കോങ്കണ്ണിനെ ഭയക്കേണ്ട; ചികിത്സിച്ചുമാറ്റാം


By ഡോ. മിനുദത്ത് കെ.ബി.

5 min read
Read later
Print
Share

കുട്ടികളില്‍ ഏറ്റവും സാധാരണമായ നേത്രരോഗങ്ങളില്‍ ഒന്നാണ് കോങ്കണ്ണ്

-

നോക്കുന്ന ദിശയില്‍ കണ്ണുകള്‍ ഒന്നിച്ച് നില്‍ക്കാത്ത അവസ്ഥയാണ് കോങ്കണ്ണ് (സ്‌ക്യുന്റ്/സ്ട്രാബിസ്മസ്) എന്നു പറയുന്നത്. അതായത് ഒരാള്‍ ഒരു വസ്തുവിനെ നോക്കുമ്പോള്‍ ഒരു കണ്ണ് ആ വസ്തുവിലേക്ക് കേന്ദ്രീകരിക്കുകയും മറ്റേ കണ്ണ് അകത്തേക്കോ, പുറത്തേക്കോ, താഴേക്കോ, മുകളിലേക്കോ തിരിയുകയും ചെയ്യുന്നു. തല്‍ഫലമായി രണ്ടു കണ്ണുകള്‍ക്കും ഒരേസമയം ഒരേസ്ഥലത്തേക്ക് നോക്കുവാന്‍ കഴിയുകയില്ല.
കണ്ണുകളുടെ ഈ തെറ്റായ ക്രമീകരണം സ്ഥിരമായിരിക്കാം. അല്ലെങ്കില്‍ ചിലപ്പോള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാം. കുട്ടികളില്‍ ഏറ്റവും സാധാരണമായ നേത്രരോഗങ്ങളില്‍ ഒന്നാണ് കോങ്കണ്ണ്. ആഗോളതലത്തില്‍ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത് ഏകദേശം മൂന്നുശതമാനം കുട്ടികള്‍ക്ക് സ്ട്രാബിസ്മസ് ഉണ്ടെന്നാണ്. കുട്ടികളിലാണ് ഇത് സാധാരണയായി കാണപ്പെടുന്നെങ്കിലും മുതിര്‍ന്നവരിലും കാണപ്പെടുന്നു. ആരംഭത്തില്‍ തന്നെ കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ പിന്നീടത് കാഴ്ചശക്തിയെ ബാധിച്ചേക്കാം. ആംബ്ലിയോപിയയുടെ (Lazy eye) ഫലമായി ഉണ്ടാകുന്ന കാഴ്ചനഷ്ടപ്പെടാതിരിക്കാന്‍ നേരത്തെയുള്ള രോഗനിര്‍ണയം അനിവാര്യമാണ്. മാത്രവുമല്ല കുട്ടികളിലും മുതിര്‍ന്നവരിലും പലതരത്തിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നു.
കാരണങ്ങള്‍
 • പലപ്പോഴും വ്യക്തമായ കാരണങ്ങള്‍ ഉണ്ടായിരിക്കണമെന്നില്ല.
 • മാസം തികയാതെ പ്രസവിക്കുന്ന കുട്ടികള്‍ക്കുണ്ടാകുന്ന റെറ്റിനോപ്പതി, സെറിബ്രല്‍ പാള്‍സി, അഞ്ചാംപനി പോലെയുള്ള ചില വൈറല്‍ അണുബാധകള്‍
 • പാരമ്പര്യ ഘടകങ്ങള്‍. മാതാപിതാക്കള്‍ക്ക് കോങ്കണ്ണ് ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
 • ഹൈപ്പര്‍മെട്രോപ്പിയ(Long Sightedness)
 • മയോപ്പിയ (Short Sightedness)
 • അസ്റ്റിഗ്മാറ്റിസം
 • കണ്ണിലെ പേശികളുടെ ബലഹീനത അല്ലെങ്കില്‍ കണ്ണിലെ പേശികളുടെ ഞെരമ്പുകളുടെ പ്രശ്‌നം

കണ്ണിലെ പേശികള്‍
 • ഓരോ കണ്ണുകളുടെയും ചലനം ആറ് പേശികളാല്‍ നിയന്ത്രിക്കപ്പെടുന്നു (extraocular muscles). ഇവ ഓരോന്നും ഒരു പ്രത്യേക ദിശയിലേക്ക് വലിക്കുമ്പോഴാണ് കണ്ണുകള്‍ക്ക് ചലനമുണ്ടാകുന്നത്. ഉദാഹരണമായി ഇടത്തേക്ക് നോക്കാന്‍, ഇടതു കണ്ണിന്റെ പേശികളില്‍ ഇടതു കണ്ണിനെ പുറത്തേക്ക് വലിക്കുകയും വലതു കണ്ണിന്റെ പേശികള്‍ അതിനെ മൂക്കിനടുത്തേക്ക് വലിക്കുകയും ചെയ്യുന്നു. കണ്ണിലെ പേശികള്‍ ഇങ്ങനെ സമീകൃതമായി പ്രവര്‍ത്തിക്കാതിരുന്നാല്‍ കണ്ണുകള്‍ ശരിയായി നീങ്ങാതിരിക്കുകയും കോങ്കണ്ണ് ഉണ്ടാകുകയും ചെയ്യുന്നു.
 • പ്രമേഹം, തൈറോയ്ഡ് ഗ്രന്ഥിയുടെ രോഗം (Graves disease), പക്ഷാഘാതം, തലയോട്ടിയില്‍ ഉണ്ടാകുന്ന ആഘാതം, ബ്രെയിന്‍ ട്യൂമര്‍ ഇതൊക്കെ മുതിര്‍ന്നവരില്‍ ഉണ്ടാകുന്ന കോങ്കണ്ണിന് കാരണമാകുന്നു.
 • വിവിധതരം
  കോങ്കണ്ണ് പലതരത്തിലുണ്ട്. കണ്ണ് തിരിയുന്ന രീതി വെച്ച് അല്ലെങ്കില്‍ കണ്ണിന്റെ സ്ഥാനം വെച്ച് അതിനെ നാലായിട്ട് തരംതിരിക്കാം.
  1. എസോട്രോപിയ: കണ്ണ് അകത്തേക്ക് തിരിഞ്ഞിരിക്കുന്നു
  2.എക്‌സോട്രോപിയ: കണ്ണ് പുറത്തേക്ക് തിരിഞ്ഞിരിക്കുന്നു
  3. ഹൈപോട്രോപിയ: കണ്ണ് താഴേക്ക് തിരിഞ്ഞിരിക്കുന്നു
  4. ഹെപ്പര്‍ട്രോപിയ: കണ്ണ് മുകളിലേക്ക് തിരിഞ്ഞിരിക്കുന്നു
  സങ്കീര്‍ണതകള്‍
  കോങ്കണ്ണുള്ള 50 ശതമാനം കുട്ടികള്‍ക്ക് ചികിത്സിച്ചില്ലെങ്കില്‍ ആംബ്ലിയോപിയ (Lazy eye) ഉണ്ടാകുന്നു. പ്രായമായ കുട്ടികളിലും മുതിര്‍ന്നവരിലും ഉണ്ടാകുന്ന കോങ്കണ്ണ് ഡിപ്ലോപിയക്ക് (Double vision) കാരണമാകുന്നു. നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കും കോങ്കണ്ണ് കാരണമാകുന്നു.
  ആംബ്ലിയോപിയ
  കണ്ണും തലച്ചോറും തമ്മിലുള്ള തെറ്റായ സന്ദേശ കൈമാറ്റം മൂലം കണ്ണിന്റെ കാഴ്ച കുറയുന്നതിനെയാണ് ആംബ്ലിയോപിയ എന്നു പറയുന്നത്. ജനനം മുതല്‍ ആറു വയസ്സു വരെ കാഴ്ചയെ തടസ്സപ്പെടുത്തുന്ന എന്തും ആംബ്ലിയോപിയക്ക് കാരണമാകുന്നു. കോങ്കണ്ണ് ആണ് ആംബ്ലിയോപിയയുടെ മുഖ്യ കാരണം. കണ്ണുകള്‍ വ്യത്യസ്ത ദിശയിലേക്ക് പോകുമ്പോള്‍ രണ്ടു കണ്ണുകളില്‍നിന്നും രണ്ടു വ്യത്യസ്ത ചിത്രങ്ങള്‍ തലച്ചോറിലേക്ക് അയക്കുന്നു. അതിന്റെ ഫലമായി ഒരു വസ്തുവിനെ രണ്ടായി കാണുന്നു (double vision). ഇത് തടയുന്നതിനായി മസ്തിഷ്‌കം ഒരു കണ്ണില്‍നിന്നുള്ള സന്ദേശങ്ങള്‍ അവഗണിക്കാന്‍ തുടങ്ങുന്നു. അതായത് തെറ്റായി രൂപകല്‍പന ചെയ്ത കണ്ണിന്റെ പ്രവര്‍ത്തനത്തെ മസ്തിഷ്‌കം അടിച്ചമര്‍ത്തുന്നു. അങ്ങനെ പതുക്കെ ആ കണ്ണിന്റെ കാഴ്ച കുറയുന്ന അവസ്ഥയാണ് ആംബ്ലിയോപിയ.
  glass

  ആംബ്ലിയോപിയ വന്നു കഴിഞ്ഞാല്‍ അത് കണ്ണിന്റെ ബൈനോക്കുലര്‍ വിഷനെ ബാധിക്കുന്നു. ഇതുമൂലം രണ്ടു വസ്തുക്കള്‍ തമ്മിലുള്ള ആപേക്ഷിക ദൂരം അളക്കുന്നതിനുള്ള കഴിവും കുറയുന്നു. ഇവര്‍ക്ക് വാഹനങ്ങള്‍ ഓടിക്കുന്നതിനും കാര്‍ പാര്‍ക്ക് ചെയ്യുന്നതിനും കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. വായിക്കുമ്പോള്‍ വാക്കുകള്‍ ചലിക്കുകയോ ഇരട്ടിയാകുന്നതായോ തോന്നും. ഇത്തരം ലക്ഷണങ്ങള്‍ ഇവര്‍ക്ക് ഉത്കണ്ഠയ്ക്ക് കാരണമാകുന്നു.
  ആറുവയസ്സിനു താഴെയുള്ള മൂന്നു ശതമാനം കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ആംബ്ലിയോപിയ ഉണ്ടെന്ന് കണക്കാക്കുന്നു.
  മാനസികാരോഗ്യ പ്രശ്‌നങ്ങള്‍
  കോങ്കണ്ണ് കുട്ടികളിലും മാതാപിതാക്കളിലും നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കുന്നു. ഏകദേശം നാലുവയസ്സുള്ളപ്പോള്‍ തന്നെ കുട്ടികളെ ബാധിക്കാന്‍ തുടങ്ങുന്ന ഈ മാനസിക സാമൂഹിക പ്രത്യാഘാതങ്ങള്‍ പരിഹരിക്കാതിരുന്നാല്‍ കൗമാരത്തിലും യൗവ്വനത്തിലും ഈ പ്രശ്‌നങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതകള്‍ ഉണ്ട്.
  ആത്മവിശ്വാസകുറവ്, സമപ്രായക്കാര്‍ ഒറ്റപ്പെടുത്തല്‍, മറ്റുള്ളവരുടെ പരിഹാസം, സമപ്രായക്കാരുമായി ഉണ്ടാകുന്ന വഴക്കുകള്‍, ആശയവിനിമയത്തിനുള്ള ബുദ്ധിമുട്ട്, ഉത്ക്കണ്ഠ, വിഷാദരോഗം, ഹെപ്പര്‍ ആക്റ്റിവിറ്റി, പഠനവൈകല്യങ്ങള്‍, സഭാകമ്പം മുതലായവ കുട്ടികളില്‍ കാണുന്നു.
  മുതിര്‍ന്നവരിലും വിഷാദരോഗവും ഉത്കണ്ഠയും, പൊതുപരിപാടികളില്‍ പങ്കെടുക്കാനുള്ള വിമുഖത, ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുവാനുള്ള ആത്മവിശ്വാസക്കുറവ്, ജീവിതപങ്കാളിയെ കണ്ടെത്തുവാനുള്ള ബുദ്ധിമുട്ട് മുതലായവ കാണുന്നു. അതുപോലെ കോങ്കണ്ണുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് വിഷാദരോഗം കൂടുതലായി കണ്ടുവരുന്നുണ്ട്.
  ഡോക്ടറെ കാണേണ്ടത്
  മൂന്നുമാസത്തിനു താഴെയുള്ള കുട്ടികളില്‍ ഇടയ്ക്കിടെ വന്നുപോകുന്ന കോങ്കണ്ണ് സാധാരണമാണ്. മൂന്നുമാസത്തിന് മുകളില്‍ പ്രായമായ കുട്ടികളില്‍ ഇത് ഇടയ്ക്കിടെ വന്നുപോകുന്നതായി കാണാന്‍ വിദഗ്‌ധോപദേശം തേടേണ്ടതാണ്.
  കുട്ടികള്‍ നോക്കുമ്പോള്‍ പതിവായി തല ഒരുവശത്തേക്ക് തിരിക്കുക അല്ലെങ്കില്‍ ഒരു കണ്ണ് അടയ്ക്കുക, മുതിര്‍ന്നവരില്‍ കാണുന്ന ഡബിള്‍ വിഷന്‍ എന്നിവ കണ്ടാല്‍ പരിശോധനകള്‍ ആവശ്യമാണ്.
  ചികിത്സ
  നേരത്തെതന്നെ രോഗനിര്‍ണയം നടത്തി ചികിത്സിക്കുകയാണെങ്കില്‍ കാഴ്ചാനഷ്ടം തടയുവാനും നഷ്ടപ്പെട്ട കാഴ്ച പൂര്‍ണമായും വീണ്ടെടുക്കാനും സഹായിക്കും. കാഴ്ചാശക്തിയുടെ വികസനം ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ സംഭവിക്കുന്നതിനാല്‍ ആദ്യവര്‍ഷങ്ങളില്‍ തന്നെ കുട്ടികള്‍ക്ക് സമഗ്രമായ കാഴ്ച വിലയിരുത്തല്‍ പരിശോധനകള്‍ ലഭ്യമാക്കേണ്ടതാണ്. ആറുവയസ്സിന് മുന്‍പുള്ള ചികിത്സയാണ് കൂടുതല്‍ ഫലപ്രദമെങ്കിലും ഏതു പ്രായക്കാര്‍ക്കും കോങ്കണ്ണ് ചികിത്സയിലൂടെ പരിഹരിക്കാന്‍ സാധിക്കും.
  1. കണ്ണടകള്‍: ഹെപ്പര്‍മെട്രോപിയ അല്ലെങ്കില്‍ ദീര്‍ഘദൃഷ്ടിയാണ് കോങ്കണ്ണിന് കാരണമാകുന്നതെങ്കില്‍ കണ്ണടകള്‍ ഉപയോഗിച്ച് അത് ശരിയാക്കാനാകും.
  2. ഐ പാച്ച് (ഒരു കണ്ണ് മറയ്ക്കുക): ഇത് കണ്ണുകളുടെ സ്ഥാനം ശരിക്കാനുള്ള ചികിത്സാരീതിയല്ല. ആംബ്ലിയോപിയ ബാധിച്ച കണ്ണിന്റെ കാഴ്ചശക്തി വീണ്ടെടുക്കുന്നതിനായി ഈ ചികിത്സ സഹായിക്കും. ഇവിടെ കുട്ടികളുടെ രോഗമില്ലാത്ത കണ്ണ് മറച്ചുവെക്കുന്നു. അപ്പോള്‍ ആരോഗ്യമില്ലാത്ത കണ്ണിലൂടെ മാത്രമേ ഇവര്‍ക്ക് കാണാനാവുകയുള്ളൂ. അങ്ങനെ ദുര്‍ബലമായ കണ്ണിന്റെ കാഴ്ച വീണ്ടെടുക്കുവാന്‍ പ്രേരിപ്പിക്കുന്നു.
  3. നേത്ര വ്യായാമങ്ങള്‍:കണ്ണിന്റെ ചലനങ്ങള്‍ നിയന്ത്രിക്കുന്ന പേശികള്‍ക്കുള്ള ഈ വ്യായാമങ്ങള്‍ കണ്ണുകള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും. ഇതിലൂടെ കണ്ണിലെ പേശികള്‍ക്ക് ക്രോഡീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വീണ്ടെടുക്കാനാകും.
  4. തുള്ളിമരുന്നുകള്‍: തുള്ളിമരുന്നുകള്‍ കുട്ടികളിലെ ആംബ്ലിയോപിയയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. ഇത് കണ്ണിന്റെ തെറ്റായ സ്ഥാനം ശരിയാക്കാനുള്ള ചികിത്സാരീതിയല്ല. അട്രോപിന്‍ (Atropine) പോലെയുള്ള തുള്ളിമരുന്നുകളാണ് ഇവിടെ ഉയോഗിക്കുന്നത്. ഇത് കുട്ടികളുടെ ആരോഗ്യമുള്ള കണ്ണില്‍ ഒഴിക്കുമ്പോള്‍ ആ കണ്ണിലെ കൃഷ്ണമണി വികസിക്കുകയും അതിനാല്‍ ആ കണ്ണിന്റെ കാഴ്ച മങ്ങുകയും ചെയ്യുന്നു. അപ്പോള്‍ കുട്ടികള്‍ ആംബ്ലിയോപിയ ബാധിച്ച കണ്ണുകള്‍ കാഴ്ചക്കായി കൂടുതല്‍ ഉപയോഗിക്കുന്നു. അങ്ങനെ രോഗം ബാധിച്ച കണ്ണിന്റെ കാഴ്ചശക്തി കൂടുന്നു.
  5. ബോട്ടുലിനം ടോക്‌സിന്‍: കണ്ണിലേക്കുള്ള ഈ മരുന്നിന്റെ കുത്തിവയ്പ്പ് കണ്ണുകളെ ശരിയായി വിന്യസിക്കുന്നതില്‍ നിന്നും തടയുന്ന പേശികളെ തളര്‍ത്തുന്നു. പക്ഷേ ഈ ചികിത്സയുടെ ഫലം ചിലപ്പോള്‍ കുറച്ച് മാസങ്ങള്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ.
  5. ശസ്ത്രക്രിയ: കോങ്കണ്ണിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയാണിത്. ഈ ശസ്ത്രക്രിയകള്‍ക്ക് 95 ശതമാനം വിജയസാധ്യതയുണ്ട്. വളരെക്കാലമായി കോങ്കണ്ണ് ചികിത്സിച്ചില്ലെങ്കിലും കണ്ണുകളുടെ വിന്യാസം മെച്ചപ്പെടുത്താനും കാഴ്ചശക്തി വീണ്ടെടുക്കാനും ഇത് സഹായിക്കും. ആദ്യഘട്ടത്തില്‍ തന്നെ ഈ അവസ്ഥ ശരിയാക്കുന്നത് വളരെ നല്ലതാണ് എന്നതിനാല്‍ ശസ്ത്രക്രിയ കുട്ടികളില്‍പോലും സുരക്ഷിതമായി നടത്താന്‍ കഴിയും. ഇത് ഏതുപ്രായക്കാര്‍ക്കും സ്വീകരിക്കാവുന്ന ചികിത്സയാണ്.
  മുതിര്‍ന്നവരില്‍ കോങ്കണ്ണ് ശസ്ത്രക്രിയ ഒരു സൗന്ദര്യവര്‍ധക പ്രക്രിയ മാത്രമാണെന്ന് പലര്‍ക്കും ഒരു ധാരണയുണ്ട്. വാസ്തവത്തില്‍ അതു ശരിയല്ല. ഈ ശസ്ത്രക്രിയയിലൂടെ മിക്ക രോഗികള്‍ക്കും നേത്ര വിന്യാസത്തില്‍ ശ്രദ്ധേയമായ പുരോഗതി ലഭിക്കുന്നു. കോങ്കണ്ണിന്റെ തരത്തേയും കാഠിന്യത്തേയും ആശ്രയിച്ച് ചിലര്‍ക്ക് ഒന്നിലധികം ശസ്ത്രക്രിയകള്‍ ആവശ്യമായി വന്നേക്കാം. ചിലപ്പോള്‍ രണ്ടു കണ്ണുകളിലും ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.
  ജനറല്‍ അനസ്‌തേഷ്യ നല്‍കി രോഗിയെ ബോധം കെടുത്തിയിട്ടോ അല്ലെങ്കില്‍ ലോക്കല്‍ അനസ്‌തേഷ്യ നല്‍കി തരിപ്പിച്ചിട്ടോ ഈ ശസ്ത്രക്രിയകള്‍ നടത്താം.
  ശസ്ത്രക്രിയയിലൂടെ കണ്ണിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന ചില പേശികളെ (extraocular muscles) ബലപ്പെടുത്താനും അയവുള്ളതാക്കാനും സാധിക്കുന്നു. അങ്ങനെ കണ്ണുകള്‍ക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും. അപ്പോള്‍ ഇത് രണ്ട് കണ്ണുകളില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ സംയോജിപ്പിക്കാന്‍ കണ്ണുകളെ സഹായിക്കും.
  ശസ്ത്രക്രിയ കഴിഞ്ഞ അന്നുതന്നെ രോഗികള്‍ക്ക് വീട്ടിലേക്ക് മടങ്ങാം എന്നതാണ് ഇതിന്റെ പ്രത്യേകത. കിടത്തി ചികിത്സയൂടെയോ ദീര്‍ഘകാല വിശ്രമത്തിന്റെയോ ആവശ്യമില്ല. ഏകദേശം ഒരാഴ്ചയ്ക്കുശേഷം സാധാരണ ജീവിതം തുടരാം.
  (ഒല്ലൂര്‍ ഡോ. മിനുസ് ഐ ക്ലിനിക്, പറവട്ടാനി ഐ വിഷന്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ ഫാക്കോ & ഓകുലോപ്ലാസ്റ്റി സര്‍ജനും കോസ്‌മെറ്റിക് ഐ സര്‍ജനുമാണ് ലേഖിക)
  Content Highlights: Squint eye strabismus surgery you needs to know, Health, Eye Health, Eye Care

   


  Also Watch

  Add Comment
  Related Topics

  Get daily updates from Mathrubhumi.com

  Newsletter
  Youtube
  Telegram

  വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..   

  IN CASE YOU MISSED IT
  modi

  1 min

  മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

  Mar 31, 2023


  viral video

  'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

  Mar 30, 2023


  amit shah

  1 min

  എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

  Mar 30, 2023

  Most Commented