Representative Image| Photo: Canva.com
പനി, ചുമ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവയാൽ ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം അടുത്തിടെയായി വർധിക്കുകയാണ്. ഇതിനു പിന്നിൽ H3N2 ഇൻഫ്ളുവൻസ വൈറസ് ആണെന്ന് ഐ.സി.എം.ആർ വ്യക്തമാക്കിയിരുന്നു. എച്ച് 1 എൻ 1 ഉം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു. രോഗവ്യാപനം തടയുന്നതിനായി ചില മാർഗനിർദേശങ്ങളും ഐ.സി.എം.ആർ പുറപ്പെടുവിച്ചു. അതിനുപിന്നാലെ ഒരിടവേളയ്ക്കുശേഷം രാജ്യത്ത് വീണ്ടും കോവിഡ് കേസുകളും വർധിച്ചിരിക്കുകയാണ്. ഒരേസമയം കോവിഡിനെയും ഇൻഫ്ളുവൻസ വൈറസുകളെയും പ്രതിരോധിക്കാനുള്ള തത്രപ്പാടിലാണ് ജനം.
രോഗവർധനവിന്റെ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോവിഡിന്റെയും ഇൻഫ്ളുവൻസ വൈറസുകളുടെയും വ്യാപനത്തെക്കുറിച്ച് മാതൃഭൂമി ഡോട്ട്കോമുമായി സംസാരിക്കുകയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം പ്രസിഡണ്ട് ആയ ഡോ.സുൾഫി നൂഹു.
.jpg?$p=5bfdd46&&q=0.8)
ആശങ്കപ്പെടേണ്ട സാഹചര്യമില്ല
ഇൻഫ്ളുവൻസ കേസുകളിലും കോവിഡ് കേസുകളിലും നേരിയ വർധനവ് ഉണ്ടെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നുപറയുകയാണ് ഡോ.സുൾഫി നൂഹു. കോവിഡിന്റെ കാര്യത്തിൽ ഒരിടവേളയ്ക്കുശേഷം മുമ്പും ഇത്തരത്തിൽ കേസുകളിൽ വർധനവ് ഉണ്ടായിട്ടുണ്ട്. നിലവിൽ അത്ര ഗുരുതരമായ സാഹചര്യമോ ആശുപത്രിയിൽ അഡ്മിഷനുള്ള സാധ്യതയോ കൂടുന്നില്ല എന്നതുകൊണ്ടു തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എങ്കിലും രോഗികളുടെ നിരക്ക് നിലവിലുള്ളതിലും വർധിക്കുമ്പോൾ പുതിയ വകഭേദത്തിന്റേത് ആകാനുള്ള സാധ്യതയുണ്ട്. അത് മുന്നിൽക്കണ്ട് കരുതൽമാർഗങ്ങൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ചെറിയ തരംഗമായി വന്നുപോകാനുള്ള സാധ്യതയാണ് നിലവിലുള്ളത്.
കോവിഡ് മറ്റൊരു വലിയ തരംഗത്തിലേക്ക് പോകാനുള്ള സാധ്യതയും വളരെ കുറവാണെന്ന് ഡോ.സുൾഫി പറയുന്നു. അതിനു പല കാരണങ്ങളുമുണ്ട്. അതിൽ പ്രധാനപ്പെട്ടത്, ഭൂരിഭാഗം പേരും വാക്സിൻ സ്വീകരിച്ചു കഴിഞ്ഞവരാണ് എന്നതാണ്. രോഗം വന്നാൽപ്പോലും അവരിൽ തീവ്രത കുറഞ്ഞേ വരികയുള്ളു. അതിനൊപ്പം രോഗം വന്നുകഴിഞ്ഞവരിൽ സ്വയം ശരീരത്തിനു ലഭിച്ച രോഗപ്രതിരോധശേഷിയുമുണ്ട്. കോവിഡ് ആദ്യമായി വന്നസമയത്ത് രോഗത്തെക്കുറിച്ചുള്ള ധാരണ കുറവായിരുന്നു. ഇന്നത്തെ സാഹചര്യം അതല്ല, വൈറസിനെ പ്രതിരോധിക്കാനുള്ള കൃത്യമായ പ്രോട്ടോക്കോളുകളും ചികിത്സയുമൊക്കെയുണ്ട്. അത്തരമൊരു സാഹചര്യത്തിൽ വീണ്ടും കോവിഡ് തീവ്രമാകാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറയുന്നു.
പെട്ടെന്നുള്ള രോഗവ്യാപനത്തിന് പിന്നിൽ കാലാവസ്ഥാ വ്യതിയാനം
കേരളം ഉൾപ്പെടെയുള്ള ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഇൻഫ്ളുവൻസ കേസുകൾ വർധിക്കുന്നുണ്ട്. അതിനു പിന്നിലെ പ്രധാന കാരണം അന്തരീക്ഷ വ്യതിയാനമാണെന്നും അദ്ദേഹം പറയുന്നു. പെട്ടെന്ന് തണുപ്പാവുകയും അതുമാറി ചൂടിലേക്ക് പോയതുമൊക്കെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നുണ്ട്. ഈ കാലാവസ്ഥ മാറ്റം വൈറസിനെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് രോഗനിരക്ക് കൂടുന്നത്.
പൊതുവേ മുൻകാലങ്ങളിലും വേനൽക്കാലത്ത് വൈറൽ രോഗങ്ങൾ വ്യാപകമാകാറുണ്ട്. മഴക്കാലത്തിന് തൊട്ടുമുമ്പ് അവ കൂടുകയാണ് ചെയ്യുക. കേരളത്തിൽ കൂടുതലും മഴക്കാലത്താണ് ഡെങ്കി, ചിക്കുൻഗുനിയ പോലുള്ള പനികൾ കൂടുക. എങ്കിലും വേനൽക്കാലത്തും വൈറൽ രോഗങ്ങൾ അൽപം ഉയരാറുണ്ട്. ആ സാഹചര്യമാണ് ഇപ്പോൾ കാണുന്നത്.
ആന്റിബയോട്ടിക് ഉപയോഗം കുറച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരം
പനിയും ജലദോഷവും മറ്റ് രോഗലക്ഷണങ്ങളും കാണുമ്പോഴേക്കും ആന്റിബയോട്ടിക്കുകൾ സ്വയം വാങ്ങിക്കഴിക്കുന്നവരുണ്ട്. എന്നാൽ ഇത് ഭാവിയിൽ ഗുരുതര പ്രത്യാഘാതത്തിന് വഴിവെക്കുമെന്നും അദ്ദേഹം പറയുന്നു.
ആന്റിബയോട്ടിക്കിന്റെ അനിയന്ത്രിത ഉപയോഗം ഇന്ന് ആരോഗ്യമേഖല നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ്. കാണുന്നതിനേക്കാളും ചിന്തിക്കുന്നതിനേക്കാളുമൊക്കെ വലിയ പ്രശ്നമാണത്. അടുത്തിടെ അസമിൽ നിന്നുള്ള ഒരു യുവതിയുടെ കാലിലെ വ്രണം ഉണങ്ങുന്നില്ല എന്ന വാർത്ത പുറത്തുവന്നിരുന്നു. മൾട്ടി ഡ്രഗ് റെസിസ്റ്റൻസ് ബാക്റ്റീരിയയാണ് അവരെ ബാധിച്ചിരുന്നത്. ആന്റിബയോട്ടിക്കുകൾക്ക് ഫലപ്രദമായി പ്രവർത്തിക്കാത്ത അണുബാധയാണ് അത്. അതിനർഥം സാധാരണ ആന്റിബയോട്ടിക്കുകൾ ഫലപ്രദമല്ലാത്ത നിരവധി അണുബാധകൾ ഉണ്ടാകുന്നു എന്നതാണ്. അനിയന്ത്രിതമായി ആന്റിബയോട്ടിക് വാങ്ങി ഉപയോഗിക്കുന്നതിലൂടെ അവയെ ഫലശൂന്യമാക്കുന്ന ബാക്ടീരിയയുടെ ആര്‍ജിത പ്രതിരോധശേഷിയായ ആന്റിബയോട്ടിക് റെസിസ്റ്റൻസ് ഉണ്ടാകുകയാണ് ചെയ്യുന്നത്.
ആന്റിബയോട്ടിക്കുകൾ സ്വയം വാങ്ങികഴിക്കുക, പഴയ മരുന്നു ചീട്ടുപയോഗിച്ച് വീണ്ടും വാങ്ങുക, ആന്റിബയോട്ടിക് ഡോക്ടർമാരോട് അങ്ങോട്ട് ആവശ്യപ്പെടുക, കൂടുതൽ പരിശോധന നടത്താതെ ഡോക്ടർമാർ ആന്റിബയോട്ടിക്കുകൾ നിർദേശിക്കുക തുടങ്ങിയവയൊക്കെ സ്ഥിതി വഷളാക്കുന്ന ഘടകങ്ങളാണ്. നമ്മുടെ രാജ്യത്തു മാത്രമാണ് പഴയ ചീട്ടുകളുമായി പോകുമ്പോൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ആന്റിബയോട്ടിക് ഉൾപ്പെടെയുള്ള മരുന്നുകൾ ലഭിക്കുന്നത്. അങ്ങനെ ദീർഘകാലം പോകുമ്പോൾ ഒരു ആന്റിബയോട്ടിക്കും ഫലപ്രദമാകാത്ത സാഹചര്യം വന്നുചേരും. പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ വരുമ്പോൾ അതിന് അനുസരിച്ച പാരസെറ്റാമോൾ പോലുള്ള മരുന്നുകൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല. പനിമാറാതെ നിൽക്കുമ്പോൾ ആന്റിബയോട്ടിക്കും മറ്റും സ്വയം വാങ്ങിക്കഴിക്കാതെ ഡോക്ടറെ കണ്ട് മതിയായ ടെസ്റ്റുകൾ നടത്തിയതിനുശേഷം മാത്രമേ കൂടുതൽ മരുന്നുകൾ കഴിക്കാവൂ. മൂന്നുദിവസത്തിൽ കൂടുതലായി നീണ്ടുനിൽക്കുന്ന പനി നിർബന്ധമായും ഡോക്ടറെ കാണിച്ചിരിക്കണം.
ലക്ഷണങ്ങൾ
എച്ച് 3 എൻ 2
- നീണ്ടുനിൽക്കുന്ന പനി
- വരണ്ട ചുമയും ശ്വാസംമുട്ടലും
- കുളിര്
- ഛർദി
- തൊണ്ടവേദന
- ശരീരവേദന
- അതിസാരം
- പനി
- ജലദോഷം
- ചുമ
- തൊണ്ടവേദന
- ശ്വാസതടസ്സം
- ശ്വാസം മുട്ടൽ.
- പനി
- ശരീരവേദന
- തൊണ്ടവേദന
- ചുമ
- അതിസാരം
- ഛർദി
- വിറയൽ
- ക്ഷീണം
- ആസ്ത്മ
- മാസ്ക് ഉപയോഗിക്കുകയും ആൾക്കൂട്ടമുള്ള ഇടങ്ങൾ ഒഴിവാക്കുകയും ചെയ്യുക.
- മുഖവും മൂക്കും ഇടയ്ക്കിടെ സ്പർശിക്കുന്നത് ഒഴിവാക്കുക.
- തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും മുഖവും മറയ്ക്കുക.
- ധാരാളം വെള്ളം കുടിക്കുകയും ശരീരത്തിലെ ജലാംശം നഷ്ടപ്പെടാന്‍ ഇടവരുത്താതിരിക്കുകയും ചെയ്യുക.
- പനി, ശരീരവേദന തുടങ്ങിയ അനുഭവപ്പെട്ടാൽ ഡോക്ടർ നിർദേശിച്ച ചെയ്ത മരുന്നുകൾ മാത്രം കഴിക്കുക.
- പൊതുയിടത്ത് തുപ്പാതിരിക്കുക.
- ആന്റിബയോട്ടിക്കുകൾ കൊണ്ട് സ്വയം ചികിത്സ നടത്താതിരിക്കുക.
- കൈകൾ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ സോപ്പുപയോഗിച്ചു കഴുകുകയോ ചെയ്യുക.
- വായുസഞ്ചാരം കുറഞ്ഞതും തിരക്കുള്ള മുറികൾ, ഹാളുകൾ എന്നിവിടങ്ങളിലും കൂടുതൽ സമയം കഴിയരുത്.
- പ്രായമായവർ, കുട്ടികൾ, മറ്റുരോഗങ്ങൾക്ക് ചികിത്സയിലുള്ളവർ കൂടുതൽ ശ്രദ്ധിക്കുക.
- എലിപ്പനി പോലെയുള്ളവയ്ക്ക് പേശിവേദന മാത്രം ലക്ഷണമായി കാണാറുണ്ട്. അതിനാൽ പനി, പേശിവേദന തുടങ്ങിയവയുണ്ടെങ്കിൽ ചികിത്സ തേടുക.
- സ്വയംചികിത്സ ചെയ്യരുത്.
Content Highlights: rise in influenza cases and Covid-19 cases, H3N2 virus cases
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..