Representative Image| Photo: Canva.com
രാവിലെ എഴുന്നേറ്റയുടൻ അൽപം വെള്ളം കുടിക്കുന്നത് ശീലമാക്കിയവരാണോ? വ്യായാമവും പ്രാതലും ഒരുദിവസത്തെ ഊർജത്തെ എങ്ങനെ സ്വാധീനിക്കുന്നോ അത്രത്തോളം തന്നെ പ്രധാനമാണ് എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്ന ശീലവും. വെറും വയറ്റിൽ വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
ഊർജം പ്രദാനം ചെയ്യും
ശരീരത്തിലെ ജലാംശം കുറയുമ്പോഴാണ് പലപ്പോഴും ക്ഷീണവും ഉൽസാഹക്കുറവുമൊക്കെ അനുഭവപ്പെടുക. നീണ്ട ഉറക്കത്തിനുശേഷം ഉണരുന്ന സമയത്ത് ശരീരത്തിലെ ജലാംശം കുറവായിരിക്കും. അതിരാവിലെ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുകയും അതുവഴി ഊർജസ്വലരായി ഇരിക്കാൻ സഹായിക്കുകയും ചെയ്യും. ഡീഹൈഡ്രേഷൻ മൂലം വരുന്ന തലവേദന പോലുള്ള പ്രശ്നങ്ങൾ ചെറുക്കാനും കഴിയും.
ദഹനപ്രക്രിയ എളുപ്പത്തിലാക്കും
വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കും. കുടലിന്റെ ആരോഗ്യത്തിനും രാവിലെ എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്ന ശീലം ഗുണം ചെയ്യും.
മെറ്റബോളിസം മെച്ചപ്പെടുത്തും
മെറ്റബോളിസം മെച്ചപ്പെടുത്താനും വെറുംവയറിൽ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കൂടുതൽ കലോറി എരിച്ചു കളയാനും നല്ലതാണ്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഈ ശീലവും ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ചർമത്തിനും ഗുണം ചെയ്യും
ചർമസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിൽ വെള്ളത്തിനുള്ള പങ്ക് വളരെ വലുതാണ്. ദിവസവും രാവിലെ എഴുന്നേറ്റയുടൻ ഒരുഗ്ലാസ് വെള്ളം കുടിക്കുന്നത് ചർമം തിളങ്ങാൻ സഹായിക്കും. ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാനും മികച്ച വഴിയാണിത്. ചർമത്തിൽ ചുളിവുകളും കരിവാളിപ്പുമൊക്കെ വരുന്നതിനു പിന്നിൽ നിർജലീകരണവും ഒരു കാരണമാണ്. അതിനാൽ അവയെല്ലാം പ്രതിരോധിക്കാൻ എഴുന്നേറ്റയുടൻ ഒരുഗ്ലാസ് വെള്ളം കുടിക്കാം.
അസിഡിറ്റി കുറയ്ക്കും
വയറെരിച്ചിലും അസിഡിറ്റിയും പോലുള്ള പ്രശ്നങ്ങളാൽ പൊറുതിമുട്ടുന്നവർക്കും സ്വീകരിക്കാവുന്ന ഒരു മാർഗമാണിത്.
മുടിയുടെ വളർച്ചയ്ക്ക്
മുടികൊഴിച്ചിലും ആരോഗ്യകരമല്ലാത്ത മുടിയുടെ വളർച്ചയുമൊക്കെ പലരും നേരിടുന്ന പ്രശ്നങ്ങളാണ്. ശരീരത്തിന് ആവശ്യത്തിന് വെള്ളം ലഭിച്ചില്ലെങ്കിൽ മുടിയുടെ ആരോഗ്യവും തകരാറിലാകും. വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് മുടിക്ക് ഏറെ ഗുണം ചെയ്യും. വേണ്ടത്ര വെള്ളം കിട്ടാത്ത പക്ഷമാണ് മുടിയുടെ വേരുകൾ വരണ്ടുംപൊട്ടിയും പോകുന്നത്.
Content Highlights: Reasons Why You Should Start Your Day With A Glass Of Water
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..