നിച്ചപ്പോള്‍ തേന്‍ നിറമുള്ളൊരു കുഞ്ഞായിരുന്നു അവന്‍! പട്ടു പോലെ മിനുത്ത മുടി, പാവക്കണ്ണുകള്‍, പഞ്ഞിക്കട്ട പോലുള്ള മേനി!ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം പിറന്നവനാണ്. അവനു മുന്‍പൊരു കുഞ്ഞ് ഗര്‍ഭാവസ്ഥയില്‍ നഷ്ടപ്പെട്ടിരുന്നു. നിരാശയുടേയും ഏകാന്തതയുടേയും ഇരുണ്ട വീട്ടിലേക്കു വന്നവന്‍ പ്രകാശമായിരുന്നു. അവന്‍ ശൂന്യതയുടേയും, മുഷിവിന്റേയും ഗന്ധമുള്ള വീടിന്റെ എല്ലാ വാതിലുകളും, ജനാലകളും തുറന്നിടുവിച്ചു. ഭൂഗര്‍ഭ വേരുകളിലൂടെ, ഇലച്ചാര്‍ത്തുകളിലൂടെ, സൂര്യനെ തൊട്ട്, നക്ഷത്രങ്ങളെ കണ്ണില്‍പ്പതിപ്പിച്ചൊരു വസന്തഗന്ധിയായ കാറ്റ് തുറന്ന വീട്ടിലേക്ക്‌ സദാ കടന്നു വന്ന് കുഞ്ഞിനെ ഉമ്മ വെച്ച് പോയിരുന്നു. അച്ഛമ്മയുടെ താരാട്ടുകളില്‍, അമ്മമ്മയുടെ ഊട്ടിയൊരുക്കലികളില്‍, അച്ചാച്ചന്റെ താലോലങ്ങളില്‍, ഉണ്ണിയെ തേടി വന്നെത്തുന്ന വിരുന്നുകാരുടെ പുന്നാരങ്ങളില്‍ വീടൊരു തൊട്ടില്‍ പോലെ ആലോലമാടി!

കുഞ്ഞിക്കരച്ചിലുകളിലും കുറകലുകളിലും കുറുക്കിന്റേയും മഞ്ഞളെണ്ണയുടേയും ബേബി പൗഡറിന്റേയും ശബ്ദ ഗന്ധ സംവേദങ്ങളിലും അത് രോമാഞ്ചം കൊണ്ടു നിന്നു..കാത്തിരുന്നു കിട്ടിയ കുഞ്ഞിനു മുന്‍പില്‍ നിധി കാക്കുന്ന ഭൂതം പോലെയായിരുന്നു ഞാന്‍.! ഉത്ക്കണ്ഠയും വിഭ്രമവും സന്തോഷവും കരുതലും കൊണ്ട് നിലയില്ലാത്ത ഒരുവള്‍..!

'താഴെ വെച്ചാല്‍ എറുമ്പരിച്ചാലോ
തലയില്‍ വെച്ചാല്‍ പേനരിച്ചാലോ
തങ്കക്കുടത്തിനെ താലോലം പാടീട്ട്
തങ്കക്കട്ടിലില്‍ പട്ടു വിരിച്ചിട്ട്
തണുതണുപ്പൂന്തുട തട്ടിയുറക്കീട്ട്
ചാഞ്ഞു മയങ്ങുന്നു
നങ്ങേലി....' എന്ന പൂതപ്പാട്ടിലെ അമ്മയുടെ അവസ്ഥ....!

എന്റെ പൊന്നോമന എനിക്ക് നിധി തന്നെ ആണ്. അവനു വേണ്ടി നഷ്ടപ്പെടുത്തിയത്  ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്ന ജുഡീഷ്യല്‍ സര്‍വീസ് എന്ന മോഹമായിരുന്നു...! അവസാന ചാന്‍സില്‍ അയ്യായിരം പേരെഴുതിയ പരീക്ഷയില്‍ അഞ്ഞൂറു പേരിലൊരാളായി പ്രിലിംസ് പാസായി എന്നറിയുമ്പോള്‍, ഞാന്‍ അവനെ ഗര്‍ഭം ധരിച്ച്, ദുബായിലായിരുന്നു. ഗര്‍ഭച്ചൊരുക്കുകളും ഡോക്ടര്‍ ഉപദേശിച്ച വിശ്രമവും ഫ്‌ലൈറ്റില്‍ നാട്ടില്‍ പോയി തുടര്‍ പരീക്ഷ എഴുതുന്നത് റിസ്‌ക്കാണല്ലോ എന്ന് സന്ദേഹിപ്പിച്ചു. കുഞ്ഞ് മതി എന്നുറച്ചു. അമ്മയോളം വലുതല്ലല്ലോ അധികാര പദവി..!

എന്റെ ഇഷാന്‍ വാവ മിടുക്കനായി വളര്‍ന്നു... യഥാസമയങ്ങളില്‍ കമിഴ്ന്നു, ശബ്ദങ്ങളുണ്ടാക്കി, മുട്ടിലിഴഞ്ഞു നിവര്‍ന്നു നിന്നു, പിച്ചവെച്ചു, അരിപ്പല്ലുകള്‍ മുളച്ചു.. ഒന്നര വയസിനു മുന്‍പേ പാട്ടുകള്‍ പാടി, കവുങ്ങിന്‍ തോപ്പിനപ്പുറത്തുള്ള തറവാട്ടിലേക്ക് നോക്കി അച്ചാച്ചാ.. എന്നുറക്കെ കൊഞ്ചി വിളിച്ചു....അച്ഛക്കാ.. ന്ന് അച്ഛമ്മയെ തേടി..! ജീവിതം സന്തോഷവും അഭിമാനവും പൂര്‍ണതയുമുള്ളതായി തോന്നിയ നാളുകള്‍! ഒരു കുഞ്ഞിനു മാത്രം തരാന്‍ പറ്റുന്ന മാസ്മരികത..!

രണ്ടു വയസായപ്പോള്‍ കുട്ടിയുമായി ഞാന്‍ ദുബായില്‍ ഗിരീഷിന്റെ അടുത്തേക്ക് പോയി. ഗിരീഷ് ജോലിക്ക് പോകുമ്പോള്‍ ഞാന്‍ വീട്ടുപണികളിലും കുഞ്ഞിന്റെ കാര്യങ്ങളിലും ചില്ലറ എഴുത്തുകളിലും മുഴുകും. ആ സമയത്ത് കുട്ടിക്ക് ഫോണിലെ യുട്യൂബില്‍ നേഴ്‌സറി പാട്ടുകളും മറ്റും ഇട്ടു കൊടുത്തിരുന്നു. നാട്ടില്‍ അവധിക്കു വന്നപ്പോള്‍ കുട്ടി വിളിച്ചാല്‍ നോക്കുന്നില്ല, അവന് ചെവിക്ക് തകരാറുണ്ട് എന്നു തോന്നുന്നു. ഡോക്ടറെ കാണിക്കണമെന്ന് ഭര്‍തൃപിതാവ് ആവശ്യപ്പെട്ടു. അവന് ചെവിക്ക് പ്രശ്‌നമില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. കാരണം ടിവിയില്‍ പാട്ടുകളും പരസ്യങ്ങളും കാണുമ്പോള്‍ ഓടി വന്ന് ശ്രദ്ധിക്കും, കോളിംഗ് ബെല്‍ ശബ്ദം കേട്ടാല്‍ വാതില്‍ക്കല്‍ എത്തും. ശബ്ദങ്ങളോട് പ്രതികരിക്കും...

സംസാരം പുറകിലായിരുന്നു എന്നത് ശരിയാണ്. പക്ഷേ പാട്ടുകള്‍ പാടുന്നവന്‍, അച്ചാച്ചാ എന്ന് പറഞ്ഞിരുന്നവന്‍, ചില വസ്തുക്കളുടെ പേരു പറയുന്നവന്‍ പതുക്കെ മൂന്നു നാലു വയസാകുമ്പോള്‍ സംസാരിച്ചുകൊള്ളും എന്ന് വിശ്വസിച്ചു. ഒറ്റക്ക് വളരുന്നതിന്റെ പ്രശ്‌നങ്ങള്‍ കൊണ്ടാവും കുട്ടി സംസാരത്തില്‍ പിന്നോക്കമായത് എന്നും ധരിച്ചിരുന്നു. എന്തായാലും ഡാഡി പറഞ്ഞതുകൊണ്ടു വെറുതെ പോയി മോന്റെ കേള്‍വി ശക്തി ടെസ്റ്റ് ചെയ്തു. അത് നോര്‍മലായിരുന്നു. പക്ഷേ അവിടെ നിന്നും കുഞ്ഞിനെ ഒരു സൈക്കോളജിസ്റ്റിനെ കാണിക്കാന്‍ നിര്‍ദ്ദേശം കിട്ടി. കുഞ്ഞിന്റെ സ്പീച്ച് delay യും ഹൈപ്പര്‍ ആക്ടിവിറ്റിയും ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡറിന്റെ (ASD) പരിധിയില്‍പ്പെടുന്ന രണ്ടു ലക്ഷണങ്ങള്‍ ( ഓട്ടിസം അല്ല, ലക്ഷണങ്ങള്‍ ) ആവാം എന്ന് എന്റെ ഗുരുതുല്യനായ ഡോ. രഘുനന്ദനന്‍ സാര്‍ എന്നെയും ഗിരീഷിനേയും അറിയിച്ചു..! എല്ലാ സമയത്തും പ്രകാശിച്ചു കാണുന്ന സാറിന്റെ മുഖത്ത് അത് പറഞ്ഞപ്പോള്‍ പതിവ് ആത്മവിശ്വാസം ഉണ്ടായിരുന്നില്ല!

നവംബറിലെ ആ മധ്യാഹ്നത്തില്‍ ആ മുറിയിലിരുന്ന് ഞാന്‍ വിയര്‍ത്തൊഴുകി.. ഉയര്‍ന്ന വിദ്യാഭ്യാസമുണ്ടെങ്കിലും ഓട്ടിസത്തെക്കുറിച്ച് ഞാന്‍ ധരിച്ചിരുന്നത് ബുദ്ധിമാന്ദ്യമുള്ള ഒരു അവസ്ഥ എന്നായിരുന്നു..! പക്ഷേ അതൊന്നുമല്ല ഓട്ടിസം എന്ന് സാര്‍ ബോധ്യപ്പെടുത്തി. ഓട്ടിസം രോഗമല്ല. ഏതൊക്കെയോ അജ്ഞാത കാരണങ്ങളാല്‍ തലച്ചോറിനുണ്ടാകുന്ന ഒരു അവസ്ഥയാണ്. സാധാരണക്കാരനായ ഒരു കുട്ടിക്ക് ചിലപ്പോള്‍ പെട്ടന്ന് ഈ അവസ്ഥ ഉണ്ടാകാം. പറഞ്ഞിരുന്ന കാര്യങ്ങള്‍ മറക്കാം. ഫിറ്റ്‌സുള്ള പനിയോ, റിഗ്രഷന്‍ എന്ന അവസ്ഥയോ ഇതിന് കാരണമാകാം. (കുഞ്ഞിന് പനി വന്നിട്ടുണ്ട്. ഫിറ്റ്‌സ് ഉറക്കത്തില്‍ വന്നിട്ടുണ്ടോ എന്നറിയില്ല).

ഓട്ടിസമുളള കുഞ്ഞ് സാധാരണക്കാരേക്കാള്‍ വളരെ കഴിവും ബുദ്ധിയും പ്രതിഭയും ഉള്ളവനായിരിക്കും. പക്ഷേ സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നും, എപ്രകാരം ഫലപ്രദമായി ആശയവിനിമയം നടത്തണമെന്നും ഇവര്‍ക്ക് കൃത്യമായി അറിയാന്‍ കഴിവില്ല. പക്ഷേ കുഞ്ഞുങ്ങളില്‍ നാലു വയസിനുള്ളില്‍ കൃത്യമായ ട്രയിനിങ്ങുകളും തെറാപ്പികളും കൊടുത്താല്‍ അവരെ പരിപൂര്‍ണ്ണമായും സാധാരണക്കാരാക്കി മാറ്റാന്‍ കഴിയും. ഇവിടെ കുഞ്ഞിന് മൂന്നു വയസ് ആയിട്ടില്ല. പ്രതീക്ഷക്ക് വകയുണ്ട്.. നല്ല തെറാപ്പികള്‍ കൊടുക്കണം. മറ്റു കുട്ടികളുമായി ഇടപഴകുവാന്‍ അവനെ അംഗന്‍വാടിയില്‍ അയക്കണം. മോന്‍ ശരിയാകും. സാര്‍ ഉറപ്പു പറഞ്ഞു.

പക്ഷേ മുന്നോട്ടുള്ള വഴികള്‍ മുള്ളു നിറഞ്ഞതായിരുന്നു.' പെട്ടെന്ന് വീശിയ കാറ്റില്‍ അഹന്തയുടേയും സന്തോഷത്തിന്റേയും തികവിന്റേയും സ്വപ്നക്കൂടാരം വേച്ചു വീഴാന്‍ തുടങ്ങി. പിന്നീടുള്ള രാത്രികളിലൊന്നും ഉറക്കം കിട്ടിയില്ല. ഓട്ടിസത്തെപ്പറ്റി ഗൂഗിള്‍ സേര്‍ച്ച് ചെയ്ത് കിട്ടാവുന്ന ലേഖനങ്ങള്‍ ഒക്കെ വായിച്ചു. ഒരു വായനയും സമാധാനം തന്നില്ല. മറിച്ച് അസ്വസ്ഥതയുടെ ആഴങ്ങളിലേക്ക് വലിച്ചുകൊണ്ടു പോയി. അടുത്ത് സ്വപ്നം കണ്ടുറങ്ങുന്ന മകന്റെ പൂ പോലുള്ള മുഖം നോക്കി ഞാന്‍ പൊഴിച്ച കണ്ണീരിന് കണക്കില്ല.. ഓരോ നെടുവീര്‍പ്പും പ്രാര്‍ത്ഥനയായിരുന്നു. രഘുനന്ദന്‍ സാര്‍ പറഞ്ഞ തൃശൂരിലുള്ള സ്ഥാപനത്തില്‍ പോയി കുഞ്ഞിന്റെ ഐക്യൂ ടെസ്റ്റ് എടുത്തു. അവന്‍ ഓട്ടിസ്റ്റിക്കല്ല എന്ന് അവര്‍ ഉറപ്പു പറഞ്ഞു .പക്ഷേ കൃത്യമായ ട്രയിനിങ്ങ് കൊടുത്തില്ലെങ്കില്‍ സംസാരം താമസിക്കും. ഹൈപ്പര്‍ ആക്ടിവിറ്റി കൂടും. ASD ഫീച്ചേഴ്‌സ് കൂടും എന്നും മുന്നറിയിപ്പു നല്‍കി.

ഇതിനിടയില്‍ ഗിരീഷ് ദുബായ്ക്കു മടങ്ങിപ്പോയിരുന്നു. ഞാന്‍ നാട്ടില്‍ നിന്ന് കുട്ടിക്ക് തെറാപ്പിയും മറ്റുമായി നീങ്ങാമെന്ന തീരുമാനവുമായി. തൃശൂര്‍ സ്ഥാപനത്തില്‍ തെറാപ്പിക്കുപോയി. ബാക്കി ദിവസങ്ങളില്‍ ചിറ്റഞ്ഞൂരുള്ള വീടിനടുത്ത് അംഗന്‍വാടിയില്‍ വിട്ടു. ഈ അംഗന്‍വാടി എന്റെ ഭര്‍ത്താവും സഹോദരങ്ങളും പിച്ചവെച്ചു ഹരിശ്രീ കുറിച്ച സ്ഥലമാണ്. മകനെ കുറച്ചു ദിവസം അവിടെ ആക്കി. ഭക്ഷണം കഴിക്കാന്‍ അവന്‍ പുറകോട്ടായിരുന്നു. എന്നാല്‍ മറ്റു കുഞ്ഞുങ്ങളോടൊപ്പം കളിക്കാന്‍ ഏകാകിയായ അവന് ഉത്സാഹം ഉണ്ടായിരുന്നു.

smitha
സ്മിത, ഭര്‍ത്താവ് ഗിരീഷ്, മകന്‍ ഇഷാന്‍

വേനല്‍ക്കാലമാണ്. അംഗന്‍വാടിയില്‍ ഫാനില്ല. ഒന്നു വാങ്ങിക്കൊടുത്താല്‍ കുഞ്ഞുങ്ങള്‍ക്ക് സുഖമായി ഉള്ളിലിരിക്കാം. ടീച്ചറും ആയയും ആവശ്യപ്പെട്ടു. സന്തോഷപൂര്‍വ്വം ചെയ്തു. പിറ്റേ ആഴ്ച എന്റെ മകന്‍ ഭക്ഷണം കഴിക്കുകയില്ല, ഉറങ്ങില്ല, മറ്റു കുഞ്ഞുങ്ങള്‍ ഉറങ്ങുമ്പോള്‍ ശല്യം ചെയ്യുന്നു. അവനെ തെറാപ്പിക്ക് കൊണ്ടു പോകുന്നതാണ് ഇവിടെ വിടുന്നതിലും നല്ലത് എന്ന് കുഞ്ഞിനെ നോക്കാനുള്ള വിമുഖത ടീച്ചര്‍ പരോക്ഷമായും അല്ലാതെയും സൂചിപ്പിച്ചു. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവരാണ് ഇതു പറയുന്നത് എന്നോര്‍ക്കണം.! മറ്റു കുട്ടികള്‍ ഒക്കെ സാധാരണയായി അനുസരിക്കുന്നവരാണ്. അവരെ നോക്കാന്‍ യാതൊരു പ്രയാസവുമില്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ ഈയൊരു കുട്ടിയെ നോക്കാന്‍ ഉച്ചകഴിഞ്ഞ് ആയയ്ക്കും ടീച്ചര്‍ക്കും കഴിയില്ല എന്നു പറഞ്ഞത് മടിയായിത്തന്നെ തോന്നി. അംഗന്‍വാടിയില്‍നിന്നും കുഞ്ഞിന് കിട്ടേണ്ട അറിവുകളും സാധാരണത്വവും എല്ലാ തട്ടിലുമുള്ള കുടുംബങ്ങളില്‍നിന്നും വരുന്ന സമപ്രായക്കാരുടെ കളി ചിരി പങ്കാളിത്തവുമൊക്കെ അവന്റെ വളര്‍ച്ചയെ ഉറപ്പായും സഹായിച്ചേനെ! അത് ക്രൂരമായി നിഷേധിക്കപ്പെട്ടു.

കുഞ്ഞിനെ മെച്ചപ്പെട്ട പരിശോധനകള്‍ക്കായി വെല്ലൂര്‍ കൊണ്ടുപോയി. പടര്‍ന്നു പന്തലിച്ച മരങ്ങളും വള്ളിപ്പടര്‍പ്പുകളും കുറ്റിക്കാടുകളുമൊക്കെയായി ആശ്രമച്ഛായ തോന്നിപ്പിച്ച വെല്ലൂര്‍ സിഎംസി യുടെ 'ഭഗേയം' ' എന്ന സൈക്യാട്രിവിങ്ങ് ഒരു പച്ച ഭൂഖണ്ഡം പോലെ ഇന്നും മനസിലുണ്ട്. അവിടുത്തെ ടെസ്റ്റിലും കുട്ടിക്ക് കാര്യമായ പ്രശ്‌നമില്ല. ഉണ്ടാവാതിരിക്കാന്‍ ട്രയിനിങ്ങുകള്‍ കൊടുക്കണം. അതിന് അവിടെ മൂന്നു മാസം താമസിക്കണം എന്ന നിര്‍ദ്ദേശം കിട്ടി. ഡിസംബറില്‍ ബുക്ക് ചെയ്തപ്പോള്‍ മോന് ഏപ്രിലിലേയ്ക്കാണ് അഡ്മിഷന്‍ റെഡിയായത്. അപ്പോഴേക്കും അവന് മൂന്നു വയസു തുടങ്ങിയിരുന്നു.

ഏപ്രില്‍ മാസത്തില്‍ യാത്രയ്ക്കു തയ്യാറെടുത്ത്, കൊണ്ടു പോകേണ്ട പെട്ടികള്‍ ഒരുക്കി വരുന്ന വിവരംഅറിയിക്കാന്‍ തലേന്ന് ഭഗേയ ത്തിലേക്ക് വെറുതെ വിളിച്ചു നോക്കിയതാണ്..! ഇഷാന്‍ എന്ന കുട്ടിക്ക് വേണ്ടി ബുക്ക് ചെയ്ത ഡേറ്റ് ഇനിയും നീളുമെന്ന് ഫോണെടുത്ത ഉദ്യോഗസ്ഥ നിഷ്‌ക്കരുണം പറഞ്ഞു. കരഞ്ഞു കാലു പിടിച്ച പോലെ സംസാരിച്ചിട്ടും എന്നെ പുച്ഛിച്ച് അവര്‍ ഫോണ്‍ വെച്ചു.നിസഹായയായ ഞാന്‍ തളര്‍ന്നിരുന്നു പോയി... പിന്നീടാണ് സത്യാവസ്ഥ അറിഞ്ഞത്. സ്റ്റാഫിന് കോഴ കൊടുത്താല്‍ അവര്‍ ബുക്കിങ്ങ് ഡേറ്റില്‍ തിരിമറി നടത്തി സീറ്റ് ശരിയാക്കി അര്‍ഹരല്ലാത്തവര്‍ക്ക് കൊടുക്കും. എനിക്ക് അവരോട് നിയമയുദ്ധം നടത്താനുള്ള മാനസികാവസ്ഥ ഉണ്ടായിരുന്നില്ല.. മൂന്നു വയസും മൂന്നു മാസവും കഴിഞ്ഞ കുഞ്ഞിന് നാട്ടിലെ തെറാപ്പി യാതൊരു ഗുണവും ചെയ്തില്ല. അവന്‍ ആവശ്യങ്ങള്‍ പറഞ്ഞില്ല. ഹൈപ്പര്‍ ആക്ടിവിറ്റി കുറഞ്ഞില്ല. അവനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നോ, ഏത് ഭക്ഷണം കൊടുക്കണമെന്നോ, എങ്ങിനെ പരിശീലിപ്പിക്കണമെന്നോ എനിക്കറിവില്ലായിരുന്നു. കുഞ്ഞ് തോന്നുന്നിടത്ത് മൂത്രമൊഴിക്കുന്നതും, മറ്റും ഞാന്‍ ശീലിപ്പിക്കാഞ്ഞതാണെന്ന കുറ്റപ്പെടുത്തല്‍ വീട്ടുകാരില്‍ നിന്നും കേട്ടു തകര്‍ന്നു പോയി.

കുഞ്ഞിനെ ഇനി എവിടെ കൊണ്ടു പോകണം എന്നൊരു ധാരണയില്ലാതെ ഇരിക്കുമ്പോഴാണ് പത്രപ്രവര്‍ത്തക സുഹൃത്ത് ശ്രീജന്‍ ഷൊര്‍ണൂര്‍ ഐക്കോണ്‍സ് പറഞ്ഞു തന്നത്. സുഹൃത്തുക്കള്‍ ഫിറോസും സുചിത്രയും അവിടെ അപ്പോയിന്‍മെന്റ് കിട്ടാന്‍ സഹായിച്ചു. ഡോ. സുരേഷിന്റെ നിര്‍ദ്ദേശത്തില്‍ ഐക്കോണ്‍സില്‍ എല്ലാ ടെസ്റ്റുകളും വീണ്ടും ചെയ്തു. കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലന്നുംകുഞ്ഞിന് തീവ്രമായ തെറാപ്പി കൊടുക്കാനും സമയത്ത് നോര്‍മല്‍ സ്‌ക്കൂളില്‍ ചേര്‍ക്കാനും ഡോക്ടര്‍ പറഞ്ഞു. പക്ഷേ അവിടെപഠിക്കുന്ന കുട്ടികള്‍ എടുക്കുന്ന സ്പീച്ച് തെറാപ്പി സെഷന്‍ മെച്ചമല്ലായിരുന്നു. ഐക്കോണ്‍സിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശശി സാറിനേയും,എനിക്ക് പോസിറ്റീവായി ഒരു പാട് എനര്‍ജി തന്ന തെറാപ്പിസ്റ്റ് പ്രൊഫഷണല്‍ രഞ്ജിത രാഹുലിനേയും മറക്കുന്നില്ല.

ചാവക്കാട് ഒരു സ്ഥാപനമുണ്ടെന്നും അവിടെ തെറാപ്പി നടത്തിയ തന്റെ മകന് നല്ല മാറ്റമുണ്ടെന്നും ഐക്കണ്‍ സില്‍ പരിചയപ്പെട്ട ഒരു അമ്മ പറഞ്ഞറിഞ്ഞു ദിവസേന കുന്ദംകുളത്ത് നിന്ന് മുക്കാല്‍ മണിക്കൂര്‍ ട്രയിനിങ്ങിനായി ഷൊര്‍ണ്ണൂര്‍ പോകാന്‍ എളുപ്പമായിരുന്നില്ല.! ചാവക്കാട് സ്ഥാപനത്തില്‍ എത്തുമ്പോള്‍ അവന് മൂന്നര വയസ്. ASD ലക്ഷണങ്ങള്‍ ഭേദപ്പെടുത്താന്‍ പറ്റിയ ഏറ്റവും നല്ല പ്രായം.! എന്റെ പ്രതീക്ഷകള്‍ തകര്‍ന്ന സ്ഥലമായിരുന്നു അവിടം. കുഞ്ഞിനെ നിത്യോപയോഗ സാധനങ്ങള്‍ പരിചയപ്പെടുത്തുക, വാ, താ, വെള്ളം, അമ്മ, അച്ഛന്‍ വിശക്കുന്നു ഇത്തരം അവശ്യകാര്യങ്ങള്‍ പറയാന്‍ പഠിപ്പിക്കുക ഇവയൊക്കെയാണ് ഒരു സ്പീച്ച് തെറാപ്പിസ്റ്റ് ആദ്യം ചെയ്യുക..!

എന്നാല്‍ ആ സെന്ററില്‍ കുട്ടികളെ ബാലപാഠം വാങ്ങിപ്പിച്ച് ഒരുമിച്ചിരുത്തി എഴുതിപ്പിക്കുകയും അമ്മ, ആന, ഏണി എന്നൊക്കെ ഉറക്കെ വായിപ്പിക്കുകയുമാണ് ചെയ്തിരുന്നത്... സ്പീച്ച് സ്റ്റിമുലേഷന്‍ വരുന്ന കാര്യങ്ങള്‍ ചെയ്തിരുന്നില്ല. ട്രെയിനിങ്ങ് റൂം അടച്ചിടും. മാതാപിതാക്കളെ കാണിക്കില്ല.  ട്യൂഷന്‍ സെന്റര്‍ പോലെ, പല പ്രായത്തിലുമുള്ള. കുട്ടികളെ ഒരു ചെറിയ മുറിയില്‍ തിങ്ങിക്കൂടി കസേരകള്‍ ഷെയര്‍ ചെയ്യിപ്പിച്ച് ഇരുത്തും.

ഇത് ശരിയോ എന്ന് ചോദിച്ചപ്പോള്‍ ഇതിലൂടെ(എഴുത്ത്) സംസാരം വന്നുകൊള്ളും എന്ന് അധ്യാപിക (തെറാപ്പിസ്റ്റ് എന്ന് അവരെ വിളിക്കാന്‍ ഇപ്പോള്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല) പറഞ്ഞു. ഏകദേശം എട്ടു മാസത്തോളം കുഞ്ഞിനെ ഞാന്‍ അവിടെ കൊണ്ടുപോയി. എന്റെ മകന് ചില്ലറ സിറ്റിങ്ങ് ടോളറന്‍സ് കൂടി എന്നല്ലാതെ പറയത്തക്ക യാതൊരു മാറ്റവും ഉണ്ടായില്ല. പക്ഷേ ഈ സെന്ററില്‍ വന്ന് എഴുത്ത് പരീശീലിച്ചു പോകുന്ന സാധാരണക്കാരായ ഒരു പാട് അമ്മമാരുടെ മക്കള്‍ ഉണ്ടായിരുന്നു.അവരൊക്കെ കുഞ്ഞുങ്ങള്‍ക്ക് നല്ല മാറ്റങ്ങള്‍ ഉണ്ടെന്ന് പറഞ്ഞു. അതു കൊണ്ട് തന്നെ പ്രതികരിച്ചില്ല. പക്ഷേ സ്പീച്ച് തെറാപ്പിയുടെ രീതി ഇതല്ല എന്ന് വ്യക്തമായ ധാരണ ഈ കാലത്തിനുള്ളില്‍ മനസിലാക്കിയിരുന്നു. അപ്പോഴേക്കും കുഞ്ഞിന് നാലു വയസായിക്കഴിഞ്ഞു.

smitha gireesh

രണ്ടര വയസു മുതല്‍ വളരെ ചെറിയ പ്രശ്‌നങ്ങള്‍ മാത്രമുള്ള ഒരു കുഞ്ഞുമായി അലഞ്ഞു തുടങ്ങിയതാണ്. ഈ നിമിഷം വരെ അവന് നല്ല തെറാപ്പിയോ, പരിഗണനയോ നീതിയോ പോയ ഒരു സ്ഥലത്തു നിന്നും അവന്റേതല്ലാത്ത കാരണത്താല്‍ ലഭിച്ചില്ല. പിന്നീട് തൃശൂരുള്ള മറ്റൊരു പ്രശസ്ത സ്ഥാപനത്തില്‍ വിട്ടു. അവിടുത്തെ തെറാപ്പികള്‍ നന്നായി തോന്നി. പക്ഷേ അപ്പോഴേക്കും അവനെ സ്‌ക്കൂളില്‍ വിടാന്‍ പ്രായമായി. സാദാ സര്‍ക്കാര്‍ സ്‌കൂളില്‍ കുഞ്ഞിനെ പഠിപ്പിക്കണമെന്നായിരുന്നു ഞങ്ങള്‍ രണ്ടുപേരുടേയും ആഗ്രഹം.

കുന്നിന്‍ ചെരുവിലുള്ള അവനെ ചേര്‍ത്ത സ്‌കൂള്‍ ഒരു ചിത്രം പോലെ സുന്ദരമായിരുന്നു. സ്‌ക്കൂളിന്റെ ഉത്തരത്തില്‍ വിശ്രമിക്കുന്ന വെളളിമൂങ്ങകള്‍... ശലഭങ്ങളെപ്പോലെ പാറി നടക്കുന്ന കുഞ്ഞുങ്ങള്‍..! രാവിലെ മകനെ സ്‌ക്കൂളിലാക്കി തിരിച്ചു പോകാന്‍ മടിച്ച് ഒരു കള്ളത്തരം ചെയ്യുന്നതു പോലെ ഞാന്‍ പരിസരത്ത് പതുങ്ങി നില്‍ക്കും. അടുത്തുള്ള പള്ളിയില്‍ പോയി സ്‌ക്കൂള്‍ വിടുന്നതു വരെ വെറുതെ ഇരിക്കും. മകന്‍ സ്‌ക്കൂളില്‍ പ്രശ്‌നമുണ്ടാക്കിയാലോ? അവന് എന്തെങ്കിലും വയ്യായ്ക തോന്നിയാലോ? അമ്മമാരുടെ മനസ് അലയൊടുങ്ങാത്ത ആഴി തന്നെ! ആ സ്‌ക്കൂള്‍ അന്തരീക്ഷം വളരെ നല്ലതായിരുന്നു. എങ്കിലും യാത്രാ സൗകര്യവും മറ്റും കണക്കിലെടുത്ത് ചിറ്റഞ്ഞൂര്‍ വീടിനടുത്തുള്ള സര്‍ക്കാര്‍ എയ്ഡഡ് സ്‌ക്കൂളിലെ എല്‍കെജിയിലേക്ക് കുട്ടിയെ മാറ്റി. 

സ്‌കൂളില്‍ ചെന്ന സമയത്ത് കുട്ടിക്ക് വലിയ സ്വീകരണമാണ് അധ്യാപികമാര്‍ കൊടുത്തത്. സ്‌കൂളിലേക്ക് സാധിക്കുമെങ്കില്‍ ഒരു മിക്‌സി വാങ്ങിക്കൊടുത്താല്‍ കൊള്ളാമെന്ന അവര്‍ ആവശ്യപ്പെട്ടു. കുഞ്ഞിനെ നോക്കുന്നവരോട് ആദരവും സ്‌നേഹവുമാണ്.. എന്തും കൊടുക്കാന്‍ തയ്യാറുമായിരുന്നു. മകന്‍ ഒന്ന് സംസാരിച്ചു കണ്ടാല്‍ മതി. അംഗന്‍വാടിയിലെ ഫാന്‍ അനുഭവം മറന്നു. മിക്‌സി വാങ്ങി കൊടുത്തു.. ചെയ്ത സേവനങ്ങള്‍ പറയാന്‍ ഇഷ്ടമായിട്ടല്ല ഇതൊക്കെ ഓര്‍ത്തുവെയ്ക്കുന്നത്. നീതി നിഷേധവും ചൂഷണവും ഈ രണ്ടു സംഭവങ്ങളിലുമുണ്ട്. അതു കൊണ്ട് മാത്രമാണ്. ഈ സ്‌ക്കൂളില്‍ പ്രധാനാധ്യാപികയേക്കാള്‍ അവിടുത്തെ  എല്ലാ  കാര്യങ്ങളും തീരുമാനിക്കുന്നത് നാലാം ക്ലാസില്‍ പഠിപ്പിക്കുന്ന മറ്റൊരു അധ്യാപികയാണ്. ആ സ്‌കൂളില്‍ മകനെ എല്‍ കെ ജി യില്‍ ഇരുത്തിയില്ല.

ആ സ്‌കൂളില്‍ പോയ ഏറെക്കാലവും നാലാം ക്ലാസില്‍ ടീച്ചറുടെ മേശക്കരുകില്‍ കുട്ടിയെ ലോക്ക് ചെയ്തിരുത്തി. പറയാന്‍ പറ്റാത്ത കുഞ്ഞ് അവിടെ മൂത്രമൊഴിച്ച് കുതിര്‍ന്നിരുന്നു. ഭക്ഷണം കൊടുക്കാന്‍ ഉച്ചയ്ക്ക് ഞാന്‍ വരുമ്പോള്‍ കുട്ടി നനഞ്ഞു കുതിര്‍ന്നിരിക്കും. കുട്ടിയെ എല്‍കെജിയില്‍ ഇരുത്താത്തത് എന്ത് എന്ന് അന്വേഷിച്ചപ്പോള്‍ എല്‍കെജി ടീച്ചര്‍ക്ക് നാലു വയസുകാരന്‍ കുഞ്ഞിനെ നോക്കാന്‍ പേടിയാണെന്നു പറഞ്ഞു! കൂടാതെ കുഞ്ഞിനെ ഇരിപ്പു ശീലങ്ങള്‍ പഠിപ്പിക്കാനാണെന്നും ധരിപ്പിച്ചു. കുഞ്ഞിന് യൂറിനറി പ്രശ്‌നങ്ങളുണ്ടെന്നും സമയാസമയങ്ങളില്‍ ആവശ്യം പറയാത്ത അവനെ മൂത്രമൊഴിപ്പിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും സമപ്രായക്കാരൊന്നിച്ച് എല്‍കെജി യില്‍ ഇരുത്തണമെന്നും ഞാന്‍ ആവശ്യപ്പെട്ടു. സ്‌കൂള്‍ ആയയെ ഇതിനായി ചുമതലപെടുത്തണമെന്നും അവര്‍ക്ക് ഇതിന് എന്തെങ്കിലും കൊടുക്കാമെന്നും കൂടി പറഞ്ഞു.

നാലാം ക്ലാസിലെ അധ്യാപിക അത് പാടേ തള്ളി എന്നെ നീരസത്തോടെ ഉപദേശിച്ചു. പല കുറവുമുള്ള കുട്ടിയാണ് നിങ്ങളുടേതെന്ന് നിങ്ങള്‍ മനസിലാക്കണം. ക്ഷമ ധാരാളം വേണം. ഓട്ടിസം എന്താണെന്ന് അറിയുമോ എന്നൊക്കെപ്പറഞ്ഞു.! എനിക്ക് സഹിക്കാന്‍ പറ്റിയില്ല. ടീച്ചറുടെ മക്കള്‍ക്കും ആരുടെ കുഞ്ഞുങ്ങള്‍ക്കും ഒരു പനി വന്നാല്‍ ഈ അവസ്ഥയുണ്ടാകും. നിങ്ങള്‍ അധ്യാപകര്‍ ഇത്രത്തോളം അജ്ഞത ഇക്കാര്യത്തില്‍ കാണിക്കരുത് എന്നു പറഞ്ഞു. ഒരു പേരന്റ് ഒരു പരാതിയോ വിഷമമോ പറയുമ്പോള്‍ അത് കേള്‍ക്കാനും പരിഹരിക്കാനുമുള്ള ക്ഷമ കാണിക്കാനുള്ള പക്വത അധ്യാപകര്‍ക്ക് ഉണ്ടാവണം എന്നും പറഞ്ഞു. പക്ഷേ പിറ്റേ ന്ന് മുതല്‍ കുട്ടിയുമായി സ്‌കൂളില്‍ ചെല്ലുമ്പോള്‍ എല്‍കെജി ടീച്ചര്‍ ഒഴികെ അധ്യാപികമാര്‍ ആരു സൗഹൃദം കാണിച്ചില്ല. കുഞ്ഞിനെ എല്‍കെജിയില്‍ ഇരുത്തി മടങ്ങി. ഉച്ചയ്ക്ക് എടുത്തും വരും.

അവിടെ അവനെ ഒന്നും പഠിപ്പിച്ചില്ല. ഒരു അക്ഷരം പോലും എഴുതുപ്പിച്ചില്ല. കുഞ്ഞിന് ഇംഗ്ലീഷ് അക്ഷരമാല വലുതും ചെറുതും അറിയാമായിരുന്നു. വണ്‍, ടൂ, ത്രി... ടെന്‍ വരെ ചൊല്ലിയിരുന്നു. നിറങ്ങള്‍ എല്ലാം പറഞ്ഞിരുന്നു. എങ്കിലും ബുദ്ധിയില്ലാത്തവന്‍ എന്ന മട്ടില്‍ അവനെ സ്‌ക്കൂളില്‍ മാറ്റിയിരുത്തി. കളികളില്‍ കൂട്ടിയില്ല. അവനെ ഒന്നിലും ഉള്‍പ്പെടുത്താന്‍ ശ്രമിച്ചില്ല! ആദ്യ സ്‌കൂളിലെ ടീച്ചര്‍ മകനെ എഴുതിപ്പിച്ചിരുന്നു. ഗൃഹപാഠങ്ങള്‍ തന്നു വിട്ടിരുന്നു. മകനെ നോക്കാന്‍ വളരെ എളുപ്പമാണ് അവന് ശിക്ഷണത്തെ, വടിയെ ഭയമാണെന്ന് പറഞ്ഞിരുന്നു. അതെനിക്കും അറിയാം. കുഞ്ഞിനോട് സ്ട്രിക്ട് ആവുന്നതാണ് നല്ലത്. 25 കുട്ടികള്‍ ഉള്ളൊരു ക്ലാസില്‍ ബാക്കി കുട്ടികള്‍ ഒക്കെ നോര്‍മല്‍ ആണെങ്കില്‍, ഇത്തിരി പ്രശ്‌നമുള്ള ഒരു പിഞ്ചു കുഞ്ഞിനെ ശ്രദ്ധിക്കാന്‍, നിയന്ത്രിക്കാന്‍ അധ്യാപികമാര്‍ക്ക് എന്താണ് പ്രശ്‌നം?

നാലാം ക്ലാസിലെ അധ്യാപിക ഇടഞ്ഞതോടെ ആജ്ഞാനുവര്‍ത്തിയായ ഹെഡ്മിസ്ട്രസ്സിനും മറ്റു അഭിപ്രായമില്ലാതായി...! എന്റെ ഭര്‍ത്താവ് സ്‌കൂളില്‍ വന്ന് ഈ സംഗതികള്‍ ഒക്കെ കണ്ട് ബോധ്യപ്പെട്ടു. നല്ല ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കണം എന്ന് ലോഹ്യമുള്ള സമയത്ത് എന്നോട് പറഞ്ഞ നാലാം ക്ലാസ് അധ്യാപിക അറിയുന്നുണ്ടോ ലോകത്ത് ഒരമ്മക്ക് കിട്ടാവുന്നതില്‍ ഏറ്റവും നല്ല കുഞ്ഞാണ് ASD ഉള്ള ഒരു കുഞ്ഞ് എന്നത്? അത്രത്തോളം കഴിവ് അവര്‍ക്കുണ്ട്. പക്ഷേ കണ്ടെത്തണം.. ഇത്തരം അധ്യാപകര്‍ക്ക് അതിന് ഒരിക്കലും സാധിക്കില്ല.! ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, വിന്‍സന്റ് വാന്‍ഗോഗ്, ഐസക്ക് ന്യൂട്ടണ്‍, ചാള്‍സ് ഡാര്‍വിന്‍ തുടങ്ങിയ എത്രയോ ലോകം മാറ്റിമറിച്ച പ്രതിഭകള്‍ ഓട്ടിസ്റ്റിക്ക് ആയിരുന്നു...

കുഞ്ഞിനെ അടുത്ത അധ്യയന വര്‍ഷം മറ്റേതെങ്കിലും സ്ഥാപനത്തില്‍ വിടുന്നതിന് തങ്ങള്‍ക്കെതിര്‍പ്പില്ലെന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞു. അതിനര്‍ത്ഥം കുട്ടിയെ തുടര്‍ന്ന് സ്വീകരിക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നാണ് എന്നെനിക്ക് മനസിലായി. സ്‌പെഷ്യല്‍ കുട്ടികള്‍ക്ക് അവസരം നിഷേധിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവുള്ളപ്പോള്‍ ഈക്കാര്യം നേരില്‍ പറയാന്‍ പാവം എച്ച്.എം ബുദ്ധിമുട്ടി...!

കുഞ്ഞ് അവഗണിക്കപ്പെടുന്ന സ്‌ക്കൂളില്‍ അവനെ വിടാന്‍ അഭിമാനം സമ്മതിച്ചില്ല. നമ്മുടെ സ്‌ക്കൂളുകളില്‍ ASD സെറിബ്രല്‍ പാള്‍സി തുടങ്ങിയ പ്രശ്‌നങ്ങളുള്ള കുഞ്ഞുങ്ങളെ അവഗണിക്കാന്‍ കാരണമെന്താണ്? ഇത്തരം അധ്യാപകര്‍ക്ക് വാസ്തവത്തില്‍ എന്താണ് ASD എന്നുള്ള അടിസ്ഥാന ധാരണ പോലുമില്ല എന്നത് ഖേദകരമായ വസ്തുതയാണ്. ഒക്കുപ്പേഷന്‍ തെറാപ്പിയിലും സ്പീച്ച് തെറാപ്പിയിലുമൊക്കെ ബിരുദങ്ങളുള്ള എത്രയോ അഭ്യസ്തവിദ്യര്‍ നമ്മുടെ നാട്ടിലുണ്ട്! സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരു Expert നെ എങ്കിലും ഓരോ സ്‌കൂളില്‍ നിയമിച്ചാല്‍ സാധാരണ സ്‌ക്കൂളുകള്‍ ASD കുഞ്ഞുങ്ങള്‍ക്ക് പ്രാപ്യമാവും. ഇപ്പോള്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പത്തിലൊരാള്‍ക്കു വീതം ഈ പ്രശ്‌നങ്ങള്‍ കണ്ടു വരുന്നു. അവബോധം അധ്യാപകര്‍ക്ക് ഉണ്ടാവണം. സ്‌കൂള്‍ അധ്യാപകര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ കൊടുക്കണം. വിദേശത്തൊക്കെ സെപഷ്യല്‍ കുട്ടികള്‍ക്കാണ് സ്‌ക്കൂളുകളില്‍ മുന്‍ഗണന.ഏറ്റവും കഴിവുകളുള്ള ASD കുഞ്ഞുങ്ങളെ മിടുക്കരാക്കി വളര്‍ത്തിയെടുക്കാന്‍ അതു വഴി രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ വൈദേശികര്‍ ശ്രമിക്കുമ്പോള്‍, നമ്മള്‍ ഈ പ്രതിഭകളെ തിരിച്ചറിയാതെ മന്ദബുദ്ധികള്‍ എന്നു പറഞ്ഞ് അവഗണിക്കുന്നു. 

എല്ലാ അധ്യാപകരും ഇത്തരക്കാരല്ല. ചുരുക്കം ചിലര്‍ മാത്രം. ആ ചിലരെ തിരുത്തിയാല്‍ മാത്രമേ എന്റെ മകന്റെ പോലൊരു കുഞ്ഞിന് നീതി കിട്ടുകയുള്ളു. സ്‌കൂളില്‍ തുടര്‍ന്ന് വിടാത്ത എന്റെ കുഞ്ഞിന് പോകാനിടമില്ലാതായി.ബി ആര്‍ സി യിലെ ഒരു അധ്യാപിക കുഞ്ഞിനോടുള്ള ആത്മാര്‍ത്ഥത കൊണ്ടു മാത്രം ഞായറാഴ്ചകളില്‍ വണ്ടിയോടിച്ച് വീട്ടില്‍ വന്ന് അവനെ പരിശീലിപ്പിച്ചിരുന്നു. ഒന്നും പ്രതീക്ഷിക്കാത്ത ഒരമ്മയുടെ വാത്സല്യവും പ്രാര്‍ത്ഥനയും ആണ് എന്റെ കുഞ്ഞിനോടുള്ള അവരുടെ മനോഭാവത്തില്‍ ഞാന്‍ കണ്ടത്...!

പക്ഷേ ഒറ്റ ദിവസത്തെ ക്ലാസുകൊണ്ടു കാര്യമില്ല. അങ്ങനെയിരിക്കുമ്പോഴാണ് ചേര്‍ത്തല തണ്ണീര്‍മുക്കത്തുള്ള ഇല്ലം ആയുര്‍ ഹെറിറ്റേജിനെ പറ്റി അറിഞ്ഞത്. ഓട്ടിസം ചികിത്സകനായ ഡോ. ശങ്കര്‍ പ്രശാന്തിന് കുഞ്ഞിന് മാറ്റം വരുമെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു. ഒരു പാട് ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ആയുര്‍വേദ രീതികളോടവനെ പൊരുത്തപ്പെടുത്തി എടുത്തത്. ഇല്ലത്ത് താമസിച്ച ദിവസങ്ങളില്‍ ആണ് കുഞ്ഞിനെ പ്രകൃതിയുമായി ഇണക്കി വളര്‍ത്തേണ്ടതിന്റെ ആവശ്യകത കണ്ടു മനസിലായത്. ക്ഷേത്രവും ഇല്ലക്കെട്ടുകളും, ഇലവുമരങ്ങളും പച്ച പായല്‍മൂടിയ കുളങ്ങളും മുളങ്കാടുകളുമുള്ള ആ ഗ്രാമാന്തരീക്ഷത്തില്‍ കുഞ്ഞ് പശുക്കുട്ടിയുടെ പിന്നാലെ ഓടി. മണ്ണുവാരിക്കളിച്ചു. ഡോക്ടറുടെ ചികിത്സയുടെ അടിത്തറയും അതായിരുന്നു. പ്രകൃതിയുമായി കുഞ്ഞുങ്ങള്‍  ഇടപഴകണം എന്ന് അദ്ദേഹം ബോധ്യപ്പെടുത്തി. കുഞ്ഞുങ്ങള്‍ കഴിക്കുന്ന ഭക്ഷണം പ്രധാനമാണ്. പല ഭക്ഷണങ്ങളും ഹൈപ്പര്‍ ആക്ടിവിറ്റി കൂടുന്നതിനാല്‍ വിലക്കാണ്. എന്റെ മകന്‍ പൊതുവെ പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ വിമുഖനും...!

ആയുര്‍വേദ ചികിത്സ കഴിഞ്ഞു. മരുന്നുകളും പഥ്യവുമുണ്ട്. ഇടയ്ക്ക് പോയി ഡോക്ടറെ കാണണം. ഇനി എന്ത് എന്നായി! ചികിത്സയോടൊപ്പം കുഞ്ഞിന് നല്ല തെറാപ്പിയും കൊടുക്കണം. മകന് നാലു വയസ് കഴിയുന്നു. ജീവിതം കെട്ടി നില്‍ക്കുന്ന അവസ്ഥ.! മകന്‍ ശരിയാവാതെ എനിക്ക് വീണ്ടും കോടതിയില്‍ പോവാന്‍ കഴിയില്ല .കുഞ്ഞ് മിടുക്കനാണ്. പാട്ടുകള്‍, പാടും, ലെറ്റേഴ്‌സ് പറയും. മൃഗങ്ങള്‍ വാഹനങ്ങള്‍ ഒക്കെ പേരു പറയും. പക്ഷേ അവ നമ്മള്‍ ചോദിക്കുമ്പോള്‍ എപ്പോഴും പറയില്ല. അവന് തോന്നണം. ആവശ്യങ്ങളും പറയുന്നില്ല. ഇവിടെയാണ് പ്രശ്‌നം. അപ്പോള്‍ സുഹൃത്ത് ശാലിനി ദേവതയെപ്പോലെ കടന്നു വന്നു. തന്റെ സുഹൃത്ത് പ്രദീപിന്റെ കുഞ്ഞിന് കോട്ടയത്തെ ഒരു സെന്ററില്‍ തെറാപ്പി നടത്തിി നല്ല വ്യത്യാസം വന്നു എന്നു പറഞ്ഞു..! മനസ് മടുത്തു പോയ എന്റെ കാലുകള്‍ അലഞ്ഞുവെന്തി രുന്നു..!സ്ഥാപനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നു. ശാലിനി പറഞ്ഞതല്ലേ.പ്രദീപിനെ വിളിച്ചു.തിരുവനന്തപുരം കാരനായ അദ്ദേഹം ജോലിയില്‍ അവധിയെടുത്ത് കുഞ്ഞുമായി കോട്ടയത്ത് താമസിക്കുന്നു.പ്രദീപിന്റെ സാക്ഷ്യം വിശ്വസനീയമായി തോന്നി.

കോട്ടയത്തെ ജുവല്‍ ഓട്ടിസം ആന്റ് ചൈല്‍ഡ് ഡവലപ്പ്‌മെന്റ് സെന്റര്‍ ഞാന്‍ പോയ മറ്റു സ്ഥാപനങ്ങള്‍ പോലെയേ അല്ലായിരുന്നു. കൃത്യതയോടെയുള്ള അഡ്മിനിസ്‌ട്രേഷന്‍, ക്യാംപസ് സിലക്ഷനിലൂടെ തിരഞ്ഞെടുക്കുന്ന സമര്‍ത്ഥകളായ തെറാപ്പിസ്റ്റുമാര്‍, ഒക്കുപ്പേഷണല്‍ തെറാപ്പി ഇവയൊക്കെ മറ്റൊരിടത്തും കണ്ടിട്ടില്ല. തെറാപ്പി സമയത്ത് ഒരു രക്ഷിതാവ് ക്യാബിനില്‍ നിശ്ചയമായും ഇരിക്കണം. ഹോംട്രയിനിങ്ങ് പ്രോ ഗ്രാമുകള്‍ ധാരാളം തന്നു വിടും. ഇവിടെയെത്തുന്നിടം വരെ എന്റെ മകനെ എങ്ങിനെ പരിശീലിപ്പിക്കണം, ഏതു രീതിയില്‍ അവനോട് പെരുമാറണം എന്നെ നിക്ക് കൃത്യധാരണ ഇല്ലായിരുന്നു. മറ്റു കാര്യങ്ങളിലൊക്കെ വ്യക്തമായ അഭിപ്രായമുള്ള ഞാന്‍ മകന്റെ കാര്യത്തില്‍ അധീരയും ചകിതയുമായിരുന്നു എന്നത് തുറന്നു പറയട്ടെ. ഇത്ര നാളത്തെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ASD സ്വഭാവങ്ങളുള്ള കുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പങ്കുവെയ്ക്കട്ടെ.

ഓട്ടിസം ബുദ്ധിമാന്ദ്യമല്ല. മറിച്ച് ഓട്ടിസം ഫീച്ചേഴ്‌സുള്ളവര്‍ നമ്മള്‍ കരുതുന്നതിനേക്കാള്‍ വളരെയേറെ കഴിവുള്ളവരാണ്. ASD കുഞ്ഞുങ്ങളെ രൂപം കൊണ്ടു തിരിച്ചറിയാന്‍ കഴിയില്ല. അതീവ ഓമനത്തവും ഭംഗിയും ഉള്ളവരാകും മിക്കവരും.ഇവരുടെ പ്രശ്‌നം ആശയ വിനിമയത്തിനുള്ള കഴിവു കുറവ് മാത്രമാണ്. രണ്ട് വയസിനുള്ളില്‍ കുട്ടി പറയേണ്ട വാക്കുകള്‍ സമപ്രായക്കാരുടേതില്‍ നിന്നും കുറവാണെങ്കില്‍, കുട്ടി കണ്ണില്‍ നോക്കി ആശയവിനിമയം നടത്തുന്നില്ല എങ്കില്‍ ഉറപ്പായും ഈ മേഖലയില്‍ സ്‌പെഷ്യലൈസ് ചെയ്ത ഡോക്ടറെ കാണിക്കണം.സ്പീച്ച് തെറാപ്പി എന്ന പേരില്‍ ഒരു പാട് തട്ടിപ്പുകള്‍ ഇക്കാലത്ത് ഉണ്ട്. ഒക്കുപ്പേഷണല്‍ തെറാപ്പിക്ക് കുട്ടിയെ മെച്ചപ്പെടുത്താന്‍ വലിയ പങ്കുണ്ട്.ഇത് ചെയ്യാതെ സ്പീച്ച് ട്രയിനിങ്ങ് കൊടുത്തത് കൊണ്ടു മാത്രം കാര്യമില്ല. ഈ തെറാപ്പികള്‍, കൊടുക്കുമ്പോള്‍ കുഞ്ഞിന് മാനസികമായും ശാരീരികവുമായ സന്തുലിതാവസ്ഥ കിട്ടുന്നു. ഇത് പ്രവര്‍ത്തിയില്‍ ഏകോപനവും ശ്രദ്ധയും കൂട്ടുന്നു. ട്രെയിനിങ്ങ് കൊടുക്കേണ്ടത് മാതാപിതാക്കളുടേയും മറ്റും സാന്നിധ്യത്തിലാകണം. സാധാരണ കുട്ടികള്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ അതിനേക്കാള്‍ മെച്ചമായി ഈ കുട്ടികള്‍ക്ക് ചെയ്യാന്‍ കഴിയും. കര്‍ക്കശമായി, കൃത്യമായി ക്ഷമയോടെഅവരെ പരിശീലിപ്പിക്കുകയാണ് പ്രധാനം. ഈ കുട്ടിക്ക് ഒന്നിനും കഴിവുകേടില്ല.. പരിശീലനം ആണ് മുഖ്യം എന്നത് ഓര്‍മ്മിക്കണം.

ഏതായാലും ഇപ്പോള്‍ ജുവലില്‍ എത്തിയിട്ട് രണ്ടു മാസം കഴിഞ്ഞു. കുഞ്ഞിന് വളരെ മാറ്റങ്ങള്‍ കാണുന്നുണ്ട്. കൃത്യമായ സ്പീച്ച് സ്റ്റിമുലേഷന്‍ രണ്ട് വയസിനും നാലു വയസിനുമുള്ളില്‍ കിട്ടിയിരുന്നെങ്കില്‍ അവന്‍ ഈ പ്രായത്തില്‍ സ്‌കൂളില്‍ പോയിരുന്നേനേ, എന്ന് ജുവലിലെ വിദഗ്ദ്ധര്‍ പറഞ്ഞപ്പോള്‍ ഞാന്‍ തളര്‍ന്നു പോയി.. !

രണ്ടര വയസു മുതല്‍ കുഞ്ഞുമായി പലയിടത്ത് അലയുകയാണ് ഞാന്‍. അംഗന്‍വാടിയില്‍ നിന്നും, തെറാപ്പി സെന്ററില്‍ നിന്നും വീടിനടുത്തുള്ള സ്‌കൂളില്‍നിന്നും കുഞ്ഞിന് നീതി നിഷേധിക്കപ്പെട്ടു. മകന്‍ ഓട്ടിസ്റ്റിക്കല്ലായിരുന്നു. കാലക്രമേണ കരുണയില്ലാത്ത ചില അധ്യാപകരുടെ കരുതലില്ലാത്ത പെരുമാറ്റം അവനെ മൈല്‍ഡ് ഓട്ടിസ്റ്റിക്ക് ആക്കിയതാണ്. പക്ഷേ എല്ലാം നല്ലതിനാകും എന്ന് സമാധാനിക്കുന്നു. ഓട്ടിസം ഫീച്ചറുള്ള കുഞ്ഞ് മറ്റു കുട്ടികളേക്കാള്‍ പ്രതിഭാശാലിയാണ് എന്നതിന് ഇക്കാലത്ത് ഉദാഹരണങ്ങള്‍ ഏറെയുണ്ട്. നമ്മള്‍ ലോകത്തിനൊപ്പിച്ചു ജീവിക്കുമ്പോള്‍ ഓട്ടിസമുള്ളവര്‍ ലോകത്തിനു വേണ്ടി കൃത്രിമമായി ജീവിക്കാന്‍ ശ്രമിക്കുന്നില്ല.

പുരാണങ്ങളിലെയും ചരിത്രത്തിലെയും പല അജയ്യ കഥാപാത്രങ്ങളേയും സൂക്ഷ്മതയോടെ  വിശകലനം ചെയ്താല്‍ അവര്‍ ഓട്ടിസമുളളവരാണോ എന്ന് സംശയിച്ചു പോകും.  ഹനുമാനും നാറാണത്ത് ഭ്രാന്തനും കാളിദാസനുമൊക്കെ അതിന്റെ രസകരങ്ങളായ ഉദാഹരണങ്ങള്‍ മാത്രം. ഈ മകന്റെ അമ്മ എന്നതിലാണ് ഞാന്‍ ഏറ്റവുമധികം ഇന്ന് അഭിമാനിക്കുന്നത്. കാരണം കോട്ടയ്ക്കലെ ഡോക്ടര്‍ കെ.മുരളീധരന്‍ സാര്‍ പറഞ്ഞതുപോലെ അവന്റെ ഉള്ളില്‍ ഒരു സാഗരം തിരയടിക്കുന്നുണ്ടെന്നു  എനിക്കറിയാം.!

ഈ കാലയളവില്‍ നടന്നു കയറിയ പര്‍വതങ്ങളും കാല്‍ വെന്തു പൂണ്ട മരുഭൂമികളും വഴിയറിയാതലഞ്ഞ വനങ്ങളും നിലയില്ലാതെ ചുഴികളില്‍പ്പെട്ട സമുദ്രങ്ങളും ഏറെയുണ്ട്. ചേര്‍ത്തു പിടിച്ചവരൊക്കെ ഞാന്‍ വായിച്ചും കേട്ടും പരിചയമുള്ള വലിയവരായിരുന്നു!. നിരാശയുടെ കാലത്ത് എനിക്ക് ചിറകു തന്ന ശ്രീരാമേട്ടനെയും ഗീതേച്ചിയേയും ഞാറ്റുവേല ഗ്രൂപ്പിലെ എല്ലാ അംഗങ്ങളേയും ഞാന്‍ നെഞ്ചില്‍ ചേര്‍ത്തു പിടിക്കുന്നു. കെജിഎസ് സാര്‍, പി.പി രാമചന്ദ്രന്‍ മാഷ്, സുനില്‍ പി ഇളയിടം, ബാബു നമ്പൂതിരി, കെ.സി നാരായണന്‍ സാര്‍ തുടങ്ങി എത്രയേറെപ്പേര്‍ക്ക് ഇഷാന്‍ കുട്ടന്‍ സ്വന്തം കുഞ്ഞായി.!

എന്തു വേണം സഖീ എന്തു വേണം എന്നു ചോദിക്കുന്ന പ്രിയ ഗാനം പോലെ ആഹ്ലാദത്തിന്റെ ആകാശപ്പന മേല്‍ എന്നെ ഇരുത്തി ഊഞ്ഞാലാട്ടാന്‍ എന്റെ കുഞ്ഞിന് വേണ്ടി വഴിപാട് നേരാന്‍ ശാരദക്കുട്ടി ടീച്ചര്‍ മുതല്‍ ദേവതകളെപ്പോലുള്ള കുറെ സുന്ദരിക്കൂട്ടുകാരികള്‍ ഉണ്ടായിരുന്നു. എപ്പോഴും ചേര്‍ന്നു നില്‍ക്കുന്ന ഗിരിജേച്ചിയേയും നന്ദിനിയേയും ദീപയേയും പാര്‍വതിയേയും കവിതയേയും എന്റെ മകനു വേണ്ടി കലൂര്‍ പള്ളിയില്‍ മെഴുകുതിരി മുടങ്ങാതെ കത്തിക്കുന്ന മ്യൂസ് ടീച്ചറെയുമൊക്കെ ഞാന്‍ മറക്കുന്ന തെങ്ങനെ? ഒരിക്കല്‍ മാത്രം ഫോണില്‍ സംസാരിച്ച എഴുത്തുകാരി ഇന്ദുമേനോന്‍ കുഞ്ഞിന്റെ കാര്യ മറിഞ്ഞ് നിംഹാന്‍സിലുള്ള തന്റെ കസിനുമായി എന്നെ സംസാരിപ്പിച്ചത് ഓര്‍ക്കുന്നു. അത്രയേറെ സ്‌നേഹവതിയായ കരുതലുള്ള ഒരമ്മ മനം ആ ഗൗരവക്കാരിക്കുള്ളില്‍ ഉണ്ടെന്നത് എന്നെ അത്ഭുതപ്പെടുത്തി. അക്ഷരങ്ങള്‍ നല്‍കിയ ഈ സൗഹൃദങ്ങള്‍ മാത്രമായിരുന്നു വേദനയുടെ ഈ കാലങ്ങളില്‍ എന്നെ താങ്ങി നിര്‍ത്തിയത്.കുഞ്ഞിന് പ്രശ്‌നമായി എന്നറിഞ്ഞപ്പോള്‍ അകന്നുപോയ പഴയ സൗഹൃദങ്ങള്‍ ചിലതുണ്ട്.

മനസിന് വേദന നല്‍കുന്ന ഒരു പാട് അവഗണനകള്‍ കാണിച്ചവരെ മറക്കാന്‍ ശ്രമിക്കുന്നു. ചേര്‍ത്തു പിടിച്ച ഓരോരുത്തരേയും ഓര്‍മ്മയുണ്ട്. കുഞ്ഞുമായുള്ള ഓട്ടപ്പാച്ചിലില്‍ സമാനാവസ്ഥകളില്‍ കടന്നു പോകുന്ന ഒത്തിരിയേറെ അമ്മമാരെ പരിചയപ്പെട്ടിട്ടുണ്ട്. പലരും ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടേയും പിന്തുണയില്ലാത്തവരാണ്. പലര്‍ക്കും ഡിപ്രഷന്‍ ഉണ്ട്. കുട്ടിയുടെ സ്വഭാവ വൈകല്യങ്ങള്‍ക്ക് കാരണം അമ്മമാരുടെ ശ്രദ്ധക്കുറവാണെന്ന് അജ്ഞതകൊണ്ട് ആക്ഷേപിക്കുന ഭര്‍തൃ കുടുംബാംഗങ്ങളെക്കൊണ്ട് പൊറുതിമുട്ടിയ വരുണ്ട്. കൃത്യമായ ബോധവല്‍ക്കരണം ASD കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കേണ്ടതുണ്ട്.ഒരു കുടുംബം ഒന്നടങ്കം ASD അനുഭവിക്കുന്ന കുഞ്ഞിന്റെ അമ്മക്ക് പിന്തുണയും സ്‌നേഹവും കൊടുക്കണം. അമ്മയുടെ മാനസികാരോഗ്യം കുഞ്ഞിന്റെ വളര്‍ച്ചകളെയും വളര്‍ത്തലുകളേയും സ്വാധീനിക്കുന്നു.


ASD കുഞ്ഞുങ്ങളോട് സ്‌കൂളുകള്‍ കാണിക്കുന്ന അവഗണന മിക്ക മാതാപിതാക്കളേയും നിരാശരാക്കുന്നുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഫലപ്രദമായ തീരുമാനമെടുക്കുമെന്ന് പ്രത്യാശിക്കുന്നു. ഇത്രയേറെ വിശദമായി ഇതൊക്കെ എഴുതാന്‍ കാരണം ഇത് വായിക്കുന്ന ഏതെങ്കിലും ഒരാളുടെ എങ്കിലും ബന്ധത്തിലോ പരിചയത്തിലോ ഇത്തരം മാണിക്യം പോലൊരു കുഞ്ഞ് ഉണ്ടായിരിക്കുമെന്ന ഉറപ്പിലാണ്. ഞാന്‍ നടന്നു പോയ കനല്‍വഴികളിലെ ചതിക്കുഴികളില്‍ ഇനിയൊരമ്മ വീണുപോകാന്‍ ആഗ്രഹിക്കാത്തതു കൊണ്ടാണ്. ഇതിലെ ഒരു വാക്കെങ്കിലും ഒരു തിരി വെട്ടമായി ഒരാള്‍ക്ക് മുന്‍പിലെങ്കിലുംതെളിഞ്ഞാല്‍ ഞാന്‍ ധന്യയായി. 

പ്രാര്‍ത്ഥിക്കാനിരിക്കുമ്പോള്‍ ഇപ്പോള്‍ മകന്റെ മുഖം മാത്രം ഓര്‍ക്കാറില്ല. ദൈവത്തിന്റെ മുഖച്ഛായയുള്ള ഒത്തിരിയേറെ ഓമനക്കുഞ്ഞുങ്ങള്‍ ആത്മാവിന്റെ തൊട്ടിലിലുണ്ട്. ഈ അലച്ചിലുകളിലൊക്കെ ഞാന്‍ കൊള്ളേണ്ട വെയിലും മഴയും കൊണ്ട്, എന്റെ വിഴുപ്പുകളും വേദനയും ചുമന്ന് മമ്മിയും, അനിയനും കൂടെയുണ്ടായിരുന്നു. ജോലിക്ക് പോകുന്ന മക്കള്‍ക്ക് വേണ്ടി, പേരക്കുഞ്ഞുങ്ങള്‍ക്ക് വേണ്ടി വാര്‍ദ്ധക്യകാലത്തിന്റെ ശാന്തിപര്‍വം ഉപേക്ഷിച്ച് ആരോഗ്യ അവസ്ഥകള്‍ അവഗണിച്ച് കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാന്‍ കൊണ്ടുവരുന്ന പ്രായമായ അച്ഛനമ്മമാരുടെ ത്യാഗം കാണുമ്പോള്‍ കണ്ണു നിറയാറുണ്ട്. സാമ്പത്തിക സുരക്ഷിതത്വം ചികിത്സയില്‍ പ്രധാനമാണ്. ഓട്ടിസം മേഖല, അത്തരം ചികിത്സാസ്ഥാപനങ്ങള്‍, ഇത്തരം കുട്ടികളുടെ പഠനം, വരുമാനം കുറഞ്ഞവരുടെ കുഞ്ഞുങ്ങള്‍ക്ക് ഫ്രീ ട്രെയിനിങ്ങ് ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പുകളുടെ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തില്‍ വേണ്ടതാണ്.
ഞാനിപ്പോഴും ASDയോട് 'സന്ധിയില്ലാ സമരത്തിലാണ്.

'പേടിപ്പിച്ചോടിക്കാന്‍ നോക്കി പൂതം
പേടിക്കാതങ്ങനെ നിന്നാളമ്മ
നരിയായും പുലിയായും ചെന്നു പൂതം
തരികെന്റെ കുഞ്ഞിനെ എന്നാളമ്മ! '

കണ്ണും, ജീവിതവും ചൂഴ്ന്ന് മുന്നില്‍ വെച്ച് നിശ്ചയദാര്‍ഡ്യത്തോടെ കുഞ്ഞിന് വേണ്ടി കാത്തു നില്‍ക്കുന്ന ഒരമ്മയ്ക്ക് മുന്നില്‍ തോറ്റു പിന്മാറാനേ, ഏതു പൂതത്തിനും അത് ചാര്‍ത്തിയ വൈകല്യത്തിനും വഴിയുള്ളു...!

ഞാന്‍ മാത്രമല്ല, ഓരോ ASD കുഞ്ഞുങ്ങളുടെ അമ്മയും ഇങ്ങനെയാണ്.! അത്രയേറെ നല്ല മനസുള്ള അമ്മമാര്‍ക്കാണ് ദൈവം ഇത്ര കഴിവുള്ള മക്കളെ കൊടുക്കുകയുള്ളു എന്ന് സ്വപ്നത്തില്‍  വന്ന്പറഞ്ഞ് ചേര്‍ത്തു പിടിച്ചത് ആരായിരുന്നു? അരൂപിയായ ആ തമ്പുരാനെ ഞാന്‍ ഏതു പേരാണ് വിളിക്കേണ്ടത്.......?

എഴുത്തുകാരിയും അഭിഭാഷകയുമാണ് ലേഖിക,  ഇ മെയില്‍- smithagirish5@gmail.com ഫോണ്‍ നമ്പര്‍-  0994728 0097