മയക്കുമരുന്നുകള്‍ ഒരു തവണ ഉപയോഗിച്ചാല്‍ സംഭവിക്കുന്നത് എന്താണ്? വിശദമായി അറിയാം


ഡോ. സഞ്ജു ജോയ്

ലഹരിമാഫിയകളും, ലഹരിപാര്‍ട്ടികളും ഇന്നത്തെ വാര്‍ത്തകളിലെ നിറകാഴ്ചകളാണ്

Representative Image| Photo: Gettyimages

ലൂസിഫര്‍ എന്ന സിനിമയിലെ ഒരു സംഭാഷണശകലം ഓര്‍മപ്പെടുത്തികൊണ്ട് തുടങ്ങട്ടെ 'നാര്‍കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'. പേടിപ്പെടുത്തുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ ഇന്ന് കടന്നു പോകുന്നത്. കൊറോണ എന്ന മഹാമാരി കേവലം ശാരീരിക ബുദ്ധിമുട്ടുകള്‍ മാത്രമല്ല ഉണ്ടാക്കുന്നത്, അതു കുട്ടികളിലും ചെറുപ്പക്കാരിലും പലവിധ സ്വഭാവമാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇന്നത്തെ പത്രത്താളുകളില്‍ ലഹരിവസ്തുക്കളെ ചുറ്റിപറ്റിയുള്ള കുറ്റകൃത്യങ്ങള്‍ ഇല്ലാത്ത ഒരൊറ്റ ദിവസം പോലും കടന്നുപോകുന്നില്ല. അതിന്റെ ദുരുപയോഗം ഡോക്ടര്‍മാരുടെ അടക്കം പുതുതലമുറയില്‍ വരെ വന്നെത്തിനില്‍ക്കുന്നു. ഈ അവസരത്തില്‍ ചില വസ്തുതകള്‍ പറഞ്ഞെ മതിയാവൂ

  1. മദ്യത്തിന്റെയും, കഞ്ചാവിന്റെയും മറ്റു മയക്കുമരുന്നുകളുടെയും ഉപയോഗം അനുദിനം കൂടികൊണ്ടു വരുന്നു.
  2. മയക്കുമരുന്നുകളും മറ്റു ലഹരിവസ്തുക്കളും ഉപയോഗിച്ച ശേഷമുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്നു
  3. കൗമാരപ്രായക്കാരും യുവജനങ്ങളുമാണ് ഇതില്‍ കൂടുതല്‍ ഇരകളാവുന്നത്. ലഹരിവസ്തുക്കള്‍ ഇന്നത്തെ ക്യാമ്പസിന്റെ സജീവ സാന്നിധ്യമായി മാറിയിരിക്കുന്നു.
  4. ലഹരിമാഫിയകളും, ലഹരിപാര്‍ട്ടികളും ഇന്നത്തെ വാര്‍ത്തകളിലെ നിറകാഴ്ചകളാണ്.
എന്തുകൊണ്ട് കൗമാരപ്രായക്കാര്‍?

കൗമാരം സമ്മര്‍ദ്ദങ്ങളുടെയും വികാരങ്ങളുടെയും കാലഘട്ടമാണ്. അവര്‍ കൂടുതല്‍ സ്വാതന്ത്രരാകുകയും സമപ്രായക്കാരുമായി കൂടുതല്‍ അടുക്കുകയും ചെയ്യുന്നു. അതിനായ് അവരുടെ കൂട്ടത്തില്‍ അഭികാമ്യരും അനുയോജ്യരും ആവാനുള്ള ശ്രമങ്ങള്‍ നടത്തുന്നു.

കൗതുകകരവും സാഹസികവുമായ കാര്യങ്ങള്‍ ചെയ്യുവാന്‍ താത്പര്യപ്പെടുന്ന കാലവുമാണ് കൗമാരം. എന്നാല്‍ കാര്യങ്ങള്‍ ശരിയായി ഉള്‍ക്കൊണ്ട് അതിനനുസരിച്ചു തീരുമാനമെടുക്കാനും പ്രവര്‍ത്തിക്കാനുമുള്ള വിവേകം ഈ പ്രായക്കാര്‍ക്ക് കുറവാണ്. അതിനാല്‍ ചതിയില്‍ വീഴാനുള്ള സാഹചര്യങ്ങളും കൂടുന്നു.

പുകവലി

പുകവലിയില്‍ നിന്ന് തന്നെ തുടങ്ങാം. വിശ്വസിച്ചാലും ഇല്ലെങ്കിലും പുകവലി കൊണ്ട് മാത്രം മരണപ്പെടുന്ന ആളുകളുടെ കണക്കെടുത്താല്‍ അത് മദ്യപാനം, മയക്കുമരുന്നുപയോഗം, കൊലപാതകം, ആത്മഹത്യ, റോഡപകടങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന മരണത്തെക്കാള്‍ കൂടുതലാണ്. ചെറുപ്പകാലത്തെ തുടങ്ങുന്ന പുകവലിശീലം ഒരാളുടെ ആരോഗ്യവും ജീവിതനിലവാരവും കുറയ്ക്കുന്നു. പുകവലിക്കുന്നവര്‍ക്ക് മാത്രമല്ല അത് ശ്വസിക്കുന്നവര്‍ക്ക് കൂടി പുകവലി കൊണ്ടുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു.

മദ്യപാനം

ഈ കൊറോണക്കാലത്തും മദ്യശാലകള്‍ക്കു മുന്‍പില്‍ കാണുന്ന നീണ്ട നിര അദ്ഭുതപ്പെടുത്തുന്നതാണ്. മറ്റു ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് മിക്കപ്പോഴും മദ്യപാനം. പതിനഞ്ചു വയസ്സിന് മുന്‍പ് തന്നെ മദ്യപാനം തുടങ്ങിയാല്‍ പിന്നീട് പ്രായമാകുമ്പോള്‍ അഞ്ചു തവണയിലധികം അതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അത് യുവാക്കളില്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിച്ച് സ്വഭാവ-മാനസിക പ്രശ്‌നങ്ങള്‍ക്കും മറ്റനവധി ശാരീരിക രോഗങ്ങള്‍ക്കും കാരണമാകുന്നു.ഒരു മദ്യപാനി വീട്ടുകാര്‍ക്കും, നാട്ടുകാര്‍ക്കും മാത്രമല്ല രാജ്യത്തിനും തന്നെ വലിയ ആപത്തായി തീരുന്നു

മയക്കുമരുന്നുപയോഗം

സ്വര്‍ഗത്തിലേക്കെന്നപോലെയുള്ള നൈമിഷിക അനുഭവങ്ങള്‍ തന്ന് നരകത്തിലേക്കു വഴിതെറ്റിച്ചുവിടുന്ന മഹാ വിപത്താണ് മയക്കുമരുന്നുകള്‍. ഹെറോയിന്‍, കഞ്ചാവ്, ഹാഷിഷ്, കൊക്കെയ്ന്‍, എല്‍.എസ്.ഡി., എം.ഡി.എം.എ., എന്നിവയാണ് ഈ ഗണത്തില്‍ പെടുന്ന പ്രധാനികള്‍. ഇവയെല്ലാം പല പ്രാദേശിക നാമങ്ങളിലും രൂപത്തിലുമാണ് നമ്മുടെ നാട്ടില്‍ ലഭ്യമാകുന്നത്.

ചില തെറ്റായ ധാരണകള്‍ കൗമാരക്കാരെ മയക്കുമരുന്ന് ഉപയോഗത്തിലേക്കു വഴിതെറ്റിച്ചു വിടാറുണ്ട്. അവ ഇവയാണ്.

  1. ഒരു തവണ ഉപയോഗിച്ചു നോക്കുന്നതില്‍ തെറ്റില്ല
  2. സര്‍ഗാത്മകതയെ മയക്കുമരുന്നുകള്‍ പ്രചോദിപ്പിക്കുന്നു
  3. മയക്കുമരുന്നുപയോഗം ലൈംഗികശേഷി വര്‍ധിപ്പിക്കുന്നു
  4. സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു
  5. ഇച്ഛാശക്തിയുണ്ടെങ്കില്‍ അതിന്റെ ഉപയോഗം എപ്പോള്‍ വേണമെങ്കിലും നിറുത്താം.
എന്നാല്‍ സത്യത്തില്‍ മയക്കുമരുന്നുകള്‍ ഘട്ടം ഘട്ടമായി നമ്മളില്‍ പിടിമുറുക്കുന്നു. ആദ്യം പരീക്ഷണത്തിനായി തുടങ്ങുന്നു, അത് നമ്മളില്‍ മയക്കുമരുന്നിന്റെ ഉന്മാദം ഉണ്ടാക്കുന്നു. പിന്നെ പിന്നെ അതില്‍ ആനന്ദം തേടുന്ന അവസ്ഥയിലേക്ക് വഴിമാറുന്നു. പിന്നീട് ആ ഉന്മാദം ലഭിക്കുവാന്‍ മയക്കുമരുന്നിന്റെ കൂടിയ അളവും സാന്നിധ്യവും നിര്‍ബന്ധമാകുന്നു. അവസാനം അത് കൂടാതെ ജീവിക്കുവാന്‍ സാധിക്കില്ല എന്ന അവസ്ഥയില്‍ എത്തിച്ചേരുന്നു.

മയക്കുമരുന്നുപയോഗം യുവാക്കളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ ആരോഗ്യത്തെ തകര്‍ക്കുന്നു. മോഷണം, കൊലപാതകം. ലൈംഗികാതിക്രമം. കള്ളക്കടത്ത്, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ സകല കുറ്റകൃത്യങ്ങളിലേക്കും മയക്കുമരുന്നുകള്‍ വഴിതെളിക്കുന്നു.

മയക്കുമരുന്നുപയോഗത്തിന്റെ സൂചനകള്‍ എന്തെല്ലാം?

വീട്ടുകാര്യങ്ങളിലുള്ള താത്പര്യക്കുറവ്, ഉത്തരവാദിത്തങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക, സ്ഥിരമായി നുണ പറയുക, ഉറക്കത്തിലും ഭക്ഷണരീതിയിലും പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍, മുറിയില്‍ തന്നെ അടച്ചിരിക്കുക, എന്നിവ മയക്കുമരുന്നു പയോഗത്തിന്റെ ആദ്യ സൂചനകള്‍ ആണ്.

കൂടാതെ പഠനത്തില്‍ താത്പര്യം കുറയുക, ക്ലാസ്സില്‍ കിടന്നുറങ്ങുക, സ്‌കൂളിലെ നിയമങ്ങള്‍ അനുസരിക്കാതിരിക്കുക, മറ്റ് പാഠ്യേതര കലാകായിക പരിപാടികളില്‍ താത്പര്യം നഷ്ട്ടപ്പെടുക എന്നിവയും മയക്കുമരുന്ന് ഉപയോഗത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ക്രമേണ അലസതയും രൂപമാറ്റവും വര്‍ധിക്കുകയും പൊട്ടിയ കുപ്പികളും സിറിഞ്ചുകളും പലയിടങ്ങളില്‍ നിന്ന് ലഭിക്കുകയും ചെയുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരൊറ്റ അനുഭവം നിങ്ങളെ എന്നെന്നേക്കുമായി അതിന്റെ കെണിയില്‍ വീഴ്ത്തുന്നു.

മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് നമ്മെ സംരക്ഷിക്കുന്ന ഘടകങ്ങള്‍

  1. മികച്ച വ്യക്തിത്വവും ഉറച്ച ഇച്ഛാശക്തിയും.
  2. നല്ല കുടുംബ പിന്തുണയും നല്ല സുഹൃത്തുക്കളും.
  3. മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് വ്യക്തമായ അറിവ്.
  4. ലഹരിവസ്തുക്കളുടെ ലഭ്യതക്കുറവ്.
  5. കലാകായിക പരിപാടികള്‍
  6. യോഗ, മെഡിറ്റേഷന്‍
  7. വായനാശീലം
  8. യുവജനക്കൂട്ടായ്മ
ഇവയെല്ലാം മയക്കുമരുന്നിന്റെ ഉപയോഗത്തില്‍ നിന്ന് ഒരു പരിധിവരെ കൗമാരപ്രായക്കാരെ പിന്തിരിപ്പിക്കുന്നു.

ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് ശീലമുള്ളവര്‍കൂടി അതില്‍നിന്നു മടങ്ങി വരുവാന്‍ ഒട്ടും വൈകിയിട്ടില്ല എന്ന സത്യം മനസിലാക്കുക.

സഹായത്തിനായി കൈകള്‍ നീട്ടുവാനും നിങ്ങള്‍ക്ക് വിശ്വസ്തരായ ആരെയെങ്കിലും സമീപിക്കാനും തയാറാകുക.

നിങ്ങളുടെ വികാരങ്ങളും വിഷമങ്ങളും മാനസിക അവസ്ഥയും തുറന്നു സംസാരിക്കുക.

ലഹരിവസ്തുക്കളോട് ഇല്ല എന്നുറച്ച് പറയുവാനും അതില്‍ അഭിമാനം കൊള്ളുവാനും നമുക്ക് സാധിക്കണം.

ചുരുക്കത്തില്‍ ലഹരിവസ്തുക്കളിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ മനസിലാക്കി, ആ പ്രേരണകള്‍ വിസ്മരിക്കാനും, അവയില്‍ നിന്ന് മാറി നടക്കാനും പഠിക്കുക. പഠനത്തിലും കലാകായിക പരിപാടികളിലും ഏര്‍പ്പെടുക.

അങ്ങനെ പുകവലിക്കും മദ്യത്തിനും മയക്കുമരുന്നിനും എതിരെ കൈകള്‍ കോര്‍ത്തുപിടിച്ച്, ശബ്ദമുയര്‍ത്തി, ഒരു പുതുതലമുറയെ വാര്‍ത്തെടുത്ത്, രാഷ്ട്രനിര്‍മാണത്തില്‍ നമുക്കോരോരുത്തര്‍ക്കും പങ്കാളികളാകാം.

(കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആര്‍.ഇ.ഐ.സിയിലെ ശിശുരോഗ വിദഗ്ധനാണ് ലേഖകന്‍)

Content Highlights: Side effects of Drugs, LSD, MDMA, Marijuana, Alcohol, Smoking

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023

Most Commented