Representative Image| Photo: Canva.com
കഴക്കൂട്ടം: മനുഷ്യശരീരത്തിലെ കൊളസ്‌ട്രോളിന്റെ ഉത്പാദനത്തിൽ ഉണ്ടാകുന്ന തടസ്സങ്ങൾ മുടികൊഴിച്ചിലിനു കാരണമാകുന്നുവെന്ന് പഠനം. കേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ ജന്തുശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് മുടികൊഴിച്ചിലും കൊളസ്‌ട്രോളും തമ്മിലുള്ള ബന്ധത്തെപ്പറ്റി പഠനം നടത്തിയത്.
പഠനവിവരങ്ങൾ ജേണൽ ഓഫ് എൻഡോക്രൈനോളജി ആൻഡ് റീപ്രൊഡക്ഷൻ എന്ന അക്കാദമിക് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പഠനത്തിലെ വിവരങ്ങൾ ഇങ്ങനെ- ത്വക്കിന്റെ സാധാരണ പ്രവർത്തനങ്ങൾക്കും മുടിവളർച്ചയുടെ രൂപവത്കരണത്തിലും കൊളസ്‌ട്രോൾ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. കൊളസ്‌ട്രോളിന്റെ ഉത്പാദനം തടസ്സപ്പെടുന്നത് ത്വക്കിന്റെ സ്വാഭാവിക സമസ്ഥിതി തകരാറിലാക്കുകയും മുടിവളർച്ചയെ ബാധിക്കുകയും ചെയ്യുന്നു.
.jpg?$p=1d13937&&q=0.8)
കൊളസ്‌ട്രോളിലെ വ്യതിയാനം ഹെയർ ഫോളിക്കിളുകൾ(മുടിയുടെ ജീവനുള്ള ചുവട്) സ്ഥിരമായി നഷ്ടപ്പെടാനും ത്വക്കിൽ പാട്(സ്‌കാർ) രൂപപ്പെടുത്താനും ഇടയാക്കുന്നു.
എലികളിലാണ് ഇതുസംബന്ധിച്ച പരീക്ഷണം നടത്തിയത്. എലികൾക്ക് മരുന്നുകൾ കൊടുത്ത് ത്വക്കിലെ കൊളസ്‌ട്രോൾ തടസ്സപ്പെടുത്തിയപ്പോൾ അവയ്ക്ക് പുതിയ രോമം ഉണ്ടാകുന്നില്ലെന്നു കണ്ടെത്തി. മുടികൊഴിച്ചിലുള്ള മനുഷ്യരുടെ ജീനുകളെക്കുറിച്ചും പഠനം നടത്തി. മനുഷ്യരിൽ അമിത അളവിലുള്ള കൊളസ്‌ട്രോൾ കുറയ്ക്കാൻ ഉപയോഗിക്കുന്ന മരുന്നുകളും മുടികൊഴിച്ചിലിനു കാരണമാകുന്നതായും പഠനത്തിൽ കണ്ടെത്തി. ശരീരത്തിലെ ഹോർമോണായ ആൻജിയോടെൻസിന് ഹെയർ ഫോളിക്കിളിൽ ഉള്ള സ്വാധീനവും ഗവേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നജീബ് എസ്., ബിനുമോൻ ടി.എം., സൂര്യ സുരേഷ്, നിഖില ലീമോൻ തുടങ്ങിയ ഗവേഷകരും പഠനത്തിൽ പങ്കാളികളായി.
Content Highlights: researchers trace link between cholesterol and hair growth
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..