ബോളിവുഡ് താരം ശ്രീദേവിയുടെ മരണവും തുടര്‍സംഭവങ്ങളും വാര്‍ത്തകളില്‍ നിന്നും ഒഴിഞ്ഞിട്ടില്ല. ശ്രീദേവിയുടെ മരണകാരണം എന്താണെന്നതിനെ കുറിച്ച് ആധികാരിക റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനു മുന്‍പ് തന്നെ മരണം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. സൗന്ദര്യസംരക്ഷണം ലക്ഷ്യമിട്ട് ചെയ്ത കോസ്‌മെറ്റിക് സര്‍ജറിയാണ് അവരെ ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്ന് വരെയായി ഇതിനിടെ ഉയര്‍ന്ന പ്രചരണങ്ങള്‍. 

ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിക്കാനുള്ള ശസ്ത്രക്രിയകള്‍, ഹൈ ഡോസ് ബോട്ടോക്‌സ് ഇഞ്ചക്ഷന്‍, ലേസര്‍ ചികിത്സ, സ്തനഭംഗി നിലനിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയകള്‍, ശരീരഭാരം കുറയ്ക്കുന്നതിനുള്ള കഠിനമായ വര്‍ക്കൗട്ടുകള്‍ തുടങ്ങി നിരവധി ചികിത്സകള്‍ താരം ചെയ്തിരുന്നുവെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടുകളുടെ ചുവടുപിടിച്ചാണ് കോസ്‌മെറ്റിക് സര്‍ജറിയാണ് ശ്രീദേവിയെ ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ കോസ്മെറ്റിക് സര്‍ജറികളും ഹൃദയാഘാതവും തമ്മില്‍ ബന്ധമില്ലെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ നല്‍കുന്ന വിശദീകരണം. 

സൗന്ദര്യസംരക്ഷണത്തിനായി ശ്രീദേവി ചെയ്ത് സര്‍ജറികളാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്ന പ്രചരണങ്ങള്‍ തികച്ചും അസംബന്ധമാണെന്ന് ഹൃദ്രോഗവിദഗ്ധനായ ഡോ.ജോര്‍ജ് തയ്യില്‍ പറയുന്നു. സൗന്ദര്യസംരക്ഷണത്തിനായി നടത്തുന്ന കോസ്‌മെറ്റിക് സര്‍ജറികള്‍ ചര്‍മ്മത്തിനു പുറത്ത് ചെയ്യുന്നവയാണ്. ഇത് ഒരിക്കലും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. അതുകൊണ്ട് ഇത്തരം ശസ്ത്രക്രിയകളാണ് ഹൃദയത്തിന്റെ  താളം തെറ്റിച്ചതെന്ന് കരുതുന്നില്ല.

54 വയസ്സ് പ്രായമുണ്ട് ശ്രീദേവിക്ക്. അതുകൊണ്ട് തന്നെ കൊളസ്‌ട്രോള്‍, ഡയബറ്റിസ്, രക്തസമ്മര്‍ദ്ദം, തുടങ്ങി മധ്യവയസ്സില്‍ ഉണ്ടായേക്കാവുന്ന രോഗങ്ങളുടെ സാധ്യത തള്ളിക്കളയാനാവില്ല. എന്നാല്‍ ഇത് സംബന്ധിച്ച് വിശ്വസനീയമായ വിവരങ്ങള്‍ ലഭ്യമല്ല. ഏതെങ്കിലും ചികിത്സയുടെ ഭാഗമായി അവര്‍ തുടര്‍ച്ചയായി മരുന്നുകള്‍ കഴിച്ചിരുന്നോ, ഇത്തരം മരുന്നുകള്‍ ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കിയിരുന്നോ തുടങ്ങിയ വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല. അതിനാല്‍ കോസ്‌മെറ്റിക് സര്‍ജറിയാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്ന പ്രചരണങ്ങളില്‍ വാസ്തവമില്ലെന്ന് തന്നെ ഡോ, ജോര്‍ജ് തയ്യില്‍ വിശദീകരിക്കുന്നു.

ബോട്ടോക്‌സ് ഇഞ്ചക്ഷന്‍ എടുക്കുന്നത് ഹൃദയത്തെ ബാധിക്കുമെന്ന തരത്തിലും പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. ചര്‍മ്മത്തിലെ ചുളിവുകള്‍ മാറ്റാന്‍ ചെയ്യുന്ന ഇഞ്ചക്ഷനാണ് ബോട്ടോക്‌സ്. നിയന്ത്രണാതീതമായ അളവില്‍ ബോട്ടുലിന്‍ കുത്തിവെച്ചാണ് ഈ ചികിത്സ. എന്നാല്‍ ചര്‍മ്മത്തില്‍ ചെയ്യുന്ന ഈ ചികിത്സാരീതിയേയും ഹൃദയാരോഗ്യവുമായി ബന്ധപ്പെടുത്താന്‍ സാധിക്കില്ലെന്നും ഡോ.ജോര്‍ജ് തയ്യില്‍ കൂട്ടിച്ചേര്‍ത്തു.

സൗന്ദര്യസംരക്ഷണത്തിനായി ചെയ്ത ശസ്ത്രക്രിയകളാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചതെന്ന അഭ്യൂഹങ്ങളെ കോസ്മറ്റിക് ചികിത്സരംഗത്തെ വിദഗ്ധരും തള്ളിക്കളയുന്നുണ്ട്.