ശക്തമായ തലവേദനയും തലയ്ക്കുള്ള ഭാരവും; എന്താണ് സൈനസൈറ്റിസ്? പൂർണമായും മാറ്റാനാവുമോ?


ഡോ. അജു രവീന്ദ്രൻ

ഏത് സൈനസിനാണോ ബാധിച്ചത് എന്നതനുസരിച്ചാണ് തലയുടെ ഏത്‌ ഭാഗത്ത് വേദനയുണ്ടാകുന്നത് എന്ന് പറയാൻ പറ്റുകയുള്ളൂ.

Representative Image

ളരെയധികം പേരെ ബാധിക്കുന്ന പ്രശ്നമാണ് സൈനസൈറ്റിസ്. പല രോഗികളും ചോദിക്കാറുണ്ട് “ഇത് പൂർണമായും മാറ്റാൻ കഴിയുമോ?’’ എന്ന്‌. ആ ചോദ്യത്തിനുള്ള ഉത്തരത്തിന് മുൻപ് സൈനസൈറ്റിസ് എന്താണെന്ന് മനസ്സിലാക്കാം. മൂക്കിന് ചുറ്റുമുള്ള എല്ലുകളുടെ ഉള്ളിലുള്ള വായുനിറഞ്ഞ അറകളാണ് സൈനസ്. നെറ്റിയുടെ പിറകിലുള്ള സൈനസിനെ ഫ്രോണ്ടൽ സൈനസ്, കണ്ണുകളുടെ താഴെയുള്ളതിനെ മാക്സില്ലറി സൈനസ്, കണ്ണിന്റെയും മൂക്കിന്റെയും ഇടയിലുള്ളതിനെ എത്‌മോയിഡ് സൈനസ്, മൂക്കിന്റെ ഏറ്റവും പിറകിലുള്ളതിനെ സ്ഫിനോയിഡ് സൈനസ് എന്നിങ്ങനെയാണ് വിളിക്കുന്നത്. ഈ അറകളുടെ ഭിത്തിയിൽ നിന്നുണ്ടാകുന്ന കഫം സാധാരണമായി സൈനസിന്റെ ചെറിയ ഒരു ദ്വാരത്തിലൂടെ മൂക്കിലേക്ക് നിരന്തരം വന്നുകൊണ്ടേയിരിക്കും. ഏതെങ്കിലും കാരണത്താൽ ഈ ദ്വാരം അടയുകയാണെങ്കിൽ സൈനസിലെ കഫം അവിടെത്തന്നെ കെട്ടിക്കിടന്ന് അതിൽ പഴുപ്പുണ്ടാകുന്നു. ഇതിനെയാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്.

കാരണങ്ങൾ

ശക്തമായ ജലദോഷം, സ്ഥിരമായുള്ള അലർജി, സൈനസിന്റെ ദ്വാരം തടസ്സപ്പെടുത്തുന്ന ദശകൾ (Polyps), സൈനസിന്റെ ദ്വാരം തടസ്സപ്പെടുത്തുന്ന മൂക്കിന്റെ പാലത്തിന്റെ വളവ്, പുകവലി, അന്തരീക്ഷ മലിനീകരണം എന്നിവയാണ് പ്രധാനപ്പെട്ട കാരണങ്ങൾ.

ലക്ഷണങ്ങൾ

സൈനസൈറ്റിസിന്റെ പ്രധാന ലക്ഷണം തലവേദനയും തലയ്ക്കുള്ള ഭാരവുമാണ്. ഏത് സൈനസിനാണോ ബാധിച്ചത് എന്നതനുസരിച്ചാണ് തലയുടെ ഏത്‌ ഭാഗത്ത് വേദനയുണ്ടാകുന്നത് എന്ന് പറയാൻ പറ്റുകയുള്ളൂ. തലവേദനയില്ലെങ്കിൽ അതിന് സൈനസൈറ്റിസ് എന്ന് വിളിക്കാൻ പ്രയാസമാണ്, അത് അലർജിപോലുള്ള പ്രശ്നങ്ങളാവാം. സാധാരണമായി മൂക്കിന്‌ ചുറ്റുമാണ് വേദന അനുഭവപ്പെടുന്നത്. സ്ഫിനോയ്ഡ് സൈനസിനെ ബാധിച്ചിട്ടുണ്ടെങ്കിൽ നെറുകയിൽ വേദനയുണ്ടാകാം. രാവിലെയാണ് തലവേദന അധികമായുണ്ടാകുക. പകലാവുംതോറും കഫം പോകുന്നതനുസരിച്ച് തലവേദന കുറഞ്ഞുവരും.

തലവേദനയ്ക്ക്‌ പുറമേ മൂക്കടപ്പ്, മൂക്കിലൂടെ കഫം വരുക, കഫത്തിന്റെ കൂടെ രക്തം, കഫത്തിന്‌ ദുർഗന്ധം എന്നിവയൊക്കെയാണ് സൈനസൈറ്റിസിന്റെ മറ്റ്‌ ലക്ഷണങ്ങൾ.

ചികിത്സ

ഘട്ടങ്ങളായുള്ള ചികിത്സാരീതിയാണ് പ്രയോജനപ്പെടുക. ഏത്‌ ഘട്ടത്തിലാണോ രോഗിക്ക് രോഗലക്ഷണങ്ങളിൽനിന്ന്‌ മുക്തി ലഭിക്കുന്നത് അവിടെവെച്ച് ചികിത്സ നിർത്താം.

വർഷത്തിൽ ഒന്നോ രണ്ടോ തവണ വരുന്ന ശക്തമായ ജലദോഷത്തിനുശേഷം കാണുന്നതാണ് ‘അക്യൂട്ട്’ സൈനസൈറ്റിസ്. ഇത് അത്ര ഉപദ്രവകാരിയല്ല. ഇതിന് മരുന്നുകൾ മാത്രം മതിയാകും. അണുബാധ പരിഹരിക്കാനുള്ള ആന്റിബയോട്ടിക്കുകളും മൂക്കിലെ തടസ്സം നീക്കാനുള്ള നാസൽ ഡ്രോപ്സും (Nasal drops) കഫം അലിഞ്ഞുപോകാനുള്ള മരുന്നുകളും കൊണ്ടുതന്നെ കുറച്ച്‌ ദിവസങ്ങളിൽ അക്യൂട്ട് സൈനസൈറ്റിസ് ഭേദമാകാറുണ്ട്.

പ്രധാന പ്രശ്നം ക്രോണിക് സൈനസൈറ്റിസാണ്. വിട്ടുമാറാത്ത സൈനസൈറ്റിസ് അല്ലെങ്കിൽ ഇടയ്ക്കിടെയുള്ള സൈനസൈറ്റിസ്-ഇതാണ്‌ ക്രോണിക് സൈനസൈറ്റിസ്. ഇതിനുള്ള ചികിത്സ കൂടുതൽ ഗൗരവത്തോടെ ചെയ്യണം. ക്രോണിക് സൈനസൈറ്റിസിന്റെ പ്രാഥമിക പരിശോധന എന്നത് നാസൽ എൻഡോസ്കോപി (Nasal endoscopy) ആണ്. ഒരു ക്യാമറ ഉപയോഗിച്ച് ഒ.പി.യിൽ തന്നെ ഇത് ചെയ്യുന്നതാണ്. മൂക്കിൽ മരുന്നിറ്റിച്ചതിനുശേഷം എൻഡോസ്കോപ്പ് ഉപയോഗിച്ച് സൈനസിന്റെ ദ്വാരങ്ങൾ നേരിട്ട് പരിശോധിക്കാനും അതിനെ തടസ്സപ്പെടുത്തുന്ന ദശകളോ, കട്ടിയുള്ള കഫമോ വളഞ്ഞിരിക്കുന്ന പാലമോ ഉണ്ടോ എന്ന് മനസ്സിലാക്കാനും സാധിക്കും.

ചെറിയ കാരണങ്ങളാണെങ്കിൽ മരുന്നുകൊണ്ടുള്ള ചികിത്സ തുടങ്ങും. ക്രോണിക് സൈനസൈറ്റിസിന്റെ പ്രധാനപ്പെട്ട മരുന്ന് മൂക്കിലടിക്കുന്ന സ്റ്റിറോയ്ഡ് നാസൽ സ്പ്രേ (Steroid Nasal Spray) ആണ്. ഇത് രക്തത്തിലേക്ക് കയറാത്തതിനാൽ പാർശ്വഫലങ്ങളോ അഡിക്‌ഷനോ ഇല്ലാതെ സുരക്ഷിതമായി ഉപയോഗിക്കാം. ആന്റിബയോട്ടിക്കുകൾക്ക് ക്രോണിക് സൈനസൈറ്റിസിൻറെ ചികിത്സയിൽ വലിയ പ്രാധാന്യമില്ല. കാരണം ഇത് വെറുമൊരു അണുബാധ അല്ല. സൈനസ് ദ്വാരങ്ങൾ അടഞ്ഞിരിക്കുന്നതുമൂലം കെട്ടിക്കിടക്കുന്ന കഫം കാരണമാണ് ഇത് സംഭവിക്കുന്നത്. അതുകൊണ്ട് അണുബാധ മാത്രം ചികിത്സിച്ചാൽ മതിയാവില്ല, നേരേമറിച്ച് ദ്വാരങ്ങൾ തുറക്കാനുള്ള ചികിത്സയാണിതിൽ പ്രധാനമായി വേണ്ടത്. മെഡിക്കൽ തെറാപ്പി കൊണ്ട്തന്നെ പലർക്കും ആശ്വാസം ലഭിക്കാറുണ്ട്.

പക്ഷേ, ചിലരിൽ മരുന്ന് ചികിത്സ പൂർണമായും ഫലപ്രദമാവില്ല. അവർക്ക് ചികിത്സയുടെ അടുത്ത പടിയിലേക്ക് പോകണം. ഇവർക്ക് സൈനസിന്റെ സി.ടി. (C.T. Scan) എടുത്ത് സൈനസിന്റെ ഉള്ളിലുള്ള പ്രശ്നങ്ങൾ തിരിച്ചറിഞ്ഞുവേണം അടുത്ത ചികിത്സ. ചില രോഗികളിൽ കാണാറുള്ള സൈനസിലെ ഫംഗസ് അണുബാധയുടെ ലക്ഷണങ്ങളും സി.ടി. സ്കാനിൽ തിരിച്ചറിയാനാകും.

ശസ്ത്രക്രിയ വേണ്ടതെപ്പോൾ

സി.ടി. സ്കാൻ പരിശോധനയിൽ കാര്യമായ പ്രശ്നങ്ങൾ കണ്ടെത്തിയെങ്കിൽ ചികിത്സയുടെ അടുത്ത പടിയായ ശസ്ത്രക്രിയയെക്കുറിച്ച് ചിന്തിക്കേണ്ടിവരും. എൻഡോസ്കോപിക് സൈനസ് സർജറി (Endoscopic Sinus Surgery) ആണ് ഇതിന് ചെയ്യാറുള്ളത്. ക്രോണിക് സൈനസൈറ്റിസുള്ള ഒരു ചെറിയ ശതമാനം രോഗികൾക്കേ ഈ ശസ്ത്രക്രിയ ആവശ്യമായി വരുകയുള്ളൂ. എൻഡോസ്കോപ് ഉപയോഗിച്ച്‌ ചെയ്യുന്ന ശസ്ത്രക്രിയയായതിനാൽ ഇതിന് പുറമേ മുറിവുകളോ പാടുകളോ ഉണ്ടാവില്ല. സൈനസിന്റെ തടസ്സം സൃഷ്ടിക്കുന്ന മുന്നേ പറഞ്ഞ കാരണങ്ങൾ നീക്കംചെയ്ത് സൈനസിന്റെ ദ്വാരം വലുതാക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. അനസ്തേഷ്യ നൽകി ചെയ്യുന്നതിനാൽ ഇത് വേദനരഹിതമാണ്. ഇത് ഡേ കെയർ സർജറിയായി -അതായത് ഹോസ്പിറ്റലിൽ താമസിക്കാതെ ചെയ്യാവുന്നതാണ്.

ഓപ്പറേഷനുശേഷം ആദ്യകാലങ്ങളിൽ ചെയ്തിരുന്നത് പോലെ മൂക്കിൽ തിരിവെച്ച് അടച്ചുവയ്ക്കേണ്ട (Nasal packing) ആവശ്യം ആധുനിക ശസ്ത്രക്രിയാരീതികളിൽ ഇല്ല. അലർജിയുള്ള രോഗികൾക്ക് ശസ്ത്രക്രിയ കഴിഞ്ഞാലും നാസൽ സ്‌പ്രേ തുടരേണ്ടിവരും. ഈ പടിപടിയായുള്ള ചികിത്സാരീതികൊണ്ട് ക്രോണിക് സൈനസൈറ്റിസിനെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും.

മൂക്കിന്റെ പാലം വളവ്

80 ശതമാനത്തോളം പേരിലും മൂക്കിന്റെ പാലത്തിന് ചെറിയ തോതിലെങ്കിലുമുള്ള വളവുണ്ടാകാറുണ്ട്. എന്നാൽ, ഇതുകാരണം മിക്ക ആളുകൾക്കും ആരോഗ്യപ്രശ്നങ്ങൾ ഒന്നുംതന്നെ വരാറില്ല. അതുകൊണ്ട്, ചെറിയ തോതിലുള്ള വളവ് പരിഹരിക്കേണ്ട ആവശ്യവും വരാറില്ല. എന്നാൽ, കുറച്ചുപേരിൽ മൂക്കിന്റെ പാലത്തിന്റെ വളവ് മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. അപ്പോഴാണ് ചികിത്സ ആവശ്യമായി വരുന്നത്.

മൂക്കിന്റെ പാലം വളവ് പ്രശ്നമാകുന്നത്

മൂക്കിന്റെ പാലത്തിന്റെ വളഞ്ഞ ഭാഗം മൂക്കിന്റെ പാർശ്വഭിത്തിയിൽ തട്ടി ആ ഭാഗത്തെ നാസാദ്വാരം പൂർണമായും അടഞ്ഞുപോകുന്ന സ്ഥിതിവരാം. ഇങ്ങനെ സംഭവിച്ചാൽ സ്ഥിരമായി മൂക്കടപ്പും അനുബന്ധപ്രശ്നങ്ങളുമുണ്ടാകാം.

ചിലരിൽ മൂക്കിന്റെ പാലം വളഞ്ഞ് സൈനസിന്റെ ദ്വാരത്തെ തടസ്സപ്പെടുത്തും. ഇങ്ങനെ സംഭവിച്ചാൽ അത് സൈനസൈറ്റിസിന് കാരണമാകും. ചിലപ്പോൾ മൂക്കിൽനിന്ന് രക്തസ്രാവവുമുണ്ടാകാം. ഈ സാഹചര്യങ്ങളിൽ മൂക്കിന്റെ പാലത്തിന്റെ വളവിന് പരിഹാരം തേടേണ്ടത് ആവശ്യമാണ്.

കാരണം

അപകടങ്ങളും മറ്റും കാരണം മൂക്കിനേൽക്കുന്ന ക്ഷതങ്ങൾ പാലത്തിന്റെ വളവിന് കാരണമാകാറുണ്ട്. ജന്മനാതന്നെ മൂക്കിന്റെ പാലത്തിന് വളവ് ഉണ്ടാകാം.

ലക്ഷണം

മൂക്കടപ്പാണ് പ്രധാന ലക്ഷണം. അല്പനേരം നടക്കുമ്പോൾ മൂക്കിലൂടെ ശ്വാസമെടുക്കാൻ പ്രയാസം നേരിടും. ഉറക്കത്തിലും പലപ്പോഴും വായ തുറന്ന് ശ്വസിക്കേണ്ടിവരും. ജലദോഷം വരുമ്പോൾ ഈ ബുദ്ധിമുട്ടുകൾ കഠിനമാകും. പാലത്തിന് കാര്യമായ വളവുണ്ടെങ്കിൽ അത് പുറമേക്ക് പ്രകടമാവുകയും ചെയ്യും.

ചിലർക്ക് തലവേദനയുണ്ടാകാറുണ്ട്. പാലം വളഞ്ഞ് സൈനസുകളുടെ ദ്വാരം തടസ്സപ്പെടുന്നതുകൊണ്ട് സൈനസൈറ്റിസ് ഉണ്ടായാൽ തലവേദന വരാം. മൂക്കിന്റെ പാലം വളഞ്ഞ് പാർശ്വഭിത്തിയിൽ കുത്തി നിന്നും തലവേദന വരാം.

പരിഹാരം സർജറി

മൂക്കിന്റെ പാലം വളഞ്ഞതുകാരണം കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിൽ പാലത്തിന്റെ വളവ് പരിഹരിക്കാൻ സർജറി ആവശ്യമായി വരും. ഇതിനെ സെപ്‌റ്റോപ്ലാസ്റ്റി എന്ന് പറയും. പാലത്തിന്റെ വളവ് തിരിച്ചറിയാനും മറ്റെന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന് വിലയിരുത്താനും നാസൽ എൻഡോസ്‌കോപി ചെയ്യും. അതിനുശേഷം സി.ടി. സ്‌കാനും എടുക്കാറുണ്ട്. ഇതെല്ലാം വിലയിരുത്തിയശേഷമാണ് സർജറി ചെയ്യുക. തരിപ്പിച്ചോ മയക്കിയോ ആണ് സർജറി ചെയ്യുക. 16 വയസ്സ് കഴിഞ്ഞ് സർജറി ചെയ്യുന്നതാണ് ഉചിതം. ചില അവസരങ്ങളിൽ നേരത്തെയും ചെയ്യാറുണ്ട്.

മൂക്കിലെ ദശ വളർച്ച

ചിലരുടെ മൂക്കിൽ ദശ അഥവാ പോളിപ്പുകൾ (Nasal polyps) പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. മൂക്കിലെ ദശ എന്ന് പൊതുവേ പറയാറുണ്ടെങ്കിലും എല്ലാം ഒന്നല്ല. പല തരത്തിലുള്ള പോളിപ്പുകളുണ്ട്. മൂക്കിനുള്ളിലെ ശ്ലേഷ്മസ്തരത്തിലോ സൈനസുകളിൽനിന്നോ ഉണ്ടാകുന്ന തടിപ്പുകളാണിത്. കുട്ടികളിൽ അഡിനോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന വീക്കമായ അഡിനോയ്ഡ് ഹൈപ്പർട്രോഫി പോളിപ്പിന് കാരണമാകും. അലർജിയും പോളിപ്പുകൾക്കിടയാക്കും. രണ്ട് മൂക്കിലും മുന്തിരിക്കുലപോലെ ചെറിയ കുറെ ദശകൾ ചേർന്ന രീതിയിലാണ് അലർജി കാരണമുള്ള പോളിപ്പ് കാണാറുള്ളത്. ഇങ്ങനെയുണ്ടാകുമ്പോൾ അലർജിയുടെ ലക്ഷണങ്ങൾതന്നെയാണ് കാണുന്നത്. ഇതുകൂടാതെ സൈനസൈറ്റിസിൽനിന്ന് ദശ മൂക്കിലേക്ക് വളരാം. ഇത് രണ്ടുതരത്തിലുണ്ട്. ഏറ്റവും കൂടുതൽ കാണുന്നത് എത്‌മോയിഡൽ പോളിപ്പാണ് (Ethmoidal polyps). എത്‌മോയിഡൽ സൈനസിലെ ഭിത്തിയിൽനിന്നാണ് ഇതിന്റെ ഉദ്ഭവം. മറ്റൊന്ന് ആൻട്രോകോണൽ പോളിപ് (Antrochoanal polyp) ആണ്. ഇത് മാക്‌സിലറി സൈനസിൽനിന്നാണ് വളരുന്നത്. മൂക്കിന്റെ പിൻഭാഗത്തേക്കാണ് ഇത് വളരുന്നത്. ഇത് പൊതുവേ ഒറ്റ പോളിപ്പായാണ് കാണുന്നത്. എന്നാൽ, എത്‌മോയിഡൽ പോളിപ്പ് ഒന്നിലധികമായി കാണപ്പെടുന്നു.

മൂക്കിലെ പോളിപ്പുകൾ മിക്കതും അപകടരഹിതമായ തടിപ്പുകളാണ്. എന്നാൽ, അപൂർവമായി കാൻസർ മുഴകളുമുണ്ടാകാം. അതുകൊണ്ട് പരിശോധന നടത്തി പ്രശ്നമില്ലാത്ത തടിപ്പുകളാണെന്ന് ഉറപ്പുവരുത്തണം.

ചികിത്സ

ഏതുതരം ദശയാണ് എന്ന് മനസ്സിലാക്കി അതിനനുസരിച്ച് ചികിത്സാരീതിയും വ്യത്യസ്തമായിരിക്കും. അലർജി കാരണമുണ്ടാകുന്ന പോളിപ്പിന് അലർജി മാറ്റാനുള്ള മരുന്നുകളാണ് നൽകുക. ഇതിലൂടെ അത്തരം ദശകളുടെ വളർച്ച നിയന്ത്രിച്ചുനിർത്താനാകും. ആന്റിബയോട്ടിക്കുകൾ, മൂക്കിലുപയോഗിക്കുന്ന സ്‌പ്രേ എന്നിവ ചികിത്സയ്ക്ക് പ്രയോജനപ്പെടുത്താറുണ്ട്. കഠിനമായ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെങ്കിൽ എൻഡോസ്‌കോപി സർജറിയിലൂടെ ദശ നീക്കംചെയ്യേണ്ടതായി വരും.

അഡിനോയ്ഡ് ഗ്രന്ഥിയിലെ നീർക്കെട്ട്

മൂക്കിന് പിന്നിലായി സ്ഥിതിചെയ്യുന്ന ഗ്രന്ഥിയാണ് അഡിനോയ്ഡ്. തുടർച്ചയായുള്ള ജലദോഷം, ടോൺസിലൈറ്റിസ്, സൈനസൈറ്റിസ് എന്നിവയുണ്ടാകുമ്പോൾ അഡിനോയ്ഡ് ഗ്രന്ഥിക്കും വീക്കം വരാം. ഇതിനെ അഡിനോയ്‌ഡൈറ്റിസ് എന്നുപറയും. അലർജിയും ഇതിന് കാരണമാകാറുണ്ട്. അഡിനോയ്ഡിന് വീക്കം വന്നാൽ തൊണ്ടയുടെ വശങ്ങളിൽനിന്ന് ചെവിയിലേക്ക് വായു കടത്തിവിടുന്ന യൂസ്റ്റേഷ്യൻ ട്യൂബിൽ തടസ്സം വരാം. ഇതുകാരണം മധ്യകർണത്തിൽ നീർക്കെട്ട്, അണുബാധ എന്നിവയുണ്ടാവുകയും ചെയ്യുന്നു. അഡിനോയ്ഡിന് വീക്കം വന്നാൽ ശബ്ദത്തിൽ വ്യത്യാസം, കൂർക്കംവലി, ജലദോഷം തുടങ്ങിയവയും ഉണ്ടാകാനിടയുണ്ട്.

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ അസോസിയേറ്റ് പ്രൊഫസറും കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റലിൽ സീനിയർ
ഇ.എൻ.ടി. വിഭാഗം കൺസൾട്ടന്റുമാണ് ലേഖകൻ

Content Highlights: sinusitis types causes symptoms, headache types

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented