നിങ്ങളുടെ കുട്ടിക്ക് ചില ശബ്ദങ്ങള്‍ വ്യക്തതയോടെ പറയാന്‍ പറ്റാതിരിക്കുകയും അത് കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ? ഇത് ഒരു പക്ഷേ സ്പീച്ച് സൗണ്ട് ഡിസോര്‍ഡര്‍ ആയിരിക്കാം.

എന്താണ് സ്പീച്ച് സൗണ്ട് ഡിസോര്‍ഡര്‍

കുട്ടികളില്‍ സംസാരം, ഭാഷ എന്നിവ വികസിക്കുന്ന സമയത്ത് ചില ശബ്ദങ്ങള്‍ തെറ്റായി ഉച്ചരിക്കുന്നതായി കാണാറുണ്ട്. ചില ശബ്ദങ്ങള്‍ നേരത്തെ പറഞ്ഞു തുടങ്ങുകയും (ഉദാ: പ, മ) ചിലത് പറഞ്ഞു തുടങ്ങാന്‍ കുറച്ചു സമയമെടുക്കുകയും ചെയ്യും. ഒട്ടുമിക്ക കുട്ടികള്‍ക്കും നാലു വയസ്സ് പൂര്‍ത്തിയാകുന്നതോടുകൂടി ഏറെക്കുറെ എല്ലാ ശബ്ദങ്ങളും വ്യക്തമായി പറയാന്‍ സാധിക്കും. നാലു വയസ്സ് പൂര്‍ത്തിയായിട്ടും ചില ശബ്ദങ്ങള്‍ വ്യക്തതയോടെ പറയാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഒരു പക്ഷേ സ്പീച്ച് സൗണ്ട് ഡിസോര്‍ഡര്‍ ആയിരിക്കാം. 

സ്പീച്ച് സൗണ്ട് ഡിസോര്‍ഡറിനെ ഉച്ചാരണ പ്രശ്‌നം (articulation disorder), സ്വര ശാസ്ത്രപരമായ പ്രശ്‌നം (phonological disorder) എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. ചില കുട്ടികളില്‍ മേല്‍പ്പറഞ്ഞവ ഒരുമിച്ചും കാണാറുണ്ട്.

മുതിര്‍ന്നവര്‍ക്കും സ്പീച്ച് സൗണ്ട് ഡിസോര്‍ഡര്‍ ഉണ്ടാകാം. ചിലരില്‍ ചെറിയ പ്രായം മുതലേയുള്ള  പ്രശ്‌നമായിരിക്കും. ചിലര്‍ക്ക്  മസ്തിഷ്‌കാഘാതം, പക്ഷാഘാതം തുടങ്ങിയവ കാരണമുള്ള പ്രശ്‌നമായിരിക്കും. 

ലക്ഷണങ്ങള്‍

  • ചില ശബ്ദത്തിന് പകരം മറ്റൊരു ശബ്ദം പറയുക.
  • ചില ശബ്ദങ്ങള്‍ വിട്ടുകളയുക
  • ചില ശബ്ദം കൂട്ടിച്ചേര്‍ക്കുക
  • ശബ്ദം മാറ്റി പറയുക

ഈ ലക്ഷണങ്ങളോടുള്ള സംസാരം മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും.

കൊച്ചു കുട്ടികള്‍ സംസാരിച്ചു തുടങ്ങുമ്പോഴുള്ള തെറ്റായ ശബ്ദ ഉച്ചാരണം സാധാരണയായിട്ടുള്ളതാണ്. ഇത് പ്രശ്‌നമുള്ള കാര്യമല്ല. പ്രായമാകുന്തോറും ഈ അവസ്ഥ തുടരുകയാണെങ്കില്‍ ഇതൊരു പ്രശ്‌നമായി കാണേണ്ടതാണ്. 
നിങ്ങളുടെയും കുട്ടിയുടെയും ശബ്ദ ഉച്ചാരണത്തില്‍ വ്യത്യാസമുണ്ടാകും. കാരണം ഉച്ചാരണം/ഭാഷ ഭേദം കൊണ്ടോ ആയിരിക്കും. ഇത് സ്പീച്ച് സൗണ്ട് ഡിസോര്‍ഡര്‍ അല്ല. 

കാരണം

സ്പീച്ച് സൗണ്ട് ഡിസോര്‍ഡറിന്റെ യഥാര്‍ഥ കാരണം അവ്യക്തമാണ്. ഒട്ടുമിക്ക കുട്ടികളിലും കാരണങ്ങളില്ലാതെ തന്നെ കണ്ടുവരുന്നു. പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്കുട്ടികളിലാണ് കൂടുതലായും കണ്ടുവരുന്നത്. 

പ്രസവ സമയത്തുള്ള മാനസിക പിരിമുറുക്കം (maternal stress), ഗര്‍ഭാവസ്ഥയിലെ അണുബാധ, പ്രസവ സമയത്തെ സങ്കീര്‍ണത, മാസം തികയാതെയുള്ള പ്രസവം, തൂക്കക്കുറവ് തുടങ്ങിയവ സംസാരം വൈകാന്‍ കാരണമായേക്കാം.

കുടുംബാംഗങ്ങള്‍ക്ക്  (മാതാപിതാക്കള്‍, സഹോദരങ്ങള്‍) സംസാരം, ഭാഷ പ്രശ്നമുണ്ടെങ്കിലും സാധ്യത കൂടുതലാണ്.

കേള്‍വിക്കുറവ് ധസ്ഥിരമായ ചെവിയിലെ ഒലിപ്പ് (otitis media with effusion) സംബന്ധമായ കേള്‍വി കുറവും കാരണമായേക്കും. മുചുണ്ട്/മുറിച്ചുണ്ട്, ഓട്ടിസം, ഡൗണ്‍സിന്‍ഡ്രോം, സെറിബ്രല്‍ പാള്‍സി, ഇന്റലക്ച്വല്‍ ഡിസബിലിറ്റി തുടങ്ങിയ അവസ്ഥകളിലും സംസാര-ശബ്ദ പ്രശങ്ങളുണ്ടാകും.

എങ്ങനെ പരിഹരിക്കാം

സംസാര-ശബ്ദ പ്രശ്‌നമുള്ളവരുടെ പരിശോധന, വിലയിരുത്തല്‍, രോഗനിര്‍ണയം, ചികിത്സ എന്നിവയില്‍ സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് ആന്‍ഡ് ഓഡിയോളജിസ്റ്റ് പ്രധാന പങ്ക് വഹിക്കുന്നു.

  • സംസാരിക്കാന്‍ ആവശ്യമായ ചുണ്ടുകള്‍, നാവ്, പല്ല്, അണ്ണാക്ക്, ചെറുനാക്ക് തുടങ്ങിയവയുടെ ഘടനയും പ്രവര്‍ത്തനങ്ങളും വിശദമായി പരിശോധിച്ച് അസാധാരണത്വം (ഉദാ: മുച്ചുണ്ട്/മുറിച്ചുണ്ട്, നാവിന്റെ താഴെയുള്ള കെട്ട്, ദന്ത തടസ്സം, പല്ലുകളുടെ വ്യതിചലനം) ഇല്ല എന്ന് ഉറപ്പുവരുത്തണം. അഥവാ ഉണ്ടെങ്കില്‍ ഇ.എന്‍.ടി. വിഭാഗം, ഡെന്റല്‍ വിഭാഗം  സ്‌പെഷ്യലിസ്റ്റുകളെ കാണിച്ചു ഉചിതമായ ചികിത്സ തേടേണ്ടതാണ്.
  • കേള്‍വി പരിശോധന (hearing evaluation) നടത്തേണ്ടതും കേള്‍വിക്കുറവില്ല എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. കാരണം കേള്‍വിക്കുറവുള്ളവര്‍ക്ക് സംസാര-ഭാഷ മനസിലാക്കി പഠിക്കാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം.
  • സംസാര-ഭാഷ വൈദഗ്ധ്യം (speech-language skills) എങ്ങനെയെന്ന് മനസ്സിലാക്കാനുള്ള ടെസ്റ്റ്, സംസാര ശബ്ദ പരിശോധന (speech sound assessment) തുടങ്ങിയ രീതികളിലൂടെ രോഗനിര്‍ണയം നടത്തി പ്രശ്നത്തിന്റെ തോതനുസരിച്ച് അനുയോജ്യമായ രീതികളിലൂടെയുള്ള (ഉദാ: മേറ്റാഫോന്‍ തെറാപ്പി, സ്പീച്ച് സൗണ്ട് പേര്‍സെപ്ഷന്‍ ട്രെയ്‌നിങ്, ഡിസ്റ്റിന്‍ക്റ്റീവ് ഫീച്ചര്‍ തെറാപ്പി, ഓറല്‍ മോട്ടോര്‍ തെറാപ്പി) സ്പീച്ച് തെറാപ്പി നല്‍കി സംസാര-ശബ്ദങ്ങളെ ശരിയായ രീതിയിയിലേക്ക് മാറ്റിയെടുക്കാന്‍ സാധിക്കും. നേരത്തേ കണ്ടുപിടിക്കുന്നത് ചികിത്‌സയും രോഗമുക്തിയും എളുപ്പമാക്കും.

വിവരങ്ങള്‍ക്ക് കടപ്പാട്: 
മഷൂദ് ടി.പി. 
കണ്‍സള്‍ട്ടന്റ് ഓഡിയോളജിസ്റ്റ്& സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ് 
ജയ്ഹിന്ദ് മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിസെന്റര്‍
നാദാപുരം, കോഴിക്കോട്

Content Highlights: Speech Sound Disorders Parents and Teachers needs to know, Health, Kids Health