കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളിൽ തുടർചികിത്സ വേണ്ടിവരുന്നവരിലേറെയും ശ്വാസകോശ (സി.ഒ.പി.ഡി.) രോഗികൾ. ഇവരിൽ കോവിഡ് ഗുരുതരമാവാൻ സാധ്യത കൂടുതലാണെന്ന് ഡോക്ടർമാർ പറയുന്നു.

ദീർഘകാല ശ്വാസതടസ്സ രോഗമാണ് സി.ഒ.പി.ഡി. ശ്വാസകോശ പ്രവർത്തനക്ഷമത നിരന്തരം കുറഞ്ഞുവരുന്ന രോഗാവസ്ഥയാണിത്. മരണം ഉറപ്പാക്കുന്ന രോഗങ്ങളുടെ പട്ടികയിൽ ഹൃദായാഘാതത്തിനും മസ്തിഷ്കാഘാതത്തിനും പിന്നിൽ മൂന്നാംസ്ഥാനത്താണ് സി.ഒ.പി.ഡി.

നവംബർ 18 ലോക സി.ഒ.പി.ഡി. ദിനമാണ്. കോവിഡ് കാലത്ത് സി.ഒ.പി.ഡി. രോഗികൾക്ക് പ്രത്യേക കരുതൽ വേണം. ഇവർക്ക് കോവിഡ് ബാധിച്ചാൽ അനന്തരഫലം രൂക്ഷമായേക്കുമെന്ന് ഡോക്ടർമാർ പറയുന്നു. ലോകത്ത് അമ്പതു വയസ്സിനു മുകളിലുള്ള 10 ശതമാനം പേരും സി.ഒ.പി.ഡി. രോഗികളാണ്.

ലക്ഷണങ്ങൾ സമാനം

വിട്ടുമാറാത്ത ചുമ, കഫകെട്ട്, ശ്വാസതടസ്സം തുടങ്ങിയ കോവിഡ് സമാന ലക്ഷണങ്ങളാണ് സി.ഒ.പി.ഡി.ക്കും. സി.ഒ.പി.ഡി. രോഗികൾക്ക് ശ്വാസകോശ അണുബാധയുണ്ടാവാൻ സാധ്യതയേറെയാണ്. ചെറിയ പനിപോലും ഇത്തരക്കാർക്ക് ന്യൂമോണിയയായിത്തീരാം.

25-30 വയസ്സ് മുതൽ ശ്വാസകോശ പ്രവർത്തനക്ഷമത വർഷംതോറും കുറഞ്ഞുവരും. സി.ഒ.പി.ഡി. രോഗികളിൽ ഇതു നാലുമടങ്ങ് വേഗത്തിലാണു സംഭവിക്കുന്നത്. പുകവലിയാണ് രോഗത്തിനുള്ള പ്രധാന കാരണം. രാസവസ്തുക്കളുടെ സാന്നിധ്യവും അന്തരീക്ഷ മലിനീകരണവും കാരണമാകാം.

വേണം കർശന ശ്രദ്ധ

  • സി.ഒ.പി.ഡി.യുള്ളവർക്കും പ്രത്യേകിച്ചും വയോജനങ്ങൾക്ക് കോവിഡ് കാലത്ത് കർശന ശ്രദ്ധ വേണം.
  • കോവിഡിന് വീട്ടുചികിത്സയിൽ തുടർന്നാലും നിലവിൽ ഉപയോഗിക്കുന്ന എല്ലാ മരുന്നുകളും തുടരുക.
  • ഡോക്ടറുടെ നിർദേശാനുസരണം മാത്രം മരുന്നുകളുടെ അളവിലും എണ്ണത്തിലും മാറ്റംവരുത്തുക.

ആരംഭഘട്ടത്തിൽ ചികിത്സതേടുക

ഇടയ്ക്കിടെയുണ്ടാകുന്ന ചുമയും ശ്വാസംമുട്ടലും സി.ഒ.പി.ഡി.യുടെ തുടക്കമാകാം. ആരംഭഘട്ടത്തിൽത്തന്നെ ചികിത്സയും പ്രതിരോധവും സ്വീകരിക്കണം. സമീകൃതാഹാരം, കൃത്യമായ ശ്വസന വ്യായാമം എന്നിവ ശീലമാക്കുക.

- ഡോ. പി.എസ്. ഷാജഹാൻ
അഡീഷണൽ പ്രൊഫസർ
പൾമണറി മെഡിസിൻ വിഭാഗം
ആലപ്പുഴ മെഡിക്കൽ കോളേജ്

Content Highlights:Special care should be taken for lung patients during Covid19 Corona Virus outbreak, Health, COPD