ന്ത്യയില്‍ അര്‍ബുദ സാഹചര്യങ്ങള്‍ വര്‍ധിച്ചു വരുന്നതോടെ വനിതകളിലെ അര്‍ബുദം പതിനെട്ടു വയസു പ്രായമുള്ളവരില്‍ പോലും കണ്ടുവരികയാണ്. ഇന്ത്യയിലെ ദേശീയ കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാമിന്റെ 2020-ലെ റിപ്പോര്‍ട്ടു പ്രകാരം സ്തനങ്ങള്‍, സെര്‍വിക്‌സ് യൂട്ടറി, ഓവറി, കോര്‍പസ് യൂട്ടറി, ശ്വാസകോശം എന്നിവയുമായി ബന്ധപ്പെട്ടുള്ളവയാണ് വനിതകളില്‍ ഏറ്റവും വ്യാപകമായ അഞ്ച് അര്‍ബുദങ്ങള്‍. ഇന്ത്യന്‍ വനിതകളില്‍ ദൃശ്യമാകുന്ന അര്‍ബുദങ്ങളില്‍ 53 ശതമാനവും ഇത്തരത്തിലുള്ളതാണ്. 

ആരോഗ്യകരമായ ഭക്ഷണ രീതി, ശരീരഭാരം കൃത്യമായി മുന്നോട്ടു കൊണ്ടു പോകല്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ വനിതകളിലെ രോഗ സാധ്യതകള്‍ കുറയ്ക്കാനാവും. കൃത്യമായ രോഗനിര്‍ണയ രീതികളോടെ ആശുപത്രികളില്‍ സ്ഥിരമായ പരിശോധനകള്‍ നടത്തുകയാണ് അര്‍ബുദം തടയാനും അതു നേരത്തെ തന്നെ കണ്ടെത്താനുമുള്ള ഏറ്റവും പ്രധാന മാര്‍ഗം. ആര്‍ത്തവ ചക്രത്തിലുണ്ടാകുന്ന മാറ്റങ്ങളോ അസാധാരണമായ രക്തസ്രാവമോ അടക്കം ശരീരത്തില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങളെ കുറിച്ചു വനിതകള്‍ ബോധവതികളായിരിക്കണം. ഇത്തരം മാറ്റങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കുകയും വേണം. വൈദ്യശാസ്ത്ര രംഗത്തെ മുന്നേറ്റങ്ങളുടേയും വനിതകള്‍ക്കിടയിലെ മെച്ചപ്പെട്ട ബോധവല്‍ക്കരണത്തിന്റേയും ഫലമായി ഇത്തരം കാര്യങ്ങള്‍ നേരത്തെ കണ്ടെത്തുവാനും അവര്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരം ലഭ്യമാക്കാനും സാധിക്കുന്നുണ്ട്. 

റോബോട്ടിക്ക് സര്‍ജറി

അര്‍ബുദം സ്ഥിരീകരിക്കപ്പെട്ടാല്‍ അതിന്റെ സ്വഭാവം, സ്ഥാനം, അര്‍ബുദത്തിന്റെ ഘട്ടം എന്നിവയുടെ അടിസ്ഥാനത്തില്‍ ചികില്‍സയ്ക്കായി വിവിധങ്ങളായ രീതികള്‍ പ്രയോജനപ്പെടുത്താം. പലപ്പോഴും ആദ്യ ഘട്ടമായി ശസ്ത്രക്രിയയും തുടര്‍ന്ന് ആവശ്യമെങ്കില്‍ റേഡിയേഷന്‍ ചികില്‍സയുമാണു നല്‍കുക. അര്‍ബുദം തുടര്‍ന്നും ഉണ്ടാകുന്നതു തടയാന്‍ ഇവരില്‍ ചിലര്‍ക്ക് കീമോ തെറാപ്പിക്കു വിധേയരാകേണ്ടി വരും.  മുന്‍ കാലങ്ങളില്‍ നടത്തിയിരുന്ന ഓപ്പണ്‍ കാന്‍സര്‍ സര്‍ജറികള്‍ വളരെ വേദനാജനകവും രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതുമായിരുന്നു. എന്നാല്‍ റോബോട്ടിന്റെ സഹായത്തോടെയുള്ള ശസ്ത്രക്രിയകള്‍ ഇന്ത്യയില്‍ സാധ്യമായതോടെ രോഗികള്‍ക്കു കൂടുതല്‍ മെച്ചപ്പെട്ട സ്ഥിതിയും ലഭ്യമായി. 

റോബോട്ടിന്റെ സഹായത്തോടെയുള്ള ശസ്ത്രക്രിയ  കൂടുതല്‍ സൗകര്യവും നിയന്ത്രണവും ലഭ്യമാക്കുന്നതും വളരെ ചെറിയ ഒരു മുറിവിലൂടെ സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ നടത്താന്‍ സൗകര്യമൊരുക്കുന്നതുമാണ്.  റോബോട്ട് പിന്തുണയോടെയുള്ള ശസ്ത്രക്രിയകള്‍ നടത്തുമ്പോള്‍ കുറഞ്ഞ അളവിലെ രക്ത നഷ്ടമേ ഉണ്ടാകുകയുള്ളു. കുറഞ്ഞ വേദന, കുറവ് സങ്കീര്‍ണതകള്‍, കുറഞ്ഞ കാലത്തേക്കുള്ള ആശുപത്രി വാസം, വീണ്ടും ആശുപത്രി സന്ദര്‍ശിക്കേണ്ടതിലെ കുറവ്, അര്‍ബുദത്തിന്റെ സ്വഭാവവും ഘട്ടവുമനുസരിച്ച് വേഗത്തിലെ ഭേദമാക്കല്‍ തുടങ്ങിയ ഏറെ പ്രയോജനങ്ങള്‍ റോബോട്ടിക്ക് സര്‍ജറിക്കുണ്ട്‌. 

(പ്രൊഫസര്‍ ആന്റ് ഹെഡ്, അമൃത അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ റോബോട്ടിക് സര്‍ജറിയിലെ ഗൈനക്കോളജിക് ഓങ്കോളജി വിഭാഗം മേധാവിയാണ് ലേഖിക)

Content Highlights: robotic surgery advantages in cancer treatment