നനസമയത്ത് ശേഖരിക്കുന്നപൊക്കിള്‍ക്കൊടിയിലെ ഒരു തുളളി രക്തം ജീവന് ഒരായുഷ്‌ക്കാലത്തേക്ക് സംരക്ഷണം നല്‍കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ടായിരിക്കുമല്ലേ? എന്നാല്‍ വൈദ്യശാസ്ത്ര രംഗത്തെ എക്കാലത്തേയും മികച്ച ഒരു നേട്ടമാണ് സ്റ്റെം സെല്‍ ബാങ്കിങ്. ജനന സമയത്ത് ശിശുവിന്റെ പൊക്കിള്‍ക്കൊടിയില്‍ നിന്ന് ശേഖരിക്കുന്ന രക്തകോശം ആ കുഞ്ഞിന്റെ ആജീവനാന്തകാല സംരക്ഷണത്തിനായി ഉപയോഗിക്കുന്ന രീതിയാണ് ലളിതമായി പറഞ്ഞാല്‍ സ്റ്റെം സെല്‍ ബാങ്കിങ്. വര്‍ധിച്ചു വരുന്ന കാന്‍സര്‍ പോലുളള രോഗങ്ങളുടെ ചികിത്സയില്‍ ഈ കോശങ്ങള്‍ വളരെ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നു.

പൊക്കിള്‍ക്കൊടിയിലും പ്ലാസന്റയിലും പ്രസവശേഷമുളള രക്തമാണ് കോഡ് രക്തം അഥവാ പൊക്കിള്‍ക്കൊടി രക്തം(umblical blood). ഇതില്‍ കാണപ്പടുന്ന മൂല കോശത്തിന്( stem cell) രക്ത കോശമായും കലകളായും, അവയവമായും പരിണമിക്കാനുളള കഴിവുണ്ട്. ഇത് ഭാവിയില്‍ കുഞ്ഞ് നേരിടേണ്ടി വരാവുന്ന രോഗങ്ങള്‍ ചികിത്സിച്ച് മാറ്റാന്‍ സഹായകരമാകും. ഉദാഹരണത്തിന് ഓട്ടിസം, തലച്ചോറിനേല്‍ക്കുന്ന ക്ഷതങ്ങള്‍, കാന്‍സര്‍, പ്രമേഹം തുടങ്ങി നിരവധി രോഗങ്ങള്‍ എളുപ്പത്തില്‍ ഭേദമാകാന്‍ ഈ കോശങ്ങള്‍ ഉപയോഗിക്കാം. 

കേള്‍ക്കുമ്പോള്‍ സങ്കീര്‍ണ്ണമായി തോന്നാമെങ്കിലും വളരെ ലളിതമായ ഒരു പ്രക്രിയയാണ് സ്റ്റെ സെല്‍ ശേഖരിക്കുകയെന്നത്. പ്രസവസമയത്ത് കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി വേര്‍പ്പെടുത്തുന്ന സമയത്താണ് ഡോക്ടര്‍ ഇതിനാവശ്യമായ രക്തം ശേഖരിക്കുക. പൊക്കിള്‍ക്കൊടിയില്‍ നിന്ന് സിറിഞ്ച് ഉപയോഗിച്ചാണ് രക്തം ശേഖരിക്കുക. എന്നാല്‍ ഇത് കുഞ്ഞിനോ അമ്മയ്‌ക്കോ വേദനയോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ സൃഷ്ടിക്കില്ല. മാത്രമല്ല 510 മിനിട്ടിനുളളില്‍ രക്തം ശേഖരിക്കുന്ന പ്രക്രിയ അവസാനിക്കും.

പ്രസവം കഴിഞ്ഞ് ഏറെ നേരം കഴിഞ്ഞാല്‍ പൊക്കിള്‍ക്കൊടിക്കുളളിലെ രക്തം കട്ടപിടിക്കുമെന്നതിനാല്‍ വളരെ പെട്ടെന്ന് തന്നെ രക്തം ശേഖരിക്കുന്നതാണ് നല്ലത്. പൊക്കിള്‍ക്കൊടിയിലെ രക്തത്തോടൊപ്പം ചില രാജ്യങ്ങളില്‍ പൊ്ക്കിള്‍ക്കൊടി തന്നെ ശേഖരിച്ചു വെക്കുന്ന രീതി നിലവിലുണ്ട്. ഇതിലെ രക്തകോശങ്ങള്‍ പ്രയോജനപ്പെടുമെന്ന് കരുതിയാണിത്. എങ്കിലും ഈ രീതി എത്രത്തോളം ഫലപ്രദമാണെന്ന കാര്യത്തില്‍ ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. 

കുഞ്ഞിന്റെ രക്തത്തോടൊപ്പം തന്നെ അമ്മയുടെ രക്തവും ശേഖരിക്കും. അമ്മയുടെ രക്തത്തില്‍ അണുബാധയോ മറ്റോ ഉണ്ടോ എന്നറിയാനാണിത്. ഇത്തരത്തില്‍ പൊക്കിള്‍ക്കൊടിയില്‍ നിന്നും ശേഖരിച്ച രക്തം സ്റ്റെം ബാങ്കില്‍ എത്തിച്ച് ശീതീകരിച്ച് ക്രയോജനിക് നൈട്രജന്‍ ഫ്രീസറില്‍ സൂക്ഷിക്കുന്നു. ഇതിനു ശേഷം രക്തത്തിലെ പ്ലാസ്മയില്‍ നിന്നും ശ്വേതരക്താണുക്കളില്‍ നിന്നും സ്റ്റെം സെല്ലുകള്‍ വേര്‍തിരിച്ചെടുത്ത് പ്രത്യേകമായി സൂക്ഷിക്കുന്നു. ഇത്തരത്തില്‍ എത്ര കാലം വേണമെങ്കിലും സ്റ്റെം സെല്ലുകള്‍ ശേഖരിച്ചു വെക്കാവുന്നതാണ്.സുഖപ്രസവമാണെങ്കിലും സിസേറിയനാണെങ്കിലും പൊക്കിള്‍ക്കൊടിയിലെ രക്തം ഇത്തരത്തില്‍ ശേഖരിക്കാം. ഇതിനായി പബ്ലിക് കോഡ് ബ്ലഡ് ബാങ്കുകളും പ്രൈവറ്റ് കോഡ് ബ്ലഡ് ബാങ്കുകളും നിലവിലുണ്ട്. 

പൊക്കിള്‍ക്കൊടിയിലെ രക്തത്തില്‍ മനുഷ്യശരീരത്തിലെ രോഗപ്രതിരോധശേഷി നിര്‍ണ്ണയിക്കുന്ന ധാരാളം മൂലകോശങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത്തരം കോശങ്ങള്‍ക്ക് ആ വ്യക്തി ജീവിക്കുന്ന കാലഘട്ടത്തില്‍ നേരിടേണ്ടി വരുന്ന മിക്കരോഗങ്ങളില്‍ നിന്നും അയാളെ സംരക്ഷിക്കാന്‍ സാധിക്കും. ഇത് കൂടാതെ ശരീരകോശങ്ങള്‍ക്ക്് ഏല്‍ക്കുന്ന ക്ഷതങ്ങളെ ഭേദമാക്കാനും സാധിക്കുന്നു.ഒരാളുടെ എല്ലുകളിലും, തലമുടിയിലും, പല്ലിലും, പേശികളിലും സ്റ്റെം സെല്ലുകള്‍ അഥവാ മൂലകോശങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിലും രോഗപ്രതിരോധശേഷി സംരക്ഷിക്കാന്‍ ഏററവും ഫലപ്രദമായത് ശിശുവിന്റെ പൊക്കിള്‍ക്കൊടിയിലെ രക്തമാണ് എന്നതാണ് സ്റ്റെം സെല്‍ ബാങ്കുകളെ ഇത്രയേറെ പ്രാധാന്യമുളളതാക്കി മാറ്റുന്നത്.

കാന്‍സര്‍ പോലുളള രോഗങ്ങളില്‍ , രോഗത്തിന് കാരണമായ കോശങ്ങളെ കീമോതെറാപ്പി പോലുളള ചികിത്സാ രീതികള്‍ വഴി ഇല്ലാതാക്കി പുതിയ കോശങ്ങളുടെ പുനര്‍ജ്ജീവനം ഉറപ്പാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ രോഗത്തിന് മുന്നില്‍ സങ്കീര്‍ണ്ണചികിത്സ പോലും തോറ്റുപോകുന്ന ഘട്ടങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ ശേഖരിച്ച് വെച്ച സ്റ്റെം സെല്ലുകള്‍ ട്രാന്‍സ്പ്ലാന്റേഷനായി ഉപയോഗിക്കാം. ഇത്തരത്തില്‍ രോഗം പൂര്‍ണ്ണമായും ഭേദമാകാനുളള സാധ്യത ഏറെയാണ്. സ്റ്റെം സെല്‍ ബാങ്കിങ് സൗകര്യമുളള ആസ്പത്രി വഴി രാജ്യാന്തര സെല്‍ ബാങ്കിങ് ഡയറക്ടറിയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ലോകത്തെവിടെയുമുളള ആവശ്യക്കാര്‍ക്ക് സ്റ്റെ സെല്ലുകള്‍ ലഭ്യമാക്കുകയും സ്വീകരിക്കുകയും ചെയ്യാം.