കാഞ്ഞിരപ്പള്ളി : ഇരുകാലുകളും തലയുടെ പിന്നിൽകെട്ടി കൈകുത്തിനിന്ന് ഒരു മിനിറ്റിൽ 53 പുഷ്അപ് എടുത്ത് റെക്കോഡ് നേട്ടമിട്ട് ഭിന്നശേഷിക്കാരനായ രാഹുൽ രാജു. സ്വന്തം പ്രയത്നംകൊണ്ട് നേടിയെടുത്തതാണ് ഈ കഴിവ്.

കരാട്ടെ ബ്ലാക്ക് ബൈൽറ്റ് നേടിയിട്ടുള്ള രാഹുൽ ചെറുപ്പം മുതലേ കാൽ തലയുടെ പിന്നിൽ കെട്ടി അഭ്യാസപ്രകടനങ്ങൾ കാട്ടിയിരുന്നു. മൂന്ന് വർഷം മുൻപാണ് കരാട്ടെ അഭ്യസിക്കാനായി ആരംഭിക്കുന്നത്. ഇതോടെ കാൽ തലയ്ക്ക് പിന്നിലാക്കി കൈകുത്തിനിന്ന് പുഷ്അപ് എടുത്ത് തുടങ്ങി. ഇപ്പോൾ രാഹുലിന് ഇത് നിസ്സാരകാര്യമാണ്. ഭിന്നശേഷിക്കാരനായ രാഹുലിന്റെ നേട്ടം ഗിന്നസിനും അയക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

സ്പെഷ്യൽ സ്‌കൂളിലും എരുമേലി സെന്റ് തോമസ് സ്‌കൂളിലുമായി സ്‌കൂൾ പഠനവും സെന്റ് ഡൊമിനിക്‌സ്‌ എച്ച്.എസ്.എസിൽ പ്ലസ് ടു പഠനവും പൂർത്തിയാക്കി. 65 ശതമാനം ഡൗൺ സിൻഡ്രമായ രാഹുലിന് ചെണ്ടമേളത്തോടാണ് ഏറ്റവും പ്രിയം. കുറച്ചുകാലം ചെണ്ടമേളം അഭ്യസിച്ചിരുന്നെങ്കിലും വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടും മറ്റും കാരണം തുടരാനായില്ല. 2011-ൽ നടന്ന സ്‌പെഷ്യൽ ഒളിമ്പിക്‌സിൽ 100, 200 മീറ്റർ മത്സരത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.

വീകൊരട്ടി വളയംതറ രാജു-ശ്യാമള ദമ്പതിമാരുടെ മകനാണ്. സഹോദരി: രേഷ്മ. രാഹുലിനെ കാഞ്ഞിരപ്പള്ളി ബി.ആർ.സിയും ശ്രീശബരീശ കോളേജും ചേർന്ന് ബുധനാഴ്ചനടത്തുന്ന ഭിന്നശേഷി ദിനാചരണത്തിൽ ആദരിക്കും.

Content Highlights: Rahul Raju makes record of 53 push-ups per minute with both hands tied behind his head