസിയേഷൻ ഇതോടനുബന്ധിച്ച് ‘ആക്ട് ഫാസ്റ്റ്, സ്‌ട്രൈക്ക് & സ്‌ട്രോക്ക്' (ദ്രുതഗതിയിൽ മസ്തിഷ്‌കാഘാതത്തെ നേരിടുക) എന്ന മുദ്രാവാക്യമാണ് മുന്നോട്ടുവെക്കുന്നത്. ഭരണകർത്താക്കളുടെയും നയരൂപവത്‌കരണ വിദഗ്ധരുടെയും ഉദ്യോഗസ്ഥരുടെയും മെഡിക്കൽ സമൂഹത്തിന്റെയും കൂട്ടായ പരിശ്രമമാണ് മസ്തിഷ്‌കാഘാതത്തിന്റെ വെല്ലുവിളി നേരിടാൻ ഈ ഘട്ടത്തിൽ പ്രധാനം.

ഇന്ത്യൻ സ്‌ട്രോക്ക് അസോസിയേഷൻ പ്രസിഡന്റാണ്‌ ലേഖകൻ

മസ്തിഷ്‌കാഘാതം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വായിക്കാം

Content Highlights: stroke causes symptoms diagnosis and treatment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented