പ്രമേഹമില്ലാത്തവര്‍ ഷുഗര്‍ ടെസ്റ്റ് ചെയ്യണോ? അങ്ങനെയെങ്കില്‍ എപ്പോഴാണ് ടെസ്റ്റ് ചെയ്ത് തുടങ്ങേണ്ടത്? അത് നോര്‍മല്‍ ആണെങ്കില്‍ എന്നാണ് വീണ്ടും ചെയ്യേണ്ടത്? ഇക്കാര്യങ്ങള്‍ അറിയാം.
1. അമിതവണ്ണമുണ്ടെങ്കില്‍ എപ്പോള്‍ ഷുഗര്‍ ടെസ്റ്റ് ചെയ്യണം?
ആരോഗ്യമുള്ളയാളാണെന്ന് നാം കരുതുന്ന പലരും അമിത ശരീരഭാരമുള്ളവരാണ്. ഇത് അറിയാന്‍ നിങ്ങളുടെ ബോഡി മാസ് ഇന്‍ഡക്‌സ്(ബി.എം.ഐ.) കണ്ടെത്തണം. നിങ്ങളുടെ ശരീരഭാരം(കിലോഗ്രാമില്‍) ഉയരത്തിന്റെ (മീറ്ററില്‍) സ്‌ക്വയര്‍ കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന സംഖ്യമാണ് ബി.എം.ഐ.
ഏഷ്യന്‍, ഇന്ത്യന്‍ ജനതയില്‍ 23 ന് മുകളില്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് അമിതവണ്ണമുണ്ടെന്നാണ്. ഇത്തരക്കാരില്‍ മാതാപിതാക്കള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍, അമിത രക്തസമ്മര്‍ദമുണ്ടെങ്കില്‍, പി.സി.ഒ.ഡി. പോലുള്ള അസുഖങ്ങള്‍ ഉണ്ടെങ്കില്‍, കൊളസ്‌ട്രോളിലെ ട്രൈഗ്ലിസറൈഡ് നില 250 mg/dl ല്‍ കൂടുതലാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഷുഗര്‍ ടെസ്റ്റ് ചെയ്യണം, പ്രായമേതായാലും.
2. ഗര്‍ഭകാല പ്രമേഹം വന്നവര്‍
ഗര്‍ഭകാലത്ത് മാത്രം ചില സ്ത്രീകളില്‍ വരാറുള്ള പ്രമേഹമാണ് ജെസ്റ്റേഷണല്‍ ഡയബറ്റിസ് മെലിറ്റസ്. ഇവരില്‍ മിക്കവരുടെയും ഷുഗര്‍ നില പ്രസവശേഷം നോര്‍മല്‍ ആകാറുണ്ട്. എന്നാല്‍ ഇവര്‍ ജീവിതകാലം മുഴുവന്‍ കുറഞ്ഞത് മൂന്നുവര്‍ഷം കൂടുമ്പോഴെങ്കിലും ഷുഗര്‍ ടെസ്റ്റുകള്‍ നടത്തേണ്ടതാണ്. കാരണം ഇവര്‍ക്ക് പിന്നീട് പ്രമേഹം വരാനുള്ള സാധ്യതയും കൂടുതലാണ്.
3. യാതൊരു പ്രശ്‌നങ്ങളും ഇല്ലാത്തവര്‍ എത്രാമത്തെ വയസ്സിലാണ് ടെസ്റ്റ് ചെയ്ത് തുടങ്ങേണ്ടത്?
മേല്‍പറഞ്ഞ യാതൊരു വിഭാഗത്തിലും പെടാത്തവരാണ്, യാതൊരു ലക്ഷണങ്ങളും ഇല്ലാത്തവരാണെങ്കില്‍ പോലും 45 വയസ്സ് മുതല്‍ നിങ്ങള്‍ ഷുഗര്‍ ടെസ്റ്റ് ചെയ്ത് തുടങ്ങണം. ഇത് ഒരു തവണ നോര്‍മല്‍ ആയാല്‍ ഏറ്റവും കുറഞ്ഞത് മൂന്ന് വര്‍ഷം കൂടുമ്പോഴെങ്കിലും ആവര്‍ത്തിക്കേണ്ടതാണ്. വര്‍ഷാവര്‍ഷം ചെയ്യുന്നവരും ഉണ്ട്. അതില്‍ തെറ്റില്ല.
4. പ്രമേഹലക്ഷണങ്ങള്‍ ഉള്ളവര്‍
ഭയങ്കരമായ ക്ഷീണം, ശരീരം മെലിയല്‍, അമിതവിശപ്പ്, അമിതദാഹം, അമിതമായി മൂത്രം പോകല്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ പ്രായഭേദമന്യേ ഷുഗര്‍ ടെസ്റ്റ് ചെയ്ത് നോക്കേണ്ടതാണ്. ഇവയൊക്കെയാണ് പ്രമേഹത്തിന്റെ ക്ലാസിക്ക് ലക്ഷണങ്ങള്‍. ഇത്തരക്കാര്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ നിര്‍ബന്ധമായും വെറുംവയറ്റിലെ ഷുഗര്‍, ഭക്ഷണശേഷമുള്ള ഷുഗര്‍, മൂന്നുമാസത്തെ ഷുഗറിന്റെ ആവറേജ് ടെസ്റ്റ് എന്നിവ ചെയ്യുന്നത് നല്ലത്. ടെസ്റ്റ് നോര്‍മല്‍ ആണെങ്കില്‍, ലക്ഷണങ്ങള്‍ തുടരുന്നുണ്ടെങ്കില്‍ മൂന്ന് മാസം കഴിഞ്ഞ് ടെസ്റ്റുകള്‍ ആവര്‍ത്തിക്കുന്നത് ഗുണം ചെയ്യും. ഒരു ഡോക്ടറെ കണ്ട് അഭിപ്രായം തേടുന്നതും നല്ലതാണ്.
5. ഒരു തവണ ടെസ്റ്റ് ചെയ്ത് ഷുഗര്‍ കൂടുതല്‍ ഉള്ളവര്‍
ഇത്തരക്കാര്‍ കുറഞ്ഞത് വര്‍ഷാവര്‍ഷമെങ്കിലും ടെസ്റ്റുകള്‍ ആവര്‍ത്തിച്ച് ചെയ്യേണ്ടതാണ്. പ്രമേഹം എത നേരത്തെ കണ്ടുപിടിച്ച് ചികിത്സ എടുക്കുന്നോ അത്രയും സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സാധിക്കും.
മേല്‍പറഞ്ഞ സമയപരിധി ടെസ്റ്റുകള്‍ ചെയ്യാനുള്ള നിര്‍ദേശങ്ങളും ഏറ്റവും കുറഞ്ഞത് എന്ന നിലയില്‍ നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടുള്ളവയാണ്. വര്‍ഷാവര്‍ഷം ടെസ്റ്റ് ചെയ്യുന്നതിലും തെറ്റില്ല.
(കോഴിക്കോട് ഡോ. മോഹന്‍സ് ഡയബറ്റിസ് സ്‌പെഷ്യാലിറ്റിസ് സെന്ററിലെ ചീഫ് കണ്‍സള്‍ട്ടന്റാണ് ലേഖകന്‍)
Content Highlights: Should you check your blood sugar if you don't have diabetes, Health, Diabetes