മനസ്സിനും ശരീരത്തിനും മതിയായ വിശ്രമം കിട്ടാന്‍ ഉറക്കം അത്യന്താപേക്ഷിതമാണ്. ഓരോ പ്രായത്തിലും ഉറക്കത്തിന്റെ അളവും ആവശ്യകതയും വ്യത്യസ്തമാണ്. ചെറിയ കുട്ടികള്‍ കൂടുതല്‍ ഉറങ്ങുന്നു. പ്രായമായവര്‍ കുറച്ചും. പ്രായം കൂടിവരുമ്പോള്‍ ഉറക്കത്തിന്റെ സമയം കുറഞ്ഞു വരുന്നതായി കാണാം. കുട്ടികളുടെ ഉറക്കം അവരുടെ ശാരീരിക വളര്‍ച്ചയുമായും ബന്ധപ്പെട്ടിരിക്കുന്നു. കുട്ടികളിലെ ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ചില കാര്യങ്ങള്‍ അറിയാം. 

ഉറക്കം കുട്ടികളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കുന്നു

കുട്ടി തന്റെ ഒരു ദിവസത്തെ കാര്യം മുഴുവന്‍  ഉറക്കത്തിനിടെ തലച്ചോറില്‍ ശേഖരിച്ച് വെക്കുന്നുവെന്നാണ് കുട്ടികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അത് കൊണ്ട് തന്നെ അവരുടെ പഠനവും ഉറക്കവും ഏറെ ബന്ധപ്പെട്ടിരിക്കുന്നവയുമാണ്. കുട്ടികള്‍ക്ക്  സ്‌കൂളിലെ ദൈനം ദിന കാര്യങ്ങളില്‍ നല്ല ശ്രദ്ധയുണ്ടാവാനും പഠനത്തില്‍ മികവ് കാണിക്കാനും ഉറക്കത്തിന് ഏറെ പ്രാധാന്യമുണ്ട്.

ഉറക്കത്തിന്റെ കണക്കറിയാം
തന്റെ കുട്ടിക്ക് ഓരോ പ്രായത്തിലും എത്ര മണിക്കൂര്‍ ഉറക്കം നിര്‍ബന്ധമായും ലഭിച്ചിരിക്കണമെന്നതിനെ കുറിച്ച് രക്ഷിതാക്കള്‍ക്ക് നല്ല അറിവുണ്ടായിരിക്കുക എന്നതാണ്  പ്രധാന കാര്യം. മൂന്ന് മാസം വരെയുള്ള കുഞ്ഞുങ്ങള്‍ മിനിമം 18 മുതല്‍ 19 മണിക്കൂര്‍ വരെ ദിവസം ഉറങ്ങിയിരിക്കണം. നാല് മുതല്‍ 11 മാസം വരെയുള്ളവര്‍ക്ക് 16-18 മണിക്കൂര്‍, ഒരു വയസിനും രണ്ട് വയസിനുമിടയില്‍ 15-16 മണിക്കൂര്‍, രണ്ട് വയസിനും മൂന്ന് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണെങ്കില്‍ 11 മുതല്‍ 14 മണിക്കൂര്‍,  മൂന്ന് വയസ് മുതല്‍ അഞ്ച് വയസുവരയുള്ള കുട്ടികളാണെങ്കില്‍ 11 മുതല്‍ 13 മണിക്കൂര്‍, ആറ് വയസുമുതല്‍ 13 വയസ് വരെ ഒമ്പത് മുതല്‍ 11 മണിക്കൂര്‍, കൗമാര പ്രായക്കാരാണെങ്കില്‍ എട്ട് മണിക്കൂര്‍ മുതല്‍ 10 മണിക്കൂര്‍. ഇങ്ങനെയാണ് കുട്ടികളുടെ ഉറക്കവുമായി ബന്ധപ്പെട്ട് നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്‍ നല്‍കുന്ന കണക്ക്. 

പകലുറക്കവും കുട്ടികളും
ഒരു കുട്ടി പകല്‍ എത്ര സമയം ഉറങ്ങുന്നുവെന്നതുമായി ബന്ധപ്പെട്ടായിരിക്കും അവരുടെ രാത്രിയുറക്കം. പകല്‍ നന്നായി ഉറങ്ങിയ ശേഷം പലപ്പോഴും രാത്രി ഉറക്കമുണര്‍ന്ന് രക്ഷിതാക്കളെ കുഴപ്പത്തിലാക്കുന്നത് സാധാരണ സംഭവമാണ്. ഇതില്‍ പലപ്പോഴും രക്ഷിതാക്കള്‍ ടെന്‍ഷനിലുമായിരിക്കും. പല കുട്ടികളും അഞ്ച് വയസോട് കൂടി പകലുറക്കത്തില്‍ നിന്ന് പിന്‍വാങ്ങുന്നത് കാണാം. അങ്ങനെയുള്ളവര്‍ക്ക് രാത്രി നേരത്തെയുള്ള ഉറക്കം ഉറപ്പാക്കുകയെന്നത് രക്ഷിതാക്കളുടെ ചുമതലയാണ്. കുഞ്ഞുകുട്ടികള്‍ക്കാണെങ്കില്‍ നല്ല ഉറക്കം ലഭിക്കാന്‍ രക്ഷിതാക്കളുടെ സഹായം കൂടിയേ തീരു.

കിടക്കയില്‍ കുട്ടിക്ക് എന്തൊക്കെ ഉറപ്പാക്കാം

നേര്‍ത്ത മെത്ത ഉറക്കത്തിനായി കുട്ടികള്‍ക്ക് ഉറപ്പാക്കുക എന്നത് തന്നെയാണ് ആദ്യം ചെയ്യേണ്ടത്. മറ്റ് അനാവശ്യ ശബ്ദങ്ങള്‍ ഇല്ലാത്ത മുറി തന്നെ ഉറക്കത്തിന് വേണ്ടി തിരഞ്ഞെടുക്കാം. കുട്ടികളെ ചെറിയ ചൂട് വെള്ളത്തില്‍ അല്‍പം എണ്ണ തേച്ച് കുളിപ്പിക്കാം. ആവശ്യത്തിനുള്ള വായു മുറിയില്‍ ഉറപ്പാക്കുക എന്നതാണ് മറ്റൊരു കാര്യം. അരണ്ട വെളിച്ചത്തിലുള്ള മുറി, ഉറക്കം തടസ്സപ്പെടുത്തുന്ന രീതിയില്‍ മറ്റ് ശബ്ദങ്ങളുടെ മുറിയിലേക്കുള്ള പ്രവേശം ഇല്ലാതാക്കുക എന്നിവയും ഉറപ്പാക്കേണ്ടതുണ്ട്. കിടക്ക ഉറക്കത്തിന് മാത്രമുള്ളതായി മാറ്റിവെക്കുക. കളിപ്പാട്ടങ്ങള്‍ക്കും, വീഡിയോ ഗെയിംസുകള്‍ക്കും, ടാബ്ലറ്റിനും വേറെ സ്ഥാനവും നല്‍കാം. വൃത്തിയുള്ള ബെഡ് ഷീറ്റുകള്‍ക്കും തലയണ കവറുകള്‍ക്കും ഉറക്കത്തിന് ഏറെ പ്രാധാന്യമുണ്ട്. എല്ലായ്‌പ്പോഴും പുതുമ തോന്നിക്കുന്ന തരത്തിലുള്ള ബെഡ്‌റൂം സ്‌പ്രേകള്‍ക്കും ഉറക്കത്തിന് ഏറെ പ്രാധാന്യമുണ്ട്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയെങ്കിലും ബെഡ്ഷീറ്റുകളും തലയണ കവറുകളും അലക്കുന്നതും നല്ല ഉറക്കം പ്രധാനം ചെയ്യും

കൗമാരക്കാര്‍ക്കും വേണം ശ്രദ്ധ

അവര്‍ വലുതായില്ലേ ഇനിയെന്തിന് ഉറക്കത്തില്‍ ശ്രദ്ധിക്കണം. ഇങ്ങനെയാണ് മിക്ക രക്ഷിതാക്കള്‍ക്കും കൗമാരക്കാരോടുള്ള നിലപാട്. പക്ഷെ അവര്‍ക്ക് വേണ്ട ഉറക്കത്തിലും രക്ഷിതാക്കള്‍ ഏറെ ശ്രദ്ധാ
ലുവാകേണ്ടതുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. രക്ഷിതാക്കളില്‍ നിന്നും മാറി മറ്റ് മുറിയിലാണ് അവര്‍ ഉറങ്ങുന്നതെങ്കില്‍ ഉറങ്ങുന്നുണ്ടോയെന്ന കാര്യം രക്ഷിതാക്കള്‍ ഉറപ്പാക്കേണ്ടതുണ്ട്. മൊബൈല്‍ ഫോണ്‍, ടാബ്‌ലെറ്റ്, ലാപ്‌ടോപ് എന്നിവ കിടക്കയില്‍ നിന്നും മാറ്റിവെക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ ഉറങ്ങാന്‍ അനുവദിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം.

ഉറക്കത്തിനുണ്ട് നിരവധി പ്രശ്‌നങ്ങള്‍

കൂര്‍ക്കം വലി, ശ്വാസമെടുക്കുന്നതിലെ പ്രശ്‌നം, ഉറക്കത്തിലെ സംസാരം, ഉറക്കത്തിനിടെ എഴുന്നേറ്റ് നടക്കല്‍ ഇങ്ങനെ തുടങ്ങുന്നു പലരുടെയും ഉറക്കത്തിലെ പ്രശ്‌നം. രക്ഷിതാക്കള്‍ ഇതിനെ കാര്യമായി കണക്കാക്കുന്നില്ലെങ്കിലും ഇങ്ങനെയുള്ള കുട്ടികളെ ചികിത്സയ്ക്ക് വിധേയരാക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ തുടര്‍ച്ചയായുള്ള തലവേദനയ്ക്കും, വിഷാദത്തിനും, ഹൃദ്രോഗ പ്രശ്‌നങ്ങള്‍ക്കും കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.  

ഉറക്കക്കൂടുതലും പ്രശ്‌നം തന്നെ
കൂടുതലായി ഉറങ്ങുന്നതും പ്രശ്‌നം തന്നെ. രോഗമുള്ള അവസരങ്ങളിലാണ് കുഞ്ഞുങ്ങള്‍ കൂടുതലായി ഉറങ്ങുന്നത്. പഠിക്കുന്ന പ്രായത്തില്‍, കുട്ടികളിലും കൗമാരക്കാരിലും ഇത് സ്ഥിരം പരാതിയാണ്. മനസ്സിന്റെ ഒരു ചെറിയ മടി ഇതിലുണ്ടെന്നു നമുക്കെല്ലാം അറിയാവുന്നതാണ്. പഠിക്കാന്‍ പുസ്തകമെടുത്താലേ ഉറക്കം വരൂ. അല്ലാത്തപ്പോള്‍ ഇല്ല. ഇതു സാരമുള്ള പ്രശ്നമല്ല.

ഉറക്കക്കൂടുതലെന്ന് പറയുന്നത് പലപ്പോഴും സത്യത്തില്‍ ഉറക്കക്കുറവായിരിക്കും. രാവിലെ ഉറക്കമുണര്‍ന്നശേഷം എഴുന്നേല്‍ക്കാന്‍ മടിച്ചു കിടക്കും, വീണ്ടും ഉറങ്ങിപ്പോകും. കൗമാരക്കാരില്‍ വലിയവരുമായി താരതമ്യപ്പെടുത്തിയാല്‍ (അങ്ങനെയാണല്ലോ സാധാരണയായി ചെയ്യാറുള്ളത്) ഉറക്കം അല്‍പം കൂടുതലാണ്. അതിനോടൊപ്പം അല്‍പം അലസത, മടി, വൈകിയുള്ള ഉറക്കം ഒക്കെ അവരുടെ പ്രത്യേകതയാണ് എന്നു കരുതണം. എങ്കിലും ഉറക്കം കൂടുതലുണ്ടെന്ന് പരാതി ഉന്നയിച്ചാല്‍ തീര്‍ച്ചയായും വേണ്ടരീതിയിലുള്ള മെഡിക്കല്‍ പരിശോധന അവര്‍ക്കാവശ്യമാണ്. ടി.ബി. പോലുള്ള രോഗങ്ങളും, ഇരുമ്പ് കുറവായതുകൊണ്ട് വിളര്‍ച്ചയും ചില പ്രത്യേക മാനസികരോഗങ്ങളും പ്രത്യക്ഷപ്പെടാന്‍ കൂടുതല്‍ സാധ്യതകളുണ്ട് ഈ പ്രായത്തില്‍.

ശാരീരികക്ഷീണംകൊണ്ട് ഉറക്കക്കൂടുതല്‍ ഉണ്ടാകാം. എട്ടു മണിക്ക് ബസ്സില്‍ കയറി നാടുചുറ്റി സ്‌കൂളിലെത്തി, പിന്നെ നാലു മണിക്ക് വീണ്ടും ബസ്സില്‍ കയറി ആറു മണിക്ക് വീട്ടിലെത്തുന്ന കുട്ടിക്ക് ശാരീരികക്ഷീണമുണ്ടായാല്‍ അതിശയിക്കാനുണ്ടോ? സമീകൃതമല്ലാത്ത ഭക്ഷണംകൊണ്ട് ക്ഷീണമുണ്ടാകാം. ഫാസ്റ്റ് ഫുഡിന്റെ ഈ കാലത്ത് അതും വളരെ സാധാരണം. അതുകൊണ്ട് ഉറക്കക്കൂടുതലുള്ള കുട്ടിയെ ഒരു പരിശോധനയ്ക്ക് വിധേയനാക്കുന്നതു തന്നെയാണ് നല്ലത്.