ത്രിഫലയിൽ ഹിമാലയസാന്നിധ്യം കാണിച്ചുതന്ന ഗുരു; ഡോ. പി.കെ. വാരിയർ വിടപറഞ്ഞിട്ട് ഒരു വർഷം


ഡോ. കെ.മുരളീധരൻ

2 min read
Read later
Print
Share

ജീവിതത്തിന്റെ ഉൾവഴികളിലൂടെ ഏറെ നടന്നുതീർത്തതായിരുന്നു പി.കെ. വാരിയരുടെ പൂർവാശ്രമം

ഡോ. പി.കെ. വാരിയർ

2021 ജൂലായ്‌ പത്ത്‌. ആയുർവേദത്തിന്റെ രാപകലുകൾക്ക് ജീവനും ഊർജവും പകരാൻ സ്വജന്മം സമ്പൂർണമായി സമർപ്പിച്ച ഗുരുനാഥൻ ഡോ. പി.കെ. വാരിയർ നിത്യതയിലേക്ക്‌ മടങ്ങി.

മധ്യാഹ്നസൂര്യൻ സാക്ഷിനിൽക്കേ അദ്ദേഹത്തിന്റെ പ്രാണൻ അനന്തതയിൽ വിലയംപ്രാപിച്ചു. പുറത്ത് മഴപെയ്യുന്നുണ്ടായിരുന്നു. വിശുദ്ധനായ ഗുരുവിനെ നമ്രശിരസ്കനായി ആത്മാവിൽ ഏറ്റെടുത്ത് ദർഭയും കറുകയും ചെറൂളയും നനഞ്ഞുകിടന്ന വഴിയിലൂടെ കാലം മുന്നോട്ടുനടന്നു. അന്നുപെയ്ത മഴയിൽ നിൽക്കുകയാണ് ഞങ്ങളിപ്പോഴും. വേർപാടിന്റെ തീവ്രവേദനയിൽ മരവിച്ചുപോയ ഉറ്റവരുടെയും ഉടയവരുടെയും ചുമലിൽ കൈവെച്ച് കാലപുരുഷൻ പറഞ്ഞു:

‘ക്ഷമിക്കുക, ഇത് പ്രകൃതിനിയമം.

ജാതസ്യ ഹി ധ്രൂവോ മൃത്യുഃ

ധ്രുവം ജന്മ മൃതസ്യച’

സാന്ത്വനവും പ്രതീക്ഷയും ഈ വരികളിൽ പ്രതിഷ്ഠിതമത്രേ. ദേഹവിയോഗത്തെ ഒരു കൂടുമാറ്റംമാത്രമായി കാണാൻ കഴിയുന്നവർക്ക് സ്തുതി.

‘മരണം പ്രകൃതിഃ ശരീരിണാം വികൃതിർജീവിതമുച്യതേ ബുധൈഃ.’ ജീവിതത്തിന്റെ ഒരറ്റത്ത് മരണമുണ്ടെന്ന നിതാന്തസത്യം കൂടെക്കൂടെ ഓർമപ്പെടുത്തിയിരുന്നു ക്രാന്തദർശിയായ വൈദ്യബുദ്ധൻ. സമീപത്ത് മരണമെത്തിയപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് സത്യദർശനത്തിന്റെ മൃദുമന്ദഹാസം തെളിഞ്ഞിട്ടുണ്ടാകും.

ചതുർമുഖ പ്രതിഭയായിരുന്നു പി.കെ. വാരിയർ. അഷ്ടദിക്കുകളിൽനിന്ന് ഒഴുകിവന്ന ജ്ഞാനപ്രവാഹങ്ങളെ സ്വാംശീകരിക്കാനുള്ള വിശാലതയും ആഴവും ആ ഹൃദയത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രതിഭാമണ്ഡലത്തിലെ ഓളങ്ങൾ ഒരിക്കലും നിശ്ചലമായിരുന്നില്ല. സതതാധ്യയനമായിരുന്നു ജീവിതവ്രതം. 1953-ൽ ജ്യേഷ്ഠൻ ഡോ. പി.എം. വാരിയരുടെ ആകസ്മികനിര്യാണം. കപ്പിത്താനെ നഷ്ടപ്പെട്ട കപ്പലിന്റെ അവസ്ഥയായിരുന്നു കോട്ടയ്ക്കൽ ആര്യവൈദ്യശാലയ്ക്കപ്പോൾ. സ്ഥാപനമൊന്നടങ്കം അന്നുനടത്തിയ പ്രാർഥനയ്ക്ക് ലഭിച്ച വരപ്രസാദമായിരുന്നു ഡോ. പി.കെ. വാരിയർ എന്ന മുപ്പത്തിരണ്ടുകാരൻ. പിന്നീട്, പി.കെ. വാരിയർ പി.കെ. വാരിയരെ സ്വയം സൃഷ്ടിക്കുകയായിരുന്നു; അനവരതം, അക്ഷീണം. സ്വയംഭൂവിന് പ്രതിഷ്ഠയെക്കാൾ ഊർജം കൂടുമെന്ന് വൈദികമതം.

ജീവിതത്തിന്റെ ഉൾവഴികളിലൂടെ ഏറെ നടന്നുതീർത്തതായിരുന്നു പി.കെ. വാരിയരുടെ പൂർവാശ്രമം. ഇത്തരം അലച്ചിലുകൾ ചില സ്വയംബോധ്യങ്ങളിലേക്കും നിർണയങ്ങളിലേക്കും അദ്ദേഹത്തെ കൊണ്ടെത്തിച്ചിട്ടുണ്ടെന്ന് പിൽക്കാലജീവിതം തെളിയിക്കുന്നു. സമർപ്പണവും സമന്വയവും സാംസ്കാരികമൂലധനമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആര്യവൈദ്യശാലയിൽനിന്നാണ് ‘കൃഷ്ണൻ’ ഔദ്യോഗികജീവിതം ആരംഭിച്ചത്. ആയുർവേദത്തിന്റെ ഈ നെയ്ത്തുശാലയാണ് തികച്ചും ഗ്രാമീണനായ കൃഷ്ണനിൽനിന്ന് വിശ്വപൗരനായ ഡോ. പി.കെ. വാരിയരെ രൂപപ്പെടുത്തിയത്. ആത്മീയസൗന്ദര്യമാർന്ന സർഗാത്മകതയും പാരമ്പര്യത്തിന്റെ വേരുറപ്പുമാണ് പി.കെ. വാരിയർ എന്ന കർമയോഗിയെ സൃഷ്ടിച്ചിരിക്കുക. രോഗത്തിന് ഔഷധവും രോഗിക്ക് ചികിത്സയും എന്ന സാമ്പ്രദായിക കാഴ്ചപ്പാടിന്റെ വിസ്തൃതി വർധിപ്പിച്ച് വൈദ്യം ലോകനന്മയ്ക്ക് എന്ന വിശ്വപ്രേമത്തിന്റെ സന്ദേശം അദ്ദേഹം ലോകത്തിനുനൽകി. വേദനിക്കുന്നവന് ഔഷധവും വിശക്കുന്നവന് ആഹാരവുമാണ് ദൈവമാകുന്നത് എന്ന പ്രത്യയശാസ്ത്രം അദ്ദേഹം സ്വയം നിരൂപിച്ചെടുത്തു. കാരുണ്യമസൃണമായ വൈദ്യജീവിതത്തിന് ഇത്തരം തിരിച്ചറിവുകൾ ഊർജമായി. ജീവന്റെ അവസാന അടയാളങ്ങളും മാഞ്ഞുകൊണ്ടിരിക്കുന്ന രോഗികളുടെ മുന്നിൽപ്പോലും പ്രത്യാശയുടെ ദീപംകൊളുത്തി വൈദ്യധർമം നിർവഹിച്ചു.

പി.കെ. വാരിയരുടെ ചികിത്സയിൽ വൈദ്യനും രോഗിയും ഭൗതികാതീതമായ ആഴത്തിൽ ഐക്യപ്പെട്ടിരുന്നു. ‘നിന്നെപ്പോലെ നിന്റെ രോഗിയെയും സ്നേഹിക്കുക’ എന്ന പുതിയ ബൈബിൾ വചനം ഈ ക്രിസ്തുദാസൻ തന്റെ ശിഷ്യർക്ക് ഉപദേശിച്ചു. സാന്ത്വനചികിത്സയുടെ ആദ്യപാഠമത്രേ ഇത്. ‘പേടിക്കേണ്ട, ഞാൻ നിന്നോടൊപ്പമുണ്ട്’ എന്ന് തന്റെ രോഗികളോട് അദ്ദേഹം പറയാതെ പറഞ്ഞു. ഗുരുവും നാഥനുമായ വാരിയർ, ശിഷ്യർക്ക് അഷ്ടാംഗഹൃദയത്തിന്റെ ജീവനുള്ള പതിപ്പായിരുന്നു. ത്രിഫലയിൽ ഹിമാലയസാന്നിധ്യം കാണിച്ചുതന്ന ഗുരുവര്യൻ! പ്രകൃതിയുടെ ആരാധകരും സ്നേഹിതരുമാകണം മനുഷ്യർ എന്ന് അദ്ദേഹം എപ്പോഴും ഉദ്‌ബോധിപ്പിച്ചിരുന്നു.

പരാജയങ്ങളെ പാഠങ്ങളായി കാണുക,

വൈദ്യവൃത്തിയെ നിത്യജീവിതവുമായി ബന്ധിപ്പിക്കുക,

ചികിത്സയ്ക്ക് മാനവികതയുടെ മുഖമുദ്ര നൽകുക

-എന്നിങ്ങനെ ദാർശനികധ്വനിയുള്ള ഒട്ടേറെ ഉപദേശങ്ങൾ നൽകി അദ്ദേഹം ശിഷ്യരെ പാകപ്പെടുത്തി. ജീവിതത്തിൽ ഒട്ടേറെ ആഘാതങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട് ഈ വൈദ്യശില്പിക്ക്. പ്രാണനുതുല്യം സ്നേഹിച്ചവരുടെ വിയോഗങ്ങൾ, യുദ്ധക്കെടുതികൾ, മഹാമാരിയുടെ പ്രഹരങ്ങൾ അങ്ങനെ ഒട്ടേറെ. ആ നിലയ്ക്ക് ഒരു ‘wounded healer’ മുറിവുകളേറ്റുവാങ്ങിയ വൈദ്യനായിരുന്നു അദ്ദേഹം. അപരിമേയമായ ജ്ഞാനത്തിന്റെ പരിപക്വാവസ്ഥയിൽ ആഘോഷങ്ങളിൽനിന്നും ആരവങ്ങളിൽനിന്നും അകന്ന് വൈദ്യോപാസകൻമാത്രമായി ഗുരുനാഥൻ കാണപ്പെട്ടു. നീലജലാശയത്തിൽ ആഴ്ന്നുകിടക്കുന്ന നിർമലമായ ആകാശംപോലെ പ്രകൃതിയും കാലവും ഈശ്വരനും അദ്ദേഹത്തിൽ അപ്പോൾ പ്രതിബിംബിച്ചിരുന്നു.

(കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ട്രസ്റ്റിയും അഡീഷണൽ ചീഫ് ഫിസിഷ്യനാണ് ലേഖകൻ)

* കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവയുടെ കൂട്ട്‌

Content Highlights: remembering ayurveda physician dr pk warrier

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
MIMS Doctors

2 min

ഡോക്ടര്‍മാരുടെ കൈപിടിച്ച് ഒമ്പതുകാരന്‍ ജീവിതത്തിലേക്ക്; ഉമ്മയുടെ സ്‌നേഹവാക്കുകളും നിര്‍ണായകമായി

Sep 30, 2023


.

4 min

മരണത്തെ മുഖാമുഖം കണ്ട് നിപയില്‍നിന്ന് ജീവിതത്തിലേക്ക് മടങ്ങിയ ഒമ്പതുകാരന്‍; ഇത് പുതുചരിത്രം

Sep 30, 2023


salt

2 min

ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കൂടുതലാണോ? ഈ ലക്ഷണങ്ങൾ പറയും

Sep 23, 2023


Most Commented