Representative Image | Photo: Gettyimages.in
മൈറ്റ് എന്ന പ്രാണി പരത്തുന്ന ചെള്ളുപനി(സ്‌ക്രബ് ടൈഫസ്S) രോഗം മലപ്പുറം ജില്ലയിൽ കണ്ടെത്തിയതായി വാർത്ത പുറത്തുവന്നിരുന്നു.
ഡൽഹിയിൽ പഠിക്കുന്ന തിരൂർ സ്വദേശിനിയായ 19-കാരിക്കാണ് രോഗം കണ്ടെത്തിയത്. ഡൽഹിയിലെ തിരക്കേറിയ തെരുവിൽ ഭക്ഷണം കഴിക്കാൻ പോയ വിദ്യാർഥിനിയെ മൈറ്റ് എന്ന പ്രാണി കടിക്കുകയും രോഗം ബാധിക്കുകയുമായിരുന്നു. പ്രാണി കടിച്ച് മൂന്നു ദിവസം കഴിഞ്ഞപ്പോൾ വിദ്യാർഥിനിക്ക് പനിയും തലവേദനയും ഛർദ്ദിയും വയറിളക്കവും ശരീരവേദനയും വന്നു. തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രോഗം തിരിച്ചറിഞ്ഞില്ല. രോഗം മൂർച്ഛിച്ചതോടെ വിദ്യാർഥിനിയെ ബന്ധുക്കൾ തിരൂരിലേക്ക് കൊണ്ടുവരികയും ചികിത്സ തേടുകയുമായിരുന്നു. ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗത്തിൽ വിവിധ രോഗപരിശോധനകൾ നടത്തി. ചെള്ളുപനിക്കുള്ള ‘വെയിൽ ഫെലിക്സ്’ പരിശോധന നടത്തിയപ്പോൾ പോസിറ്റീവായി. തുടർന്ന് വിദഗ്ധ ചികിത്സ നൽകുകയായിരുന്നു.
Also Read
ഈ സാഹചര്യത്തിൽ ചെള്ളുപനിയെക്കുറിച്ചുള്ള ആശങ്ക വീണ്ടും ഉയർന്നിരിക്കുകയാണ്. എന്താണ് ചെള്ളുപനി എന്നും പകർച്ചാസാധ്യതയും ചികിത്സയും പരിശോധിക്കാം.
എന്താണ് സ്‌ക്രബ് ടൈഫസ് ?
ഓറിയന്‍ഷ്യ സുത്സുഗമുഷി എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് സ്‌ക്രബ് ടൈഫസ്. മുമ്പ് റിക്കെറ്റ്‌സിയ സുത്സുഗമുഷി എന്നറിയപ്പെട്ടിരുന്നു. ഈ രോഗം പ്രാഥമികമായി ഏഷ്യയിലും പസഫിക് പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്നു. എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഇവ പൊതുവേ കാണപ്പെടുന്നത്. ഇവയിലെ കുഞ്ഞു ചെള്ളുകളുടെ കടിയേറ്റാല്‍ മനുഷ്യരിലേക്ക് പകരാനിടയാക്കിയേക്കാം. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും കര്‍ഷകരാണ്. ഏകദേശം 80 ശതമാനം കേസുകളും വേനല്‍ക്കാലത്തും ശരത്കാലത്തും (ജൂലൈ മുതല്‍ നവംബര്‍ വരെ) ആണ് കണ്ടുവരുന്നത്.
ലെപ്‌റ്റോട്രോംബിഡിയം ജനുസ്സിലെ ട്രോമ്പി കുലിഡ് (മൈറ്റ്) ആണ് വെക്ടറുകള്‍ അഥവാ രോഗവാഹകര്‍. ഈ ലാര്‍വ ചിഗ്ഗറുകള്‍ എന്നും അറിയപ്പെടുന്നു. ഈ പ്രാണിയുടെ കടിയേല്‍ക്കുമ്പോഴാണ് ഈ രോഗം ഉണ്ടാവുന്നത്. ചെറിയ സസ്യങ്ങള്‍(സ്‌ക്രബ്) കൂടുതല്‍ വളരുന്ന പ്രദേശങ്ങളിലാണ് ഈ അസുഖം കൂടുതല്‍ കാണപ്പെടുന്നത്. മനുഷ്യര്‍ ഈ പ്രദേശങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ചിഗ്ഗര്‍ കടിയില്‍ നിന്ന് രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും.
ലക്ഷണങ്ങള്‍
രോഗബാധയുള്ള ലാര്‍വ ട്രോംബിക്യുലിഡ് പ്രാണി (ചിഗ്ഗര്‍) കടിച്ച് 7 മുതല്‍ 10 ദിവസങ്ങള്‍ക്കുള്ളില്‍ പനി പ്രത്യക്ഷപ്പെടുന്നു. രോഗികളില്‍ സാധാരണയായി ഈ പനി ദീര്‍ഘനേരം നീണ്ടുനില്‍ക്കും. തലവേദന, വിശപ്പില്ലായ്മ, ദേഹാസ്വാസ്ഥ്യം, ശരീരവേദന, പേശികളുടെ വേദന എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍.
ഈ രോഗത്തിന്റെ ഒരു സുപ്രധാന സൂചനയായി കണക്കാക്കുന്നത് ചിഗ്ഗറുകളുടെ കടിയേറ്റ സ്ഥലത്തെ കറുത്ത നിറത്തിലുള്ള വ്രണമാണ്. ഇതിനെ 'എസ്ചാര്‍' എന്ന് പറയുന്നു. അണുബാധയുള്ള ചിഗ്ഗര്‍ കടിയേറ്റ സ്ഥലത്ത് വേദനയില്ലാത്ത വ്രണം പലപ്പോഴും പ്രത്യക്ഷപ്പെടുന്നു. തുടര്‍ന്ന് ഇവയുടെ നടുവിലുള്ള ചര്‍മ്മ കോശങ്ങള്‍ കേടുവരുന്നു. നെക്രോസിസ് എന്നാണ് ഈ അവസ്ഥയെ സൂചിപ്പിക്കുന്നത്. ഇത് കറുത്ത പുറംതോട് ഉള്ള ഒരു വ്രണത്തിന്റെ രൂപീകരണത്തിലേക്ക് നയിക്കുന്നു. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് ഒന്നോ അതിലധികമോ വ്രണങ്ങള്‍ ഉണ്ടായേക്കാം. ഇതു കൂടാതെ ശരീരത്തില്‍ തിണര്‍പ്പ് (റാഷ്) ഉണ്ടാവാം. ഇവ സാധാരണയായി അടിവയറ്റില്‍ ആരംഭിച്ച് കൈകാലുകളിലേക്ക് വ്യാപിക്കുന്നു. മുഖവും പലപ്പോഴും ഉള്‍പ്പെടുന്നു.
ഈ രോഗികളില്‍ വ്രണം വന്ന സ്ഥലത്തിന്റെ അടുത്തുള്ള ലിംഫ് ഗ്രന്ഥികളിലോ മറ്റു പല ലിംഫ് ഗ്രന്ഥികളിലോ വീക്കവും അനുഭവപ്പെടാറുണ്ട്.
ചില രോഗികളില്‍ ഓക്കാനം, ഛര്‍ദ്ദി, അല്ലെങ്കില്‍ വയറിളക്കം എന്നിവ കാണാറുണ്ട്. രോഗതീവ്രത കൂടുമ്പോള്‍ അത് വൃക്ക, ഹൃദയം, ശ്വാസകോശം, തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാം.
രോഗനിര്‍ണ്ണയം
എല്ലാ റിക്കറ്റ്സിയല്‍ രോഗങ്ങളെയും പോലെ സ്‌ക്രബ് ടൈഫസിന്റെ ആദ്യഘട്ടങ്ങളില്‍ ഒരു ലബോറട്ടറി പരിശോധനയും നിലവിലില്ല. രോഗനിര്‍ണ്ണയത്തിന് അനുയോജ്യമായ എസ്ചാര്‍ പോലെയുള്ള അടയാളങ്ങള്‍, ലക്ഷണങ്ങള്‍, ലബോറട്ടറി സവിശേഷതകള്‍ എന്നിവയുടെ വിലയിരുത്തിയാണ് രോഗം സാധാരണയായി തിരിച്ചറിയുന്നത്.
രോഗം വന്ന് 7-10 ദിവസം ആവുമ്പോള്‍ ആന്റിബോഡി ടെസ്റ്റ് രോഗനിര്‍ണയത്തിന് സഹായകമാണ്. എസ്ചാര്‍ ഉള്ള കോശത്തിന്റെ ബയോപ്‌സി ടെസ്റ്റ് നടത്തി രോഗ നിര്‍ണ്ണയം നടത്താം. എന്നിരുന്നാലും ഈ രോഗം പ്രധാനമായും രോഗലക്ഷണങ്ങളും രോഗി പറയുന്ന വിവരങ്ങളും അടിസ്ഥാനമാക്കി തന്നെയാണ് നിര്‍ണ്ണയിക്കുന്നത്.
ചികിത്സ
സാധാരണായി ആന്റിബയോട്ടിക് മരുന്നുകളാണ് ഉപയോഗിക്കുന്നത്. 100 എം.ജി. ഡോക്‌സിസൈക്ലിന്‍, 250 എം.ജി. ക്ലോറാം ഫെനിക്കോള്‍, 500 എം.ജി.അസിത്രോമൈസിന്‍ (ഗര്‍ഭിണികളില്‍).
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
പെര്‍മെത്രിന്‍, ലിന്‍ഡെയ്ന്‍ പോലുള്ള കീടനാശിനികള്‍ ഉപയോഗിച്ച് പ്രാണികളെ നശിപ്പിക്കാം. പ്രാണിയുടെ കടി ഏല്‍ക്കാത്ത തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാം
(പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ആണ് ലേഖിക)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..