Representative image
കണ്ണില്‍ ഇരുട്ടാണെങ്കിലും ഇവരുടെ അകക്കണ്ണ് തുറന്നിരിക്കുകയാണ്. കാഴ്ചയുള്ളവരെപ്പോലെയാകാന് ഒരു സ്മാര്‍ട്ട്ഫോണ്‍ മതി ഇവര്‍ക്ക്. അടച്ചിടല്‍ കാലത്ത് ലോകത്ത് എന്തൊക്കെ നടക്കുന്നു, കേള്‍ക്കുന്നതൊക്കെ സത്യമാണോ എന്നറിയാനും സ്വന്തം കാലില്‍ നില്‍ക്കാനും ഫോണാണ് അവരുടെ കൂട്ട്. ഫെഡറേഷന് ഓഫ് ദി ബ്ലൈന്‍ഡിന്റെ യുവജന ഫോറം ഒരുക്കുന്ന ഓണ്‍ലൈന്‍ പരിശീലനക്കളരി ഈ കാഴ്ചപരിമിതര്‍ക്ക് പുതിയ ലോകം തുറക്കുന്നു.
സ്മാര്‍ട്ട് ഫോണുണ്ടെങ്കില്, സൗകര്യങ്ങള്‍ എങ്ങനെ നേടാം എന്നതിലാണ് ഓണ്‍ലൈനില്‍ പ്രധാന പരിശീലനം. പത്രം വായിക്കാം, പണമിടപാട് നടത്താം, തീവണ്ടികളുടെ വരവുംപോക്കും അറിയാം, കറന്‍സികള്‍ വേഗത്തില്‍ തിരിച്ചറിയാം.
ഗൂഗിള്‍ പേ, പേടിഎം എന്നിവ ഇവര്‍ക്ക് വഴങ്ങുംവിധം ഉപയോഗിക്കാനുള്ള പരിശീലനം നല്‍കും. 'വേര് ഈസ് മൈ ട്രെയിന്‍' എന്ന ആപ്പാണ് തീവണ്ടിയാത്രയ്ക്ക് ഉപയോഗിക്കുന്നത്. ഇറങ്ങേണ്ട സ്റ്റേഷനില്‍ എത്തുന്നതിന് പത്തു മിനിറ്റിനുമുമ്പ് സ്ഥലം അടുത്തു എന്ന് ഫോണ്‍ വിളിച്ചറിയിക്കും. ഓഫ് ലൈനിലും വിവരങ്ങള്‍ കിട്ടുമെന്നതാണു പ്രത്യേകത. കൊറോണയെപ്പറ്റിയുള്ള വ്യാജവാര്‍ത്തകള്‍ക്കു തടയിടാന്‍ പത്രപാരായണത്തെ ഇവര്‍ പ്രോത്സാഹിപ്പിക്കുന്നു. ക്യാമറയില്‍ കാണിക്കുന്ന നോട്ട് എത്ര രൂപയുടേതെന്ന് ഫോണ്‍ ഇവരെ അറിയിക്കും.
കാഴ്ചപരിമിതര്‍ക്ക് കണ്ണായി പ്രവര്‍ത്തിക്കുന്നവരെല്ലാം ഇത്തരത്തിലുള്ളവര്‍ തന്നെയാണ്. പരിശീലത്തിനു സജ്ജരാക്കാന്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തുള്ളവര്‍ക്ക് നേരത്തേതന്നെ സോഫ്റ്റ്വേര്‍ നല്‍കിയിരുന്നു. ദിവസവും രാവിലെ ഒന്നര മണിക്കൂറാണ് ക്ലാസ്. ഐ.ബി.എമ്മിലെ സീനിയര്‍ എന്‍ജിനിയര്‍ അജീഷ് തോമസിനു പുറമേ ബി. അനില്‍കുമാര്‍, റോബിന് രാജ്, ഹാരൂണ്‍ എന്നിവരാണ് പരിശീലകര്‍. വാട്സാപ്പ് ഗ്രൂപ്പുവഴി ചര്‍ച്ചാ ക്ലാസുമുണ്ട്.
കേരള വികലാംഗ ക്ഷേമ കോര്പ്പറേഷന് മാനേജിങ് ഡയറക്ടര്‍ കെ. മൊയ്തീന് കുട്ടി ക്ലാസ് ഉദ്ഘാടനം ചെയ്തു. ധനമന്ത്രി തോമസ് ഐസക് ഇടപെട്ട് കോര്‍പ്പറേഷന്‍വഴി നടപ്പാക്കുന്ന 'കാഴ്ച' പദ്ധതിയില്‍ പത്തു ജില്ലയില്‍ ആയിരംപേര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്കി. ലോക്ഡൗണ്‍ കഴിത്താല്‍ ബാക്കി നാലു ജില്ലയില്‍ക്കൂടി നല്‍കും. ഫെഡറേഷന്റെ അഭ്യര്‍ഥന പ്രകാരമാണ് ഒന്നരക്കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചത്.
Content Highlights: Smartphone is very helpful for Blind during Lockdown, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..