Representative Image| Photo: Canva.com
ഒരുവിധം എല്ലാ കുട്ടികളിലും കൗമാരപ്രായം വരെ ഉത്കണ്ഠയുടെ അളവ് കൂടിയും കുറഞ്ഞുമിരിക്കും. സെപ്പറേഷന്‍ ആങ്സൈറ്റി(വേര് പിരിയുന്നതിലുള്ള ഉത്കണ്ഠ) കുഞ്ഞുങ്ങളില്‍ വളരെ സാധാരണമായി കണ്ടുവരുന്ന കാര്യമാണ്. 18 മാസം മുതല്‍ മൂന്നുവയസ്സുവരെ സെപ്പറേഷന്‍ ആങ്സൈറ്റി അല്ലെങ്കില്‍ പറ്റിപ്പിടിച്ചിരിക്കുക, എന്നുള്ള സ്വഭാവം സാധാരണമായി കണ്ടുവരാറുണ്ട്. മാതാപിതാക്കളില്‍ നിന്ന് മാറിനില്ക്കുമ്പോള് അല്ലെങ്കില്‍ വീട് വിട്ടുനില്ക്കുമ്പോള് കുട്ടികളില്‍ ഉണ്ടാകുന്ന ഈ ഭയമാണ് സെപ്പറേഷന്‍ ആങ്സൈറ്റി. ഈ ലക്ഷണങ്ങള്‍ അതിതീവ്രമായി കണ്ടുവരുമ്പോള്‍ അതിനെ സെപ്പറേഷന്‍ ആങ്സൈറ്റി ഡിസോര്‍ഡര്‍ എന്നു പറയുന്നു. ഒരു കുട്ടിയില്‍ ഈ പറയുന്ന ലക്ഷണങ്ങള്‍ അതിതീവ്രമായി നാലാഴ്ചയില്‍ കൂടുതല്‍ കണ്ടുവരുകയാണെങ്കില് അതിനെ സെപ്പറേഷന്‍ ആങ്സൈറ്റി ഡിസോര്‍ഡറായി രോഗം നിര്‍ണയിക്കാം.
ലക്ഷണങ്ങള്‍ തിരിച്ചറിയാം
കുഞ്ഞുങ്ങളില്‍ ഉറങ്ങാനുള്ള ബുദ്ധിമുട്ട്, ഇടയ്ക്കിടയ്ക്ക് സ്വപ്നങ്ങള്‍ കാണുക, വീട്ടില്‍ നിന്ന് പിരിഞ്ഞുപോകേണ്ടി വരുന്നു എന്ന് തോന്നിപ്പിക്കുന്ന ദുഃസ്വപ്നങ്ങള്‍, വളരെയധികം ആവലാതിപ്പെടുക, സ്കൂളില്‍ പോകാന്‍ മടികാണിക്കുക, ഒറ്റയ്ക്ക് ഇരിക്കാനുള്ള ഭയം, ഇടയ്ക്കിടയ്ക്കുള്ള തലവേദന, വയറുവേദന തുടങ്ങിയ ശാരീരികാസ്വാസ്ഥ്യങ്ങള്‍, ടെന്‍ഷന്‍ എന്നിവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാവാം. വീട്ടിലാണെങ്കിലും മാതാപിതാക്കളെ പറ്റിപ്പിടിച്ച് ഇരിക്കാനുള്ള പ്രവണത, പരിഭ്രാന്തിയും വാശിയും കാണിക്കുക എന്നിവയൊക്കെ പ്രകടിപ്പിക്കുന്നെങ്കില്‍ വഴക്കുപറയാതെ കുട്ടികളെ ആശ്വസിപ്പിക്കണം.
Also Read
ആശുപത്രിയില്‍ ഒരുപാടുനാള് ചെലവഴിക്കേണ്ടി വരിക, ഇഷ്ടപ്പെട്ട വളര്‍ത്തുമൃഗത്തിന്റെ മരണം, പെട്ടെന്ന് സ്കൂള്‍ മാറുക, വീട് മാറുക... തുടങ്ങി അപ്രതീക്ഷിതായ ആഘാതങ്ങള്‍ ജീവിതത്തിലുണ്ടാകുമ്പോഴും കുട്ടികളില്‍ ഈ പ്രശ്നം കണ്ടെന്നുവരാം. മാതാപിതാക്കള്‍ അമിത സംരക്ഷണം കൊടുക്കുന്ന കുട്ടികളില്‍ സെപ്പറേഷന്‍ ആങ്സൈറ്റി ഉണ്ടാകാറുണ്ട്. ഇത് ഡിസോര്‍ഡര്‍ ആയില്ലെങ്കില്‍പ്പോലും പേരന്റല്‍ സെപ്പറേഷന്‍ ആങ്സൈറ്റിയുടെ ലക്ഷണമായി കണക്കാക്കാം.
വേര്‍പിരിയല്‍ ഉത്കണ്ഠയുള്ള കുട്ടികളില്‍ സമ്മര്‍ദം, പാനിക് അറ്റാക്ക്, സോഷ്യല്‍ ആങ്സൈറ്റി, ഫോബിയ, ഒ.സി.ഡി., വിഷാദരോഗം എന്നിവയുടെ ലക്ഷണങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. ഒരു മനോരോഗവിദഗ്ധനെ കണ്ട് ചികിത്സ തുടങ്ങാവുന്നതാണ്. കൃത്യമായ ട്രീറ്റ്മെന്റ് പ്ലാനിലൂടെ കുട്ടികളിലെ ഉത്കണ്ഠാരോഗം കുറച്ചുകൊണ്ടുവരാനാകും. കുട്ടിയുടെ അരക്ഷിതാവസ്ഥ മാറ്റി സുരക്ഷിതമായ മറ്റൊരവസ്ഥയെക്കുറിച്ച് കുഞ്ഞിനും മാതാപിതാക്കള്‍ക്കും പറഞ്ഞ് മനസ്സിലാക്കിയെടുക്കാനാവും. നാച്വറല്‍ സെപ്പറേഷന്‍ അഥവാ സ്വാഭാവിക വേര്‍പിരിയലിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്താം.
കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി, ഫാമിലി തെറാപ്പി എന്നിവ രണ്ടം കുട്ടിയെയും കുടുംബത്തെയും സപ്പോര്‍ട്ട് ചെയ്യുന്ന ചികിത്സാരീതികളാണ്. മെഡിക്കേഷന്‍ ആവശ്യമുണ്ടെന്ന് തോന്നുന്ന അവസരത്തില്‍ തീര്‍ച്ചയായും സൈക്യാട്രിസ്റ്റിന്റെ ഉപദേശം സ്വീകരിക്കാം. കുട്ടിയുടെ സ്കൂളുമായി സംസാരിച്ച് ഒരു ധാരണയിലെത്തുക എന്നതും ട്രീറ്റ്മെന്റ് പ്ലാനിങ്ങിന്റെ ഭാഗമാണ്. അച്ഛനമ്മമാര്‍ക്ക് ആങ്സൈറ്റി ഡിസോര്ഡറുണ്ടെങ്കില് അത് കുട്ടികളിലും പ്രതിഫലിച്ചേക്കാം.
മുതിര്‍ന്നവരിലും ഇത്തരത്തിലുള്ള സെപ്പറേഷന്‍ ആങ്സൈറ്റി കണ്ടുവരാറുണ്ട്. പെട്ടെന്നുണ്ടാകുന്ന വിവാഹമോചനം, ദാമ്പത്യപ്രശ്നങ്ങള്‍, ബന്ധത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, വിവാഹം കഴിഞ്ഞ് ദൂരെ സ്ഥലത്തേക്ക് പോവുക... ഇവയെല്ലാം മുതിര്‍ന്നവരിലും ഉത്കണ്ഠാപ്രശ്നങ്ങള് കൂട്ടിയേക്കാം. ആറുമാസത്തില്‍ കൂടുതല്‍ ഡിസോര്‍ഡര്‍ ലക്ഷണമുണ്ടെങ്കില്‍ കൃത്യമായ ചികിത്സതേടണം. മുതിര്‍ന്നവരിലെ ആങ്സൈറ്റി ഡിസോര്‍ഡര്‍ വേഗത്തില്‍ മാറ്റാവുന്നതാണ്.
Content Highlights: separation anxiety disorder symptoms and risk factors
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..