ഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ കേരള സമൂഹത്തില്‍ സാംക്രമിക രോഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണല്ലോ.

സാംക്രമികരോഗങ്ങള്‍ക്കു മുകളില്‍ ജീവിതശൈലീരോഗങ്ങള്‍ പിടിമുറുക്കുന്നതാണ് കഴിഞ്ഞ രണ്ടുദശാബ്ദങ്ങളായി കാണുന്നത്. എന്നാല്‍, ഈയടുത്ത കാലത്തായി കേരള സമൂഹത്തില്‍ പുതിയ വൈറസ് രോഗങ്ങള്‍ ആവിര്‍ഭവിക്കുന്നതായി നാം കണ്ടു. ബേര്‍ഡ് ഫ്‌ളൂ, H1N1, H5N1, മെര്‍സ്, സിക്ക, നിപ, കോവിഡ് എന്നിവ ഈ ശ്രേണിയില്‍പ്പെടുന്നവയാണ്. വൈറസ് അണുബാധ ഒരിക്കലുണ്ടായാല്‍ പിന്നീട് ആ സമൂഹത്തില്‍ രോഗാണു സുഷുപ്തിയില്‍ പോകുകയും പിന്നീട് ജനിതക വകഭേദത്താലോ, അല്ലാതെയോ കൂടുതല്‍ വിനാശകാരിയായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ജന്തുജന്യരോഗങ്ങളുടെ പ്രധാനകാരണം അവയുടെ ആവാസവ്യ വസ്ഥയിലുണ്ടായ വ്യതിയാനങ്ങളാകാം.

ആഗോളതലത്തില്‍ കാലാവസ്ഥാവ്യതിയാനം പ്രത്യാഘാതം സൃഷ്ടിക്കുന്നു. ഇതിനുസമാനമായി കേരളത്തിലും വ്യവസ്ഥാപിത രീതിയില്‍നിന്ന് ചൂടിലും തണുപ്പിലും വ്യതിയാനങ്ങള്‍ കാണുന്നുണ്ട്. ഇവയെല്ലാം രോഗാണുക്കളില്‍ ജനിതകമാറ്റത്തിനു കാരണമാകാം. കൂടാതെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനമാണ് കേരളം. തൊഴില്‍, പഠനം, വിവിധ പരിശീലനങ്ങള്‍, ബിസിനസ് ആവശ്യങ്ങള്‍, ഉല്ലാസയാത്രകള്‍ എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവരിലും മലയാളികള്‍ കൂടുതലാണ്. ഇവയെല്ലാംതന്നെ കേരളത്തില്‍ പുതിയ സാംക്രമികരോഗങ്ങളുടെ വരവിന് കാരണമാകാം.

പുത്തന്‍ സാംക്രമികരോഗങ്ങളെ തിരിച്ചറിയല്‍, ചികിത്സ എന്നിവ ഇനിയുള്ളകാലത്ത് ആരോഗ്യരംഗത്തുണ്ടാകാവുന്ന വെല്ലുവിളികളാണ്. ഇവയെക്കുറിച്ചു പഠിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം പ്രവചിക്കുന്നതുപോലെ രോഗങ്ങളുടെ ആവിര്‍ഭാവം, വ്യാപനം എന്നിവ പ്രവചിക്കുന്നതിനും മോഡേണ്‍ മെഡിസിന്‍, വെറ്ററിനറി ചികിത്സാ വിഭാഗം, കാലാവസ്ഥാവിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള ഒരു കൂട്ടായ്മയിലുള്ള വണ്‍ ഹെല്‍ത്ത് നയം നടപ്പാക്കേണ്ടതുണ്ട്.

പൊതുജനാരോഗ്യ വിദഗ്ധനും വെറ്ററിനറി സര്‍ജനുമായ കാല്‍വിന്‍ ഷ്വാബയാണ് ഇത്തരമൊരു ആശയം 1964-ല്‍ മുന്നോട്ടുവെച്ചത്. മനുഷ്യന്‍, മൃഗങ്ങള്‍, പരിസ്ഥിതി എന്നിവയാണ് ഒറ്റ ആരോഗ്യം എന്ന കാഴ്ചപ്പാടിലെ ഘടകങ്ങള്‍. ഈ കാഴ്ചപ്പാട് ആഗോളതലത്തില്‍ത്തന്നെ മനുഷ്യ-ജന്തു-പരിസ്ഥിതി ശ്രേണീതലത്തിലുള്ള ആരോഗ്യസുരക്ഷ ഉറപ്പുവരു ത്തുന്നതിനുള്ള ഏകോപനം, ആശയവിനിമയം, സഹകരണം എന്നിവയുടെ ആവശ്യകത മുന്നോട്ടുവെക്കുന്നു. നിപ രോഗം 2018-ല്‍ ഉണ്ടായ സമയത്തുതന്നെ ഈ ആവശ്യം ഉയര്‍ന്നുവന്നിരുന്നു.

മാനവരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളായ പുത്തന്‍ സാംക്രമികരോഗങ്ങളെ നേരത്തേത്തന്നെ തിരിച്ചറിയുന്നതിനും ചികിത്സിക്കുന്നതിനുംവേണ്ട ഒരുക്കങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. പ്രത്യേകിച്ചും ആരോഗ്യരംഗത്ത് മറ്റേതൊരു വികസിത രാജ്യത്തെയും കിടപിടിക്കുന്ന സൂചികകളുള്ള കേരളത്തില്‍.

നമുക്കെന്തു ചെയ്യാന്‍പറ്റും

  • സംസ്ഥാനതലത്തില്‍ വണ്‍ഹെല്‍ത്ത് നയത്തിന്റെ അടിസ്ഥാനത്തില്‍ ഏകോപനസമിതി രൂപവത്കരിക്കുക.
  • എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊതു-സ്വകാര്യമേഖലാ വ്യത്യാസമില്ലാതെ പുത്തന്‍ സാംക്രമികരോഗങ്ങളെക്കുറിച്ചുള്ള അറിവ് പകരുന്നതിനും അവ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ട പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കുക.
  • പുതിയ ചികിത്സാരീതികളെക്കുറിച്ചുള്ള അറിവ് ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നതിനുവേണ്ടി ശില്പശാലകള്‍ രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുക.
  • ക്വാറന്റീന്‍, ഐസൊലേഷന്‍ എന്നിവ നിരീക്ഷിക്കുന്നതിനുവേണ്ട പരിശീലനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി അങ്കണവാടി, ആശാവര്‍ക്കര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്ക് നല്‍കുകയും സമയബന്ധിതമായ റിഫ്രഷര്‍ കോഴ്‌സുകള്‍ ഒരുക്കുകയും ചെയ്യുക.
  • പത്ര, ദൃശ്യമാധ്യമങ്ങള്‍ ഇത്തരം രോഗങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക.
  • രോഗം പൊട്ടിപ്പുറപ്പെടുമ്പോള്‍ മാത്രമല്ലാതെ കൃത്യമായ ഇടവേളകളില്‍ ഇക്കാര്യങ്ങള്‍ നടക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനുവേണ്ടി നിരീക്ഷണസമിതികള്‍ രൂപവത്കരിക്കുക.

Content Highlights: Should implement one health policy to prevent new communicable diseases, Health