Representative Image| Photo: Canva.com
വീണ്ടുമൊരു നോമ്പുകാലം കൂടി. വിശ്വാസികളെ സംബന്ധിച്ച് ജീവിതത്തിലെ പരമപുണ്യമായ നാളുകളിലൂടെയാണ് കടന്ന് പോകുന്നത്. മനസ്സും ശരീരവുമെല്ലാം ഒരുപോലെ ആത്മീയതയിലര്‍പ്പിച്ച് ആത്മനിര്‍വൃതി നേടുന്ന കാലം കൂടിയാണിത്. നിര്‍ബന്ധമായും വ്രതമനുഷ്ഠിക്കണമെന്നത് ഓരോ വിശ്വാസിയുടേയും ആഗ്രഹവുമാണ്. എന്നാല്‍ സ്ഥിരമായി മരുന്ന് കഴിക്കുന്ന വാതരോഗബാധിതരെ സംബന്ധിച്ച് ഈ കാര്യത്തില്‍ പലപ്പോഴും ആശങ്കകള്‍ ഉണ്ടാകാറുണ്ട്. ഇത്തരം ആശങ്കകള്‍ പരിഹരിക്കാനുള്ള ശ്രമമാണ് ഈ ലേഖനം.
വാതരോഗികള്‍ക്ക് നോമ്പെടുക്കാമോ?
90% വരുന്ന വാതരോഗികള്‍ക്കും നോമ്പെടുക്കാന്‍ സാധിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഇത് തീരുമാനിക്കുന്നതിന് മുന്‍പ് മറ്റ് ചില കാര്യങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. രോഗിയുടെ അവസ്ഥ, രോഗത്തിന്റെ അവസ്ഥ, രോഗത്തിന്റെ സ്‌റ്റേജ്, പ്രത്യാഘാത സാധ്യതകള്‍ എന്നിവയെല്ലാം പരിഗണിച്ച ശേഷമാണ് നോമ്പെടുക്കാന്‍ സാധിക്കുമോ ഇല്ലയോ എന്ന് പൂര്‍ണ്ണമായി വിധിയേഴുതുവാനാവുകയുള്ളൂ.
നോമ്പെടുക്കുന്ന ചില രോഗികളില്‍ രോഗത്തിന്റെ തീവ്രത കുറഞ്ഞ് വരുന്നതായി ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. എങ്കിലും മരുന്ന് ഉപേക്ഷിച്ച് നോമ്പെടുക്കുക എന്നത് പ്രാവര്‍ത്തികമല്ല. ഈ സാഹചര്യത്തില്‍ മരുന്നിന്റെ ഉപയോഗ രീതി പുനക്രമീകരിക്കുന്നതാണ് അനുയോജ്യം. നോമ്പെടുക്കുന്ന സമയത്ത് മരുന്ന് കഴിക്കാന്‍ സാധിക്കില്ലല്ലോ. ഈ സാഹചര്യം പരിഗണിച്ച് ഏത് രീതിയിലാണ് മരുന്നിന്റെ ഉപയോഗം ക്രമീകരിക്കേണ്ടത് എന്ന് ഡോക്ടര്‍ തന്നെ തീരുമാനിക്കണം. എല്ലാ രോഗികള്‍ക്കും ഒരേ രീതിയിലായിരിക്കില്ല നിര്‍ദ്ദേശിക്കപ്പെടുക എന്നത് കൂടി ഓര്‍മ്മിക്കുക. അതിനാല്‍ നിര്‍ബന്ധമായും ഡോക്ടറുടെ ഉപദേശമനുസരിച്ച് മാത്രം മരുന്നിന്റെ ഉപയോഗം ക്രമീകരിക്കുക. നോമ്പെടുക്കാന്‍ സാധിക്കുമോ എന്ന കാര്യത്തിലും അന്തിമമായ തീരുമാനം ഡോക്ടറുടേതായിരിക്കണം.
വാതരോഗികള്‍ ഭക്ഷണ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടോ?
പതിവ് ഭക്ഷണരീതിയില്‍ നിന്ന് ചില മാറ്റങ്ങളൊക്കെ നോമ്പ്കാലത്ത് വ്യാപകമായി കാണപ്പെടാറുണ്ടല്ലോ. റെഡ് മീറ്റ്, മറ്റ് ഇറച്ചികള്‍ തുടങ്ങിയവയുടെ ഉപയോഗം പതിവിനേക്കാള്‍ കൂടുതലായിരിക്കും. വാതരോഗികള്‍ പരമാവധി റെഡ്മീറ്റും എണ്ണയില്‍ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങളും ഒഴിവാക്കുക. ഗൗട്ട് സംബന്ധമായ വാതരോഗം, സോറിയാസിസ് ആര്‍ത്രൈറ്റിസ് എന്നിവയുള്ളവര്‍ പ്രത്യേകിച്ച് റെഡ്മീറ്റ് ഒഴിവാക്കണം. എണ്ണയില്‍ വറുത്തതിന് പകരം വേവിച്ച് കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാണ് കൂടുതല്‍ അനുയോജ്യം. ധാരാളം വെള്ളം കുടിക്കണം. കുറഞ്ഞത് 2.5 ലിറ്റര്‍ വെള്ളമെങ്കിലും ശരീരത്തിനകത്തെത്തണം. ഇല്ലെങ്കില്‍ നിര്‍ജ്ജലീകരണത്തിനുള്ള സാധ്യത വര്‍ദ്ധിക്കും.
ശ്രദ്ധിക്കേണ്ട ചില പൊതുവായ കാര്യങ്ങള്‍.
- ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ നോമ്പെടുക്കാവൂ
- ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ മരുന്നുകളുടെ ഉപയോഗ സമയം ക്രമീകരിക്കാവൂ
- ഡോക്ടര്‍ നോമ്പെടുക്കരുത് എന്ന് വിലക്കിയാല്‍ ഒരു കാരണവശാലും നോമ്പെടുക്കരുത്.
- വ്യായാമം ഫിസിയോതെറാപ്പി എന്നിവ ചെയ്യുന്നവര്‍ നിര്‍ത്തുകയോ ക്രമീകരിക്കുകയോ ചെയ്യുന്നതിന് മുന്‍പ് ചികിത്സിക്കുന്ന വ്യക്തിയുടെ ഉപദേശം തേടണം.
- കോള ഉള്‍പ്പെടെയുള്ള കാര്‍ബോഹൈഡ്രേറ്റഡ് പാനീയങ്ങള്‍ ഒഴിവാക്കണം
- ജങ്ക്ഫുഡ്, പാക്കറ്റ് ഫുഡ്, ബേക്കറി എന്നിവ കഴിക്കരുത്.
- മദ്യപനം, പുകവലി ഉള്‍പ്പെടെയുള്ള ലഹരികള്‍ ഉപയോഗിക്കരുത്.
Content Highlights: Ramadan Fasting and Rheumatoid Arthritis
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..