ഷിഗെല്ല രോഗത്തെ ഭയപ്പെടേണ്ടതുണ്ടോ?


ഡോ. നവ്യ തൈക്കാട്ടില്‍

ഷിഗെല്ല വിഭാഗത്തില്‍ പെട്ട ബാക്ടീരിയകള്‍ ഉണ്ടാക്കുന്ന അണുബാധയാണ് ഷിഗെലോസിസ് എന്ന് അറിയപ്പെടുന്നത്

Representative Image | Photo: Gettyimages.in

യനാട് ആറു വയസ്സുകാരി ഷിഗെല്ല അണുബാധ മൂലം മരണപ്പെട്ട വാര്‍ത്ത വന്നിരിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് ഷിഗെല്ല അണുബാധയായിരുന്നു മരണകാരണം എന്ന് സ്ഥിരീകരിച്ചത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് ജില്ലയിലും, പതിനൊന്നു വയസ്സുകാരന്റെ മരണത്തെ തുടര്‍ന്ന്, ഒരു കുടുംബത്തിലെ അനേകം അംഗങ്ങളില്‍ ഷിഗെല്ല അണുബാധ കണ്ടെത്തിയിരുന്നു.

ഷിഗെല്ല വിഭാഗത്തില്‍ പെട്ട ബാക്ടീരിയകള്‍ ഉണ്ടാക്കുന്ന അണുബാധയാണ് ഷിഗെലോസിസ് എന്ന് അറിയപ്പെടുന്നത്. ഇതിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്.ഏതൊരു വയറിളക്കരോഗം പോലെയും, ഷിഗെല്ലയെയും ഭീകരമാക്കുന്നത്, നിര്‍ജ്ജലീകരണം മൂലമുള്ള ഗുരുതരാവസ്ഥയും മരണവുമാണ്. യഥാസമയമുള്ള ചികിത്സ കൊണ്ട് തടയാനാവുന്ന ഒന്നാണിത്. വളരെ വിരളമായി, ഷിഗെല്ല കൊണ്ട് മസ്തിഷ്‌കജ്വരം പോലെയുള്ള ഗുരുതരാവസ്ഥയും കാണാറുണ്ട്.

പുതിയൊരു രോഗമാണോ ഷിഗെല്ലോസിസ്?

ഒരു പക്ഷേ മനുഷ്യന്റെ പരിണാമത്തിന്റെ ആദ്യ കാലഘട്ടം മുതലേയുള്ള, മനുഷ്യരില്‍ മാത്രം കാണുന്ന ഒരു രോഗാണുവാണ് ഷിഗെല്ല ബാക്ടീരിയ. പലപ്പോഴും തിരിച്ചറിയപ്പെടാതെ, നമ്മുടെ സമൂഹത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ് ഷിഗെല്ല. എന്നാല്‍ കോളറ ഉണ്ടാക്കുന്ന ബാക്ടീരിയയെ പോലെ പരിസ്ഥിതിയില്‍ ദീര്‍ഘകാലം ജീവിക്കാന്‍ സാധിക്കുന്ന ഒന്നല്ല ഷിഗെല്ല ബാക്ടീരിയ. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് തന്നെയാണ് ഇത് പകരുന്നത്. രോഗബാധിതനായ വ്യക്തികളില്‍ നിന്നും, മലിനമാക്കപ്പെട്ട ചില ഭക്ഷണവസ്തുക്കളില്‍ നിന്നും (പാല്‍, മുട്ട, ചില മത്സ്യമാംസാദികളില്‍) ഈ അണുബാധ പകരാം. പ്രത്യേകിച്ചും ശീതീകരിച്ചു സൂക്ഷിക്കുകയാണെങ്കില്‍, ഷിഗെല്ല ബാക്ടീരിയ ദീര്‍ഘസമയത്തേക്ക് ഇവയില്‍ ജീവിച്ചേക്കാം.

മനുഷ്യരിലൂടെ പകര്‍ന്നു കൊണ്ടിരിക്കുന്ന ഒരു രോഗമായിട്ടും, നമ്മള്‍ ഇതിനെ ക്കുറിച്ച് എപ്പോഴും കേള്‍ക്കാത്തത് എന്തുകൊണ്ടായിരിക്കാം? നല്ലൊരു വിഭാഗം ആളുകളിലും ചെറിയ ലക്ഷണങ്ങളോടുകൂടി ഈ രോഗം വന്ന് മാറുകയും അവരില്‍ ചിലര്‍ ഏതാനും ആഴ്ചകള്‍ കൂടി രോഗവാഹകരായി തുടരുകയും ചെയ്യാറുണ്ട്. യാതൊരു ലക്ഷണങ്ങളും ഇല്ലാതെ ദീര്‍ഘകാലം ഷിഗെല്ല രോഗവാഹകരാവുന്ന വ്യക്തികളും ഉണ്ടാവാം. ഇവരിലൂടെയാണ് ബാക്ടീരിയ മനുഷ്യസമൂഹത്തില്‍ നിലനില്‍ക്കുന്നത്. കുട്ടികളിലാണ് ഷിഗെല്ല ഗുരുതരാവസ്ഥയും മരണവും ഉണ്ടാക്കാനുള്ള സാധ്യത കൂടുതല്‍.

കുട്ടികളില്‍ ഈ രോഗം എത്തുമ്പോള്‍ വിരളമായി ഗുരുതരാവസ്ഥയിലാകാം. അവര്‍ ആശുപത്രിയില്‍ എത്തുമ്പോഴോ, മരണപ്പെടുമ്പോഴോ ആണ് പലപ്പോഴും ഷിഗെല്ല ആണെന്ന് തിരിച്ചറിയപ്പെടുന്നത്. ഇതിനു പുറമേ പൊതുചടങ്ങുകളിലോ, വിരുന്നുകളിലോ വിളമ്പുന്ന വെള്ളത്തിലോ ഭക്ഷണത്തിലോ, രോഗബാധിതരില്‍ നിന്നും മലിനമാക്കപ്പെട്ടാല്‍, ഒന്നിലേറെ വ്യക്തികളില്‍ രോഗം വരാം. ഒരു ഔട്ബ്രേക്ക് എന്ന രീതിയില്‍ അന്വേഷിക്കുമ്പോള്‍ മാത്രമായിരിക്കാം, ഷിഗെല്ലയുടെ സാന്നിധ്യം തിരിച്ചറിയപ്പെടുന്നത്. കേരളത്തിലെ പല ജില്ലകളിലും, ഇതിനുമുന്‍പും ഷിഗെല്ലയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വയറിളക്കം മൂലമുള്ള കുഞ്ഞുങ്ങളുടെ മരണം അനുബന്ധിച്ചാണ് പലതും തിരിച്ചറിയപ്പെട്ടിട്ടുള്ളത്.

സാധാരണ വയറിളക്ക രോഗത്തില്‍ നിന്നും ഷിഗെല്ലയെ വ്യത്യസ്തമാക്കുന്നത്, ഷിഗല്ല ബാക്ടീരിയ കുടലിന്റെ സ്തരങ്ങളെ ബാധിച്ച്, ഷിഗെല്ല ടോക്‌സിന്‍ എന്ന വിഷവസ്തു ഉണ്ടാക്കുന്നു എന്നത് കൊണ്ടാണ്. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച്, സാധാരണ ഒന്നു മുതല്‍ മൂന്ന് ദിവസങ്ങളില്‍ തന്നെ ലക്ഷണങ്ങള്‍ പ്രകടമാവാറുണ്ട്. രക്തവും, കഫവും(മ്യുക്കസ്) കലര്‍ന്ന മലമാണ് ഷിഗെല്ല ഡിസെന്ററിയില്‍ സാധാരണയായി കാണാറുള്ളത്. ഇതിന് പുറമെ ചര്‍ദ്ദി, ഓക്കാനം, വയറു വേദന, പൂര്‍ണമായും വയര്‍ ഒഴിഞ്ഞു പോവാത്ത പോലെയുള്ള തോന്നല്‍ എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍.

രോഗം ചികിത്സിക്കുന്നതില്‍ ഏറ്റവും പ്രധാനം നിര്‍ജ്ജലീകരണം തടയുക എന്നത് തന്നെയാണ്. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതിന് അനുസരിച്ചുതന്നെ വെള്ളവും ലവണങ്ങളും ശരീരത്തില്‍ എത്തണം. ഇതിനായി ഒ.ആര്‍. എസ് ലായനി, ഉപ്പിട്ട കഞ്ഞി വെള്ളം തുടങ്ങിയ പാനീയങ്ങള്‍ തുടക്കത്തില്‍ തന്നെ നല്‍കി തുടങ്ങണം. ആവശ്യമെങ്കില്‍ ഡ്രിപ് നല്‍കിയും ജലാംശം നിലനിര്‍ത്തേണ്ടതായി വരാം. എല്ലാ വയറിളക്കരോഗങ്ങളിലും ആന്റിബയോട്ടിക്കുകള്‍ കൊണ്ടുള്ള ചികിത്സ ആവശ്യമല്ലെങ്കില്‍ കൂടി, ഷിഗെലോസിസിന്റെ ചികില്‍സയില്‍ ആന്റിബയോട്ടിക്കുകള്‍ക്ക് നല്ലൊരു പങ്കുണ്ട്. രോഗതീവ്രത കുറയ്ക്കുവാനും രോഗം പകരുന്ന കാലയളവ് കുറയ്ക്കുന്നതിനും, കൃത്യമായ കാലയളവില്‍ ഉള്ള ആന്റിബയോട്ടിക് ചികിത്സ ഉപകാരപ്പെടാറുണ്ട്.

ലക്ഷണങ്ങളുള്ള ഷിഗെല്ല ബാധിതനായ ഒരു വ്യക്തി, അല്ലെങ്കില്‍ യാതൊരു ലക്ഷണങ്ങളും ഇല്ലാതെ ഷിഗെല്ല വഹിക്കുന്ന വ്യക്തി എന്നിവരില്‍നിന്ന് എങ്ങനെ മറ്റുള്ളവരിലേക്ക് രോഗം പടരുന്നു എന്ന് നോക്കാം. മറ്റു വയറിളക്കരോഗങ്ങള്‍ പോലെ തന്നെ, രോഗബാധിതന്റെ മലാംശം, മറ്റൊരു വ്യക്തിയുടെ വായിലേക്ക് എത്തുന്നത് വഴി തന്നെയാണ് ബാക്ടീരിയ മറ്റൊരു വ്യക്തിയുടെ ശരീരത്തില്‍ പ്രവേശിക്കുന്നത്. കുറഞ്ഞ ബാക്റ്റീരിയല്‍ അളവ് (ലോഡ്) പോലും മറ്റൊരു വ്യക്തിയില്‍ രോഗബാധ ഉണ്ടാക്കിയേക്കാം. രോഗ വാഹകനായ വ്യക്തി ഭക്ഷണം പാകം ചെയ്യുമ്പോഴും, ഭക്ഷണം കൈകാര്യം ചെയ്യുമ്പോഴും, ഭക്ഷണത്തിലൂടെ മറ്റൊരു വ്യക്തിയിലെ രോഗം പകരാനുള്ള സാധ്യതയുണ്ട്. രോഗബാധിതനായ വ്യക്തിയുടെ വിസര്‍ജ്യം ഏതെങ്കിലും കുടിവെള്ള സ്രോതസ്സില്‍ കലരാന്‍ ഇടയായാല്‍, ഈ വെള്ളം തിളപ്പിക്കാതെ ഭക്ഷ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോഴും രോഗപ്പകര്‍ച്ച ഉണ്ടാവാം. ധാരാളം വ്യക്തികള്‍ ഉപയോഗിക്കുന്ന കുടിവെള്ള സ്രോതസ്സ്, അല്ലെങ്കില്‍ ഒരു ചടങ്ങില്‍ ഭക്ഷണം പാകം ചെയ്യുവാന്‍ ഈ സ്രോതസ്സില്‍ നിന്ന് വെള്ളം ഉപയോഗിച്ചാല്‍, വലിയൊരു ഷിഗെല്ല ഔട്ബ്രേക്കില്‍ കലാശിക്കും. ശരിയായി സംസ്‌കരിക്കപെടാത്ത മനുഷ്യവിസര്‍ജ്യത്തില്‍ നിന്നും, ഈച്ചകള്‍ വഴിയും രോഗം പകരാം. ഷിഗെല്ല ബാക്ടീരിയ തന്നെ, പല ടൈപ്പുകളും സ്ട്രൈനുകളും ഉണ്ട്. മരണനിരക്ക് വളരെ കൂടുതല്‍ ഉള്ള ടൈപ്പുകള്‍ മൂലമുള്ള അസുഖങ്ങള്‍ ഇവിടങ്ങളില്‍ കുറവാണ് കാണപ്പെടുന്നത്.

രോഗ പ്രതിരോധം എങ്ങനെ?

വയറിളക്കരോഗങ്ങള്‍ ഏത് തന്നെയാണെങ്കിലും, പ്രതിരോധിക്കാനുള്ള മാര്‍ഗം ഒന്നുതന്നെയാണ്.

  • വയറിളക്കരോഗം ഉള്ള വ്യക്തികള്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍ നിന്നും, ഭക്ഷണം കൈകാര്യം ചെയ്യുന്നതില്‍ നിന്ന് മാറിനില്‍ക്കുക.
  • മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക.
  • നഖങ്ങള്‍ വെട്ടി വൃത്തിയാക്കുകയും, വ്യക്തിശുചിത്വം പാലിക്കുകയും ചെയ്യുക.
  • കുടിവെള്ളം തിളപ്പിച്ചാറ്റിയത് മാത്രം ഉപയോഗിക്കുക.
  • മുട്ട, മത്സ്യമാംസാദികള്‍, പാല്‍ എന്നിവ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും, നല്ല പോലെ പാകം ചെയ്തും മാത്രം ഭക്ഷിക്കുക.
  • കുടിവെള്ള സ്രോതസ്സുകള്‍, മലിനമാകാതെ സൂക്ഷിക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കുക
  • മലിനമായ ജലാശയങ്ങളില്‍ കുളിക്കുന്നതും, നീന്തുന്നതും ഒഴിവാക്കുക.
ലക്ഷണമില്ലാത്ത രോഗവാഹകര്‍ ഉണ്ടായിരിക്കാം എന്നതുകൊണ്ട് തന്നെ, വ്യക്തി ശുചിത്വവും കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സുരക്ഷിതത്വവും സദാ പാലിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാര്‍ഗം. ഫലപ്രദമായ വാക്‌സിനുകള്‍ ഷിഗെല്ല രോഗപ്രതിരോധത്തിന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

വയറിളക്ക രോഗങ്ങള്‍ പ്രത്യേകിച്ച് കുട്ടികളില്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്. നിര്‍ജലീകരണം ഉണ്ടാവാതിരിക്കാന്‍ വീടുകളില്‍ തന്നെ കഞ്ഞിവെള്ളം, ഒ.ആര്‍.എസ്. ലായനി എന്നിവ നേരത്തെ തന്നെ തുടങ്ങാന്‍ ശ്രദ്ധിക്കുക. ആവശ്യമെങ്കില്‍, വൈകാതെ തന്നെ വിദഗ്ധ ചികിത്സ തേടുക.

പൊതു ശുചിത്വവും ജീവിതനിലവാരവും ഉയരുന്ന സമൂഹങ്ങളില്‍ ജലജന്യരോഗങ്ങളും വയറിളക്ക രോഗങ്ങളും വളരെ കുറവാണ്. ഇവ രണ്ടും ഉയര്‍ന്ന പാശ്ചാത്യ രാജ്യങ്ങളില്‍ പോലും, ഇടയ്ക്കിടെ ഷിഗെല്ല ഔട്ട്ബ്രേക്കുകള്‍ ഉണ്ടാവാറുണ്ട്.

രോഗസ്രോതസിനായുള്ള അന്വേഷണം

ഷിഗെല്ല കേസുകള്‍ കണ്ടെത്തുമ്പോള്‍, വളരെ വിശദമായ അന്വേഷണം നടത്തേണ്ടത് വളരെ പ്രധാനമാണ്. ഏതെങ്കിലും കുടിവെള്ള സ്രോതസ്സാണ് രോഗസ്രോതസ്സ് എങ്കില്‍, അത് കണ്ടെത്തി, എത്രയും പെട്ടെന്ന് തന്നെ, ശുദ്ധീകരിക്കുന്നതിനും തുടര്‍ന്നുള്ള കേസുകള്‍ തടയുന്നതിനും വേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതാണ്. പൊതു ഭക്ഷണശാലകളിലോ മറ്റിടങ്ങളിലോ ഭക്ഷണം കൈകാര്യം ചെയ്യുന്നവരാണ് സ്രോതസ്സ് എങ്കിലും, നേരത്തെ തന്നെ കണ്ടെത്തി താല്‍ക്കാലികമായി അവരെ ഭക്ഷണം കൈകാര്യം ചെയ്യുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടതായി വരും. രോഗിയില്‍ നിന്ന് രോഗം പകരാന്‍ സാധ്യതയുള്ള വ്യക്തികളെ വീക്ഷിക്കുകയും അവരില്‍നിന്ന് തുടര്‍ന്ന് രോഗബാധ പകരാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യാറുണ്ട്.

ഷിഗെല്ലയെ ഭയപ്പെടേണ്ടതില്ല. യഥാസമയം രോഗനിര്‍ണ്ണയം നടത്തുകയും, നേരത്തെ തന്നെ, ശരിയായ വൈദ്യസഹായം നല്‍കുന്നതും വഴി, നിയന്ത്രണ വിധേയമാക്കാവുന്ന രോഗമാണ് ഷിഗെല്ല.

(മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസറാണ് ലേഖിക)

കടപ്പാട്: കെ.ജി.എം.ഒ.എ. അമൃതകിരണം

Content Highlights: Shigella, Shigellosis symptoms treatment and prevention, Health

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented