മാരകം പേവിഷബാധ: കടിയേറ്റാല്‍ ഉടന്‍ വാക്‌സിനെടുക്കണം; മാതാപിതാക്കളും കുട്ടികളും അറിയേണ്ട കാര്യങ്ങള്‍


ഡോ. എം. മുഹമ്മദ് ആസിഫ്

വൈറസ് നാഡീവ്യൂഹത്തെയും മസ്തിഷ്‌കത്തെയും ഗുരുതരമായി ബാധിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയാല്‍ മരണം നൂറുശതമാനം ഉറപ്പാണ്

ഫോട്ടോ: അഖിൽ ഇ.എസ്.

ചേര്‍ത്തല അര്‍ത്തുങ്കലില്‍ പട്ടി കടിച്ചത് വീട്ടുകാരില്‍ നിന്ന് മറച്ചുവെച്ചതിനെത്തുടര്‍ന്ന് പതിനാലുകാരന്‍ പേവിഷബാധ മൂലം മരിച്ചെന്ന വാര്‍ത്ത ഞെട്ടലോടെയാണ് നാം ഇന്ന് കേട്ടത്. ആഴ്ചകള്‍ക്ക് മുന്‍പ്, കാലിന് തെരുവ് നായയുടെ മാന്ത് ഏറ്റിട്ടും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാതെ അവഗണിച്ച വയനാട് സുല്‍ത്താന്‍ ബത്തേരി മുത്തങ്ങയില്‍ നിന്നുള്ള മുപ്പതുകാരനായ യുവാവ് മരണപ്പെട്ട വാര്‍ത്തയും നാം കേട്ടിരുന്നു.

നിര്‍ദിഷ്ട ക്രമപ്രകാരമുള്ള വെറും നാലേനാല് പ്രതിരോധ കുത്തിവെയ്പ്പുകള്‍ യഥാവിധി സ്വീകരിച്ചിരുന്നുവെങ്കില്‍ നൂറുശതമാനം തടയാന്‍ കഴിയുമായിരുന്ന മരണങ്ങളായിരുന്നു ഇവ. പക്ഷേ പേവിഷബാധയെ പറ്റിയുള്ള അശ്രദ്ധയും അവഗണനയും ഒരു പക്ഷേ അറിവില്ലായ്മയും ഒടുവില്‍ അവരുടെ ജീവഹാനിക്കിടയാക്കി. എത്രയെത്ര ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നാലും പേവിഷബാധ മരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു എന്നത് ഗൗരവമുള്ള വസ്തുതയാണ്.

ലോകാരോഗ്യസംഘടനയുടെ നിരീക്ഷണപ്രകാരം ഓരോ ഓരോ പത്ത് മിനിറ്റിലും ലോകത്ത് ഒരാളുടെയെങ്കിലും ജീവനെടുക്കുന്ന അതിമാരകമായ ജന്തുജന്യരോഗമാണ് പേവിഷബാധ. പേവിഷബാധയ്ക്ക് കാരണം റാബ്ഡോ വൈറസ് കുടുംബത്തിലെ ലിസ്സ റാബീസ് എന്നയിനം ആര്‍.എന്‍.എ. വൈറസുകളാണ്. ഉഷ്ണരക്തം ശരീരത്തിലോടുന്ന ഏത് മൃഗത്തെയും രോഗബാധിതമാക്കാനുള്ള ശേഷി റാബീസ് വൈറസിനുണ്ട്. വൈറസ് ബാധിച്ച മൃഗങ്ങളുടെ കടിയോ മാന്തോ അല്ലെങ്കില്‍ അവയുടെ ഉമിനീര്‍ മുറിവുകളില്‍ പുരളുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ നമ്മുടെ ശരീരത്തില്‍ കയറിക്കൂടി നാഡികളില്‍ പെരുകാന്‍ ഇടയുള്ള റാബീസ് വൈറസുകളെ അടിയന്തരചികിത്സയിലൂടെയും കൃത്യമായ ഇടവേളകളില്‍ എടുക്കുന്ന പ്രതിരോധ കുത്തിവയ്പ്പുകളിലൂടെയും നൂറുശതമാനം ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കും. എന്നാല്‍ പേവിഷബാധ സംശയിക്കാവുന്ന മൃഗങ്ങളുമായി സമ്പര്‍ക്കമുണ്ടായിട്ടും പ്രതിരോധകുത്തിവെയ്പ് കൃത്യമായി സ്വീകരിക്കുന്നതില്‍ വരുത്തുന്ന വീഴ്ചയും ജാഗ്രതക്കുറവുമാണ് ജീവഹാനി വരുത്തിവയ്ക്കുന്നത്.

വൈറസ് നാഡീവ്യൂഹത്തെയും മസ്തിഷ്‌കത്തെയും ഗുരുതരമായി ബാധിച്ച്, ഒടുവില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയാല്‍ മരണം നൂറുശതമാനം ഉറപ്പ്. ചികിത്സകള്‍ ഒന്നും തന്നെ രോഗം കണ്ടുതുടങ്ങിയാല്‍ പിന്നെ ഫലപ്രദമല്ല. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ അതിദാരുണമായ മരണത്തിന് കീഴടങ്ങുകയല്ലാതെ മറ്റൊരു വഴി രോഗിക്ക് മുന്നിലില്ലാത്ത വേറൊരു വൈറസ് രോഗം ഉണ്ടോ എന്നത് സംശയമാണ്. ലോകത്താകമാനം 55000 - 60000 വരെ പേവിഷബാധയേറ്റുളള മരണങ്ങളാണ് പ്രതിവര്‍ഷം നടക്കുന്നത്. ഇതില്‍ മൂന്നിലൊന്ന് അതായത് 20000- ത്തോളം മരണങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണ് എന്നത് ഗൗരവകരമായ വസ്തുതയാണ്. രോഗം ബാധിച്ച് മരണമടയുന്ന പത്തില്‍ നാലുപേരും കുട്ടികളാണെന്നാണ് ലോകാരോഗ്യസംഘടനയുടെ നിരീക്ഷണം. 2030 ഓടുകൂടി നായ്ക്കള്‍ വഴിയുള്ള (Dog mediated rabies) പേവിഷ ബാധയും മനുഷ്യരില്‍ പേവിഷബാധ മൂലമുള്ള മരണവും തുടച്ചുനീക്കുക എന്ന മഹത്തായ ലക്ഷ്യം നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ലോകമെങ്ങും ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.

street dogs
ഫോട്ടോ: അഖില്‍ ഇ.എസ്.

പേവിഷബാധ മനുഷ്യരില്‍

ഇന്ത്യയില്‍ പേവിഷ ബാധയേല്‍ക്കുന്നവരില്‍ല്‍ 97 ശതമാനത്തിനും രോഗബാധയേല്‍ക്കുന്നത് വൈറസ് ബാധിച്ച നായ്ക്കളുടെ കടിയില്‍ നിന്നുമാണ്. ബാക്കി രണ്ട് ശതമാനം ആളുകള്‍ക്ക് പൂച്ചകളില്‍ നിന്നും ബാക്കി ഒരു ശതമാനത്തിന് കീരി, കുറുക്കന്‍, ചെന്നായ, മറ്റ് വന്യമൃഗങ്ങള്‍ എന്നിവയുടെ കടിയിലൂടെയുമാണ്. പേവിഷബാധയേറ്റ മൃഗങ്ങളുടെ ഉമിനീര്‍ഗ്രന്ഥികളും ഉമിനീരുമാണ് വൈറസിന്റെ സംഭരണ സൂക്ഷിപ്പ് കേന്ദ്രങ്ങള്‍. കടിയ്ക്കുകയോ, അവയുടെ ഉമിനീര്‍ പുരണ്ട നഖംകൊണ്ട് മാന്തുകയോ, മുറിവിലോ ശരീരത്തിലേറ്റ ചെറുപോറലുകളിലോ വായിലെയോ കണ്ണിലേതുള്‍പ്പടെ ശ്ലേഷ്മസ്തരങ്ങളിലോ ഉമിനീര്‍ പുരളുകയോ ചെയ്യുമ്പോള്‍ വൈറസ് മുറിവില്‍ നിക്ഷേപിക്കപ്പെടുന്നു. പേവിഷബാധയേറ്റ ആട്, പശു, മറ്റ് സസ്തനികള്‍ മുറിവുകളില്‍ നക്കിയാലും പേവിഷബാധ വൈറസ് മനുഷ്യരില്‍ എത്താന്‍ സാധ്യത ഉണ്ട്. വളര്‍ത്തുമൃഗങ്ങളില്‍ പൂച്ചയില്‍ നിന്ന് ഏല്‍ക്കുന്ന മാന്ത് പ്രത്യേകം കരുതണം. ഉമിനീര്‍ കൈകളില്‍ പുരട്ടി ശരീരം വൃത്തിയാക്കുന്ന സ്വഭാവമുള്ള ജീവിയാണ് പൂച്ച. അതിനാല്‍ പൂച്ചയുടെ കൈകളില്‍ എപ്പോഴും ഉമിനീര്‍ അംശമുണ്ടാകും വൈറസ് ബാധിച്ചവയാണെങ്കില്‍ വൈറസ് സാന്നിധ്യവും ഉണ്ടാവും.

മുറിവുകളില്‍ നിക്ഷേപിക്കപ്പെടുന്ന വൈറസിന് ശരീരത്തിനുള്ളിലേക്ക് കയറാനുള്ള വഴിയൊരുക്കുക പേശികളിലേയ്ക്ക് തുറക്കുന്ന നാഡീതന്തുക്കളാണ്. പേശികളിലെ നാഡീതന്തുക്കളിലൂടെ സഞ്ചരിച്ച് സുഷുമ്നാഡിയിലും ഒടുവില്‍ മസ്തിഷ്‌ക്കത്തിലും വൈറസ് എത്തുകയും പെരുകുകയും ചെയ്യും. അതോടെ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങും. നാഡികളിലൂടെ പടര്‍ന്ന് മസ്തിഷ്‌ക്കത്തിലെത്താന്‍ വേണ്ടിയുള്ള യാത്രയില്‍ മണിക്കൂറില്‍ 3 മില്ലിമീറ്റര്‍ ദൂരം എന്ന ചെറിയ വേഗത മാത്രമേ വൈറസിനുള്ളൂ. അതിനാല്‍ കടിയേറ്റ ശരീരഭാഗം, കടിയേറ്റ ഭാഗവും സുഷുമ്നാനാഡിയും മസ്തിഷ്‌കവും തമ്മിലുള്ള അകലം, കടിയുടെ തീവ്രത എന്നിവയെയെല്ലാം അനുസരിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത് വരെയുള്ള ഇടവേള (incubation period) വ്യത്യാസപ്പെടും. തലഭാഗത്തോട് ചേര്‍ന്നോ നാഡീതന്തുക്കളാല്‍ നിബിഡമായ വിരലിലോ മുഖത്തോ ഒക്കെയാണ് കടിയേറ്റതെങ്കില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങാന്‍ വളരെ ചുരുങ്ങിയ സമയം മതി.

വൈറസ് ശരീരത്തില്‍ എത്തി രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത് വരെയുള്ള ഇടവേള സമയം ഒരാഴ്ച മുതല്‍ മൂന്ന് മാസംവരെ നീളും. എന്നാല്‍ ഒരു വര്‍ഷം വരെയും അതിലധികവും നീണ്ട സംഭവങ്ങളും ആരോഗ്യശാസ്ത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിനാല്‍ കടിയേറ്റ ഉടനെയുള്ള പ്രഥമശുശ്രൂഷയ്ക്കും രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നതിന് മുന്‍പുള്ള ഇടവേളയില്‍ എടുക്കുന്ന പ്രതിരോധ കുത്തിവെയ്പുകള്‍ക്കും ജീവന്റെ വിലയുണ്ട്. തലവേദന, തൊണ്ടവേദന, മൂന്നുനാല് ദിവസം നീണ്ടുനില്‍ക്കുന്ന പനി, കടിയേറ്റ ഭാഗത്ത് മരവിപ്പ് എന്നിവയാണ് പ്രാഥമിക പേവിഷ രോഗലക്ഷണങ്ങള്‍. വൈറസ് നാഡീവ്യൂഹത്തെ ബാധിച്ചു കഴിഞ്ഞാല്‍ ശ്വാസതടസ്സം, ഉറക്കമില്ലായ്മ, വെള്ളം തൊണ്ടയിലൂടെ ഇറക്കാനുള്ള ബുദ്ധിമുട്ട്, കാറ്റ്, വെള്ളം, വെളിച്ചം എന്നിവയുടെ സാമീപ്യം മൂലമുള്ള അസ്വസ്ഥത, മാനസിക വിഭ്രാന്തി, മരണഭയം എന്നിവ പ്രകടമാകും. മസ്തിഷ്‌കത്തെ ബാധിക്കുന്ന റാബീസ് വൈറസ് എന്‍സഫലൈറ്റിസ് അഥവാ മസ്തിഷ്‌ക വീക്കം ഉണ്ടാക്കുന്നു. അതോടെ അപസ്മാരം, പക്ഷാഘാതം, മസ്തിഷ്‌ക മരണം ഇവ സംഭവിക്കാം. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ അത്യന്തം വേദനാജനകമായ മരണം സുനിശ്ചിതമാണ്.

പ്രഥമശുശ്രൂഷയും പ്രതിരോധ കുത്തിവെയ്പും

മൃഗങ്ങളില്‍ നിന്നും കടിയോ പോറലോ ഏല്‍ക്കുകയോ ഉമിനീര്‍ മുറിവില്‍ പുരളുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ചെയ്യേണ്ട പ്രഥമശുശ്രൂഷ മുറിവേറ്റ ഭാഗം ഒഴുകുന്ന ടാപ്പ് വെള്ളത്തില്‍ കഴുകി വൃത്തിയാക്കുകയാണ്. മുറിവില്‍ നിന്നും ഉമിനീരിന്റെ അംശം പൂര്‍ണമായും നീക്കിയ ശേഷം മുറിവില്‍ സോപ്പ് പതപ്പിച്ച് വീണ്ടും പതിനഞ്ചുമിനിറ്റ് സമയമെടുത്ത് കഴുകി വൃത്തിയാക്കണം. റാബീസ് വൈറസിന്റെ പുറത്തുള്ള ലിപിഡ് തന്മാത്രകള്‍ ചേര്‍ന്ന ഇരട്ട സ്തരത്തെ അലിയിപ്പിച്ച് കളഞ്ഞ് വൈറസിനെ നിര്‍വീര്യവും നിരായുധവുമാക്കാനുള്ള ശേഷി സോപ്പിന്റെ രാസഗുണത്തിലുണ്ട്. മുറിവ് വൃത്തിയാക്കുമ്പോള്‍ കൈകളില്‍ ഗ്ലൗസ് ഉപയോഗിക്കാവുന്നതാണ്. കുട്ടികള്‍ക്കാണ് കടിയേറ്റതെങ്കില്‍ അവരുടെ ശരീരഭാഗം മുഴുവന്‍ പരിശോധിച്ച് മുഴുവന്‍ മുറിവുകളും കണ്ടെത്തി വൃത്തിയാക്കണം. ശേഷം മുറിവില്‍ നിന്ന് നനവ് ഒപ്പിയെടുത്ത ശേഷം പോവിഡോണ്‍ അയഡിന്‍ ലേപനം പുരട്ടുകയും ഉടന്‍ വൈദ്യസഹായം തേടുകയും വേണം. കടിയേറ്റ മുറിവുകളില്‍ തണുപ്പോ ചൂടോ ഏല്‍പ്പിക്കുക, മണ്ണോ ഉപ്പോ മഞ്ഞളോ മറ്റോ പുരട്ടുക തുടങ്ങിയവയെല്ലാം തീര്‍ച്ചയായും ഒഴിവാക്കണം. ഇതെല്ലാം മുറിവുകളില്‍ പേശികളോടെ ചേര്‍ന്നുള്ള നാഡീതന്തുക്കളെ ഉത്തേജിപ്പിക്കുകയും റാബീസ് വൈറസിന് പേശികളിലെ നാഡീ തന്തുക്കളിലേയ്ക്ക് കടന്നുകയറാനുള്ള വഴിയും വേഗവും എളുപ്പമാക്കുകയും ചെയ്യും.

മുറിവിന്റെ സ്വഭാവമനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. ആന്റിറാബീസ് വാക്സിന്‍, ഇമ്മ്യൂണോഗ്ലോബുലിന്‍ എന്നിവയാണ് പ്രധാനമായി പേവിഷ പ്രതിരോധ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളെ തൊടുക, അവയ്ക്ക് ഭക്ഷണം കൊടുക്കുക, മുറിവുകള്‍ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങള്‍ നക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത ഇല്ലാത്തതിനാല്‍ (കാറ്റഗറി 1) പ്രതിരോധ കുത്തിവെയ്പുകള്‍ നല്‍കേണ്ടതില്ല. സ്പര്‍ശനം ഉണ്ടായ ശരീരഭാഗം നന്നായി ഒഴുകുന്ന ടാപ്പ് വെള്ളത്തില്‍ സോപ്പുപയോഗിച്ചു പതിനഞ്ചു മിനിറ്റ് കഴുകിയാല്‍ മാത്രം മതിയാവും. തൊലിപ്പുറത്തുള്ള മാന്തല്‍, രക്തം വരാത്ത ചെറിയ പോറലുകള്‍ എന്നിവയെ കാറ്റഗറി 2 വില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാറ്റഗറി 2 ല്‍ ഉള്‍പ്പെട്ട കേസുകളില്‍ ചികിത്സയ്ക്ക് പ്രതിരോധ കുത്തിവെയ്പ്പ് വേണം. രക്തം പൊടിഞ്ഞ മുറിവുകള്‍, മുറിവുള്ള തൊലിപ്പുത്ത് നക്കുക, ചുണ്ടിലോ വായിലോ നാക്കിലോ കണ്ണിലോ നക്കുക, കാട്ടുപൂച്ച, കടുവ, കരടി, പുലി, ചെന്നായ, തുടങ്ങി വിവിധ വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ ഏറെ അപകട സാധ്യത ഉള്ളതായതിനാല്‍ കാറ്റഗറി 3 യില്‍ ഉള്‍പ്പെടുത്തിയാണ് ചികിത്സ നല്‍കുന്നത്.

ആന്റിറാബീസ് കുത്തിവെപ്പിനോടൊപ്പം, ഹ്യൂമന്‍ റാബീസ് ഇമ്മ്യൂണോഗ്ലോബുലിന്‍ കൂടി ഇത്തരം കേസുകളില്‍ നല്‍കണം. രോഗിയുടെ തൂക്കത്തിനനുസരിച്ചാണ് ഇമ്മ്യൂണോഗ്ലോബുലിന്‍ നല്‍കുന്നത്. മുറിവിന്റെ എല്ലാ വശങ്ങളിലും എത്തുന്ന വിധത്തില്‍ എടുക്കുന്ന റെഡിമെയ്ഡ് പ്രതിരോധ ഘടകങ്ങള്‍ അടങ്ങിയ ആന്റിറാബീസ് സിറമായ ഇമ്മ്യൂണോഗ്ലോബിനുകള്‍ വളരെ വേഗത്തില്‍ പ്രതിരോധം പ്രദാനം ചെയ്യുന്നവയാണ്. മുറിവിന് ചുറ്റും നല്‍കുന്നതിനൊപ്പം മാംസപേശിയില്‍ ആഴത്തിലും ഇമ്മ്യൂണോ ഗ്ലോബുലിന്‍ നല്‍കാറുണ്ട്. ആന്റിറാബീസ് വാക്‌സിന്‍ ശരീരത്തില്‍ പ്രവര്‍ത്തിച്ച് പ്രതിരോധ ആന്റിബോഡികള്‍ ഉണ്ടാക്കി വരാനെടുക്കുന്ന രണ്ടാഴ്ച വരെയുള്ള കാലയളവില്‍ ഇമ്മ്യുണോഗ്ലോബലിന്‍ വൈറസില്‍ നിന്നും സുരക്ഷ ഉറപ്പാക്കും. മൃഗങ്ങളുടെ കടിയേറ്റുണ്ടാവുന്ന മുറിവുകള്‍ പരമാവധി തുന്നാറില്ല. തുന്നുമ്പോള്‍ മുറിവിന് ചുറ്റുമുള്ള നാഡികളിലൂടെ വൈറസ് മസ്തിഷ്‌കത്തിലെത്താനുള്ള സാധ്യത കൂടിയേക്കാം എന്നത് കൊണ്ടാണിത്. എന്നാല്‍ തുന്നിടേണ്ടി വരുന്ന അടിയന്തിര സാഹചര്യങ്ങളില്‍, ഇമ്മ്യൂണോഗ്ലോബുലിന്‍ നല്‍കിയാണ് തുന്നിടാറുള്ളത്.

ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, നവജാതശിശുക്കള്‍, പ്രായമായവര്‍, ഗുരുതര രോഗം ബാധിച്ചവര്‍ ഉള്‍പ്പെടെ ആര്‍ക്ക് കടിയേറ്റാലും വാക്സിന്‍ എടുക്കുക എന്നത് പ്രധാനമാണ്. ഇതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. കോവിഡ് വാക്സിനേഷന്‍ സ്വീകരിച്ചവര്‍ ആണെങ്കില്‍ കൂടിയും പേവിഷബാധക്കെതിരെയുള്ള വാക്‌സിന്‍ നിര്‍ദേശിക്കപ്പെട്ട ക്രമത്തില്‍ ഒരു മുടക്കവും കൂടാതെ എടുക്കണം. മറ്റ് ഏത് രോഗത്തെക്കാളും പ്രാധാന്യം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ നൂറുശതമാനം മരണസാധ്യതയുള്ള പേവിഷ പ്രതിരോധ കുത്തിവെയ്പിന് നല്‍കണം. പേവിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവെയ്പ് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി, ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ എല്ലാം സൗജന്യമായി ലഭിക്കുന്നതാണ്. ആന്റി റാബീസ് സിറമായ ഇമ്മ്യൂണോ ഗ്ലോബുലിന്‍ സര്‍ക്കാര്‍ തലത്തില്‍ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്. സ്വകാര്യ ആശുപത്രികളും ലഭ്യമാക്കുന്നുണ്ട്.

street dogs
ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍

കടിയേറ്റവരില്‍ പുതുക്കിയ തായ്റെഡ്ക്രോസ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള പോസ്റ്റ് എക്പോഷര്‍ വാക്സിനേഷന്‍ ആണ് ഇപ്പോള്‍ ഇന്ത്യയില്‍ വ്യാപകമായി അവലംബിക്കുന്നത്. 0.1 മില്ലി വീതമുള്ള ഓരോ ഡോസ് വാക്സിന്‍ കൈ ആരംഭിക്കുന്നതിനുതാഴെ തൊലിക്കടിയില്‍ രണ്ട് സ്ഥലങ്ങളിലായി 0, 3, 7, 28 ദിവസങ്ങളിലായി നല്‍കുന്നതാണ് പുതുക്കിയ തായ്റെഡ് ക്രോസ് പ്രോട്ടോക്കോള്‍. 0,3,7, 14, 28 ദിവസങ്ങളില്‍ പേശികളില്‍ നല്‍കുന്ന രീതിയും ചില ആശുപത്രികളില്‍ അവലംബിക്കുന്നുണ്ട്. ആദ്യ കുത്തിവെയ്പ് എടുക്കുന്ന ദിവസമാണ് 0 കുത്തിവെയ്പ് എന്ന നിലയില്‍ പരിഗണിക്കുന്നത്. ഒരിക്കല്‍ കടിയേറ്റതിന് ശേഷമുള്ള മുഴുവന്‍ കുത്തിവയ്പുകളോ പൂര്‍ണ്ണമായ മുന്‍കൂര്‍ പ്രതിരോധകുത്തിവെയ്പുകളോ എടുത്ത ഒരാള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ വീണ്ടും കടിയോ, മാന്തോ കിട്ടിയാല്‍ മുറിവുകളുടെ പരിചരണം മാത്രമേ ആവശ്യമുള്ളൂ. പ്രതിരോധകുത്തിവെയ്‌പോ, ഇമ്മ്യൂണോഗ്ലോബുലിനോ വേണ്ടതില്ല. പ്രതിരോധ കുത്തിവെപ്പുകള്‍ മുഴുവന്‍ ഡോസുകളും ഒരിക്കല്‍ എടുത്താല്‍, വ്യക്തിയുടെ ശരീരത്തില്‍ വര്‍ഷങ്ങളോളം പ്രതിരോധശേഷി നിലനില്‍ക്കും. എന്നിരുന്നാലും മൂന്ന് മാസത്തിന് ശേഷമാണ് കടിയേല്‍ക്കുന്നതെങ്കില്‍ പ്രതിരോധ ശേഷിയെ ഒരിക്കല്‍ കൂടി സജീവമാക്കുന്നതിനായി വാക്സിന്‍ രണ്ട് തവണകളായി 0, 3 ദിവസങ്ങളില്‍ എടുക്കണം. മുറിവ് എത്ര തീവ്രമായായലും ഇമ്മ്യൂണോഗ്ലോബുലിന്‍ ചികിത്സ ആവശ്യമില്ല. കുത്തിവയ്പ്പ് വിവരങ്ങള്‍ കൃത്യമായി ഓര്‍ക്കാത്തവരും മുന്‍പ് മുഴുവന്‍ കുത്തിവയ്പ്പും എടുക്കാത്തവരും വീണ്ടും ക്രമപ്രകാരമുള്ള മുഴുവന്‍ കോഴ്സ് വാക്സിന്‍ എടുക്കണം.

സമയബന്ധിതമായി വാക്സിന്‍ എടുക്കാന്‍ വിട്ടുപോയങ്കില്‍

മൃഗത്തിന്റ മാന്ത്/ കടി ഏറ്റ ശേഷം 24 മണിക്കൂറിനകം തന്നെ ആദ്യ ഡോസ് വാക്സിന്‍ എടുക്കുക എന്നതാണ് പ്രധാനം. മൃഗങ്ങളില്‍ നിന്ന് കടി/ മാന്ത് ഏറ്റ് ഏതെങ്കിലും കാരണവശാല്‍ സമയബന്ധിതമായി പ്രതിരോധ കുത്തിവെയ്പ് എടുക്കാന്‍ വിട്ടുപോയിട്ടുണ്ടങ്കില്‍ വൈകിയാണങ്കിലും നിര്‍ബന്ധമായും വാക്സിന്‍ എടുക്കണം. എപ്പോഴാണോ ആദ്യ കുത്തിവെയ്പ് എടുക്കുന്നത് അത് 0 ദിവസത്തെ ഡോസ് ആയി പരിഗണിക്കും. മുറിവേറ്റ ഭാഗത്ത് നിന്ന് നാഡികളിലൂടെ പടര്‍ന്ന് മസ്തിഷ്‌ക്കത്തിലെത്താന്‍ വേണ്ടിയുള്ള യാത്രയില്‍ മണിക്കൂറില്‍ 3 മില്ലിമീറ്റര്‍ ദൂരം എന്ന ചെറിയ വേഗത മാത്രമേ വൈറസിനുള്ളൂ എന്ന് മുന്‍പ് സൂചിപ്പിച്ചല്ലോ. രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നതിന് മുന്‍പുള്ള ഇടവേളയില്‍ എടുക്കുന്ന പ്രതിരോധ കുത്തിവെയ്പുകള്‍ക്ക് ജീവന്റെ വിലയുണ്ട്.

സുരക്ഷയ്ക്ക് മുന്‍കൂര്‍ വാക്സിനേഷന്‍

പട്ടി, പൂച്ച ഇവയെ സ്ഥിരമായി കൈകാര്യം ചെയ്യുന്നവര്‍, പെറ്റ് ഷോപ്പുകളിലെയും കെന്നലുകളിലെയും കാറ്ററികളിലെയും ജീവനക്കാര്‍, മൃഗശാല ജീവനക്കാര്‍, വനം വകുപ്പ് ജീവനക്കാര്‍ ഉള്‍പ്പെടെ വന്യമൃഗങ്ങളുമായി ഇടപഴുകുന്നവര്‍ വെറ്ററിനറി ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയവര്‍ റാബീസ് വൈറസുമായി സമ്പര്‍ക്കം ഉണ്ടാവാന്‍ ഇടയുള്ള ഹൈ റിസ്‌ക് വിഭാഗത്തില്‍ പെട്ടവരാണ്. ഈ വിഭാഗത്തില്‍ പെടുന്നവര്‍ മുന്‍കൂറായി 0, 7 ,28 ദിവസങ്ങളില്‍ പേവിഷ പ്രതിരോധ കുത്തിവയ്പ്പ് (Pre exposure Prophylaxis) എടുക്കുന്നതും വര്‍ഷാവര്‍ഷം ആവശ്യമെങ്കില്‍ ബൂസ്റ്റര്‍ ഡോസ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കുന്നതും എന്തുകൊണ്ടും ഉചിതമാണ്. മുന്‍കൂറായി 0, 7, 28 ദിവസങ്ങളില്‍ പേവിഷ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവരെ വീണ്ടും മൃഗങ്ങള്‍ കടിച്ചാല്‍ 0, 3 ദിവസങ്ങളില്‍ പ്രതിരോധശേഷിയെ ഉണര്‍ത്തുന്നതിനായി 2 കുത്തിവയ്പ്പ് എടുത്താല്‍ മാത്രം മതി. ഇവരും ഇമ്മ്യൂണോഗ്ലോബുലിന്‍ എടുക്കേണ്ടതില്ല.

പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയ മൃഗം കടിച്ചാല്‍

വീട്ടില്‍ വളര്‍ത്തുന്ന പ്രതിരോധ കുത്തിവെയ്പുകള്‍ പൂര്‍ണമായും എടുത്ത നായയില്‍ നിന്നോ പൂച്ചയില്‍ നിന്നോ കടിയോ മാന്തോ ഏറ്റാലും നിര്‍ബന്ധമായും വാക്സിനേഷന്‍ എടുക്കണം. പ്രതിരോധ കുത്തിവെയ്പുകള്‍ എടുത്ത മൃഗങ്ങള്‍ ആണെങ്കില്‍ തന്നെയും ഇവ പൂര്‍ണ്ണമായും പേവിഷബാധയ്ക്കെതിരെ പ്രതിരോധം കൈവരിച്ചവയാണെന്ന് ഉറപ്പിക്കാന്‍ കഴിയില്ല. വാക്സിന്റെ ഗുണനിലവാരം, മൃഗത്തിന്റെ ആരോഗ്യം, പ്രായം എന്നിവയെല്ലാം പ്രതിരോധശേഷിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മൃഗത്തിന്റെ ശരീരത്തില്‍ രൂപപ്പെട്ട പ്രതിരോധ ശേഷിയുടെ നിലവാരം നിര്‍ണയിക്കാനുള്ള ഉപാധികളും പരിമിതമാണ്. എല്ലാത്തിനുമുപരി ഇന്ത്യ വളരെ അധികം റാബീസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന റാബീസ് എന്‍ഡെമിക് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന രാജ്യമാണ്. അതിനാലാണ് പ്രതിരോധ കുത്തിവെയ്പ് എടുത്ത മൃഗങ്ങളുടെ കടിയേറ്റാലും വാക്സിനേഷന്‍ നിര്‍ദേശിക്കുന്നത്.

വാക്സിന്‍ എടുക്കുന്നതിനൊപ്പം കടിച്ച നായയേയോ, പൂച്ചയേയോ പത്ത് ദിവസം നിരീക്ഷിക്കുകയും വേണം. പത്തു ദിവസത്തെ നീരീക്ഷണം എന്നത് നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും മാത്രം ബാധകമായ സമയപരിധിയാണ് എന്നത് പ്രത്യേകം ഓര്‍ക്കുക പത്ത് ദിവസം നിരീക്ഷിച്ചിട്ടും നായക്കോ, പൂച്ചക്കോ മരണം സംഭവിച്ചിട്ടില്ലെങ്കില്‍ അവ പേവിഷബാധ ഏറ്റവയല്ലെന്ന് ഉറപ്പിക്കാം. വാക്സിന്‍ എടുത്തവരെ പേവിഷബാധയ്ക്കെതിരെ മുന്‍കൂര്‍ പ്രതിരോധ കുത്തിവെയ്പ് സ്വീകരിച്ചവരായി പിന്നീട് പരിഗണിക്കുന്നതായിരിക്കും. കടിച്ച നായയെയോ പൂച്ചയേയോ പത്തുദിവസം നിരീക്ഷിച്ച് രോഗം ഉണ്ടോ ഇല്ലയോ എന്നറിഞ്ഞതിന് ശേഷം മാത്രം വാക്‌സിന്‍ എടുക്കാം എന്ന തീരുമാനവും വാക്സിന്‍ സ്വീകരിക്കുന്നതില്‍ പുലര്‍ത്തുന്ന ആലസ്യവും അത്യന്ത്യം അപകടകരമാണ്. മൂന്ന് മാസത്തില്‍ ചുവടെ പ്രായമുള്ള നായക്കുഞ്ഞോ, പൂച്ചക്കുഞ്ഞോ മാന്തിയാലോ, കടിച്ചാലോ വാക്സിന്‍ ആവശ്യമില്ലെന്ന് കരുതുന്നവരുണ്ട്. ലിംഗ പ്രായഭേദമെന്യേ ഉഷ്ണരക്തമുള്ള ഏതൊരു സസ്തനി ജീവിയും റാബീസ് വൈറസിന്റെ വാഹകരാവാം. അതിനാല്‍ കടിയോ മാന്തോ കിട്ടിയാല്‍ പ്രതിരോധകുത്തിവെയ്പ് എടുക്കുന്നതില്‍ ഒരു വീഴ്ചയും വിമുഖതയും അരുത്.

കുട്ടികളെ പഠിപ്പിക്കണം പേവിഷപ്രതിരോധ പാഠങ്ങള്‍

കൂടെ കളിക്കുന്ന അരുമപൂച്ചകളില്‍ നിന്നും നായ്ക്കളില്‍ നിന്നും ഏല്‍ക്കുന്ന മാന്തലും ചെറുകടികളുമൊന്നും പലപ്പോഴും കുട്ടികള്‍ കാര്യമാക്കില്ല. അച്ഛനോ അമ്മയോ വഴക്കുപറയും എന്നോ, കുത്തിവെയ്പ് എടുക്കേണ്ടി വരുമോ എന്നോ മറ്റോയുള്ള ഭയം മൂലം നായയുടെയും മറ്റും കടിയോ മന്തോ കിട്ടിയ വിവരം കുട്ടികള്‍ മറച്ചുവെയ്ക്കാനും മുറിവുണ്ടാകാന്‍ കാരണം വേറെ വല്ലതുമാണെന്ന് പറയാനും സാധ്യതയുണ്ട്. കുട്ടികളുടെ ശരീരത്തില്‍ ഏല്‍ക്കുന്ന പോറലുകള്‍ രക്ഷിതാക്കള്‍ കാണാതെ പോവാനും സാധ്യതയേറെ. പേവിഷബാധയെ പറ്റി കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ പറഞ്ഞ് മനസിലാക്കണം. അരുമ മൃഗങ്ങളില്‍ നിന്നോ മറ്റ് മൃഗങ്ങളില്‍ നിന്നോ മാന്തോ, കടിയോ ഏറ്റാല്‍ നിര്‍ബന്ധമായും വിവരം പറയണമെന്ന് കുട്ടികളെ ചട്ടം കെട്ടണം. കുട്ടികളെ കുളിപ്പിക്കുമ്പോള്‍ ഇത്തരം മുറിവുകള്‍ ഉണ്ടെങ്കില്‍ അത് കണ്ടെത്താനും എങ്ങനെ സംഭവിച്ചെന്ന് കുട്ടികളോട് ചോദിച്ചറിയാനും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.

വളര്‍ത്തുമൃഗങ്ങളില്‍ നിന്നുണ്ടായ കടികള്‍ എത്ര പഴക്കമുള്ളതാണങ്കിലും സമയബന്ധിതമായി പ്രതിരോധ കുത്തിവെയ്പ് എടുത്തിട്ടില്ലങ്കില്‍ വൈകിയാണങ്കിലും നിര്‍ബന്ധമായും എടുക്കണം. പേവിഷബാധ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മേഖലകളില്‍ കുട്ടികള്‍ക്ക് മുന്‍കൂറായി (Pre exposure Vaccination) റാബീസ് പ്രതിരോധ വാക്സിന്‍ നല്‍കുന്നത് ഉചിതമാണന്ന ശിശുരോഗ വിദഗ്ധരുടെ കൂട്ടായ്മയായ ഇന്ത്യന്‍ പീഡിയാട്രിക് സൊസൈറ്റിയുടെ നിര്‍ദേശവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.

മൃഗങ്ങളോട് സൗമ്യമായും സഹാനുഭൂതിയോടെയും പെരുമാറാന്‍ കുട്ടികളെ ചെറുപ്പത്തില്‍ പഠിപ്പിക്കണം. മൃഗങ്ങളുടെ പെരുമാറ്റ രീതികള്‍ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുക എന്നതും പ്രധാനമാണ്. മൃഗങ്ങളോട് കളിക്കുമ്പോഴും അവരെ ഓമനിക്കുമ്പോഴും ശ്രദ്ധപുലര്‍ത്താന്‍ കുട്ടികളെ പരിശീലിപ്പിക്കണം. നായ്ക്കളെ പേടിപ്പിക്കുകയോ ദേഷ്യപ്പെടുത്തുകയോ ചെയ്യുക, നായ്ക്കള്‍ ഭക്ഷണം കഴിക്കുക ഉറങ്ങുക, രോഗങ്ങള്‍, കുഞ്ഞുങ്ങളുടെ സംരക്ഷണ വേളകള്‍ എന്നിങ്ങനെയുള്ള സമയങ്ങളില്‍ ശല്യപ്പെടുത്തുക ഇവയെല്ലാം കടിയേല്‍ക്കാനുള്ള സാധ്യത കൂട്ടും ഇത്തരം സന്ദര്‍ഭങ്ങളില്‍ മൃഗങ്ങളില്‍ നിന്നും അകലം പാലിക്കണമെന്ന കാര്യം കുട്ടികളെ പഠിപ്പിക്കണം.

അരുമകള്‍ക്കും പ്രതിരോധ കുത്തിവെയ്പ്

നമ്മുടെ അരുമകളായ പൂച്ചകളെയും നായ്ക്കളെയും കൃത്യമായ പ്രായത്തില്‍ പേവിഷബാധ പ്രതിരോധ വാക്സിന്‍ നല്‍കി റാബീസ് വൈറസില്‍ നിന്ന് സുരക്ഷിതമാക്കാന്‍ മറക്കരുത്, നമ്മുടെ ആരോഗ്യസുരക്ഷയ്ക്കും അത് പ്രധാനമാണ്. പേവിഷബാധ പ്രതിരോധകുത്തിവെയ്പ്പുകള്‍ കൃത്യമായി എടുത്ത തള്ളമൃഗത്തില്‍ നിന്നും കന്നിപ്പാല്‍ വഴി ലഭ്യമാവുന്ന ആന്റിബോഡികള്‍ ആദ്യ മൂന്ന് മാസം എത്തുന്നത് വരെ കുഞ്ഞുങ്ങളെ രോഗാണുക്കളില്‍ നിന്ന് സംരക്ഷിക്കും. വളര്‍ത്തു നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും മൂന്ന് മാസം (10-12 ആഴ്ച) പ്രായമെത്തുമ്പോള്‍ ആദ്യ പേവിഷബാധ പ്രതിരോധകുത്തിവെയ്പ് നല്‍കണം. പിന്നീട് നാല് ആഴ്ചകള്‍ക്ക് ശേഷം (14 16 ആഴ്ച) ബൂസ്റ്റര്‍ കുത്തിവെയ്പ്പ് നല്‍കണം. തുടര്‍ന്ന് വര്‍ഷാവര്‍ഷം പ്രതിരോധ കുത്തിവെയ്പ്പ് ആവര്‍ത്തിക്കണം. വാക്സിന്‍ നല്‍കിയ രേഖകള്‍ കൃത്യമായി സൂക്ഷിക്കണം. വളര്‍ത്തുമൃഗ ലൈസന്‍സ് ലഭിക്കാനും ഇത് പ്രധാനമാണ്.

street dog
Photo: AFP

വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളെയും പൂച്ചകളെയും കൂടാതെ ചിലപ്രദേശങ്ങളില്‍ ഹൗസിങ് കോളനികളോട് ചേര്‍ന്നും വ്യാപാരകേന്ദ്രങ്ങളോട് ചേര്‍ന്നും വാഹന സ്റ്റാന്റുകളോടെ ചേര്‍ന്നുമെല്ലാം ഒരുപാട് ആളുകള്‍ കൂട്ടത്തോടെ പരിപാലിക്കുന്നതും എല്ലാവരോടും ഇണങ്ങിവളരുന്നതുമായ നായ്ക്കളും പൂച്ചകളും ഉണ്ടാവും. ആര്‍ക്കും വ്യക്തിപരമായ ഉടമസ്ഥതയോ ഉത്തരവാദിത്വമോ ഇല്ലെങ്കിലും ഈ മൃഗങ്ങള്‍ എല്ലാവരുടെയും കൂടിയായിരിക്കും. കമ്മ്യൂണിറ്റി ഡോഗ്‌സ്/ക്യാറ്റ്‌സ് വിഭാഗത്തില്‍ പെടുന്ന ഇവയ്ക്ക് സമയബന്ധിതമായി പ്രതിരോധവാക്സിന്‍ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം.

വളര്‍ത്തുമൃഗങ്ങള്‍ക്ക് പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളുടെ കടിയേറ്റാല്‍ മുറിവേറ്റ ഭാഗം ശുദ്ധജലത്തില്‍ സോപ്പുപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കണം. ഒരു ശതമാനം പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയും മുറിവുകള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കാം. ശേഷം മുറിവില്‍ പോവിഡോണ്‍ അയഡിന്‍ ലേപനം പുരട്ടണം. വൈറസിനെ നിര്‍വീര്യമാക്കാനുള്ള ശേഷി സോപ്പിനും അയഡിന്‍ ലേപനത്തിലുണ്ട്. ശേഷം അഞ്ച് പ്രതിരോധകുത്തിവെയ്പുകള്‍ കടിയേറ്റതിന്റെ 0, 3, 7, 14, 28 എന്നീ ദിവസങ്ങളില്‍ നല്‍കണം. പേശിയിലാണ് സാധാരണ ഗതിയില്‍ വാക്സിന്‍ നല്‍കുക. പ്രതിരോധ കുത്തിവെയ്പ്പുകള്‍ കൃത്യമായി മുന്‍കൂട്ടി എടുത്തിട്ടുള്ള നായ, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളാണെങ്കില്‍ 0, 3 ദിവസങ്ങളില്‍ രണ്ട് ബൂസ്റ്റര്‍ കുത്തിവെയ്പ്പുകള്‍ മാത്രം നല്‍കിയാല്‍ മതിയാകും.

Content Highlights: Rabies Vaccine for humans and kids, All things about rabies vaccine you needs to know, Health, Rabies Vaccine


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented