സൂര്യഗ്രഹണത്തെ പേടിക്കണോ? നേരിട്ടുകണ്ടാല്‍ കാഴ്ച്ച നഷ്ടപ്പെടുന്നതിങ്ങനെ


ഡോ. മനോജ് വെള്ളനാട്, ഡോ. നവജീവന്‍ (ഇന്‍ഫോക്ലിനിക്)

സൂര്യഗ്രഹണം കാണാന്‍ സോളാര്‍ ഫില്‍ട്ടര്‍ കണ്ണടകള്‍ ഉപയോഗിക്കണം. അല്ലെങ്കില്‍ കണ്ണിന് പ്രശ്‌നങ്ങളുണ്ടാകും

സൂര്യഗ്രഹണത്തെ പേടിക്കണോ?

വേണം.

ആരൊക്കെ?

അന്ധവിശ്വാസികള്‍ മാത്രം.

അതെ, സൂര്യഗ്രഹണത്തെ പേടിക്കേണ്ടവര്‍ ഇതെന്തോ ദിവ്യാത്ഭുതമെന്നോ വരാന്‍ പോകുന്ന പ്രകൃതിദുരന്തത്തിന്റെ സൂചനയെന്നോ കരുതുന്ന അന്ധവിശ്വാസികള്‍ മാത്രമാണ്. സൂര്യഗ്രഹണമെന്നാല്‍ സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ വരിയില്‍ വരുന്നത് കൊണ്ട്, ഒരു താത്കാലിക മറയുണ്ടാവുന്നത് മാത്രമാണെന്ന് ഇന്ന് നമുക്കറിയാം. അതുകൊണ്ട് മനുഷ്യര്‍ക്കോ, ഭൂമിയിലെ ഏതെങ്കിലും ജീവികള്‍ക്കോ സൂര്യഗ്രഹണം കാരണം ഒരു പ്രശ്‌നവുമുണ്ടാവില്ല.

*ങേ..? പുറത്തിറങ്ങിയാല്‍ സൂര്യനില്‍ നിന്നു വരുന്ന മാരകരശ്മികളേറ്റ് നമ്മള്‍ ചത്തുപോവില്ലേ..? ആ അള്‍ട്രാവയലൊറ്റൊക്കെ ഡേഞ്ചറസാന്ന് പറഞ്ഞിട്ട്?!

ആ പറഞ്ഞത് പൊട്ടത്തരമാണ്. സൂര്യഗ്രഹണ സമയത്തുള്ളതും സാധാരണ സൂര്യന്‍, അതേ ചന്ദ്രന്‍, അതേ ഭൂമി, അതേ നമ്മള്‍ ഒക്കെ തന്നെ. സാധാരണ ദിവസം വരുന്ന രശ്മികള്‍ തന്നെയാണന്നും വരുന്നത്. അതോ, എന്നത്തേക്കാട്ടിലും കുറഞ്ഞ അളവിലും. അവരെ പറ്റി ചെറുതായിട്ടൊന്ന് പറഞ്ഞു തരാം.

സൂര്യപ്രകാശമെന്ന് പറഞ്ഞാല്‍, നമ്മള്‍ കണ്ണുകൊണ്ടറിയുന്ന ദൃശ്യപ്രകാശം മാത്രമല്ലാ. സൂര്യനില്‍ നിന്നും കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റഴ്‌സ് സഞ്ചരിച്ചെത്തുന്ന സൂര്യാംശുവിലെ 'ചൂടി'ന് കാരണം ഇന്‍ഫ്രാറെഡ് തരംഗങ്ങളാണ്. അവ നമുക്ക് കാണാന്‍ പറ്റില്ല. അതുപോലെ കാണാന്‍ പറ്റാത്ത മറ്റൊരാളുണ്ട്. ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍ കാരണമുള്ള 'ഒടുക്കത്തെ ചൂടി'നെ പറ്റി നമ്മള്‍ വാചാലരാവുമ്പോള്‍, യഥാര്‍ത്ഥ വില്ലന്‍ ദൃശ്യപ്രകാശത്തിന് പിന്നില്‍ മറഞ്ഞിരുന്ന് ചിരിക്കുകയാണ്. അയാളാണ്, സാക്ഷാല്‍ അള്‍ട്രാവയലറ്റ് (യു.വി.). സൂര്യാഘാതമൊക്കെ ഏല്‍ക്കുമ്പോള്‍ തൊലി പൊള്ളുന്നത്, ചൂടുകൊണ്ടല്ലാ, യു.വി. രശ്മികള്‍ കാരണമാണ്.

സൂര്യന്, അള്‍ട്രാവയലറ്റമ്മയില്‍ മൂന്ന് മക്കളാണുള്ളത്. UV-A, UV-B, UV-C എന്നൊക്കെയാണ് അവരുടെ പേരുകള്‍. ഇതില്‍ UV-C എന്ന വഴക്കാളി, ഭൂമിയിലേക്കുള്ള സഞ്ചാരപാതയില്‍ ഓസോണ്‍ പാളിയുമായുള്ള യുദ്ധത്തില്‍ അകാലമൃത്യു വരിക്കും. അവന്‍ മരിച്ചില്ലായിരുന്നേല്‍ ഇവിടെ സീന്‍ ഇതിലും ഡാര്‍ക്കായേനെ. UV-B-യും യുദ്ധത്തില്‍ മുറിവേറ്റ് പരിക്ഷീണനായാണ് ഭൂമിയിലെത്തുന്നത്. ഇവിടെത്തുമ്പോള്‍ 95-98 ശതമാനം UV-A-യും 2-5 ശതമാനം UV-B യും മാത്രേ കാണൂ. സൂര്യഗ്രഹണ സമയത്ത് ചന്ദ്രന്‍ കൂടി ഇടയ്ക്കു കയറുന്നതിനാല്‍ ഈ രശ്മികളുടെ അളവ് പിന്നേം കുറവായിരിക്കും.

അതുകൊണ്ട് സാധാരണ ദിവസം പുറത്തിറങ്ങുന്നതിലും സേഫാണ് ഗ്രഹണസമയത്ത് പുറത്തിറങ്ങാന്‍.

* പേടിക്കേണ്ടതില്ലെങ്കില്‍ പിന്നെന്തിനാണീ കണ്ണട വയ്ക്കൂ, സുരക്ഷിതരാകൂ എന്നൊക്കെ വിളിച്ചു കൂവുന്നത്?

ബ്രോ, സൂര്യഗ്രഹണമെന്നത് നിങ്ങടെ ലൈഫില്‍ സംഭവിക്കാന്‍ സാധ്യതയുള്ള അപൂര്‍വമായൊരു ജ്യോതിശാസ്ത്ര പ്രതിഭാസമാണ്. അത് നിങ്ങള്‍ക്ക് കാണണ്ടേ? കാണണ്ടെങ്കില്‍ നിങ്ങള്‍ കണ്ണടയെ പറ്റി ബേജാറാവുകയേ വേണ്ട. പക്ഷേ, കൗതുകം കൂടിയിട്ട് കണ്ണട വയ്ക്കാതെ പുറത്തിറങ്ങി ഗ്രഹണസൂര്യനെ തുറിച്ച് നോക്കരുത്. കാഴ്ച നഷ്ടപ്പെട്ടേക്കാം.

കാരണം, സാധാരണ ദിവസങ്ങളില്‍ ദൃശ്യപ്രകാശത്തിന്റെ തീവ്രത കാരണം, സെക്കന്റുകളില്‍ കൂടുതല്‍ നമുക്ക് സൂര്യനെ നേരിട്ട് നോക്കാന്‍ കഴിയില്ല. കൃഷ്ണമണി പെട്ടന്ന് ചുരുങ്ങുകേം ചെയ്യും. ഗ്രഹണസമയത്ത് പക്ഷേ, ആ തീവ്രതയില്ലാത്തത് കാരണം സൂര്യനെ നമുക്ക് പുല്ലുവിലയായിരിക്കും. ചുമ്മാ നോക്കി നിക്കാന്‍ തോന്നും. കൃഷ്ണമണി വിടര്‍ന്ന് വിലസി നില്‍ക്കും. അദൃശ്യരായ UV രശ്മികളുടെ അളവ് സാധാരണയിലും കുറവാണെങ്കിലും, ഉള്ളത് മൊത്തം കണ്ണിലെ റെറ്റിനയില്‍ ചെന്ന് വീഴും. കാഴ്ചയുടെ ഫ്യൂസ് കേടാവാന്‍ അതുമതി.

കണ്ണിന് എങ്ങനെയാ കേട് പറ്റുന്നത് എന്നത് അറിയണമെങ്കില്‍ ഇത് വായിച്ചുനോക്കൂ.

സോളാര്‍ റെറ്റിനോപ്പതി (Solar Retinopathy) എന്ന് പറയുന്ന അവസ്ഥയാണ് കാരണം.
ഗ്രഹണ സൂര്യകിരണങ്ങളിലെ യു.വി. രശ്മികള്‍ കണ്ണിനുള്ളിലെ നേത്രകലകളുടെ താപനില ഉയര്‍ത്തുന്നു. വളരെ ചെറിയ കൃഷ്ണമണി ദ്വാരത്തിലൂടെ (3 മില്ലിമീറ്റര്‍) സൂര്യനെ നേരിട്ട് നോക്കിയാല്‍ 4°C വരെ ചൂട് ഉയരും. ഇത് ഒരൊറ്റ നോട്ടത്തില്‍ നിന്നും ഉള്ളതാണ് എന്നോര്‍മ്മ വേണം. 90 സെക്കന്‍ഡിന് മുകളില്‍ ഇങ്ങനെ നോക്കി നിന്നാല്‍ താപനില ക്രമാതീതമായി ഉയരുകയും ഒടുവില്‍ നേത്രപടലത്തിലെ (Retina) കലകള്‍ക്ക് നാശം സംഭവിക്കുകയും ചെയ്യും (photochemical effect). കൃഷ്ണമണി സ്ഥിരമായി വികസിച്ചു (Dilated) നില്‍ക്കുന്നവരില്‍ കൃഷ്ണമണിയുടെ വികാസം 7 മില്ലിമീറ്റര്‍ വരെയോ അതിന് മുകളിലോ ആകാം. ആ അവസ്ഥയില്‍ 'ഗ്രഹണ കിരണങ്ങള്‍ ' അകത്തു പ്രവേശിച്ചാല്‍ 22°C എങ്കിലും താപം ഉയരാം.

ലക്ഷണങ്ങള്‍ സാധാരണ ഒന്ന് മുതല്‍ നാല് മണിക്കൂറിനുള്ളില്‍ ആരംഭിക്കും.
* ഒരു കണ്ണിലോ രണ്ട് കണ്ണിലോ കാഴ്ചയ്ക്ക് മങ്ങല്‍ അനുഭവപ്പെടുക (decreased vision)
* നാം കാണുന്ന വസ്തുക്കളുടെ രൂപം, വലുപ്പം മുതലായവ വികൃതമായി തോന്നുക. (Metamorphopsia).
* നമ്മുടെ കാഴ്ചമണ്ഡലത്തില്‍ കറുത്ത പൊട്ട് പോലെയുള്ള ഇരുട്ട് അനുഭവപ്പെടുക (scotoma)
* വിശദമായ പരിശോധനയില്‍ നേത്രപടലത്തിലെ കാഴ്ചകലകള്‍ കൂടുതല്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഭാഗമായ പീതബിന്ദു (macula) യില്‍ ചാര കളറിലുള്ള വട്ടത്താല്‍ അതിരിട്ട മഞ്ഞ പൊട്ട് പോലെയുള്ള ഭാഗം കാണപ്പെടും. അത് കലകള്‍ നശിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്. 'ഗ്രഹണകിരണങ്ങളെ' നേത്രകവചങ്ങള്‍ ഉപയോഗിക്കാതെ എന്തോരം നേരം നോക്കി എന്നത് അനുസരിച്ചിരിക്കും നശിപ്പിക്കപ്പെട്ട കാഴ്ചകലകളുടെ സാന്നിധ്യം. ഒ.സി.ടി. (OCT) ടെസ്റ്റ് വഴി കൃത്യമായി ഇത് അറിയാന്‍ പറ്റും. ഈ നശിക്കപ്പെട്ട കലകള്‍ തിരികെ കിളിര്‍ത്തു വരാന്‍ സമയമെടുക്കും. കാഴ്ചയില്‍ നല്ലമാറ്റം വരാന്‍ സാധാരണ ആറു മാസത്തോളമെടുക്കും..പക്ഷേ, അപ്പോഴും രണ്ടും, മൂന്നും ലക്ഷണങ്ങള്‍ അങ്ങനെ തന്നെ ഉണ്ടാകാം.

ചികിത്സ
* പ്രത്യേക ചികിത്സ ഇല്ല എന്ന് തന്നെ പറയാം.
* ഗ്രഹണ സമയത്ത് സൂര്യനെ നോക്കുമ്പോള്‍ കണ്ണിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ തുടര്‍ന്ന് നോക്കുന്നത് ഉടന്‍ നിര്‍ത്തണം.
* നന്നായി ജനങ്ങളെ ബോധവത്ക്കരിക്കുകയാണ് അപകടങ്ങള്‍ കുറയ്ക്കാന്‍ ചെയ്യേണ്ടത്.
* നേത്രപടലത്തിലെ കലകള്‍ക്ക് നാശനഷ്ടം ഉണ്ടായവര്‍ക്ക് സ്റ്റിറോയ്ഡ് ഗുളികകള്‍ നല്‍കാറുണ്ട്.
* നല്ല ക്വാളിറ്റിയുള്ള സോളാര്‍ ഫില്‍ട്ടറുകള്‍ (solar filters) ഉപയോഗിക്കണം. UV, IR കിരണങ്ങള്‍ പ്രതിരോധിക്കാനുതകും വിധമായിരിക്കണം അത്. (ISO 12312-12)

എന്താണ് സോളാര്‍ ഫില്‍ട്ടര്‍?

സൂര്യനില്‍നിന്നുള്ള ഹാനികരമായ രശ്മികളെ തടയുന്ന ഫിലിം അല്ലെങ്കില്‍ കണ്ണടകളെയാണ് സോളാര്‍ ഫില്‍ട്ടര്‍ എന്ന് വിളിക്കുന്നത്. അവ കണ്ണട രൂപത്തില്‍ ആകാം അല്ലെങ്കില്‍ ബൈനോക്കുലര്‍, ഫോണ്‍ അല്ലെങ്കില്‍ ക്യാമറ കവര്‍ ചെയ്യാന്‍ പറ്റുന്ന രീതിയിലുള്ള ഫിലിം പോലെ ആവാം. പക്ഷേ ഇവ ഒരു സ്റ്റാന്‍ഡേര്‍ഡ് കമ്പനിയില്‍നിന്നും ഉണ്ടാക്കി, ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് കൂടി ഉള്ളവയാണ് എന്ന് ഉറപ്പുവരുത്തണം. ഇതില്‍ ഐ.എസ്.ഒ 12312- 2 എന്ന നമ്പര്‍ എഴുതിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. കണ്ണടയിലോ ഫിലിമിലോ എന്തെങ്കിലും പോറലോ അടയാളങ്ങളോ വീണിട്ടുണ്ടെങ്കില്‍ അവ ഒഴിവാക്കണം. കണ്ണട ധരിക്കുന്നതിനു മുമ്പായി സൂര്യനില്‍ നിന്ന് മാറി മുഖം ഒരു വശത്തേക്ക് തിരിച്ച് പിടിച്ച് കണ്ണട ധരിച്ച ശേഷം മാത്രം സൂര്യനിലേക്ക് നോക്കുക. കണ്ണട അഴിച്ചു മാറ്റുമ്പോഴും ഇതേപോലെ മുഖം സൂര്യനില്‍ നിന്നും മാറ്റി ഒരു വശത്തേക്ക് തിരിച്ചു വെച്ച ശേഷം മാത്രമേ കണ്ണട അഴിക്കാവൂ. സണ്‍ഗ്ലാസുകള്‍ എത്ര നല്ല ക്വാളിറ്റി ഉള്ളതാണെങ്കിലും സൂര്യഗ്രഹണം കാണാന്‍ ഉപയോഗിക്കാന്‍ പാടില്ല. വീട്ടില്‍ ലഭ്യമായ മറ്റ് ഫിലിമുകള്‍, എക്‌സ് റേ ഫിലിമുകള്‍ തുടങ്ങിയവയൊന്നും ഇതിനു വേണ്ടി സുരക്ഷിതമല്ല. ബൈനോക്കുലര്‍, ടെലസ്‌കോപ്പ്, മൊബൈല്‍ ഫോണ്‍ ക്യാമറ ഇവയിലൂടെ സൂര്യഗ്രഹണം നോക്കുന്നത് വളരെ അപകടകരമാണ്. സൂര്യഗ്രഹണം അതിനു വേണ്ടിയുള്ള പ്രത്യേക കണ്ണട വെച്ചിട്ട് ആണെങ്കിലും ഇത്തരത്തിലുള്ള ഉപകരണങ്ങളിലൂടെ നോക്കുകയാണെങ്കില്‍ അവയുടെ അറ്റം സോളാര്‍ ഫില്‍ട്ടര്‍ കൊണ്ട് കവര്‍ ചെയ്യണം. മൊബൈല്‍ ഫോണ്‍ ക്യാമറ കൊണ്ട് സൂര്യഗ്രഹണം പകര്‍ത്തണമെന്ന് നിര്‍ബന്ധമുള്ളവര്‍ രണ്ടു കാര്യങ്ങള്‍ ചെയ്യണം
ഒന്ന് - സ്‌പെഷ്യല്‍ കണ്ണട ഉപയോഗിക്കണം
രണ്ട് - മൊബൈല്‍ഫോണ്‍ ക്യാമറയുടെ ഭാഗത്ത് സോളാര്‍ ഫിലിം ഒട്ടിക്കണം.

പിന്നെ, ഗ്രഹണസമയത്ത് അതുകാരണം ഈ ലോകത്ത്, ഒരു മാറ്റവും സംഭവിക്കുന്നില്ല. നിങ്ങള്‍ സാധരണ ആ സമയത്ത് ചെയ്യുന്നതെന്തും ചെയ്യാം. ഏതു ഭക്ഷണം വേണേലും കഴിക്കാം. വെള്ളം കുടിക്കാം. മൂടിപ്പുതച്ചുറങ്ങാം. ഏണീം പാമ്പും കളിക്കാം. സെക്‌സ് ചെയ്യാം. യാത്ര ചെയ്യാം. സമരത്തിന് പോകാം. ബിവറേജസില്‍ ക്യൂ നില്‍ക്കാം. ഡാന്‍സ് ചെയ്യാം. പഠിപ്പിക്കാം. പഠിക്കാം. ഓപറേഷന്‍ ചെയ്യാം. മൊബൈലില്‍ സംസാരിക്കാം. അങ്ങനെ ഇഷ്ടമുള്ളതെന്തും ചെയ്യാം. നഗ്‌നനേത്രങ്ങള്‍ കൊണ്ടോ, കൗതുകം മൂത്ത് പഴയ എക്‌സ് റേ ഫിലിമിലൂടെയോ സൂര്യനെ നോക്കാതിരുന്നാ മാത്രം മതി.

പ്രിയപ്പെട്ടവരെ, സൂര്യഗ്രഹണമെന്ന് പറഞ്ഞാലിന്ന് പഴയപോലെ അന്ധവിശ്വാസങ്ങള്‍ നിറഞ്ഞ, പേടിപ്പെടുത്തുന്ന ഒരു പ്രകൃതിദുരന്തമല്ലാ. ശരിയായ അറിവിലൂടെ, എന്നാല്‍ സുരക്ഷിതമായി ആഘോഷിക്കേണ്ടൊരു പ്രപഞ്ച പ്രതിഭാസമാണ്. കണ്ണുകളെ സുരക്ഷിതമാക്കി നമുക്കിതാഘോഷിക്കാം.

Content Hihlights: Solar eclipse december 2019, eye health

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


image

ജില്ലയുടെ പേരുമാറ്റുന്നതില്‍ പ്രതിഷേധം: ആന്ധ്രയില്‍ മന്ത്രിയുടെയും എം.എല്‍.എയുടെയും വീടിന് തീയിട്ടു 

May 24, 2022

More from this section
Most Commented