ഷി​ഗെല്ല ബാക്ടീരിയ എങ്ങനെയാണ് മരണത്തിന് കാരണമാകുന്നത്? ലക്ഷണങ്ങളും പ്രതിരോധവും


അനു സോളമൻ

3 min read
Read later
Print
Share

ഷിഗെല്ല ബാക്ടീരിയ എങ്ങനെയാണ് മരണത്തിന് ഇടയാക്കുന്നത് എന്ന് വിശദമായി അറിയാം. 

Representative Image | Photo: Gettyimages.in

കോഴിക്കോട് എരഞ്ഞിക്കലിൽ എഴു വയസ്സുകാരിക്ക് ഷിഗല്ല രോ​ഗം ബാധിച്ച വാർത്ത പുറത്തുവന്നിരുന്നു.കോർപ്പറേഷൻ ഡിവിഷനിലെ മൂന്നാം വാർഡിലാണ് ഷിഗല്ല റിപ്പോർട്ടു ചെയ്തത്. വയറിളക്കത്തോടൊപ്പം രക്തം വന്നതിനെത്തുടർന്ന് കുടുംബഡോക്ടറുടെ നിർദേശപ്രകാരം നഗരത്തിലെ സ്വകാര്യലാബിൽ പരിശോധന നടത്തിയപ്പോഴാണ് ബാക്ടീരിയ കണ്ടെത്തിയത്. വീട്ടിൽ വിശ്രമത്തിലുള്ള കുട്ടി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നില്ല.കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ബന്ധപ്പെട്ടവർ അറിയിക്കുകയും ചെയ്തു.

എരഞ്ഞിക്കലിൽ കഴിഞ്ഞദിവസം നടന്ന സമൂഹവിരുന്നിൽ കുട്ടി പങ്കെടുത്തതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെനിന്ന് ഭക്ഷണം കഴിച്ച മറ്റൊരു കുട്ടിക്കുകൂടി വയിറളക്കം അനുഭവപ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ഷി​ഗെല്ല ഭീതി വീണ്ടും പടരുകയാണ്. ഷിഗെല്ല ബാക്ടീരിയ എങ്ങനെയാണ് മരണത്തിന് ഇടയാക്കുന്നത് എന്ന് വിശദമായി അറിയാം.

എന്താണ് ഷിഗെല്ല ബാക്ടീരിയ ?

ഷിഗെല്ല വിഭാഗത്തില്‍ പെട്ട ബാക്ടീരിയകള്‍ കുടലുകളെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന അണുബാധയാണ് ഷി​ഗെല്ലോസിസ് എന്ന് അറിയപ്പെടുന്നത്. ഷിഗെല്ല ബാധ എന്ന് പൊതുവേ പറയും. പെട്ടെന്ന് പടര്‍ന്നുപിടിക്കുന്നതാണ് ഈ രോഗം. എന്നാല്‍, ഷിഗെല്ല എന്നത് ഒരു പുതിയ ബാക്ടീരിയ അല്ല. ഈ രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്. ഗുരുതരമാകുമ്പോള്‍ ഇത് രക്തത്തോട് കൂടിയ വയറിളക്കമാകും.

നിര്‍ജ്ജലീകരണമാണ് ഈ രോഗത്തെ മാരകമാക്കുന്നത്. നിര്‍ജ്ജലീകരണം നിയന്ത്രിക്കാന്‍ സാധിക്കാതെ പോയാല്‍ ഗുരുതരാവസ്ഥയും മരണവും ഉണ്ടാകും. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഈ രോഗം ബാധിക്കാന്‍ സാധ്യത കൂടുതല്‍. എന്നാല്‍ കൃത്യമായ ചികിത്സയിലൂടെ രോഗത്തെ നിയന്ത്രിക്കാം എന്നതാണ് അറിയേണ്ട പ്രധാനപ്പെട്ട കാര്യം.

ഷിഗെല്ല ബാക്ടീരിയ നാല് തരമുണ്ട്
1) ഷിഗെല്ല സൊനേയി(Shigella sonnei )
2) ഷിഗെല്ല ഫ്‌ളെക്‌സ്‌നെരി(Shigella flexneri)
3) ഷിഗെല്ല ബോയ്ഡി(Shigella boydii)
4) ഷിഗെല്ല ഡിസെന്‍ട്രിയെ(Shigella dysenteriae)

ഇതില്‍ ഷിഗെല്ല സൊനേയി മൂലമുണ്ടാകുന്ന 'എകിരി സിന്‍ഡ്രോം' (Ekiri syndrome) ബാധിച്ച് രണ്ടാം ലോകമഹായുദ്ധ കാലത്തിന് മുന്‍പ് വര്‍ഷം തോറും 15,000 പേരാണ് മരണപ്പെട്ടിരുന്നത്. ഈ രോഗം ബാധിക്കുന്നവരില്‍ വളരെ പെട്ടെന്നാണ് കടുത്ത പനിയും അപസ്മാരവും അബോധാവസ്ഥയും ഉണ്ടായിരുന്നത്.

ഷിഗെല്ല ബാധിച്ചാല്‍

ഷിഗെല്ല ബാക്ടീരിയ കുടലിന്റെ സ്തരങ്ങളെ ബാധിക്കുമ്പോള്‍ ഷിഗെല്ല ടോക്സിന്‍ എന്ന വിഷവസ്തു ഉണ്ടാകുന്നു. ഷിഗെല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ സാധാരണയായി ഒന്നു മുതല്‍ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ പ്രകടമാവാറുണ്ട്. ഇവ വലിയ തോതിലെത്താന്‍ ഒരാഴ്ചയെടുക്കും. പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്.

 • വയറിളക്കം. രക്തവും, കഫവും കലര്‍ന്ന മലമാണ് ഷിഗെല്ല മൂലമുണ്ടാകുന്ന വയറിളക്കമുള്ളവരില്‍ സാധാരണയായി കാണാറുള്ളത്.
 • വയറുവേദന
 • ഓക്കാനമോ ഛര്‍ദിയോ
 • പൂര്‍ണമായും വയര്‍ ഒഴിഞ്ഞു പോവാത്ത പോലെയുള്ള തോന്നല്‍
 • ഷിഗെല്ല ബാധിച്ചവരില്‍ ചില ന്യൂറോളജിക്കല്‍ തകരാറുകളും കാണാറുണ്ട്. അപസ്മാരമാണ് ഇതില്‍ പ്രധാനപ്പെട്ട സങ്കീര്‍ണത. കുട്ടികളില്‍ ഇത് മരണത്തിനുള്ള സാധ്യത കൂട്ടും.
ഷിഗെല്ലോസിസ് ബാധിക്കുന്ന വഴി

മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കാണ് ഷിഗെല്ല ബാക്ടീരിയ പകരുന്നത്. ഷിഗെല്ല ബാധിച്ച ലക്ഷണങ്ങള്‍ ഉള്ള വ്യക്തിയില്‍ നിന്ന്, ഷിഗെല്ല ബാധിതനായ ലക്ഷണങ്ങള്‍ ഇല്ലാത്ത വ്യക്തിയില്‍ നിന്ന് (രോഗവാഹകന്‍), മലിനമാക്കപ്പെട്ട ഭക്ഷണങ്ങള്‍(പാല്‍, മുട്ട, മത്സ്യ-മാംസങ്ങള്‍) തുടങ്ങിയവയില്‍ നിന്നും ഷിഗെല്ല ബാധയുണ്ടാകാം. ശീതികരിച്ചു സൂക്ഷിക്കുന്ന ഇത്തരം ഭക്ഷ്യവസ്തുക്കളില്‍ ഷിഗെല്ല ബാക്ടീരിയ കൂടുതല്‍ കാലം ജീവിക്കാന്‍ സാധ്യതയുണ്ട്.

സാധാരണ വയറിളക്ക രോഗങ്ങളെപ്പോലെ രോഗബാധിതന്റെ വിസര്‍ജ്ജ്യം ഭക്ഷണത്തിലൂടെയോ കുടിവെള്ളത്തിലൂടെയോ മറ്റൊരു വ്യക്തിയുടെ ഉള്ളിലേക്ക് കടക്കുമ്പോള്‍ ബാക്ടീരിയ ബാധയുണ്ടാകുന്നു. ബാക്ടീരിയയുടെ തോത് കുറവാണെങ്കില്‍ പോലും അത് രോഗമുണ്ടാക്കാം. രോഗവാഹകനായ വ്യക്തി ഭക്ഷണം തയ്യാറാക്കുമ്പോഴും മറ്റും രോഗം മറ്റൊരു വ്യക്തിയിലേക്ക് വ്യാപിക്കാം. അല്ലെങ്കില്‍ രോഗബാധിതനായ വ്യക്തിയുടെ വിസര്‍ജ്യം കുടിവെള്ള സ്രോതസ്സില്‍ കലര്‍ന്നോ ഈച്ചകള്‍ വഴിയോ അത് മറ്റുള്ളവരില്‍ രോഗവ്യാപനത്തിന് ഇടയാക്കും.

മരണം സംഭവിക്കുന്നത്

തിരിച്ചറിയാന്‍ വൈകുന്നതാണ് ഷിഗെല്ല ഗുരുതരമാകാന്‍ ഇടയാക്കുന്നത്. അതിനാല്‍ തന്നെ ആശുപത്രിയിലെത്തുമ്പോഴേക്കും രോഗം ഗുരുതരമായിട്ടുണ്ടാകും. നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ ശരീരത്തിന് ആവശ്യമായ ജലാംശവും ലവണങ്ങളും വേണ്ടത്ര ലഭിക്കാതാവുന്നു. ഇതോടെ രോഗിക്ക് തളര്‍ച്ച ബാധിക്കുന്നു. ഇതോടൊപ്പം രക്തസമ്മര്‍ദം താഴ്ന്നുപോവുകയും ഇത് മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

രോഗനിര്‍ണയം

മലപരിശോധനയിലൂടെയാണ് (stool culture) രോഗനിര്‍ണയം നടത്തുന്നത്.

ചികിത്സ

നിര്‍ജ്ജലീകരണം തടയാനാണ് പ്രധാനമായും ചികിത്സ. ശരീരത്തില്‍ നിന്ന് ജലാംശവും ലവണങ്ങളും നഷ്ടപ്പെടുന്നതിന് അനുസരിച്ച് അത് ശരീരത്തിലെത്തിക്കണം. ഒ.ആര്‍.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം എന്നിവ ധാരാളം നല്‍കണം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ ഡ്രിപ് നല്‍കേണ്ടി വരും.

ആന്റിബയോട്ടിക് ചികിത്സ വേണോ?

വയറിളക്ക രോഗങ്ങളില്‍ ആന്റിബയോട്ടിക് ചികിത്സ പൊതുവേ ആവശ്യമായി വരാറില്ല. പക്ഷേ, ഷിഗെലോസിസ് ചികിത്സിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ വേണ്ടിവരും. രോഗതീവ്രത കുറച്ച് നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ഇത് ആവശ്യമാണ്.

ഷിഗെല്ലോസിസിനെ എങ്ങനെ പ്രതിരോധിക്കാം?

 • വയറിളക്ക രോഗമുള്ളവര്‍ ഭക്ഷണം തയ്യാറാക്കല്‍ പോലുള്ള ജോലികളില്‍ നിന്നും വിട്ടുനില്‍ക്കുക.
 • മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക.
 • നഖങ്ങള്‍ വൃത്തിയായി വെട്ടിയൊതുക്കുക. നഖം കടി ഒഴിവാക്കുക.
 • കുടിക്കാനും ഭക്ഷണം തയ്യാറാക്കാനും തിളപ്പിച്ചാറ്റിയത് മാത്രം ഉപയോഗിക്കുക.
 • പാല്‍, മുട്ട, മത്സ്യം, മാംസം എന്നിവ നിശ്ചിത താപനിലയില്‍ സൂക്ഷിക്കുക. സുരക്ഷിതമാണെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം ഉപയോഗിക്കുക.
 • നമ്മുടെ പരിസരം വൃത്തിയാക്കി സൂക്ഷിക്കുക.
 • കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകാതെ സൂക്ഷിക്കണം.
 • മലിനമായ ജലാശയങ്ങളിലെ കുളി, നീന്തല്‍ എന്നിവ ഒഴിവാക്കുക.
 • പൊതുപരിപാടികള്‍ക്കും മറ്റുമായി ഭക്ഷണം തയ്യാറാക്കുമ്പോള്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുക.
വാക്‌സിനുണ്ടോ?

നിലവില്‍ ഷിഗെല്ലയെ പ്രതിരോധിക്കാന്‍ ഫലപ്രദമായ വാക്‌സിനുകള്‍ ലഭ്യമല്ല.

വിവരങ്ങള്‍ക്ക് കടപ്പാട്:

ഡോ. സൗമ്യ സത്യന്‍
കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍
മെഡിസിന്‍ വിഭാഗം
മൗലാന ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ

Content Highlights: shigella symptoms causes tests treatment

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cholesterol

1 min

ചീത്ത കൊളസ്‌ട്രോള്‍ കൂടിയോ? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം

Oct 2, 2023


MIMS Doctors

2 min

ഡോക്ടര്‍മാരുടെ കൈപിടിച്ച് ഒമ്പതുകാരന്‍ ജീവിതത്തിലേക്ക്; ഉമ്മയുടെ സ്‌നേഹവാക്കുകളും നിര്‍ണായകമായി

Sep 30, 2023


.

4 min

മരണത്തെ മുഖാമുഖം കണ്ട് നിപയില്‍നിന്ന് ജീവിതത്തിലേക്ക് മടങ്ങിയ ഒമ്പതുകാരന്‍; ഇത് പുതുചരിത്രം

Sep 30, 2023

Most Commented