nayanതിരുവനന്തപുരം: ഓട്ടിസമെന്ന അവസ്ഥ പരിമിതിയല്ലെന്ന് തെളിയിക്കുകയാണ് എട്ടു വയസ്സുകാരനായ നയന്‍. തന്റെ കഴിവുകളെ വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ ശരീരത്തിന്റെയൊ ബുദ്ധിയുടെയൊ പരിമിതി ആവശ്യമില്ലെന്ന് നയന്റെ ജീവിതം കാണിച്ചുതരുന്നു. ലോക ഓട്ടിസം ദിനമായ തിങ്കളാഴ്ച നയന്‍ എഴുതിയ രണ്ടാമത്തെ പുസ്തകം ഗവര്‍ണര്‍ പി.സദാശിവം പ്രകാശനം ചെയ്യും. 

ചോദ്യോത്തര രൂപത്തില്‍ ആറ് വിഭാഗങ്ങളുള്ള പുസ്തകത്തിന്റെ ഓരോ വിഭാഗത്തിനും ആമുഖം എഴുതിയിരിക്കുന്നത് പ്രശസ്തരായ വ്യക്തികളാണ്. പ്രകൃതി, സയന്‍സ്, ഫിലോസഫി, സ്പിരിച്ചല്‍ സയന്‍സ്, പ്രധാനപ്പെട്ട വ്യക്തിത്വങ്ങള്‍, ഇന്ററാക്ടിങ് ക്വസ്റ്റ്യന്‍സ് എന്നിവയാണ് 'യു ഫൈന്‍ യൂണിവേഴ്‌സ്' എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിന്റെ പ്രകാശനം തിങ്കളാഴ്ച രാവിലെ 11.30ന് രാജ്ഭവനില്‍ നടക്കും.

വിരലുകള്‍ തിരിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ലാപ്‌ടോപ്പിന്റെ സഹായത്തോടെയാണ് നയന്‍ മനസ്സിലുള്ളത് പകര്‍ത്തുന്നത്. സൈലന്റ് ഇന്‍ മൊബൈല്‍സ് എന്ന പേരില്‍ ഹ്രസ്വചിത്രവും നയന്‍ ഒരുക്കി. ഹ്രസ്വചിത്രത്തിന്റെ കഥയും തിരക്കഥയും എല്ലാം എഴുതിയതും നയനാണ്. കേരള സാഹിത്യ അക്കാദമിയുടെ സ്‌പെഷ്യല്‍ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഈ പ്രായത്തില്‍ നയനെ തേടിയെത്തിയിട്ടുണ്ട്. ആദ്യ പുസ്തകമായ 'ജേര്‍ണി ഓഫ് മൈ സോള്‍' എന്ന പുസ്തകത്തിലാണ് കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചത്. പുസ്തകവും ഹ്രസ്വചിത്രവും പുറത്തിറങ്ങിയത് 2017 ലാണ്.

ആറ് ഇന്ത്യന്‍ ഭാഷകളും നാല് വിദേശഭാഷകളും നയന് ഈ പ്രായത്തില്‍ വശത്താക്കിയിട്ടുണ്ട്. ഇന്‍ക്രഡിബിള്‍ ബുക്ക് ഓഫ് റെക്കോഡ്‌സ് അധികൃതര്‍ നയന്റെ കഴിവുകള്‍ പരിശോധിച്ചിരുന്നു. തുടര്‍ന്ന് ഫെബ്രുവരിയില്‍ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഓട്ടിസ്റ്റിക് ഫിലോസഫര്‍ എന്ന റെക്കോഡ് നയന് ലഭിക്കുകയും ചെയ്തു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങ് (നിഷ്), സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍ഡലി ചലഞ്ച്ഡ് (എസ്.ഐ.എം.സി.) എന്നിവിടങ്ങില്‍ മൂന്ന് വര്‍ഷത്തോളമായി പരിശീലനം നേടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ തോന്നയ്ക്കല്‍ സായിഗ്രാം സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പ്രവേശനം നേടി. തിരുവനന്തപുരം ജില്ലാ കളക്ടറായ ഡോ. കെ.വാസുകിയുടെ നേതൃത്വത്തില്‍ ഒന്‍പതംഗ വിദഗ്ധര്‍ നയന്റെ കഴിവുകള്‍ പരിശോധിച്ചിരുന്നു. കൊല്ലം എസ്.എന്‍. പുരം പുത്തൂര്‍ ചെമ്മരുതില്‍ വീട്ടില്‍ സി.കെ. ശ്യാമിന്റെയും എസ്.പ്രിയങ്കയുടെയും മകനാണ് നയന്‍. സഹോദരി ശിവപ്രിയ അഞ്ചാം ക്ലാസില്‍ പഠിക്കുന്നു.