ക്തക്കുറവ് അഥവാ വിളര്‍ച്ച(അനീമിയ)യെന്നു കേള്‍ക്കാത്തവര്‍ കുറവായിരിക്കും. കുട്ടികളിലും സ്ത്രീകളിലും മുതിര്‍ന്നവരിലുമെല്ലാം ഒരുപോലെ ഇതു കണ്ടുവരുന്നു. ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥയാണിത്. ചിലപ്പോള്‍ രക്തത്തിലെ ചുവന്ന രക്താണുക്കളുടെ (ആര്‍.ബി.സി.) അളവ് കുറയുന്നതുമാകാം. ഓരോ ശരീരകോശത്തിനും ആവശ്യമായ ഓക്സിജന്റെ അളവ് നിലനിര്‍ത്തുന്നത് ചുവന്ന രക്താണുക്കളാണ്. ഓക്സിജന്റെ കുറവ് അസിഡിറ്റി വര്‍ധിപ്പിച്ച് കോശങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തും.

പുരുഷന്മാരില്‍ 13-17 ഗ്രാം/ഡെസിലിറ്ററാണ് ഹീമോഗ്ലോബിന്റെ ആവശ്യമായ അളവ്. സ്ത്രീകളില്‍ ഇത് 12-15 വരെയാണ്. പുരുഷന്മാരില്‍ ശരാശരി 13നു മുകളിലും സ്ത്രീകളില്‍ 10.5നു മുകളിലും ഉണ്ടായാല്‍ മതി. പുരുഷന്മാരില്‍ 11-ഉം സ്ത്രീകളില്‍ ഒമ്പതും മില്ലിഗ്രാമില്‍ താഴെയാണ് ഹീമോഗ്ലോബിന്റെ അളവെങ്കില്‍ അവര്‍ അനീമിക് ആണെന്നു പറയും. കൗമാരത്തിലും ഗര്‍ഭാവസ്ഥയിലും സ്ത്രീകളില്‍ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞിരിക്കുന്നതായി കാണാറുണ്ട്. 

കാരണങ്ങള്‍

വിളര്‍ച്ചയുടെ കാരണങ്ങളെ പ്രധാനമായും മൂന്നായി തിരിച്ചിട്ടുണ്ട്. ഒന്നാമത്തേത് ഹീമോഗ്ലോബിന്റെ ഉത്പാദനക്കുറവാണ്. ഏതെങ്കിലും കാരണത്താല്‍ ഇതു നശിക്കുന്നതാണ് രണ്ടാമത്തെ കാരണം. ഒരു പരിധിയില്‍ കൂടുതല്‍ രക്തം നഷ്ടപ്പെടുന്ന അവസ്ഥയാണ് മൂന്നാമത്തേത്്. സ്ത്രീകള്‍ക്ക് മാസമുറമൂലമുണ്ടാകുന്ന രക്തക്കുറവ് ഹീമോഗ്ലോബിന്റെ അളവ് കൂടാതിരിക്കാന്‍ കാരണമാകും.

കുട്ടികളിലാവട്ടെ പോഷകാഹാരക്കുറവാണ് വില്ലന്‍. വിര പെരുകുന്നതിലൂടെ ശരീരത്തിലെ പോഷകഘടകങ്ങള്‍ നഷ്ടപ്പെടുന്നതാണ് അതിനൊരു കാരണം. ജങ്ക് ഫുഡുകളുടെയും ബേക്കറി ഉത്പന്നങ്ങളുടെയും ഉപയോഗമാണ് അടുത്തത്. ചായയുടെയും കാപ്പിയുടെയും അമിതോപയോഗമാണ് മറ്റൊന്ന്. രക്തം ഉണ്ടാകുന്നതിന് അയണ്‍ അനിവാര്യമാണ്. എന്നാല്‍, ചായയും കാപ്പിയും ശരീരം അയണ്‍ വലിച്ചെടുക്കുന്നതു തടയുന്നു. ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താത്തതും പോരായ്മയാണ്്. 

ലക്ഷണങ്ങള്‍

1.  രോഗിക്ക് ക്ഷീണം അനുഭവപ്പെടും
2.  കയറ്റം കയറുമ്പോഴും പടികയറുമ്പോഴുമുള്ള നെഞ്ചിടിപ്പും കിതപ്പും
3.  അമിതമായ വിയര്‍പ്പ്
4.  കാലുകളിലുണ്ടാകുന്ന നീര്
5. വെയിലേല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന തലകറക്കം
6. ഉന്മേഷക്കുറവ്
7. മറവിരോഗം
8. വിട്ടുമാറാത്ത തലവേദനയും തലകറക്കവും

പ്രതിവിധി

സസ്യാഹാരങ്ങളില്‍നിന്ന് മൂന്നുമതല്‍ അഞ്ചുവരെ ശതമാനം അയണ്‍മാത്രമേ ആഗിരണം ചെയ്യപ്പെടുന്നുള്ളൂ. മാംസാഹാരമാണെങ്കില്‍ 30 ശതമാനംവരെ അയണ്‍ ശരീരത്തിലെത്തും. കുട്ടികള്‍ക്ക് അയണ്‍ ലഭിക്കാന്‍ ഉത്തമം പഴങ്ങളാണ്. അത്തിപ്പഴം, ഏത്തപ്പഴം, ഈന്തപ്പഴം, ഉണക്കമുന്തിരി, എള്ളുണ്ട, ശര്‍ക്കര കലര്‍ന്ന പലഹാരങ്ങള്‍ എന്നിവയ്ക്കു മുന്‍തൂക്കം നല്‍കണം. പാല്‍, മുട്ട, ചീര, മുരിങ്ങയില, ബീറ്റ്‌റൂട്ട് എന്നിവയും ഭക്ഷണമാക്കാം.

വിളര്‍ച്ചയ്ക്കു പരിഹാരമായി അയണ്‍ ടോണിക്കുകളും ഗുളികകളുമാണ് നല്‍കുന്നത്. ചായയ്ക്കും കാപ്പിക്കുമൊപ്പം ഇവ കഴിക്കാന്‍ പാടില്ല. അയണ്‍ ആഗിരണം ചെയ്യുന്നതിനെ ബാധിക്കുമെന്നതിനാല്‍ കാല്‍സ്യം, അയണ്‍ ഗുളികകള്‍ ഒന്നിച്ചു കഴിക്കരുത്.

Content Highlights: Remedies To Cure Anemia