ലോക്ഡൗണ്‍ നമ്മുടെ ദിനചര്യകളെ ആകെ താളം തെറ്റിച്ചിരുന്നു. വീടിനുപുറത്തും ഫിറ്റ്‌നെസ്സ് സെന്ററുകളിലും വ്യായാമം ചെയ്തിരുന്നവര്‍ വീടിനുള്ളിലെ ഇത്തിരിയിടത്ത് ഒതുങ്ങേണ്ടി വന്നു. വര്‍ക്ക് ഫ്രം ഹോമില്‍ ജോലിഭാരം കൂടിയതോടെ ചെറുപ്പക്കാര്‍ പലരും വ്യായാമം തന്നെ മറന്നു. എന്നും അല്‍പനേരം നടക്കാന്‍ പോയിരുന്ന പ്രായമായവര്‍ അതിനും വഴിയില്ലാത്തവരായി. മൊത്തം ആരോഗ്യ ശീലങ്ങള്‍ പടികടന്നെന്നു ചുരുക്കം. 

കൊറോണ നീണ്ടു പോകുന്നതോടെ പുതിയ ജീവിതശൈലിയുമായി പൊരുത്തപ്പെടുകയാണ് നമ്മള്‍. ജീവിത ശൈലീ രോഗങ്ങളും ഹൃദയ സംബന്ധമായ രോഗങ്ങളുമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം പകരമുള്ള ഫിറ്റ്‌നസ്സ് മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ഒപ്പം ജീവിതശൈലിയിലും ശ്രദ്ധ വേണം. കൊറോണക്കാലത്ത് വീട്ടിലിരിക്കുമ്പോള്‍ ഹൃദയാരോഗ്യത്തിനായി ചില കാര്യങ്ങള്‍ മറക്കേണ്ട. 

1. ലോക്ഡൗണ്‍ ഡയറ്റ്

പ്രായത്തിനും ആരോഗ്യത്തിനും അനുസരിച്ചുള്ള ഭക്ഷണശീലം ഒരു വിദഗ്ധന്റെ സഹായത്തോടെ തുടങ്ങാം. കൂടുതല്‍ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ജങ്ക് ഫുഡുകളും റെഡ് മീറ്റ് എന്നിവ ഒഴിവാക്കാം. നന്നായി വെള്ളം കുടിക്കാന്‍ മറക്കേണ്ട. 

2. ദിനചര്യകള്‍ മാറ്റേണ്ട

ഉണരുന്നതും ഉറങ്ങുന്നതും എല്ലാ ദിവസവും ഒരേ സമയക്രമം പാലിക്കാന്‍ ശ്രദ്ധിക്കാം. കൃത്യമായി വിശ്രമിക്കാനുള്ള സമയങ്ങള്‍ കണ്ടെത്തണം. ജോലിത്തിരക്കിനിടയില്‍ ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കിയില്ലെങ്കില്‍ മറ്റ് രോഗങ്ങള്‍ പിടിപെടാം. ഓഫീസ് ദിനങ്ങള്‍ പോലെ ആഴ്ച അവസാനം ഓഫ് ഡേയായി ലഭിക്കുമോ എന്നും നോക്കാം. ഓഫീസില്‍ പോയുള്ള ജോലി പോലെ തന്നെയാണ് വര്‍ക്ക് ഫ്രം ഹോമും എന്ന് തന്നെ ചിന്തിക്കണം. ലഭിക്കുന്ന അവധി ദിനങ്ങളില്‍ മറ്റ് തിരക്കുകള്‍ മാറ്റി വച്ച് ഇഷ്ടമുള്ള സിനിമകാണാനും വീട്ടിലുള്ളവര്‍ക്കൊപ്പം സമയം ചെലവഴിക്കാനും ശ്രദ്ധിക്കുക. ഭക്ഷണം, വ്യായാമം എന്നവയും സാധാരണപോലെ കൃത്യ സമയത്ത് തന്നെ നടപ്പാക്കാം. 

3. ഒറ്റപ്പെടല്‍ വേണ്ട

കൊറോണക്കാലത്ത് ഏറെ ആളുകള്‍ നേരിട്ട ഒന്നാണ് വിഷാദം. ഒറ്റപ്പെട്ടു എന്ന തോന്നലായിരുന്നു മിക്ക  ആളുകളുടെയും പ്രശ്‌നം. പ്രത്യേകിച്ചും പ്രായമായവര്‍ക്കും ക്വാറന്റെയിനിലും മറ്റും ഉള്ളവര്‍. ഇത് ഒഴിവാന്‍ വെര്‍ച്വല്‍ ഒത്തുചേരലുകള്‍, വീഡിയോ കോളിങ്, വെര്‍ച്വല്‍ ലേണിങ് ക്ലാസസ്, വെര്‍ച്വല്‍ യോഗ ക്ലാസ്, മെഡിറ്റേഷന്‍... എന്നിവ തുടങ്ങാം. 

4. പുകവലിയും മദ്യപാനവും ഒഴിവാക്കാം

പുകവലി ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സിനെ വര്‍ധിപ്പിക്കും, ഇത് ആര്‍ട്ടറികളില്‍ ബ്ലോക്കിന് കാരണമാകുമെന്നാണ് പഠനങ്ങള്‍. അതുപോലെ മദ്യപാനം രോഗപ്രതിരോധശക്തി കുറക്കുകയും രോഗങ്ങള്‍ വേഗത്തില്‍ പിടിപെടാന്‍ കാരണമാകുകയും ചെയ്യും. ഇവ രണ്ടും ഹൃദയാരോഗ്യത്തെ മോശമാക്കും

മുപ്പത് മുതല്‍ 50 വയസ്സുവരെയുള്ളവര്‍ ശ്രദ്ധിക്കാന്‍

ഈ പ്രായത്തിലുള്ളവര്‍ ഭാരം കൂടുന്നത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആഴ്ചയിലൊന്നെങ്കിലും ഭാരം പരിശോധിക്കാം. കൃത്യമായ ഭക്ഷണവും വ്യായാമവും ശീലമാക്കണം. ഭാരം കൂടുന്നതുകൊണ്ടുണ്ടാകുന്ന ജീവിതശൈലീ രോഗങ്ങള്‍ മുതല്‍ സന്ധിസംബന്ധമായ രോഗങ്ങള്‍ വരെ ഈ പ്രായത്തിലാണ് കൂടുതലായും പിടിപെടുന്നത്. 

വ്യായാമം ചെയ്യുമ്പോള്‍ കുടുംബത്തെയും ഒപ്പം കൂട്ടാം. ബ്രിസ്‌ക് വോക്കിങ്, എയ്‌റോബിക്‌സ്, ഡാന്‍സിങ് പോലെ മാനസികോല്ലാസം തരുന്ന വര്‍ക്ക് ഔട്ടുകല്‍ ചെയ്യാം. ആഴ്ചയിലൊരിക്കല്‍ ഏതെങ്കിലും ഹോബിക്കായി സമയം ചെലവഴിക്കണം. ഗാര്‍ഡനിങ്, വായന, പുതിയ ഭാഷ പഠിക്കല്‍, ചിത്രം വരയ്ക്കല്‍... തുടങ്ങിയവയെന്തും ചെയ്യാം. 

50 മുതല്‍ 70 വയസ്സുവരെ

പ്രായമായെന്ന തോന്നലോടെ എവിടെയെങ്കിലും ചടഞ്ഞിരിക്കുന്ന സ്വഭാവമുണ്ടോ, ആദ്യം തന്നെ അത് മാറ്റി വയ്ക്കാം. വീടിനുള്ളില്‍ തന്നെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ചെറിയ വ്യായാമങ്ങള്‍ ചെയ്യാം. 

മരുന്നുകള്‍ മുടക്കരുത്. എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ തോന്നിയാല്‍ ഉടനേ ഡോക്ടറിനെ കാണാന്‍ മടിക്കേണ്ട. ചെറിയ നെഞ്ച് വേദന, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, കാലിലെ നീര്, തലചുറ്റല്‍ എന്നിവയൊക്കെ ഹൃദയ രോഗങ്ങളുടെ ലക്ഷണങ്ങളാവാം.

Content Highlights: Simple things you can do at home to keep your heart healthy