ശുപത്രിയ്ക്ക് തീപ്പിടിച്ചപ്പോൾ സ്വയം രക്ഷപ്പെടാൻ ശ്രമിക്കാതെ തുടങ്ങിവെച്ച ഹൃദയശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ റഷ്യൻ ഡോക്ടർമാർക്കും നഴ്സുമാർക്കും അഭിനന്ദനങ്ങൾ അറിയിക്കുകയാണ് സെെബർ ലോകം. റഷ്യയിലെ ബ്ലാ​ഗോവിഷെൻകിലെ ആശുപത്രിയിലാണ് അ​ഗ്നിബാധയുണ്ടായത്. 

വെെദ്യുതി സർക്യൂട്ടിലുണ്ടായ പ്രശ്നമാണ് അ​ഗ്നിബാധയിലേക്ക് നയിച്ചത്. ആശുപത്രിയുടെ മുകൾ ഭാ​ഗത്തെ അ​ഗ്നി വിഴുങ്ങുമ്പോൾ താഴത്തെ നിലയിൽ ഓപ്പൺ ഹാർട്ട് സർജറി നടത്തുകയായിരുന്നു ഒരു സംഘം ഡോക്ടർമാരും നഴ്സുമാരും. 

ഒന്നാംനിലയിൽ ഒരു രോ​ഗിക്ക് കൊറോണറി ആർട്ടറി ബെെപ്പാസ് ​ഗ്രാഫ്റ്റിങ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് ആശുപത്രി മേൽക്കൂരയിൽ തീപിടിച്ചത്. എന്നാൽ പാതിവഴിയിൽ സർജറി നിർത്താൻ സാധിക്കില്ല എന്നതിനാൽ എട്ടം​ഗ സംഘം സർജറി തുടരുകയായിരുന്നുവെന്ന് കാർഡിയാക് സർജറി സെന്ററിലെ സർജിക്കൽ വിഭാ​ഗം മേധാവി വാലന്റിന ഫിലാറ്റോവ് പറഞ്ഞു. 

ഓപ്പറേഷൻ തിയറ്ററിലേക്കുള്ള വെെദ്യുതി ബന്ധം തകരാറിലാവാതിരിക്കാൻ പുറത്തുനിന്ന് കേബിൾ വഴി വെെദ്യുതിയും അ​ഗ്നിശമനസേന ലഭ്യമാക്കിയിരുന്നു. 

സർജറി ചെയ്യുമ്പോൾ തീവിഴുങ്ങിയ മേൽക്കൂര തങ്ങളുടെ മേൽ പതിക്കുമോ എന്ന് മെഡിക്കൽ സംഘത്തിന് ആശങ്കയുണ്ടായിരുന്നുവെന്ന് വാലന്റിന ഫിലാറ്റോവ് പറഞ്ഞു. എന്നാൽ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. രോ​ഗിക്ക് ബോധം വീണ്ടുകിട്ടിയെന്നും സുഖമായിരിക്കുന്നുവെന്നും ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി. 

അ​ഗ്നിശമന സേന സ്ഥലത്തെത്തി തീയണക്കുമ്പോൾ തന്നെ ആശുപത്രിയിൽ നിന്ന് ജീവനക്കാരെയും ജീവനക്കാരെയും ഒഴിപ്പിക്കുന്നുണ്ടായിരുന്നു. സർജറി കഴിഞ്ഞവരും പ്രായമായവരും രോ​ഗികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇവരെയെല്ലാം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 128 പേരെ അവിടെ നിന്നും രക്ഷപ്പെടുത്തി. തീയ നിയന്ത്രണവിധേയമാകാൻ രണ്ടുമണിക്കൂറിലേറെ വേണ്ടിവന്നതായി റഷ്യൻ എമർജൻസി മന്ത്രാലയം അറിയിച്ചു. 1907 ൽ നിർമ്മിച്ചതാണ് ആശുപത്രി. ആശുപത്രിയുടെ മരം കൊണ്ട് നിർമ്മിച്ച മച്ചിൽ നിന്നാണ് തീ പടർന്നത്. ആർക്കും പരിക്കോ ജീവഹാനിയോ ഉണ്ടായിട്ടില്ല. 

എന്തായാലും സംഘത്തിന് പ്രത്യേക റിവാർ‍ഡ് നൽകുമെന്ന് അമുർ മേഖല ​ഗവർണർ വാസിലി ഒർലോവ് അറിയിച്ചിട്ടുണ്ട്. 

Content Highlights: Russian doctors continue to operate on heart patient even as hospital catches fire, Health