രുകാലത്ത് നാട്ടുവൈദ്യന്മാരിലും ഔഷധശാലകളിലുമായി ഒതുങ്ങിനിന്നിരുന്ന ആയുര്‍വേദത്തെ, പത്രപ്പരസ്യങ്ങളിലൂടെയും കൊടിക്കൂറകളിലൂടെയും 'മോഡേണാക്കിയ' സംരംഭകനാണ് കുറിച്ചിത്താനം ശ്രീധരി ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സാരഥി ശ്രീധരന്‍ പരമേശ്വരന്‍ നമ്പൂതിരി. 15 പുസ്തകങ്ങളുടെ രചയിതാവും കമ്യൂണിസ്റ്റ് സഹയാത്രികനുമായ എസ്.പി. നമ്പൂതിരിയുടെ ജീവിതയാത്ര ഈ ജനുവരിയില്‍ 88 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്...

മാര്‍ക്കറ്റ് പിടിച്ചെടുത്ത ആയുര്‍വേദം

അച്ഛന്‍ ആയുര്‍വേദാചാര്യനും കവിയുമായ മഠം ശ്രീധരന്‍ നമ്പൂതിരിയുടെ പാരമ്പര്യമായിരുന്നു എസ്.പി.യുടെ വൈദ്യരംഗത്തെ സര്‍വകലാശാല. എന്നാല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ബിരുദപഠനത്തിനായി പോയ അദ്ദേഹം, കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി. ഇ.എം.എസ്. ഉള്‍പ്പെടെയുള്ള നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തി. നവലോകം ദിനപത്രത്തില്‍ എം.ആര്‍.ബി.ക്കും ചെറുകാടിനും കീഴില്‍ പത്രാധിപസമിതിയില്‍ ഏറ്റവും ഇളയവനായിട്ട് രണ്ടുവര്‍ഷത്തോളം പ്രവര്‍ത്തിച്ച എസ്.പി., ഒടുവില്‍ അച്ഛന്റെ ശിഷ്യന്മാരുടെ നിര്‍ബന്ധപ്രകാരമാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്.

1952-ല്‍ ഇരുപതാം വയസ്സില്‍ എസ്.പി. അച്ഛന്റെ വൈദ്യശാല പ്രവര്‍ത്തനത്തിന്റെ ഭാഗമായി. 1932-ല്‍ മഠം ശ്രീധരന്‍ നമ്പൂതിരിയും ശിഷ്യന്മാരും ചേര്‍ന്നാരംഭിച്ച ശ്രീധരി ഫാര്‍മസ്യൂട്ടിക്കല്‍സ് അപ്പോള്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലമായിരുന്നു. അച്ഛന്റെ ശിഷ്യന്മാരും അഭ്യുദയകാംക്ഷികളും നല്‍കിയ സഹായത്തോടെ വൈദ്യശാലയെ എസ്.പി. വിപുലീകരിച്ചു.

ശ്രീധരി എന്ന പേരിന് ട്രേഡ് മാര്‍ക്ക് നേടിയെടുത്തു. ആദ്യമായി ഒരു ഹെയര്‍ടോണിക്കിന് ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍ സ്വന്തമാക്കിയതും ശ്രീധരിയാണ്. അങ്ങനെ അറുപതുകളോടെ ശ്രീധരി ഉത്പന്നങ്ങള്‍ക്ക് കേരളമാകെ വലിയ വിപണി നേടിയെടുക്കാനായി. കാര്‍ട്ടൂണിസ്റ്റ് തോമസിന്റെ പരസ്യക്കമ്പനിയെക്കൊണ്ട് ശ്രീധരിക്കുവേണ്ടി മൈസൂരുവില്‍ പോയി ഡോക്യുമെന്ററി ചിത്രീകരിച്ചു. കൊച്ചി കോര്‍പ്പറേഷന്റെ മേളയില്‍ സ്റ്റാളിടുകയും കേശസൗന്ദര്യമത്സരം സംഘടിപ്പിക്കുകയും ചെയ്തു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി ഇ.എം.എസാണ് വിജയികള്‍ക്ക് സമ്മാനം നല്‍കിയത്. 59-ല്‍ വയലാര്‍ രാമവര്‍മ കുറിച്ചിത്താനത്തെ ശ്രീധരി വൈദ്യശാല സന്ദര്‍ശിച്ച സമയത്ത് അവിടത്തെ പുസ്തകത്തില്‍ കുറിച്ചിട്ട അഭിനന്ദനം ഇപ്പോഴും കാത്തുസൂക്ഷിച്ചിട്ടുണ്ട്. എസ്.പി.യുടെ ശ്രദ്ധ ഇപ്പോള്‍ സാഹിത്യത്തിലാണ്.

രാജാവിനെ സ്തുതിച്ച വയലാറിനെക്കുറിച്ച്

വയലാര്‍ രാമവര്‍മ്മ-വ്യക്തിയും കവിയും എന്ന കൃതിയാണ് പ്രകാശനത്തിന് തയ്യാറെടുക്കുന്ന എസ്.പി.യുടെ ഏറ്റവും പുതിയ പുസ്തകം. പാദമുദ്രകള്‍ എന്ന കവിതാസമാഹാരത്തില്‍ ഗ്രന്ഥകാരന്റെ പേര് കെ. രാമവര്‍മ തിരുമുല്‍പ്പാട് എന്നത്, വയലാര്‍ സമരം കത്തിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പ്രസാധകന്‍ തിരുത്തി വയലാര്‍ രാമവര്‍മയാക്കിയതും അതിലെ ആദ്യത്തെ കവിത രാജാവിനെ സ്തുതിച്ചുകൊണ്ടാണെന്നതും ഉള്‍പ്പെടെയുള്ള കൗതുകകരവും ഒപ്പം ആഴത്തിലുള്ളതുമായ പഠനങ്ങളുമാണ് പുസ്തകത്തിലുള്ളത്.

പൗരസ്ത്യവും, പാശ്ചാത്യവുമായ ചിന്തകരുടെ ഉദ്ധരണികള്‍ എട്ടുവര്‍ഷത്തോളമായി എസ്.പി. ക്രോഡീകരിച്ചുവരുന്നു. മലയാളത്തില്‍ ഇത്തരമൊരു ബൃഹത്സംരംഭം ഇന്നോളമുണ്ടായിട്ടില്ല. എസ്.പി. നമ്പൂതിരിയുടെ 15 പുസ്തകങ്ങള്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എസ്.പി.യുടെ കവിതാ സമാഹാരമായ ഒരു നൂറ്റാണ്ടിന്റെ നൊമ്പരം 1950-കളിലാണ് എഴുതിയിരുന്നതെങ്കില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം തനിക്ക് എഴുതേണ്ടിവരില്ലായിരുന്നുവെന്ന അക്കിത്തത്തിന്റെ പ്രതികരണം പ്രശസ്തമാണ്.

മംഗളോദയം വീണ്ടും വെളിച്ചത്തിലേക്ക്

എസ്.പി.യുടെ നേതൃത്വത്തില്‍ മലയാളഭാഷയുടെ നവോത്ഥാനകാലത്തെ മുഖപത്രവും മലയാള സാഹിത്യത്തിലെ പ്രമുഖരുടെ ഈറ്റില്ലവുമായിരുന്ന മംഗളോദയം മാസിക വീണ്ടും വെളിച്ചം കാണാന്‍ തയ്യാറെടുക്കുകയാണ്. ആസ്തികളെല്ലാം വിറ്റുപോയ കമ്പനിയുടെ ബാക്കിയായ ബാനര്‍, മാനേജരായിരുന്ന എം.സി. വാസുദേവനില്‍നിന്ന് അദ്ദേഹം വാങ്ങി. ജയിസണ്‍ മംഗളോദയമെന്ന ഒരു വിദേശമലയാളിയാണ് ഈ പ്രസാധകസംരംഭത്തിന് നേതൃത്വം നല്‍കുന്നത്. ഹൃദയശസ്ത്രക്രിയാവിദഗ്ധനായ ഡോ.ടി.കെ.ജയകുമാറിന്റെ ഒരു പഠനവും, കൂടിയുള്‍പ്പെടുത്തി ഹൃദയസാന്ത്വനമെന്ന പുസ്തകവും മംഗളോദയമാവും പ്രസിദ്ധീകരിക്കുക. ഏതാനും ഹൃദ്രോഗികള്‍ക്ക് സഹായധനം നല്‍കാനും തീരുമാനമായിട്ടുണ്ട്.

Content Highlights: Sreedharan Namboodhiri Sreedhari Pharmaceuticals