അരിവാൾ രൂപത്തിലാകുന്ന ചുവന്ന രക്താണുക്കൾ, ലക്ഷക്കണക്കിന് രോഗികൾ; 2047 ഓടെ തുടച്ചുനീക്കാൻ സർക്കാർ


By വീണ ചിറക്കൽ

3 min read
Read later
Print
Share

Representative Image| Photo: Canva.com

കേന്ദ്രബജറ്റിലെ പുതിയ പദ്ധതികളുടെ പ്രഖ്യാപനത്തിന്റെ പട്ടികയിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു അരിവാൾ രോ​ഗ(സിക്കിൾസെൽ അനീമിയ) നിർമാർജനം. ആരോഗ്യ കുടുംബക്ഷേമത്തിനായി ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ നീക്കിവച്ചത് 89,155 കോടി രൂപയാണ്. ഇതിൽ 2980 കോടി രൂപ ആരോഗ്യരംഗത്തെ ഗവേഷണത്തിന് മാത്രമായാണ്. ജനിതകമായി വരുന്ന അരിവാൾ രോഗം ബാധിച്ചവർക്കായി പ്രഖ്യാപിച്ച പ്രത്യേക മിഷനാണ് അവയിലൊന്ന്. 2047-ന് മുമ്പായി അരിവാൾരോഗം ഇന്ത്യയിൽ നിന്ന് നിർമാർജനം ചെയ്യുന്നത് ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. രോഗബാധിത പ്രദേശങ്ങളിലുള്ള നാൽപത് വയസ്സു വരെയുള്ള ഏഴുകോടിയോളം ആളുകളെ സൂക്ഷ്മപരിശോധനകൾക്ക് വിധേയമാക്കിയാണ് പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നത്

2047-നകം രോഗം തുടച്ചുനീക്കും

സിക്കിൾ സെൽ അനീമിയ രോ​ഗത്തെ 2047-നകം തുടച്ചുനീക്കുമെന്നും രോഗബാധിതരാകാൻ സാധ്യതയുള്ള ഏഴുകോടി ജനങ്ങളിൽ 40 വയസ്സുവരെയുള്ളവരിൽ രോഗനിർണയപരിശോധന നടത്തുമെന്നുമാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ആഫ്രിക്ക, കരീബിയ, ഏഷ്യ എന്നിവിടങ്ങളിലാണ് രോ​ഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നൈജീരിയ കഴിഞ്ഞാൽ രോ​ഗബാധിതർ ഏറ്റവുമധികമുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്ത് മഹാരാഷ്ട്ര, ഛത്തിസ്​ഗഢ്, ​ഗുജറാത്ത്, ഒഡീഷ, ബംഗാള്‍, തമിഴ്നാട്, തെലങ്കാന, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അരിവാൾ രോ​ഗബാധിതരുടെ എണ്ണം കൂടുതലായുള്ളത്. രാജ്യത്തുടനീളമുള്ള രോ​ഗികളുടെ കണക്ക് പതിനാലു ലക്ഷത്തോളം വരുമെന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

കേരളത്തിൽ വയനാട്ടിലും അട്ടപ്പാടിയിലുമുള്ള ​ഗോത്രവർ​ഗക്കാർക്കിടയിലാണ് രോ​ഗബാധിതർ കൂടുതലുള്ളത്. സംസ്ഥാനത്ത് 1200-ൽ താഴെ അരിവാൾ രോഗികളാണ് സർക്കാർ കണക്കിലുള്ളത്. വയനാട്ടിലും (1057 പേർ) പാലക്കാട് അട്ടപ്പാടിയിലുമാണ് (128) രോഗബാധിതരിലേറെയും. ഇന്ത്യയിൽ ​ഗോത്രവർ​ഗക്കാരിലെ 86 പേരില്‍ ഒരാൾക്ക് എന്ന നിലയിൽ രോ​ഗം ബാധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആ​ഗോള ജനസംഖ്യയുടെ 5%ത്തോളം സിക്കിൾ സെൽ അനീമിയ രോ​ഗബാധിതരാണുള്ളതെന്ന് PubMed റിപ്പോർട്ട് വ്യക്തമാക്കുന്നു.

എന്താണ് സിക്കിൾ സെൽ അനീമിയ?

ചുവന്ന രക്താണുക്കളെ ബാധിക്കുന്ന ജനിതകരോ​ഗമാണ് അരിവാൾ രോ​ഗം അഥവാ സിക്കിൾസെൽ അനീമിയ. രക്തത്തിൽ ഓക്സിജൻ വഹിക്കുന്ന ചുവന്നരക്തകോശങ്ങൾക്കുണ്ടാകുന്ന രൂപമാറ്റമാണ് സിക്കിൾസെൽ അനീമിയക്ക് കാരണമാകുന്നത്. ഹീമോഗ്ലോബിൻ തന്മാത്രയുടെ ഘടനാമാറ്റം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നാലുമാസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെയുള്ളവരിൽ രോ​ഗം കാണപ്പെടാം. സാധാരണ ജനങ്ങളിൽ രക്താണുക്കൾ 120 ദിവസം വരെ ജീവിക്കുമ്പോൾ ഈ വിഭാ​ഗക്കാർക്കിടയിൽ 30 മുതൽ 60 ദിവസങ്ങൾ മാത്രമാണ് ജീവിക്കുക. ഇതുമൂലം വിളർച്ച ബാധിക്കുകയും ചെയ്യും.

മാതാപിതാക്കളിൽ അച്ഛനും അമ്മയ്ക്കും രോ​ഗം ബാധിച്ചിട്ടുണ്ടെങ്കിൽ മക്കളിലേക്ക് കൈമാറപ്പെടുന്നതാണ് സാധാരണനിലയിൽ രോ​ഗപ്പകർച്ച സംഭവിക്കുന്ന അവസ്ഥ. ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഹീമോ​ഗ്ലോബിൻ ശ്വാസകോശങ്ങളിൽ നിന്ന് ഓക്സിജനെ കലകളിലേയ്ക്കും കോശങ്ങളിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡിനെ ശ്വാസകോശങ്ങളിലേയ്ക്കും വഹിക്കുന്നു. സാധാരണ ഹീമോ​ഗ്ലോബിന് റബ്ബറിന്റെ സ്വഭാവമാണുള്ളത്, ഇലാസ്റ്റിസിറ്റി ഉള്ളതുകൊണ്ട് രക്തക്കുഴലുകളിലൂടെ സുഖമായി ഒഴുകും. പക്ഷേ അരിവാൾ രോ​ഗംബാധിച്ച ചുവന്നരക്താണുക്കൾ ആവുമ്പോൾ അതിന്റെ ഇലാസ്റ്റിസിറ്റി നഷ്ടപ്പെടും. അതുവഴി രക്തത്തിൽ ക്ലോട്ട് വരാനിടയുണ്ട്. ഇതുമൂലം ആർബിസി നശിച്ചുപോകും. അങ്ങനെ ഹീമോ​ഗ്ലോബിൻ കുറവു വരുന്നതുകൊണ്ടാണ് അനീമിയ ഉണ്ടാകുന്നത്.

ആരോ​ഗ്യമുള്ള വ്യക്തികൾ പോലും സിക്കിൾസെൽ രോ​ഗം ബാധിച്ചാൽ പ്രതിരോധശേഷി കുറയും. കൂടാതെ ഈ രോ​ഗം ബാധിക്കുന്നതിനു പിന്നാലെ മറ്റ് അസുഖങ്ങളും വിടാതെ പിന്തുടരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ തന്നെ ജീവിതകാലം മുഴുവൻ കരുതലോടെയുള്ള ആരോ​ഗ്യപരിപാലനം അനിവാര്യമാണ്.

പേരിനു പിന്നിൽ

സിക്കിൾ സെൽ ബാധിച്ചവരിലെ ചുവന്നരക്താണുക്കളുടെ ആകൃതി അരിവാൾ രൂപത്തിലേക്ക് മാറുന്നതുകൊണ്ടാണ് ആ പേരു വിളിക്കാൻ കാരണം. സാധാരണ ആർബിസിയുടെ ആകൃതി ബൈകോൺകേവ് ആണ്. ആ ആകൃതി നഷ്ടപ്പെടുകയാണ് ഇവിടെ ചെയ്യുന്നത്.

ലക്ഷണങ്ങൾ

  • അനീമിയ
  • ക്ഷീണം
  • ശ്വാസംമുട്ടൽ
  • കൈകാലുകളിൽ വേദന
  • പനി
  • വയറുവേദന
  • കണ്ണുകളിൽ മഞ്ഞനിറം
  • ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ
  • ശരീരവേ​ദന
  • നെഞ്ചിൽ കനം അനുഭവപ്പെടുക
  • അൾസർ

സങ്കീർണമായ ലക്ഷണങ്ങൾ

  • ബ്ലഡ് ക്ലോട്ട്
  • സ്ട്രോക്ക്
  • അക്യൂട്ട് ചെസ്റ്റ് സിൻഡ്രം
  • പൾമണറി രോ​ഗങ്ങൾ
  • ഹൃദയസംബന്ധമായ രോ​ഗങ്ങൾ
  • എല്ലുകൾക്ക് വേണ്ടത്ര രക്തം ലഭിക്കാത്തതുകൊണ്ട് നെക്രോസിസ് അഥവാ എല്ലുകൾ നശിച്ചുപോകുന്ന അവസ്ഥ
  • രക്തപ്രവാഹം തടസ്സപ്പെടുന്നതുകൊണ്ട് ഉണങ്ങാത്ത മുറിവുകൾ
അനീമിയയുടെയും ഓക്സിജൻ കുറയുന്നതിന്റെയും എല്ലാ സങ്കീർണവശങ്ങളും ഇവിടെയും പ്രകടമാകും. ലക്ഷണങ്ങൾ വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്നാൽ മരണത്തിനുവരെ കാരണമാകും.

രോ​ഗനിർണയം

പെരിഫെറൽ സ്മിയർ എന്ന ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോഴാണ് അരിവാൾ ആകൃതിയിലുള്ള ചുവന്ന രക്താണുക്കൾ വ്യക്തമാകും. രോ​ഗം സ്ഥിരീകരിക്കാൻ ഹീമോ​ഗ്ലോബിൻ ഇലക്ട്രോഫോറസിസ് എന്ന ടെസ്റ്റ് ചെയ്യും. സാധാരണ ഹീമോ​ഗ്ലോബിൻ ആണോ അതോ സിക്കിൾ സെൽ ബാധിച്ച ഹീമോ​ഗ്ലോബിൻ ആണോ എന്നെല്ലാം വ്യക്തമാകുന്നത് ഈ ടെസ്റ്റിലൂടെയാണ്.

ചികിത്സ

രോ​ഗത്തിന്റെ ലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സയാണ് ഇവിടെ പ്രധാനമായും നൽകുക. സിക്കിൾ സെൽ അനീമിയ ഉള്ള രോഗികളിൽ വേദനാജനകമായ എപ്പിസോഡുകൾ തടയുന്നതിനും രക്തപ്പകർച്ചയുടെ ആവശ്യകത കുറയ്ക്കുന്നതിനും ഹൈഡ്രോക്സിയൂറിയ ഉപയോഗിക്കുന്നു. ചുവന്ന രക്താണുക്കളെ കൂടുതൽ വഴക്കമുള്ളതാക്കുന്നതിലൂടെയാണ് ഇത് പ്രവർത്തിക്കുന്നത്. രക്തത്തിന്റെ സു​ഗമമായ ഒഴുക്കിനുള്ള ചികിത്സയും നൽകും. ഓക്സിജൻ കുറയുന്നതു മൂലമുള്ള പ്രശ്നങ്ങൾക്ക് ഓക്സിജൻ സപ്ലൈ ചെയ്യും. സിക്കിൾ സെൽ അനീമിയക്കുള്ള യഥാർഥ ചികിത്സ എന്നത് സ്റ്റെം സെൽ ട്രീറ്റ്മെന്റ് ആണ്. പക്ഷേ ഭീമമായ ചിലവ് രോ​ഗികളെ ഈ ചികിത്സയിൽ നിന്ന് അകറ്റിനിർത്തുന്നു.

പ്രതിരോധം

രോ​ഗനിർണയം നടത്താനുള്ള സ്ക്രീനിങ്ങുകളുടെ അപര്യാപ്തതയും അവബോധക്കുറവുമാണ് രോ​ഗവ്യാപനത്തിനു പിന്നിലെ പ്രധാന കാരണങ്ങൾ. പലപ്പോഴും ശരീരവേ​ദന തീവ്രമാകുമ്പോഴോ ക്ഷീണം വിളർച്ച തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോഴോ മാത്രമാണ് പലരും ചികിത്സ തേടിയെത്തുന്നത്. കൃത്യമായ ചികിത്സയോ പരിഹാരമോ ഇല്ലെങ്കിലും രോ​ഗം നേരത്തേ തിരിച്ചറിയുക വഴി ലക്ഷണങ്ങൾക്ക് അനുയോജിച്ച ചികിത്സ ലഭ്യമാക്കി രോ​ഗിക്ക് സുഖകരമായ ജീവിതം നയിക്കാനാവും.

ജനിതകരോ​ഗം ആയതുകൊണ്ട് അടുത്ത ബന്ധങ്ങൾ തമ്മിൽ വിവാഹം കഴിക്കാതിരിക്കുക എന്നത് പ്രധാനമാണ്. മറ്റൊന്ന് വിവാഹത്തിനു മുമ്പ് ജനറ്റിക് അനാലിസിസ് നടത്തിയാൽ ഈ രോ​ഗം പിറക്കുന്ന കുട്ടികളിൽ വരാൻ സാധ്യതയുണ്ടോ എന്ന് മനസ്സിലാകും. രോ​ഗത്തിന്‌റെ ജനിതക സ്വഭാവം കൊണ്ടുതന്നെ രോ​ഗം ഉടനടി പൂർണമായും തുടച്ചുനീക്കുക അസാധ്യമാണെങ്കിലും കൃത്യമായ രോ​ഗനിർണയത്തിലൂടെ ​ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതും മറ്റും തടയാനാകും.

വിവരങ്ങൾക്ക് കടപ്പാട്

ഡോ.സൗമ്യ സത്യൻ
കൺസൾട്ടന്റ് ഫിസിഷ്യൻ
മൗലാന ഹോസ്പിറ്റൽ

Content Highlights: sickle cell anemia diagnosis and treatment, sickle cell anemia elimination, union budget

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented