Representative Image| Photo: Canva.com
സ്റ്റോക്ക്‌ഹോം: ജങ്ക് ഫുഡ് ഉറക്കത്തെ ബാധിക്കുന്ന വഴികള്‍ കണ്ടെത്തി സ്വീഡനിലെ ഊപ്‌സാല യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍. പരീക്ഷണത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ ആരോഗ്യകരമായ ഡയറ്റും ചിലര്‍ അനാരോഗ്യകരമായ ഡയറ്റും പിന്തുടര്‍ന്നവരാണ്. എന്നാല്‍, അനാരോഗ്യകരമായ ഭക്ഷണക്രമം പാലിച്ചവരുടെ ഉറക്കത്തിന്റെ നിലവാരം പിന്നീട് കുറഞ്ഞതായി രേഖപ്പെടുത്തി.
'ഒബീസിറ്റി' എന്ന ജേണലിലാണ് പ്രസ്തുത പഠനത്തിന്റെ ഫലം പ്രസിദ്ധീകരിച്ചത്. നമ്മുടെ ഉഭക്ഷണവും ഉറക്കവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് മുമ്പും പഠനങ്ങളില്‍ സൂചിപ്പിച്ചിട്ടുള്ളതാണ്. എന്നാല്‍, ഭക്ഷണക്രമവും ഉറക്കവുമായുള്ള ബന്ധം നേരിട്ടുപരിശോധിക്കുന്ന ചുരുക്കം ചില പഠനങ്ങളേ ഉണ്ടായിട്ടുള്ളൂ.
ഒരു സ്ലീപ് ലാബോറട്ടറിയില്‍ 15 പേരെ ഉള്‍പ്പെടുത്തിയായിരുന്നു പഠനം. തികച്ചും ആരോഗ്യവാന്മാരായ, ശരാശരി ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറക്കമുള്ള 'നോര്‍മല്‍' ആയ 15 പുരുഷന്മാരിലായിരുന്നു പരീക്ഷണം. ഇവര്‍ക്ക്, ആരോഗ്യകരവും അനാരോഗ്യകരവമായ ഡയറ്റ് മാറിമാറിനല്‍കിയാണ് പരീക്ഷണം നടത്തിയത്. രണ്ട് ഡയറ്റിലും ഒരേ അളവിലാണ് കലോറി. എന്നാല്‍, അനാരോഗ്യകരമായ ഡയറ്റില്‍ കൂടുതല്‍ പഞ്ചസാരയും സാച്ചുറേറ്റഡ് ഫാറ്റും അടങ്ങിയിട്ടുണ്ടെന്ന് മാത്രം, ഒപ്പം സംസ്‌കരിച്ച ഭക്ഷണപദാര്‍ഥങ്ങളും. ഓരോ ആഴ്ചയും ഈ രണ്ട് ഡയറ്റുകള്‍ മാറിമാറിനല്‍കി. ഈ കാലഘട്ടത്തില ഇവരുടെ ഉറക്കത്തിന്റെ തോതും രേഖപ്പെടുത്തി.
ഒരോ ഡയറ്റ് നല്‍കി ഒരാഴ്ചയ്ക്കുശേഷവും ഒരു സ്ലീപ്പ് ലാബോറട്ടറിയില്‍ പങ്കാളികളെ ഇരുത്തുകയും രാത്രിയിലെ അവരുടെ ഉറക്കത്തിനിടയില്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുകയും ചെയ്യും. പിന്നീട് ഇവര്‍ ഉണര്‍ന്നിരിക്കുന്ന സമയവും സ്ലീപ്പ് ലാബോറട്ടറിയില്‍ത്തന്നെ ചെലവഴിപ്പിക്കും. വീണ്ടും ഉറക്കത്തിലേക്ക് തിരിച്ചുപോകുമ്പോള്‍ ഈ രേഖപ്പെടുത്തല്‍ ആവര്‍ത്തിക്കുന്നു.
രണ്ടുതരം ഡയറ്റുകള്‍ കഴിക്കുമ്പോഴും പരീക്ഷണത്തില്‍ പങ്കെടുത്തവരെല്ലാം ഉറങ്ങിയ സമയത്തിനു വ്യത്യാസമൊന്നുമില്ല. ഉറക്കത്തിലെ വിവിധ ഘട്ടങ്ങളുടെ ദൈര്‍ഘ്യവും ഒരുപോലെതന്നെയായിരുന്നു. എന്നാല്‍, ഡീപ്പ് സ്ലീപ്പ് ഘട്ടം മാത്രം ആഴത്തില്‍ ലഭിക്കുന്നില്ല എന്നതായിരുന്നു കണ്ടെത്തിയ മറ്റൊരു പ്രത്യേകത. സാധാരണ വയസ്സായവര്‍ക്കും ഇന്‍സോമ്‌നിയ ഉള്ളവര്‍ക്കുമാണ് ഇത്തരത്തില്‍ ഉറക്കപ്രശ്‌നം ഉണ്ടാകുന്നത്. അതിനാല്‍, നല്ല ഉറക്കം ലഭിക്കാന്‍ ഒകു വ്യക്തിയുടെ ഡയറ്റും ശ്രദ്ധിക്കണമെന്നാണ് ഊപ്പ്‌സല യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ജൊനാഥന്‍ പറയുന്നത്.
എന്നാല്‍, അനാരോഗ്യകരമായ ഡയറ്റ് മൂലം നഷ്ടപ്പെടുന്ന ഗാഢനിദ്രയുടെ പരിണിതഫലങ്ങള്‍ എത്ര നാളത്തേക്ക് ഉണ്ടാകുമെന്ന് ഗവേഷകര്‍ പറയുന്നില്ല. ഇത്തരം ഡയറ്റ് മൂലം ഓര്‍മ നഷ്ടപ്പെടുന്നുണ്ടോ, അനാരോഗ്യകരമായ ഡയറ്റിലെ ഏത് ഘടകമാണ് ഉറക്കത്തെ ബാധിക്കുന്നത് മുതലായ കാര്യങ്ങളും കൂടുതല്‍ ഗവേഷണങ്ങളിലൂടെ കണ്ടെത്തേണ്ടതാണെന്നും പ്രൊഫസര്‍ ജൊനാഥന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: researchers say junk food may affect the quality of deep sleep in people


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..