ശരീരഭാരം കുറയാനും ആരോഗ്യകരമായി ജീവിക്കാനും ഭക്ഷണക്രമത്തിൽ വരുത്തുന്ന മാറ്റങ്ങളാണ് ഡയറ്റിങ്. എന്നാൽ ഡയറ്റിങ് എന്ന പേരിൽ നമ്മൾ ചെയ്യുന്ന അബദ്ധങ്ങൾ നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അത്തരം ഏഴ് പിഴവുകൾ എന്തൊക്കെയെന്ന് നോക്കാം.
1. ഡയറ്റിങ്ങിന്റെ പേരിൽ പട്ടിണി കിടക്കൽ
തടി കുറയ്ക്കാൻ ഭക്ഷണം കഴിക്കാതിരിക്കുന്നതും പട്ടിണി കിടക്കുന്നതും തെറ്റായ രീതിയാണ്. നമ്മുടെ തലച്ചോറും ശരീരത്തിലെ ഓരോ കോശങ്ങളും പ്രവർത്തിക്കാൻ ആവശ്യമായ ഊർജം ദിവസവും ലഭിക്കാൻ നാം ഭക്ഷണം കഴിച്ചിരിക്കണം. ഡയറ്റിങ് എന്നാൽ പട്ടിണി കിടക്കൽ അല്ല. സമീകൃതമായി ശരീരത്തിന് ആവശ്യമുള്ള ഭക്ഷണം കഴിച്ചില്ലെങ്കിൽ അത് ശരീരത്തെ പ്രതികൂലമായി ബാധിക്കും.
2. കീറ്റോ ഡയറ്റ് പോലെയുള്ള കുറുക്കുവഴികൾ
എല്ലാ പ്രശ്നങ്ങൾക്കും ഉടൻ തന്നെ ഫലം കാണണമെന്ന ആഗ്രഹം മൂലം പലരും കീറ്റോ ഡയറ്റ് പോലുള്ള കുറുക്കുവഴികൾ തേടി പോവാറുണ്ട്. രണ്ട് ആഴ്ച കൊണ്ട് ശരീരഭാരം കുറയുമെങ്കിലും കൃത്യമായി ചെയ്തില്ലെങ്കിൽ ഇവ പലതും ആന്തരാവയവങ്ങൾക്ക് വരെ കേടുവരുത്തും. ഇത്തരമൊരു ദുരനുഭവം യുവ ബംഗാളി നടി മിഷ്തി മുഖർജിക്ക് ഉണ്ടായത് നമ്മളൊക്കെ കണ്ടതാണ്. ഇത്തരം ഡയറ്റുകൾ എന്നാണോ നിർത്തുന്നത് അന്ന് നിങ്ങളുടെ ശരീരഭാരം പഴയ രീതിയിലേക്ക് എത്തുകയും ചെയ്യും. അതിനാൽ നിങ്ങൾ ശാസ്ത്രീയമായ, ആരോഗ്യകരമായ ഭക്ഷണരീതികൾ സ്വീകരിക്കണം. ഇതിനായി ഒരു ഡയറ്റീഷ്യന്റെയോ ഡോക്ടറുടെയോ സഹായം തേടുക. സ്വയം പരീക്ഷണങ്ങൾക്ക് മുതിരരുത്.
3. ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്നത്
നമ്മുടെ ഒരു ദിവസത്തെ ഊർജം നിർണയിക്കുന്നത് രാവിലെ നമ്മൾ കഴിക്കുന്ന ഭക്ഷണമാണ്. ആവശ്യത്തിന് ഊർജം അടങ്ങുന്ന സമ്പൂർണ ആഹാരമാണ് രാവിലെ കഴിക്കേണ്ടത്. എന്നാൽ ഡയറ്റിങ് എന്ന പേരിൽ രാവിലത്തെ ഭക്ഷണം പലരും സൗകര്യപൂർവം ഒഴിവാക്കുന്നു. രാവിലത്തെ തിരക്കിനിടയിൽ പലപ്പോഴും കഴിക്കാൻ മറന്നുപോവുന്നവരും സമയം ലഭിക്കാത്തവരും കുറവല്ല. ഡയറ്റിങ്ങിന്റെ പേരിലായാലും തിരക്കിന്റെ പേരിലായാലും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്.
4. ഡിന്നറിന് അമിത ഭക്ഷണം
ഒരു ദിവസത്തെ ഭക്ഷണശീലത്തിൽ നമ്മൾ ഏറ്റവും അമിതമായി കഴിക്കുന്നത് മിക്കവാറും രാത്രിയിലാണ്. ജോലിയൊക്കെ കഴിഞ്ഞ് വരുമ്പോഴേക്ക് നല്ല വിശപ്പുമുണ്ടാകും. കിട്ടുന്നതൊക്കെ കഴിക്കും. എന്നാൽ ദഹിക്കാൻ പ്രയാസമുള്ള ഏതൊരു ഭക്ഷണവും സൂര്യാസ്തമയത്തിന് മുൻപേ കഴിക്കണം. ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുൻപ് എങ്കിലും ഡിന്നർ കഴിച്ച് ശീലിക്കുക. വിശക്കുകയാണെങ്കിൽ ഉറങ്ങുന്നത് മുൻപ് അര ഗ്ലാസ് ചൂടുപാലോ അല്ലെങ്കിൽ നട്സോ കഴിക്കാം.
5. ചീറ്റ് ഡേ എന്ന പേരിൽ അമിതഭക്ഷണം കഴിക്കുന്നത്
വളരെ കൃത്യമായി ഡയറ്റിങ് ചെയ്യുന്നവർ പോലും ആഴ്ചയിൽ ഒരു ദിവസം ചീറ്റ് ഡേ അഥവാ നമുക്ക് മനസ്സിന് ഇഷ്ടമുള്ള ഭക്ഷണസാധനങ്ങൾ കഴിക്കാനായി മാറ്റിവെക്കാറുണ്ട്. എന്നാൽ ഈ ദിവസം അമിത ആഹാരം കഴിച്ച് അത്രയും നാൾ നമ്മൾ കഷ്ടപ്പെട്ടതിന്റെയൊക്കെ ഫലം ഇല്ലാതെ പോവുകയാണ്. ചീറ്റ് ഡേ വെക്കുന്നതിൽ തെറ്റില്ല. പക്ഷേ അന്നും കഴിക്കുന്ന ആഹാരത്തിന്റെ അളവ് വളരെ പരിമിതപ്പെടുത്തുക. ഉദാഹരണത്തിന് പായസം ഇഷ്ടമുള്ളവരാണെങ്കിൽ ചെറിയ ഒരു കപ്പ് പായസം കഴിക്കുന്നതിൽ തെറ്റില്ല(പ്രമേഹം ഉള്ളവർക്ക് ബാധകമല്ല).
6. കാലറി കൗണ്ടിങ് ചെയ്യാതിരിക്കുന്നത്
നമ്മൾ കഴിക്കുന്ന ഓരോ ഭക്ഷണത്തിന്റെയും കാലറി കണ്ടന്റ് തിട്ടപ്പെടുത്തിയിട്ടുണ്ട്. ഇത് എളുപ്പം കണ്ടുപിടിക്കാൻ ചില മൊബൈൽ ആപ്ലിക്കേഷനുകൾ ലഭ്യമാണ്. കുറഞ്ഞ കാലറിയുള്ള ഭക്ഷണം ധാരാളം ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഭക്ഷണത്തിന്റെ രൂപം മാറുന്നതിന് അനുസരിച്ച് കാലറി അളവും മാറുന്നുണ്ട്. ഉദാഹരണത്തിന് മുട്ട പുഴുങ്ങി കഴിക്കുന്നതും ഓംലറ്റ് ആയി കഴിക്കുന്നതും തമ്മിൽ രണ്ട് മടങ്ങ് കാലറി വ്യത്യാസമുണ്ട്. മുട്ട പുഴുങ്ങി കഴിക്കുന്നതാണ് ഉത്തമം. ഇത്തരത്തിൽ കാലറി കണ്ടന്റ് ശ്രദ്ധിക്കാതെ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ഡയറ്റിന്റെ ഉദ്ദേശത്തെയും ഫലത്തെയും ബാധിക്കും.
7. വ്യായാമമില്ലായ്മ
ഏതൊരു ഡയറ്റ് പ്ലാനിന്റെയും അവിഭാജ്യ ഘടകമാണ് കൂടെയുള്ള വ്യായാമ മുറകളും. നല്ലൊരു ജീവിതശൈലിയാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ വെറും ഡയറ്റിങ് മാത്രം ചെയ്താൽ പോര. വ്യായാമങ്ങളും ശീലിക്കണം. പലരും സൗകര്യപൂർവം മറന്നുകളയുന്നവയാണ് വ്യായാമം. ഡയറ്റിങ് ചെയ്യുന്നവർ തീർച്ചയായും സ്ഥിരമായ വ്യായാമം കൂടെ ചെയ്യേണ്ടതുണ്ട്.
(കോഴിക്കോട് ഡോക്ടർ മോഹൻസ് ഡയബറ്റിസ് സ്പെഷ്യാലിറ്റിസ് സെന്ററിലെ ചീഫ് കൺസൾട്ടന്റാണ് ലേഖകൻ)
Content Highlights:Seven mistakes in dieting that make your health weak, Health, Food, Dieting